UPDATES

വായന/സംസ്കാരം

മണത്തും രുചിച്ചും

കഴിഞ്ഞ ഈസ്റ്റര്‍. ഡബിള്‍ഹോഴ്‌സ് കമ്പനിവക പാലപ്പം പൊടി പായ്ക്കറ്റ് പൊട്ടിച്ച് കലക്കിവച്ചു. കലക്കാന്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണമെന്നില്ല. പശുവിന്‍ പാലോ വെള്ളമോ മതി. കപ്പി (അരിപ്പൊടിയുടെ തരങ്ങ് എന്ന തരിപ്പൊടി വെള്ളത്തില്‍ തിളപ്പിച്ച് കുറുക്കിയെടുക്കുന്നത്) കാച്ചിയിട്ട് അതും കള്ളും ചേര്‍ത്ത് വേണമായിരുന്നു പാലപ്പോം വെള്ളേപ്പോം ഒക്കെ ഉണ്ടാക്കേണ്ടിയിരുന്നത്. ഇന്നതൊന്നും വേണ്ട. ചുമ്മാ പൊടിയങ്ങ് കലക്കിവച്ചാമതി. ഈസ്റ്റുപോലും വേണ്ട. ഞാന്‍ പൊടി കലക്കിവച്ചിട്ട് ജനാലയിലൂടെ വെളിയിലേക്ക് നോക്കി. നേരം വെളുത്തുകഴിഞ്ഞു. അയലോക്കംകാരന്റെ എയര്‍കണ്ടീഷണറുടെ കുണ്ടിയാണ് കണി. അതവന്റെ മുറിയിലെ ചൂട് മുഴുവന്‍ എന്റെ നേരെ വിസര്‍ജ്ജിക്കുന്നു. പണ്ട്, തോട്ടുവരമ്പില്‍ കേറിയിരുന്ന് തോട്ടിലേക്ക് നല്ല ഉന്നത്തില്‍ അപ്പിയിടുന്ന കുട്ടികളെപ്പോലെ അവന്റെ ഭിത്തിയില്‍നിന്ന് കുണ്ടികൊണ്ടത് കൊഞ്ഞനം കുത്തുന്നു. മൈന്‍ഡ് ചെയ്യാന്‍ പോയാല്‍ പുതിയ വാടകവീട് കണ്ടെത്തണം. വാടകവീടുകള്‍,  വാടകനാവുകള്‍ അങ്ങനെ ”പാന്ഥര്‍ പെരുവഴിയമ്പലംതന്നെ താന്തരായി കൂടി വിയോഗം വരുമ്പോലെ”യുള്ള, അസ്ഥിരക്ഷണിക വാസങ്ങളില്‍ ഇതൊക്കെ എത്രയോ സാധാരണം. ‘അതിനാല്‍ അതെല്ലാം മറന്നേക്കൂ’ എന്ന പരസ്യവാചകം സോപ്പില്‍ നിന്നിറങ്ങിവന്ന് സമാധാനിപ്പിച്ചു. ഒരേയൊരു മണിക്കൂര്‍ കഴിഞ്ഞാല്‍ അപ്പമുണ്ടാക്കാം. ഫ്രിഡ്ജില്‍നിന്ന് തണുത്തുറങ്ങുന്ന കോഴിയെ എടുത്ത് തണുപ്പാറ്റാന്‍ വച്ചു. എന്നോ എപ്പോഴോ മൃതിയടഞ്ഞ ആടിന്റെ ഇറച്ചി പായ്ക്കറ്റും ഫ്രിഡ്ജില്‍നിന്ന് വെളിയില്‍വച്ചു. സവാള അരിഞ്ഞു. ഇഞ്ചിപേസ്റ്റും കറിവേപ്പിലയും തേങ്ങാല്‍പായ്ക്കറ്റും എടുത്തുവച്ചു. ഇനി ഇവരൊക്കെ തണുപ്പാറ്റി വരും വരെ ഒന്നുകൂടി പോയിക്കിടന്നാലോ എന്നു ചിന്തിച്ചു.
