UPDATES

fhdf

അനൂപ്‌ കെ ആര്‍

 

  

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് വയനാട് വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന നായ്ക്കട്ടിയിലെ വനയോരഗ്രാമമായ പാമ്പങ്കൊല്ലിയിലെത്തുമ്പോള്‍ നേരം വളരെ വൈകിയിരുന്നു. സി.പി.ഐ എം നേതൃത്വത്തില്‍ ജില്ലയില്‍ സഘടിപ്പിച്ച വയനാട് രക്ഷാ മാര്‍ച്ചിന്റെ സമാപന ദിവസം. ബസ്സില്‍ പ്രകടനം കഴിഞ്ഞുപോകുന്നവരുടെ തിരക്കില്‍ നിന്നിറങ്ങി. ചുറ്റും കാടിന്റെ രൗദ്രമായ നിശബ്ദത. ജില്ലയില്‍ അടുത്തിടെയുണ്ടായ വ്യാപക കടുവാ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ട്ടപെട്ടവരും ഭീതിയോടെ ആഴ്ചകളോളം കഴിയേണ്ടി വന്നവരുമാണ് ഇവിടങ്ങളിലെ ആദിവാസി കോളനികളിലുള്ളവര്‍.

കുഞ്ഞന്‍ എന്നു പേരുള്ള അത്രയൊന്നും കുഞ്ഞനല്ലാത്ത കോളനിയിലെ പ്രായം കൂടിയ മനുഷ്യന്റെ മുഖത്ത് ഇവിടങ്ങളിലെ എല്ലാവരുടേയും മുഖത്തെന്നെ പോലെ നിസ്സംഗഭാവം. കടുവാസങ്കേതവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരംഭിച്ചതും അതില്‍ തുടങ്ങി ഇന്നും നിലനില്‍ക്കുന്നതുമായ നിരവധി ഭയാശങ്കകള്‍ ഇവിടങ്ങളിലെ സാധാരണ മനുഷ്യര്‍ക്കിടയില്‍ അത്രയൊന്നും നിഴലിക്കുന്നില്ല എന്നതാണ് സത്യം. മറ്റൊന്നും കൊണ്ടല്ല, അതിനെക്കുറിച്ചുള്ള അധികം കാര്യങ്ങളൊന്നും ഇവിടേക്ക് എത്തിയിട്ടില്ലാത്തത് കൊണ്ടാണത്. അതിനു ശേഷം ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വയനാട്ടില്‍ അടുത്ത 

കുടിയേറ്റ ചരിത്രം മുതലുള്ളതാണ് വയനാട്ടില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള നിരന്തര യുദ്ധങ്ങള്‍. അന്നതെല്ലാം അതിജീവനത്തിന്റെ ഭാഗമായിരുന്നു. കാലങ്ങളായി വനയോരങ്ങളില്‍ തന്നെയാണ് കുഞ്ഞന്‍ ജീവിച്ചുവന്നത്, കോളനിയിലെ മിക്കവരും പതിറ്റാണ്ടുകളായി ഇവിടെ തന്നെയാണ് താമസം. കൊലയാനകളും മാനുകളും മയിലും തുടങ്ങി പക്ഷി, മൃഗങ്ങളെല്ലാം ഇവര്‍ക്ക് പരിചിതരാണ്. കുഞ്ഞന്‍ ഇങ്ങനെ പറയുന്നു. "ഇക്കഴിഞ്ഞ മൂന്നോ നാലോ വര്‍ഷങ്ങളായി ജില്ലയിലെ എല്ലാ വനയോരമേഖലകളേയും പോലെ വന്യമൃഗശല്യം അതിരൂക്ഷമാണിവിടെ. ആനകളുടെ ആക്രമത്തില്‍ കഴിഞ്ഞമാസം വരെ ഇരുപതോളം പേരാണ് മരിച്ചത്. കൃഷിയിറക്കാന്‍ ഒരു വിധേനയും സാധിക്കില്ല. എല്ലാം വന്യജീവികള്‍ നശിപ്പിക്കും. എന്നാല്‍ കടുവകള്‍ ഗ്രാമത്തിലേക്ക് ഇതിനു മുന്‍പ് കയറിവന്നിട്ടില്ല. കാട്ടില്‍ മേയാന്‍ വിടുന്ന കാലികളെ കടുവ പിടിക്കുന്നത് സാധാരണമായിരുന്നു. അതും കാടിന്റെ ഏറ്റവും ഉള്ളില്‍ വെച്ചുമാത്രമേ അങ്ങനെ സംഭവിച്ചിട്ടുള്ളൂ. ഇങ്ങനെ ഭയന്ന് ജീവിക്കേണ്ടിവന്ന കാലവും മുന്‍പുണ്ടായിട്ടില്ല." 

വന്യമൃഗ ശല്യത്തിന്റെ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത് വനയോര ഗ്രാമങ്ങളോട് ചേര്‍ന്നതും വന്യജീവിസങ്കേതത്തിനുള്ളില്‍ അകപ്പെട്ടുപോയതുമായ ആദിവാസി ഗ്രാമങ്ങളാണ്. ആന ചവിട്ടിക്കൊന്നും മറ്റും എത്രയോ പേര്‍ ഇക്കാലത്തിനിടെ ഇവിടെ മരിച്ചിട്ടുണ്ട്. അതിന്നും തുടരുന്നു. വന്യജീവി സങ്കേതത്തിനുള്ളില്‍ മുപ്പതോളം ഗ്രാമങ്ങളില്‍ പതിനായിരത്തോളം കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇവരുടെ ദുരിത ജീവിതം 2009-ല്‍ അന്ന്‍ എം.പിയായിരുന്ന സി എസ് സുജാത പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് നാടറിയുന്നത്. വനം വകുപ്പ് പീച്ചിയിലെ കെ.എഫ് ആര്‍ ഐ യെ പദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. കെ.എഫ് ആര്‍ – യിലെ ശാസ്ത്രജ്ഞനായ ഡോ. ശങ്കറിന്റെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 2010-ല്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. പത്തുലക്ഷം രൂപ ഓരോ യോഗ്യതാ കുടുംബത്തിനും നല്‍കി വനത്തിനു പുറത്തെത്തിക്കാനായിരുന്നു പദ്ധതി ഉദ്ദേശിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ 85 കോടി രൂപ വേണ്ടിവരുന്ന പദ്ധതിക്ക് അഞ്ചുകോടി രൂപമാത്രമാണ് അനുവദിച്ചത്. കേവലം രണ്ടു സെറ്റില്‍മെന്റുകളെ, അതായത് കൊളൂര്‍, അമ്മവയല്‍ എന്നീ ഗ്രാമങ്ങളിലെ മുപ്പതോളം കുടുംബങ്ങളെ മാത്രമാണ് ഇതുവരെ മാറ്റി താമസിപ്പിച്ചത്. ഇതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നായ്ക്കട്ടിക്കടുത്ത കൊട്ടങ്കരയില്‍ പദ്ധതി നടപ്പാക്കിയെങ്കിലും അതും വിജയിച്ചില്ല. തുക മുഴുവന്‍ കൈമാറാത്തതിനാല്‍ ഇവിടങ്ങളില്‍ നിന്ന് താമസമൊഴിവാക്കിയ കുടുംബങ്ങള്‍ വീണ്ടും തിരിച്ചുവരികയും താമസം ആരംഭിക്കുകയും ചെയ്തതോടെ പദ്ധതി പരാജയപ്പെട്ടു. ഇവരുടെ പുനരധിവാസത്തിന് സ്വയം സന്നദ്ധ പുനരധിവാസമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇത് ഇന്നും പൂര്‍ണ്ണമായി നടപ്പായിട്ടില്ല.