രാവിലത്തെ ഉറങ്ങാത്ത ഈ കിടപ്പ് വളരെ രസമാണ്. മക്കളും ഭര്‍ത്താവും ഉറങ്ങുന്നു. സോഫയില്‍ പോയി കിടന്നു. സോഫയില്‍ ചുരുണ്ടുകൂടുമ്പോള്‍ പണ്ട് അടുക്കളമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന ചാരത്തില്‍ ചുരുണ്ടുകൂടാന്‍ ഇഷ്ടപ്പെട്ടിരുന്ന ചക്കിപ്പൂച്ചയെ ഓര്‍ത്തു. അതേ, ഞാനും ഒരു ചക്കിതന്നെ. കണ്ണടച്ച് പാലുകുടിക്കാന്‍ പോലും പരിശീലിക്കുന്നവള്‍.

                           Woman with Bowl of Flowers: Inez Nathaniel-Walker
ഇങ്ങനെ കിടക്കുമ്പോഴാണ് ഇഷ്ടമുള്ള ഓര്‍മ്മകള്‍ ചിന്തകള്‍ അടുത്തിരുന്ന് തോണ്ടിവിളിക്കുന്നത് – ബാല്യത്തിലെപ്പോഴോ നിന്ന് മാത്തന്‍കുന്നേല്‍ ചേടത്തി വിളിക്കുന്നു. ചേടത്തി മരിച്ചത് മിനിയാന്നാണ് ഈ ദുഃഖവെള്ളിയാഴ്ചയില്‍ അവര്‍ മരിച്ചു. ദുഃഖശനിയാഴ്ച അവരെ സംസ്‌കരിച്ചു. എത്രയോ ദുഃഖശനിയാഴ്ചകള്‍ അവര്‍ക്കൊപ്പം ഞാന്‍ ചെലവിട്ടിട്ടുണ്ട്.      
ഏപ്രിലാണേറ്റം ക്രൂരമാസമെന്ന് കവി പറയുന്നു. ഇവിടെ നമുക്ക് ഏപ്രില്‍ വേനല്‍മാസമാണ്, സൂര്യന്‍ കടുത്ത വെയിലിന്റെ നാവുകൊണ്ട് മണ്ണിനെ നക്കിനക്കി അവസാനത്തെ ജലകണവും തോര്‍ത്തിയെടുക്കുന്ന സമയം. സൂര്യന്റെ കാമതാപത്തില്‍ മണ്ണ് തളര്‍ന്നുപോകുന്നുവെന്ന് വേനലിലെ കൃഷിയിടങ്ങള്‍ കാണുമ്പോള്‍ തോന്നും. മകരം മുതല്‍ ചൂടുപിടിച്ചു ചൂടുപിടിച്ച് വന്ന് മീനമാസച്ചൂടില്‍ പൊരിഞ്ഞ് മേടത്തിലെത്തുമ്പോള്‍ വേനലിനും വെയിലിനുമൊപ്പം മഴയുടെ ഉള്ളടക്കങ്ങള്‍ ശേഖരിച്ചുവയ്ക്കപ്പെടുന്ന സമയവുമാണ്. 