 

 

അമ്മവയല്‍, ഗോളൂര്‍ എന്നീ രണ്ടുഗ്രാമങ്ങളെ മാത്രമാണ് ഇതുവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ ഇതേ മാതൃകയില്‍ വനാന്തരഗ്രാമമായ കൊട്ടങ്കരയില്‍ പദ്ധതി നടപ്പാക്കിയെങ്കിലും പരാജയപ്പെട്ടു. ഈ ദുരിതജീവിതങ്ങളിലേക്കാണ് മറ്റൊരു ഭീഷണിയായി കടുവയെത്തിയത്. കടുവ കോളനികളില്‍ മാത്രമായിരുന്നില്ല ഭീതിജനിപ്പിച്ചത്. അത് നാടിന്‍റെ ഓരോ മൂലയേയും ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി. ചിലവയെ കൊലപ്പെടുത്തി.  ചിലവയെ മയക്കുവെടിവെച്ചു പിടികൂടി. പിടികൂടിയവ ഇന്ന് തൃശൂരും പറമ്പികുളത്തും വ്രണങ്ങളും പേറി അവശരായി ജീവിക്കുകയാണ്. 

സംസ്ഥാനത്തുതന്നെ മൂന്ന് വന്യജീവികേന്ദ്രങ്ങളോട് ഏറ്റവും അടുത്തുകിടക്കുന്ന പ്രദേശമാണ് നൂല്‍പ്പുഴ പഞ്ചായത്ത്. ബന്ദിപ്പൂര്‍, മുതുമല, വയനാട് എന്നീ വന്യജീവി കേന്ദ്രങ്ങളാണവ. ഇതില്‍ ബന്ദിപ്പൂര്‍, മുതുമല എന്നിവ കടുവാസ്ങ്കേതങ്ങളായി നിലവില്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. 247 ചതുരശ്ര കി.മീ. വിസ്തൃതിയില്‍ 30000-ത്തില്‍ താഴെ ജനസഖ്യയുള്ള പ്രദേശം. ഏറ്റവും കൂടുതല്‍ വന്യമൃഗാക്രമണങ്ങള്‍ നേരിടുന്ന്തും നൂല്‍പ്പുഴ തന്നെ. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ 15- ഉം വനത്താല്‍ ചുറ്റപ്പെട്ടതോ വനയോരപ്രദേശങ്ങളോ ആണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ 15 ഓളം മനുഷ്യരാണ് ഇവിടെ കൊല്ലപ്പെട്ടത്. മാരകമായി പരിക്കേറ്റവര്‍ അഞ്ചിലധികം. ചികിത്സപോലും കാര്യമായി ലഭിക്കാത്തവര്‍ അവരുടെ കോളനികളില്‍ ദുരിതജീവിതം നയിക്കുന്നു. ഇവിടങ്ങളിലെ എല്ലാ ആദിവാസി കോളനികളിലും രണ്ടിലധികം പേരെങ്കിലും ഇത്തരം ദുരന്തങ്ങളുമായി ജീവിക്കുന്നുണ്ട്. 

കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഇവിടങ്ങളിലെ വനയോരഗ്രാമങ്ങളിലും വനാന്തരങ്ങളിലും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇവിടുള്ളവര്‍ അനുഭവിക്കുന്നത്. വനം വകുപ്പിന്‍റെ കണക്കുകളേക്കാള്‍ എത്രയോ ഇരട്ടി നാശനഷ്ട്ടമുണ്ടായെന്ന് അവര്‍ പറയുന്നു. വര്‍ഷങ്ങളായി നട്ടുവളര്‍ത്തിയ ഒരു തെങ്ങ് ആന നശിപ്പിച്ചാല്‍ വകുപ്പ് ഇവര്‍ക്ക്  നല്കുക 300 രൂപ മാത്രമാണ്. കടുവയിറങ്ങി ഇരുപതോളം വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത വെളുതുണ്ടി പിലാക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍, പരിക്കേറ്റ മൃഗങ്ങള്‍ക്കുള്ള നഷ്ട്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കിട്ടാന്‍ തന്നെ നിരവധി നൂലാമാലകള്‍. ആനുകൂല്യങ്ങള്‍ക്കും നഷ്ട്ടപരിഹാരത്തിനും വേണ്ടി ട്രൈബല്‍ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും രാവിലെ മുതല്‍ കാത്തുകെട്ടികിടക്കുന്നവരുടെ നീണ്ടനിര കാണാം. വയനാട്ടില്‍ എല്ലാവരും പറയുന്ന മലനിരകളുടെ ദൃശ്യങ്ങളേക്കാള്‍ നീളമുണ്ട് ഈ ദുരിത നിരകള്‍ക്ക്. .