കൃഷി പ്രധാനമായ ഒരു നാടിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞിരുന്ന വിരലുകള്‍ ഇപ്പോഴും എന്നില്‍ ശേഷിക്കുന്നു. അതുകൊണ്ടാണ് മാത്തന്‍കുന്നേല്‍ ചേടത്തി മരിച്ചെന്നു കേട്ടപ്പോള്‍ വിരലുകള്‍ വിറച്ചതും രോമകൂപങ്ങള്‍ ജ്വലിച്ചെഴുന്നേറ്റതും. 103-മത്തെ വയസ്സില്‍ എല്ലാവിധ തൃപ്തിയോടുംകൂടി മരണത്തെ ആശ്ളേഷിച്ച അവര്‍ എന്റെ മനസ്സില്‍ രുചിയുടെയും മണങ്ങളുടെയും ഒരു ലോകം പണിയുന്നതില്‍ ശര്‍ക്കരയും പശയും ചേര്‍ത്തുവച്ചതാണ്. എന്റെ ഗ്രാമത്തെ ഓര്‍ക്കുമ്പോഴൊക്കെ ഒരുപാട് ചേടത്തിമാര്‍ മനസ്സിലെത്താറുണ്ട്. മാത്തന്‍കുന്നേല്‍ ചേടത്തി, മൊളോപറമ്പില്‍ ചേടത്തി, ആക്കാട്ടുചേടത്തി, തൂങ്കുഴിചേടത്തി, സ്രാമ്പിക്കല്‍ ചേടത്തി എന്നിങ്ങനെ ഓരോ വീട്ടുപേരിലും ചേടത്തിമാര്‍. ഇവരുടെയൊന്നും പേരുകള്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നു. കോസലത്തിന്റെ രാജ്ഞിയെ കൗസല്യയെന്നും കേകയത്തെ പെണ്‍കുട്ടിയെ കൈകേയിയെന്നുമൊക്കെ വിളിക്കുന്നപോലൊരു പരിപാടിയാണിതും എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. പേരില്ലാതെ അറിയപ്പെട്ടിരുന്ന ചേടത്തിമാര്‍ക്കിടയില്‍ മാത്തന്‍കുന്നേല്‍ചേടത്തിയുടെ പേരും ഞങ്ങളാരും തിരിക്കിയില്ല. 
രുചികളെ തിരിച്ചറിയുന്നത് മണം കൊണ്ടാണെന്ന് ആദ്യം പഠിപ്പിച്ചതില്‍ ഒരാള്‍ മാത്തന്‍കുന്നേല്‍ ചേടത്തിയാണ്. പാലപ്പം വേകുന്ന മണം കേട്ടിട്ട് അതിനു പുളിപ്പു കൂടുതലുണ്ടോ, ഉപ്പ് പാകത്തിനാണോ എന്നൊക്കെ പറയുമായിരുന്നു. പാലപ്പോം വെള്ളേപ്പോം വട്ടേപ്പോം നിത്യരുചികളുടെ ഭാഗമായിരുന്നില്ല അന്ന്. ഇടയ്‌ക്കൊക്കെ മാത്രമാണതു രുചിയുടെ ലോകം നമുക്കു നല്‍കുന്നത്. ഈസ്റ്റര്‍, ക്രിസ്തുമസ്, പെരുന്നാളുകള്‍, മറ്റു വീട്ടുചടങ്ങുകള്‍ ആ സമയത്താണ് ഇത്തരം അപ്പങ്ങള്‍ മേശമേല്‍ നിറയുന്നത്.
 
ദുഃഖശനിയാഴ്ച ദിവസം അരി പൊടിക്കലിന്റെയും വറക്കലിന്റെയും മണങ്ങള്‍ വീടുകളില്‍ നിറയുന്ന ദിവസമാണ്. പത്തു കിലോ പച്ചരിയൊക്കെ ഒറ്റ നില്‍പ്പില്‍ നിന്നിടിച്ചുപൊടിക്കും. വെള്ളത്തില്‍ കുതിര്‍ത്ത് കഴുകി വാരിവച്ചിരിക്കുന്ന പച്ചരി ഉരലിലിട്ട് ഇടിച്ചുപൊടിക്കുക എന്നത് ഒരു പണിയായി അന്നത്തെ കാലത്ത് ആരും കരുതിയിരുന്നില്ല. പല്ലുതേക്കുക ഒക്കെ പോലെ ദിനചര്യയുടെ ഭാഗമാണതും. 