"ഇവിടങ്ങളിലെ ജനത അതീവ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. പദ്ധതി എത്രയും വേഗം കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. ഇവര്‍ ഇന്നും സമരങ്ങളിലാണ്. വന്യജീവിശല്യം പരിഹരിക്കുന്നതിനു കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്," പറയുന്നത് പുനരധിവാസ പദ്ധതി ഉപദേശകസമിതി അംഗവും നൂല്‍പ്പുഴ പഞ്ചായത്ത് അംഗവും ആയ കെ.ടി കുര്യാക്കോസ്. സര്‍ക്കാരിന് സമര്‍പ്പിക്കാനായി ഈ നാട്ടിലെ ജന പ്രതിനിധികള്‍ക്ക് ഒട്ടേറെ നിര്‍ദേശങ്ങളുമുണ്ട്. "വയനാട്ടിലെ കര്‍ഷകര്‍ കാടിനും പരിസ്ഥിതിക്കുമൊന്നും എതിരല്ല. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളൊക്കെ നടപ്പാക്കുമ്പോള്‍ നിലവില്‍ എങ്ങനെ ഈ ജനത ജീവിച്ചുവോ അത് നിലനിര്‍ത്തിക്കൊണ്ടാകണം. തസ്ഥിതി തുടരണമെന്നാണ് ഞങ്ങളുടെ ആവശ്യം. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കേണ്ടത് സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടാകണം. കേവലം ചില വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ടോ പരിസ്ഥിതി മൗലികവാദികളെക്കൊണ്ടോ വനവും വന്യമൃഗങ്ങളേയും സരക്ഷിക്കാനാകില്ല. വയനാട്ടിലെ പ്രകൃതി സംരക്ഷിച്ചത് കാലങ്ങളായി ഇവിടുത്തെ ആദിവാസികളും കര്‍ഷകരുമാണ്. വയനാടന്‍ കാടുകളില്‍ മൃഗങ്ങളുടെ പ്രത്യുല്‍പാദനം  വര്‍ദ്ധിച്ചിട്ടുണ്ട്. മൃഗവേട്ട ഏതാണ്ട് അവസാനിച്ചിരിക്കുന്നു. അത് അധികൃതര്‍ മനസ്സിലാക്കേണ്ടതുണ്ട്," കുര്യാക്കോസ്‌ പറയുന്നു. 

കുര്യാക്കോസിന്‍റെ അഭിപ്രായത്തില്‍ വന്യമൃഗശല്യം വര്‍ധിക്കാന്‍ ഇടയാക്കുന്ന കാരണങ്ങളിലൊന്ന് വയനാട്ടിലെ സ്വാഭാവിക വനശോഷണമാണ്. "മൃഗങ്ങളുടെ വര്‍ദ്ധനക്കനുസരിച്ച് കാട് വളരുന്നില്ലല്ലോ. ജീവിതയോഗ്യമായ കാടിന്റെ കുറവ് മൃഗങ്ങളെ ബാധിച്ചിട്ടുണ്ട്. 1968-69 കാലങ്ങളിലായി സ്വാഭാവിക വനങ്ങള്‍ കൂടുതല്‍ വെട്ടിനശിപ്പിച്ച് പ്ലാന്റേഷനുകള്‍ സ്ഥാപിച്ചപ്പോള്‍ അന്നും ഞങ്ങള്‍ അതെല്ലാം എതിര്‍ത്തിട്ടുണ്ട്. അന്ന് പരിസ്ഥിതി വാദികള്‍ എവിടെയായിരുന്നു? അന്നും പ്രകൃതി സ്നേഹികള്‍ ഇവിടെയുണ്ടായിരുന്നല്ലോ. തേക്ക് പ്ലാന്റ്റെഷനുകള്‍ ഇല്ലാത്ത വനപ്രദേശങ്ങളില്‍ ഇക്കാലത്തിനിടെ ആഫ്രിക്കന്‍ ചോല മരമെന്നൊക്കെ പേരുള്ള വലിയ വൃക്ഷങ്ങള്‍ വളരുന്നുണ്ട്. എന്നാല്‍ തേക്ക് പ്ളാന്‍റേഷനുകളാണ് വനം എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്നത്," അദ്ദേഹം പറയുന്നു. 

“തേക്ക് കാടുകളില്‍ വര്‍ദ്ധിച്ചുവരുന്ന ചൂട് വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാണ്. ഇവിടങ്ങളില്‍ കടുവയ്ക്കും ആനയ്ക്കുമൊന്നും ജീവിക്കാനാകില്ല. അടിക്കാടുകള്‍ ഇവിടെ വളരാറില്ല. വനത്തിലെ ജലസംഭരണത്തിനു അത് തടസ്സമാണ്. വയനാടന്‍ കാടുകളിലെ ജലസമൃദ്ധിയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്ന നൂല്‍പ്പുഴ പോലുള്ള ജലസ്രോതസ്സുകള്‍ ഇന്ന് വേനലില്‍ വറ്റിയവസാനിക്കുന്നു. കാടുകള്‍ക്കുള്ളില്‍ പോലും ടൂറിസം കേന്ദ്രങ്ങളാണ്. തടയേണ്ടത് ഇതെല്ലാമാണ്. ഇതൊന്നും ചെയ്യുന്നത് ഇവിടങ്ങളിലെ ആദിവാസികളൊ കര്‍ഷകരോ അല്ല. അവരെ ഇനിയും ദ്രോഹിക്കരുത്”. കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

"മറ്റൊരു ഗുരുതരമായ പ്രശ്നവും നിലനില്ക്കുന്നുണ്ട്. ജില്ലയിലെ വനങ്ങളെ 1970-നു ശേഷം വന്യജീവി കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വനാന്തരത്തില്‍ പെട്ടുപോയ നിരവധി ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. ഗ്രോ മോര്‍ പദ്ധതി പ്രകാരം അവിടങ്ങളില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട മുപ്പതോളം ഗ്രാമങ്ങള്‍. ഇതില്‍ അതീവ ദുരിതങ്ങളനുഭവിക്കുന്ന 14 ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതി ഇന്നും നടപ്പായിട്ടില്ല”- അദ്ദേഹം പറഞ്ഞു. കൂടാതെ ഫെന്‍സിങ്ങിന്റെ അപൂര്‍ണതയും ഒരു പ്രശ്നമാണ്. ചതുപ്പു പ്രദേശങ്ങള്‍ ഒഴിവാക്കിയിട്ടതിലൂടെയാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. ഇവിടങ്ങളില്‍ കല്‍മതിലുകള്‍ കെട്ടി നെറ്റ് സ്ഥാപിക്കണം. പാഴായി കിടക്കുന്ന റെയില്‍വേ പാലങ്ങള്‍ കൊണ്ട് മൂന്ന് ലൈന്‍ വേലി സ്ഥാപിക്കുന്നതൊക്കെ പരിഗണിക്കണം. ഇങ്ങനെയുള്ള നടപടികളിലൂടെ ഇവിടങ്ങളിലെ ജനങ്ങളെ സംരക്ഷിക്കുകയാണ് ആദ്യം വേണ്ടത്,"കുര്യാക്കോസ്‌ പറഞ്ഞു. 

 

 

കടുവ വന്നതിനു പിന്നില്‍

ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെയുള്ള രാത്രികാല ഗതാഗതം മൃഗങ്ങളുടെ സ്വൈര്യ സഞ്ചാരത്തിനു കാരണമാകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കണമെന്ന ബന്ദിപ്പൂര്‍ പ്രൊജെക്ട് ടൈഗര്‍ കണ്‍സര്‍വേറ്റര്‍ 23-01-09-ന് ചാമരാജ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ഇതോടു കൂടി വന്യജീവിസങ്കേതത്തിലൂടേയും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെയും കടന്നുപോകുന്ന NH-212-ല്‍ 2009 ജൂലൈ 27 മുതല്‍ രാതികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ വയനാട്ടില്‍ തുടങ്ങിയ ആശങ്കകള്‍ കഴിഞ്ഞ നവംബര്‍- ഡിസംബര്‍ മാസങ്ങളിലുണ്ടായ കടുവാ ആക്രമണങ്ങളോടെയാണ് ശക്തിപ്രാപിക്കുന്നത്. ജില്ലയെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കടുവാ ആക്രമണങ്ങള്‍.
 

ആരോപണങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളും ഹര്‍ത്താലുകളും ഇതിന്‍റെ പേരില്‍ പിന്നീട് ജില്ലയിലുണ്ടായി. ഓരോ ആക്രമണങ്ങള്‍ക്ക് ശേഷവും ജനം ദേശീയപാത ഉപരോധിച്ചു. വയനാട്ടില്‍ വനത്തിനെതിരേയും വന്യമൃഗങ്ങള്‍ക്കെതിരേയും ശക്തമായ പ്രതിഷേധമുയരുന്നു എന്ന് വാര്‍ത്തകള്‍ പരന്നു.

സത്യത്തില്‍ എന്താണിതിനെല്ലാം പിന്നില്‍ എന്ന് പരിശോധിക്കേണ്ടതുണ്ട്. കാടും വന്യജീവികളുമായി വേറിട്ട് ഒരു ജീവിതം വയനാട്ടുകാരനില്ല. സാധാരണ കര്‍ഷകനും ആദിവാസികളുമടങ്ങിയ ഭൂരിപക്ഷ സമൂഹവും അതിനെതിരല്ല. ജില്ലയോട് ചേര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തിനു സമീപത്തെ അയല്‍ സംസ്ഥാന കാടുകളെ കടുവാസങ്കേതമായി പ്രഖ്യാപിച്ചതും അതിനോട് ചേര്‍ന്ന ജനവാസമേഖലകളെയടക്കം ഉള്‍പ്പെടുത്തി സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വയനാട്ടിലെ ജനങ്ങള്‍ നേരിട്ട് കണ്ടു. തമിഴ്നാട്ടിലെ മുതുമല വന്യജീവിസങ്കേതം 2008-2009-ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ചതും  നിയമപ്രകാരം പ്രഖ്യാപനത്തിനു മുന്‍പ് നടത്തേണ്ട ഗ്രാമസഭാ തീരുമാനങ്ങളോട് കൂടിയല്ല. ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയ കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും 250-ഓളം ഗ്രാമങ്ങളിലെ ജീവിതത്തെ നിയന്ത്രണങ്ങള്‍ സാരമായി ബാധിച്ചിട്ടുണ്ട്. ഈ കടുത്ത വരള്‍ച്ചയില്‍ മാത്രമാണ് വീട്ടാവശ്യങ്ങള്‍ക്ക് മാത്രം കുഴല്‍ക്കിണര്‍ കുഴിക്കാന്‍ മുതുമലയോട് ചേര്‍ന്ന് ഗൂഡല്ലൂരിലെ ഒരു ഗ്രാമത്തിനു അനുവാദം കൊടുത്തത്. കൂടാതെ നിര്‍മാണ പ്രവൃത്തികള്‍, സ്ഥല കൈമാറ്റം തുടങ്ങിയവയെല്ലാം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണവിടെയെല്ലാം.

വയനാടന്‍ കാടുകളില്‍ 75 കടുവകളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വനവകുപ്പിന്‍റെ കണക്ക്. നിലവില്‍ കടുവാസങ്കേതമായി പ്രഖ്യാപിക്കപെട്ട മുതുമല, ബന്ദിപ്പൂര്‍, നാഗര്‍ഹോള തുടങ്ങിയ വനമേഖലകളേക്കാള്‍ കടുവകള്‍ക്കെന്നല്ല മറ്റെല്ലാ മൃഗങ്ങള്‍ക്കും വാസയോഗ്യമാണ് പൊതുവെ പച്ചപ്പുനിറഞ്ഞതും ജലസ്രോതസ്സുകള്‍ കൂടുതലുമുള്ള വയനാടന്‍ കാടുകള്‍. ഇടക്കിടെ വന്ന ഇത്തരം അറിവുകള്‍ ജനങ്ങളെ പൊതുവെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് കടുവ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും ജനം കാഹളവുമായി പിന്നാലെ പോകുന്നതും. എന്നാല്‍ ഭയവും അഭ്യൂഹങ്ങളും വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ സര്‍ക്കാര്‍ നടപടികള്‍ വിജയിച്ചില്ല. ജനങ്ങള്‍ക്ക് തൃപ്തികരമായ മറുപടി എവിടെനിന്നും ലഭിച്ചില്ല. വയനാട് കടുവാസങ്കേതമാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ സമരങ്ങള്‍ക്ക് മെല്ല അടങ്ങി. എന്നാല്‍ അതിനുശേഷമാണ് കൂടുതല്‍ രൂക്ഷമായ കടുവാ ആക്രമണങ്ങളുണ്ടായത്.

ബത്തേരി തഹസില്‍ദാര്‍ അടക്കമുള്ളവരെ കടുവക്ക് ആക്രമേക്കേണ്ടിവന്നത് ഗത്യന്തരമില്ലാതെയായിരുന്നു. കാടിറങ്ങിയ കടുവയ്ക്ക് തിരികെ വനത്തിലേക്ക് തന്നെ തിരിച്ചോടുന്നതിനുപോലും ആക്രോശങ്ങളുമായി പിന്നാലെയെത്തിയ ജനങ്ങള്‍ മൂലം കഴിഞ്ഞില്ല. 2012 നവംബര്‍ 14-ന് പേര്യയില്‍ കെണിവെച്ച് പിടിച്ച കടുവയെ തന്നെയാണ് ഡിസംബര്‍ രണ്ടിനു വെടിവെച്ചുകൊല്ലേണ്ടി വന്ന കടുവയെന്നും ഇതിനിടെ വാര്‍ത്ത വന്നു. ഇത് വനം വകുപ്പിനെതിരെ വീണ്ടും പ്രതിഷേധത്തിനു കാരണമായി.