പെണ്ണുങ്ങളാണിതെല്ലാം ചെയ്യുന്നത്. ആണുങ്ങള്‍ അരിയിടിക്കാത്തതെന്താണെന്ന് ഞാന്‍ ചേടത്തിയോട് ചോദിച്ചിട്ടുണ്ട്. വിയര്‍പ്പുമണവും ഉഷ്ണമണവുമുള്ള ചട്ടയ്ക്കുള്ളിലേയ്ക്ക് ഊതിക്കൊണ്ട് കൊരണ്ടിപ്പുറത്തിരുന്ന് അവര്‍ പറയും, ”അരിയിടിക്കല്‍, അരയ്ക്കല്‍, തേങ്ങാചിരകല്‍, മുറ്റമടിക്കല്‍ ഇതൊന്നും ആണുങ്ങള്‍ ചെയ്യാന്‍ പാടില്ല. ചെരവപ്പുറത്തിരുന്നാല്‍ പിന്നെ സ്ത്രീധനം കിട്ടത്തില്ല. അമ്മിയെടുത്ത് അരച്ചാല്‍ പിന്നെ അവന്‍ മീശേം വച്ച് നടന്നിട്ടെന്താ? ഞാനങ്ങനെ ആണുങ്ങളുടെ പ്രിവിലേജസ് കേട്ടുമനസിലാക്കുകയായിരുന്നു. അവന്‍മാര്‍ക്ക് തൂമ്പയെടുക്കാം. വാക്കത്തിയെടുക്കാം, പക്ഷേ, ചൂലെടുക്കരുത്. അതുകൊണ്ടായിരിക്കും ഇപ്പോഴും പ്രശസ്തരായ പെണ്‍ ആക്ടിവിറ്റുകള്‍ സമരം നടത്തുമ്പോഴും ചൂലുകളേന്തിത്തന്നെ പ്രക്ഷോഭം നയിക്കുന്നത്. ഏതായാലും ചേടത്തിക്കു നമോവാകം. അരി പൊടിക്കുന്നതിന്റെ ഇടവേളകള്‍ ഇത്തരം സാമൂഹ്യനിയമങ്ങളുടെ ഏടുകളും തുറന്നുതന്നിട്ടുണ്ട്. വിമോചനസമരം, അക്കാമ്മ ചെറിയാന്റെ ഇലക്ഷന്‍ ഒക്കെ പരാമര്‍ശവിഷയങ്ങളായി വന്ന ഉരല്‍പ്പുര ചര്‍ച്ചകളെ ഞാന്‍ ഓര്‍മ്മിക്കുന്നു. നല്ല കനത്ത വിയര്‍പ്പിന്റെയും വെളിച്ചെണ്ണയുടെയും മണമുള്ള ഒരു കൊച്ചു ശരീരം ഗന്ധരൂപിയായി ഇന്നെന്റെ ചുറ്റിലുമുണ്ട്. കൈമാറി കൈമാറി ഉലക്ക വിട്ടുപിടിച്ചുകൊണ്ട് നടത്തുന്ന അഭ്യാസപ്രകടനം ചുരികകൊണ്ട് അഭ്യാസം നടത്തുന്ന കളരിയഭ്യാസിയോളം മെച്ചപ്പെട്ടതാണ്. കൃത്യമായ നിമിഷത്തിന്റെ ഇടവേളകള്‍ ഉലക്ക വിട്ടുപിടിക്കുന്നതിലുണ്ട്. പരിചയമില്ലാത്ത ഈ പണിക്ക് ഇറങ്ങിത്തിരിച്ചാല്‍ ഉരലിന്റെ വക്കുപൊട്ടി കല്ലടര്‍ന്നുവീഴും. പിന്നെ പൊടിയില്‍ കരിങ്കല്ല്തരി കടിക്കും. പൊടിച്ച്, അരിപ്പയില്‍ തെള്ളിയെടുക്കുന്ന പൊടി ഉരുളിയിലിട്ട് വറുത്ത് മൊറത്തില്‍ കടലാസ്സിട്ട് ആവി കളയാന്‍ വയ്ക്കും. വറുത്ത അരിപ്പൊടിക്ക് വെയിലില്‍ ചുട്ടുപഴുത്ത മണ്ണില്‍ ആദ്യം വീഴുന്ന മഴയില്‍ കുതിര്‍ന്ന മണ്ണിന്റേതുപോലുള്ള മദഗന്ധമാണ്. വറത്ത പൊടി കയ്യിലെടുത്ത് മണത്തുനോക്കിയപ്പോള്‍ ചേടത്തി വഴക്കുപറഞ്ഞു. ‘അങ്ങനെ മണത്താല്‍ അതിനു കൊതി കിട്ടുമെന്ന.