 

ജില്ലയില്‍ നിരവധി രാഷ്ട്രീയ കോലാഹലങ്ങള്‍ നടന്നതും ഇന്നും നടക്കുന്നതുമായ നിരവധി വിഷയങ്ങളുണ്ട്, അതിലൊന്നാണ് കടുവാവിഷയം. ഇതിനു മുന്‍പൊന്നും ഇല്ലാത്തവിധം കഴിഞ്ഞമാസങ്ങളില്‍ ജില്ലയിലെ ജനവാസകേന്ദ്രങ്ങളില്‍ പോലും കടുവയിറങ്ങിയതിനു പിന്നിലെ കാരണങ്ങളെന്തായിരുന്നു. പലരും പലവിധ അഭിപ്രായങ്ങള്‍ ഉയര്‍ത്തി, വയനാടന്‍ കാടുകള്‍ കടുവാ സങ്കേതമാക്കുന്നതിനു മുന്നോടിയായി നാല്പതോളം  കടുവകളെ ഇറക്കിവിട്ടിട്ടുണ്ടെന്നും കടുത്ത വരള്‍ച്ച കൊണ്ടാണ് എന്നുമൊക്കെയായി ചര്‍ച്ചകള്‍ കൊഴുത്തു. കടുവയുടെ ആവാസരീതി കണക്കിലെടുത്ത് കാലാവസ്ഥാ വ്യതിയാനവും തുടര്‍ന്നുള്ള സ്വാഭാവികമായ കുടിയേറ്റമായും ചിലര്‍ ഇതിനെ വിലയിരുത്തി.

ഈയിടെയാണ് ഇത്തരം നിഗമനങ്ങള്‍ക്ക് ശരിയായ മറുപടിലഭിക്കുന്നത്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിക്കു വേണ്ടി ഡോ. ഉല്ലാസ് കാറന്ത് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് വയനാട്ടില്‍ ആക്രമണം നടത്തിയ കടുവകളെല്ലാം കര്‍ണാടക വനം വകുപ്പ് കേരള വനാതിര്‍ത്തിയില്‍ വിട്ടവയാണെന്നാണ്. ബത്തേരി ചെതലയം റേഞ്ചില്‍ മൂടക്കൊലിയില്‍ രണ്ടുപേരെ ആക്രമിച്ച കടുവ (NHT-292 കണ്‍സര്‍വേഷന്‍ സൊസൈറ്റി നല്‍കുന്ന പേര്‍) 2009 ഡിസംബര്‍ 24 നു കല്ലഹല്ല റേഞ്ജിലെ കല്ലഹല്ല-കെങ്കിരി റോഡില്‍ കണ്ടെത്തിയ കടുവയാണ്. ഈ കടുവയാണ് 14-01-2013 നു മന്‍ച്ചനയന്‍ ഹള്ളയില്‍ കന്നുകാലികളെ വ്യാപകമായി കൊന്നൊടുക്കിയതും, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജി.എസ് രവിശങ്കര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടെടെ ആക്രമിച്ചതും.

ഈ കടുവയെ 17-01-2013-ന് കര്‍ണാടക വനംവകുപ്പ് പിടികൂടുകയും അന്നുതന്നെ കര്‍ണാടക–കേരള അതിര്‍ത്തിയില്‍ വിട്ടയക്കുകയും ചെയ്തു. അതായത് ബത്തേരി മൂടക്കൊല്ലിയില്‍ നിന്ന് കേവലം 16 കിലോമീറ്ററുകള്‍ക്കപ്പുറം! ഉല്ലാസ് കാറന്ത്, എന്‍ സാമ്പകുമാര്‍, നരേന്ദ്ര പാട്ടീല്‍ എന്നിവരാണ് ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇങ്ങനെ വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ഭീതിപടര്‍ത്തിയ കടുവകളെല്ലാം ഇത്തരത്തില്‍ പിടികൂടുകയും വിട്ടയക്കുകയും ചെയ്ത കടുവകളാണ്. ഇങ്ങനെ കടുവകളെ പിടികൂടി വിട്ടയക്കുന്നത് അശാസ്ത്രീയമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നാടുകടത്തുന്ന കടുവകള്‍ ഒട്ടനവധി പ്രശ്നങ്ങളെ നേരിടുന്നുണ്ട്. ഒരു കടുവയുടെ ഹോം റേഞ്ചില്‍ മറ്റൊരു കടുവ പ്രവേശിപ്പിക്കാറില്ല. അങ്ങനെ വന്നാല്‍ പരസ്പരം ആക്രമിക്കുകയും ചെയ്യും. ഇതില്‍ ഒരെണ്ണം ചാവുകയോ അല്ലെങ്കില്‍ മുറിവേറ്റ് രക്ഷപ്പെടുകയോ വേണം. രക്ഷപ്പെട്ടവക്ക് ഇരപിടിച്ച് ജീവിക്കാനുള്ള ശേഷി കുറവായിരിക്കും. ഇത്തരം സാഹചര്യങ്ങളിലാണ് ഇവ നാട്ടിലിറങ്ങുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും. കടുവയുടെ ജീവിത രീതികള്‍ വ്യക്തമായി അറിയുന്ന വനം വകുപ്പു തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്.
 


മറ്റ് പ്രശ്നങ്ങള്‍


ഇതിനെല്ലാം ശേഷമോ അനുബന്ധമോ ആയാണ് പുതിയ സംഭവ പരമ്പരകള്‍ കടന്നുവരുന്നത്. പരിസ്ഥിതി മേഖലാ പ്രഖ്യാപനം, മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്നിവയായിരുന്നു അവ. ഇന്ത്യയിലെ എല്ലാ സംരക്ഷിത വനങ്ങള്‍ക്കും വന്യജീവി കേന്ദ്രങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമെല്ലാം ഒരു നിശ്ചിത ചുറ്റളവില്‍ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മറ്റിയുടെ നിര്‍ദേശം കഴിഞ്ഞ ഫെബ്രുവരി 15നു മുന്‍പ് തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്. ഇത് വീണ്ടും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. വനാതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്ററായിരുന്നു കുറഞ്ഞദൂരപരിധി. ജില്ലയിലെ മിക്ക പ്രദേശങ്ങളും കാടുകളില്‍ നിന്ന് മീറ്ററുകള്‍ പോലും അകലത്തിലല്ല. പ്രധാന നഗരങ്ങള്‍ പോലും വനാതിര്‍ത്തിയോട് തൊട്ടുചേര്‍ന്നാണ്. ശുപാര്‍ശ അതേരീതിയില്‍ നടപ്പാക്കിയാല്‍ ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഈ പരിധിയില്‍ വരും. പിന്നീട് ദൂരപരിധി കുറഞ്ഞത് പൂജ്യം മുതല്‍ രണ്ട് കി.മീ എന്നു വരെ നിജപ്പെടുത്താന്‍ ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച ടി.എന്‍ പ്രതാപന്‍ എം.എല്‍.എ കമ്മിറ്റി  ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തീരുമാനിക്കുകയും, റിപ്പോര്‍ട്ട് കേന്ദ്രവനം വന്യജീവി ബോര്‍ഡിനു സമര്‍പ്പിക്കുകയും ചെയ്തു.ഇത് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി പരിശോധിച്ച് തീരുമാനമെടുക്കാനിരിക്കുകയാണ്. ദുര്‍ബല  മേഖലാ പരിധിയില്‍ വന്നേക്കാവുന്ന നിയന്ത്രണങ്ങള്‍ വികസന മുരടിപ്പിനും ജനജീവിതത്തിനും വിഘാതമാകുമെന്ന ആശങ്കകളാണ് ഇതിനെതിരെയെല്ലാം ജനങ്ങള്‍ പ്രതിഷേധിക്കാന്‍ കാരണം. 

എന്നാല്‍ മറ്റൊരു കഥയാണ് വയനാട്ടിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. പ്രകൃതി സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കിക്സ്വോട്ടിനെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. "വയനാട് മുഴുവന്‍ കടുവാ സങ്കേതമാക്കുന്നു എന്ന പ്രചാരണം അഴിച്ചുവിട്ടാണ് ഇക്കൂട്ടര്‍ സാധാരണ ജനങ്ങളെ ഭീതിയിലേക്ക് തള്ളിവിട്ടത്. കേരളവനം വകുപ്പും, വനം പരിസ്ഥിതി മന്ത്രാലയവും ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും രാഷ്ട്രീയമായി ഉപയോഗിക്കുകയാരുന്നു പലരും," പറയുന്നത് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ ബാധിക്കുക ഇവിടങ്ങളിലെ സാധാരണ ജനങ്ങളെയല്ല, അദ്ദേഹം പറഞ്ഞു. "കര്‍ഷകനും ആദിവാസികള്‍ക്കും അത് ഉപകാരമാവുകയേ ഉള്ളൂ. പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കുന്നതും വന്‍കിട റിസോര്‍ട്ട്, ക്വാറി മാഫിയകളെയുമാണ് ഇതെല്ലാം ആശങ്കയിലാക്കുന്നത്. കെമിക്കല്‍ ഫാക്ടറികളും വന്‍കിട ഖനനങ്ങളും നിരോധിക്കപ്പെടുന്നതിനെ സ്വാഗതം ചെയ്യേണ്ടതാണ്. അത്രമേല്‍ വയനാട്ടില്‍ പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റങ്ങള്‍ തീവ്രമായിരിക്കുന്നു. വയനാട്ടിലെ വനവിഭവങ്ങളും ഭൂവിഭവങ്ങളും കൊള്ളയടിച്ച് ലാഭം കൊയ്യുന്നവരുടെ ഗൂഡനീക്കങ്ങള്ളാണ് ഇതിനെല്ലാം കാരണം. തെക്കേ ഇന്ത്യയിലെ 25 കോടി ജനങ്ങളുടെ വായുവിന്റേയും ജലത്തിന്റേയും സമ്പന്നമായ ഉറവിടത്തെ ഇല്ലാതാക്കുന്ന നടപടികള്‍ക്കെതിരെ മാത്രമാണ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ പ്രതികൂലമാകുന്നത്," ബാദുഷ പറയുന്നു. ഏറെ പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ പോലും വന്‍കിട കെട്ടിടങ്ങളും റിസോര്‍ട്ടുകളും കൂണു പോലെ ഉയര്‍ന്നുവരേണ്ടത് തടയേണ്ടേ? ഇവിടത്തെ മണ്ണിനെ കീടനാശിനികള്‍ കൊണ്ട് മലീമസമാക്കുന്നത് തടയേണ്ടേ? അദ്ദേഹം ചോദിച്ചു. 

"ആയിരത്തിലധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന ജില്ലയില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ കാന്‍സര്‍ മൂലം മരിക്കുന്നുണ്ട്. നമ്മുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ നിലനില്‍ക്കേണ്ടെന്ന് പറയുന്നവരുടെ ലക്ഷ്യങ്ങള്‍ മറ്റെന്തൊക്കെയോ ആണ്. ഒരു സംഘം ലാഭക്കൊതിയന്‍മാര്‍ നമ്മുടെ പ്രകൃതിവിഭവങ്ങളായ മണ്ണും മരവും മണലും കൊള്ളചെയ്തുകൊണ്ടേയിരിക്കുന്നു. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഒരു ആദിവാസി സംഘടനകളും പ്രതിഷേധിച്ചിട്ടില്ല. ഇവിടെ അവസാനിക്കേണ്ടത് കര്‍ഷകനോടുള്ള യുദ്ധമാണ്. അവനാണ് വികസിക്കേണ്ടത്. വിമാനത്താവളമല്ല. കര്‍ഷകനു അവന്റെ കമ്പോളമാണ് വലുത്. അതിനു ശേഷമാകട്ടെ മറ്റെല്ലാം," ബാദുഷ പറഞ്ഞു. 

“തോട്ടം തൊഴിലാളികളുടെ ദുരിത പൂര്‍ണമായ ജീവിതത്തിനും മാറ്റമുണ്ടാകണം. "കൂരകളും ഭൂമിയുമില്ലാത്ത ബഹുഭൂരിപക്ഷം ആദിവാസികളോടുള്ള സമീപനങ്ങള്‍ ഇന്നേവരെ മാറിയിട്ടുണ്ടോ? വന്‍കിടക്കാര്‍ക്കുള്ള ആശുപതികളും റിസോര്‍ട്ടുകളുമല്ല അവന് കയറിച്ചെല്ലാന്‍ ഒരു നല്ല ആരോഗ്യകേന്ദ്രമാണ് ആവശ്യം. അതൊന്നും നല്‍കാത്ത ഈ വികസനത്തെ എങ്ങനെ മനുഷ്യനു അംഗീകരിക്കാനാകും. ഏഴുലക്ഷം ജനങ്ങളും മണ്ണിനും കൃഷിക്കും അധിഷ്ഠിതമായി ജീവിക്കുന്ന ഒരിടത്ത് മണ്ണാണ് സംരക്ഷിക്കപ്പെടേണ്ടത്. മറ്റൊന്നും ആത്മാര്‍ഥതയില്ലാത്തതാണ്. ഇവിടെ അവരാണ് ജീവിക്കേണ്ടത്. മറ്റുള്ളവര്‍ ചെയ്യുന്ന എല്ലാ പ്രകൃതിചൂഷണത്തിനും ഇനിയും അവര്‍ അനുഭവിക്കണമെന്നാണോ?" ബാദുഷ ചോദിക്കുന്നു.  

 


 

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും പ്രശ്നങ്ങളും

പശ്ചിമഘട്ട മലനിരകളുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്കെതിരെ ജില്ലക്കകത്തും പുറത്തും വ്യാപകപ്രധിഷേധങ്ങള് നടന്നിരുന്നു. കമ്മറ്റിയുടെ 13 ശുപാര്‍ശകള്‍  ഉപാധികളോടെയോ അല്ലാതെയോ സ്വീകാര്യമാണെന്നും പശ്ചിമഘട്ടത്തില്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ പാടില്ലെന്നതുമടക്കം എട്ടു നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്നും ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കെട്ടിട നിര്‍മാണത്തിനുള്ള നിയന്ത്രണം സ്വീകരിക്കാനാവില്ല. ഡാമുകളുടെ ഡീ-കമ്മീഷനിങ്ങ് പറ്റില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി താപവൈദ്യുത നിലയങ്ങള്‍ പാടില്ല എന്ന വ്യവസ്ഥയും സര്‍ക്കാര്‍ അനുകൂലിച്ചില്ല. വയനാടിനെ സംബന്ധിച്ച് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രതികൂലമായേ ബാധിക്കൂ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടതും.

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ചും ജങ്ങങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും മനസ്സിലാക്കാന്‍ ഡോ. കസ്തൂരി രംഗന്‍ കമ്മീഷന്‍ കഴിഞ്ഞ ഏപ്രില്‍  8-നു ജില്ലയിലെത്തിയിരുന്നു. ജനപ്രതിനിധികളില്‍ നിന്നും വിവിധ സഘടനാ പ്രതിനിധികളില്‍ നിന്നും വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫീസര്‍മാരില്‍ നിന്നും തെളിവെടുത്തു. പരിസ്ഥിതി സംഘടനകളും ആദിവാസി സംഘടനകളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചായിരുന്നു സംസാരിച്ചത്. ഇതേ സമയത്ത് തന്നെ കര്‍ഷക സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും റിപ്പോര്‍ട്ടിനെതിരെ സമരങ്ങള്‍ തുടങ്ങുകയും ചെയ്തു. സൌത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ ദേവസ്യ പറഞ്ഞത് വയനാട്ടില്‍ മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കര്‍ഷകരെ ബാധിക്കും എന്നാണ്. "ഇതെല്ലാം ഇനിയും തീരുമാനങ്ങള്‍ എടുക്കേണ്ട വിഷയങ്ങളാണ്. നിലവിലുള്ള നിയമങ്ങള്‍ കൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് പ്രയാസമുണ്ട്. അശാസ്ത്രീയമായ നടപടികള്‍ ജനങ്ങളെ ഇവിടെനിന്ന് പലായനം ചെയ്യിക്കും. ഇതെല്ലാം തീരുമാനിക്കുന്നത് അന്താരാഷ്ട്രതലത്തിലുള്ള സഘടനകളാണ്. ഇവിടുത്തെ കര്‍ഷകരല്ല. വന്‍ വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഫണ്ടുകള്‍ കൈപ്പറ്റുന്ന സംഘടനകളുടേയും സ്വാര്‍ഥ താലപര്യക്കാരുടേയും ആവശ്യമാണ് ഇതെല്ലാം. ജനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചു ജീവിക്കേണ്ടി വരും. നടപ്പാക്കുമ്പോള്‍ ലളിതമെന്നു തോനുമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍  ഓരോ നിര്‍ദേശങ്ങള്‍ക്കും പിന്നിലുണ്ടെന്ന് കര്‍ഷകര്‍ സംശയിക്കുന്നതില്‍ കാര്യമുണ്ട്. തൊട്ട് അയല്‍പ്പക്കത്തുള്ള സംസ്ഥാനങ്ങളില്‍ ഇതിനു സമാനമായി നിലവില്‍ വന്ന നിയന്ത്രണങ്ങളും നിയമങ്ങളും ഞങ്ങള്‍ കാണുന്നതാണ്. വയനാടിന്റെ വികസനത്തെ മുച്ചൂടും ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്," ദേവസ്യ പറഞ്ഞു. 

ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ല എന്നുതന്നെയായിരുന്നു കസ്തൂരി രംഗന്‍ കമ്മീഷന് മുമ്പാകെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും. "നിര്‍ദേശങ്ങള്‍ ബാധിക്കുന്ന മറ്റ് 6 ജില്ലകളിലെ സ്ഥിതികളോട് വയനാടിനെ താരതമ്യം ചെയ്യാനാകില്ല. ഇവിടെ വനവും ജനവാസകേന്ദ്രങ്ങളും അത്രയധികം അടുത്ത് കിടക്കുന്നു. വനവും ജനങ്ങളും വേറിട്ട് ജീവിക്കുക സാധ്യമല്ല. ഇക്കാര്യം തെളിവെടുപ്പിനെത്തിയ ഡോ. കസ്തൂരി രംഗന്‍ കമ്മറ്റിയോട് വ്യക്തമാക്കിയിരുന്നു. സാധാരണ ജീവിതങ്ങള്‍ക്ക് പ്രതികൂലമായി ഭവിക്കുന്ന പാരിസ്തിതിക നിയന്ത്രനങ്ങള്‍ അംഗീകരിക്കുന്നില്ല. പാരിസ്ഥിതിക  പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനു പരിഹാരം കാണേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിനു പുതിയ മാര്‍ഗങ്ങളും നിയമങ്ങളുമാണ് ആവശ്യം. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ. സി ബാലകൃഷ്ണന്‍ അഴിമുഖത്തിനു നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.  

"വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍  സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വനയോരങ്ങളില്‍ കല്‍മതിലുകള്‍ സ്ഥാപികാനുള്ള പദ്ധതിയാണത്. കൃഷിനാശത്തിനും മറ്റും ധനസഹായം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫെന്‍സിങ് ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുകയാണ് ഉടന്‍ വേണ്ടത്. കാടിനുള്ളിലെ ജലശ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. തടയണ കെട്ടിയും നീര്‍ച്ചാലുകള്‍ സംരക്ഷിച്ചും ഇതിനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മറ്റൊന്ന് ശാസ്ത്രീയ രീതിയിലുള്ള വനവത്കരണമാണ്. കാടിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണമില്ലാത്ത സാഹചര്യത്തിലാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്. ഇത് പുന:സ്ഥാപിക്കാന്‍ അതിനാവശ്യമായ വൃക്ഷങ്ങള്‍ ഇനിയെങ്കിലും നട്ടുപിടിപ്പിക്കുക എന്നതാണ് – ബാലകൃഷ്ണന്‍ പറഞ്ഞു. 

സ്റ്റാറ്റസ് കോ നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ഏതെങ്കിലും വിധത്തിലുള്ള നിയമങ്ങള്‍ നടപ്പാക്കാനാകൂ. ജനഹിതം എന്താണോ അതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കടുവാ സങ്കേത വിഷയത്തില്‍ മുഖ്യമന്ത്രി വനം മന്ത്രി ജയന്തി നടരാജനുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരം ഒരു നീക്കവുമില്ലെന്ന് വ്യക്തമാക്കിയതാണ്. കടുവാ സങ്കേതം പ്രഖ്യാപിച്ചാല്‍ വന്നേക്കാവുന്ന നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമായി പഠിക്കേണ്ടതുണ്ട്. വയനാട്ടിലെ ജനപ്രധിനിധികള്‍ പറമ്പിക്കുളം പെരിയാര്‍ കടുവാ സങ്കേതങ്ങള്‍ക്ക് സമീപത്തെ ഗ്രാമങ്ങളിലും ജനങ്ങളോടും സംവദിക്കാന്‍ ആലോചന നടക്കുന്നുണ്ട്. വയനാട്ടില്‍ ആക്രമണം നടത്തിയ കടുവകള്‍ കര്‍ണാടക വനം വകുപ്പ് പിടികൂടി വിട്ടയച്ചതാണെന്നത് ഗൗരവമായാണ് കാണുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 
കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 
 
വയനാട്ടിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും കടുവയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കടുവ സങ്കേതമായി പ്രഖ്യാപിക്കാനുള്ള ആലോചനകളും ഒക്കെ നടക്കുന്നതിനിടെയാണ് കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട് പുറത്തു വരുന്നത്. കര്‍ഷക സംഘടനകളും രാഷ്ട്രീയ നേതൃത്വവും ചൂണ്ടി കാണിച്ച പ്രശ്‌നങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ വയനാട്ടിലെ പരിസ്ഥിയെ ഇനിയും നശിപ്പിക്കുന്ന നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 
 
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ച അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശം, പരിസ്ഥിതി ദുര്‍ബല പ്രദേശം സോണ്‍-ഒന്ന്‍, രണ്ട് എന്നിവയ്ക്കു പകരം സ്വാഭാവിക (നാച്ചുറല്‍) ഭൂപ്രകൃതി, സാംസ്‌കാരിക (കള്‍ച്ചറല്‍) ഭൂപ്രകൃതി എന്നിങ്ങനെയായി പശ്ചിമഘട്ട മലനിരകളെ കസ്തൂരി രംഗന്‍ കമ്മീഷന്‍ തരംതിരിച്ചിരിക്കുന്നു. ഇതില്‍ പശ്ചിമ ഘട്ടത്തിലെ 41 ശതമാനം മാത്രമാണ് സ്വാഭാവിക ഭൂപ്രകൃതിയില്‍ വരുന്നതെന്നും ഇതിന്റെ 90 ശതമാനം മാത്രമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കേണ്ടതുള്ളൂവെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ പശ്ചിമ ഘട്ടത്തിലെ ആകെ പ്രദേശത്തിന്റെ 37 ശതമാനം മാത്രമേ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പരിധിയില്‍ വരികയുള്ളൂ. പീച്ചി-വാഴാനി, അതിരപ്പള്ളി-വാഴച്ചാല്‍, പൂയംകൂട്ടി-മൂന്നാര്‍, കര്‍ഡമം ഹില്‍സ്, പെരിയാര്‍, കുളത്തൂപ്പുഴ, അഗസ്ത്യമല, മന്തകോല്‍, പനത്തടി, പൈതല്‍ മല, ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്, ബാണാസുര-കുറ്റിയാടി, നിലമ്പൂര്‍-മേപ്പാടി, സൈലന്റ്‌വാലി-പുതിയ അമരാംബലം, ശിരുവാണി, നെല്ലിയാമ്പതി എന്നീ പ്രദേശങ്ങളാണ് കസ്തൂരി രംഗന്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ എന്ന പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലകള്‍ ഇനി പൂര്‍ണമായി സാംസ്‌കാരിക ഭൂപ്രകൃതിയുടെ ഭാഗമായിരിക്കും. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെങ്കിലും തടസം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
 

ഒരുകാലത്ത് കേരളത്തിലെ ഊട്ടി എന്നറിയപ്പെട്ട, പാനൂര്‍, കേരളത്തിലെ ആഫ്രിക്കയെന്ന് വിശേഷിപ്പിച്ച, വയനാടിന്റെ സ്വാഭാവിക പരിസ്ഥിതി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വ്യാപക വയല്‍നികത്തലും കുന്ന് ഇടിച്ചു നിരത്തലുകളും സജീവമാണിന്ന്. വിഭവങ്ങളുടെ ശോഷണം അതിന്റെ ആവാസ വ്യവസ്ഥയിലേല്‍പ്പിച്ച പ്രകടമായ മാറ്റം ഞെട്ടിപ്പിക്കും വിധത്തിലുള്ളതാണ്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലെ ക്രമാനുഗതമായ താപവര്‍ദ്ധന തന്നെ ഉദാഹരണം. 00.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പ്രതിവര്‍ഷ വര്‍ദ്ധന. വരും വര്‍ഷങ്ങളില്‍ ഈ അനുപാതം വലിയതോതില്‍ വര്‍ദ്ധിക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനലെത്തും മുന്‍പ് തന്നെ കുളങ്ങളും കിണറുകളും ഇപ്പോള്‍ വറ്റുന്നു. മഴയുടെ അനുപാതവും വര്‍ഷാവര്‍ഷം കുറയുന്നു. പുതിയ സംഭവവികാസങ്ങള്‍ തുടരുന്നതിനിടെയാണ് വയനാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മരം മുറി. 
 
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഹര്‍ജിയെ വരെ ചോദ്യം ചെയ്തു കൊണ്ട് കേരളം ഈയിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാകരുതെന്ന് ആറ് സംസ്ഥാനങ്ങളും പറയുന്നുണ്ടെങ്കിലും കേരളം മാത്രമാണ് ഇക്കാര്യത്തിലുള്ള ഹര്‍ജിയെ വരെ ചോദ്യം ചെയ്തത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇപ്പോള്‍ കേന്ദ്രത്തിന്റെ പക്കലുണ്ട്. ഇതില്‍ ഏത് നടപ്പാക്കണം എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു തന്നെയായിരിക്കും കേന്ദ്രവും പരിഗണന നല്‍കുക. അത് ഏതായലും വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉടനെങ്ങും ഉണ്ടാകില്ല എന്നുറപ്പാണ്. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടിയാല്‍ കര്‍ഷക സംഘടനകളും വനമേഖലയിലെ റിസോര്‍ട്, ഖനി ലോബികളും ഇടയും. കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് നടപ്പാകുന്നതെങ്കില്‍ ഇന്ന് വയനാട് നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