് ദൂരെ നിന്ന് മണക്കുന്നതിനേക്കാള്‍ തൊട്ടുമണക്കുന്നതെനിക്കിഷ്ടമായതിനാല്‍ എന്റെ കൊതിമണം ആ പൊടിയില്‍ പറ്റിച്ചേര്‍ന്നു. മീനം, മേടമാസത്തിലെ ചൂടില്‍ മണിക്കൂറുകള്‍ നീളുന്ന അരിയിടിക്കലും തെള്ളലും ഒക്കയാകുമ്പോള്‍ ശരീരം ഉലയില്‍ നീറ്റിയെടുത്തതുപോലെയാകും. ചട്ടയൊക്കെ പൊക്കിവച്ച് കാറ്റുകൊണ്ടിരിക്കുന്ന ആ മെലിഞ്ഞ ശരീരത്തിനകത്തെ ഊര്‍ജ്ജം ഓരോ ഉലക്കപ്പാടിലും ഞാനടുത്തിരുന്നറിഞ്ഞതാണ്. വിയര്‍പ്പ് (വെശര്‍പ്പ് എന്നാണ് ഭാഷാഭേദം) മണം നിറഞ്ഞ ആ ശരീരം കൊണ്ട് അവര്‍ എത്രയോവട്ടം എന്നെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. മഴയിലെന്നപോലെ വിയര്‍പ്പില്‍ നനഞ്ഞ ആ ചട്ടയുടെ മണമാണ് ഈസ്റ്ററിന്റെ മണങ്ങളില്‍ പ്രധാനം.
വറത്തുവച്ചിരിക്കുന്ന പൊടിയില്‍ ഒരു മൂന്നുകിലോയെങ്കിലും എടുത്ത് അപ്പത്തിനു കൊഴച്ചുവയ്ക്കും. അതിനുവേണ്ടി കരുണന്റെ ഷാപ്പിലെ കള്ള് വാങ്ങിക്കൊണ്ട് വന്നിട്ടുണ്ടായിരിക്കും. അപ്പത്തിനു കുഴച്ചുവയ്ക്കാനെടുക്കുമ്പോള്‍ മുഖ്യ കൈയാളായ എനിക്ക് അതീന്നു അല്പം കുടിക്കാന്‍ തരും. നാടന്‍കള്ളിന്റെ പുളിയും ഒരിത്തിരി മധുരോം രുചിച്ച് പിന്നേം പറ്റിക്കൂടി നില്‍ക്കും. ഇനിവേണ്ടാ, പെങ്കുട്ടികളങ്ങനെ കള്ളു കുടിക്കാന്‍ പാടില്ലെന്ന സുവിശേഷപ്രമാണം പറയുമെങ്കിലും അല്‍പം കൂടിയൊക്കെ തരും. അങ്ങനെ രുചിയുടെ വേറൊരു ലോകവും ഈസ്റ്ററിനുമുന്‍പുള്ള ശനി തുറന്നുവച്ചു. അങ്ങനെ അപ്പത്തിനു കുഴച്ചുവച്ച് കഴിയുമ്പോള്‍ പുള്ളിക്കാരത്തി പോകും. എനിക്ക് വിയര്‍പ്പ് നിറഞ്ഞ മുഖം കൊണ്ട് വീണ്ടും ഉമ്മ കിട്ടും. ചൂട്, വിയര്‍പ്പ്, ഉമ്മകള്‍ വറുത്ത അരിപ്പൊടി ഒക്കെക്കൊണ്ട് മണങ്ങളുടെ ജീവനും ആഹ്‌ളാദവും തന്നിരുന്ന ദുഃഖശനിയാഴ്ചകള്‍. എന്നാല്‍ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദുഃഖവെള്ളിയാഴ്ച മരിച്ച ക്രിസ്തു ഞായറാഴ്ച ഉയിര്‍ക്കുന്നതിനിടയിലുള്ള ദിവസമായതിനാല്‍ ശനിയാഴ്ച ദുഃഖഭരിതമാകുക അല്ലാതെ നിവൃത്തിയില്ല. അടുക്കളകളാകട്ടെ വേവിന്റെയും വറവലിന്റെയും മണങ്ങളുടെ ആനന്ദോത്സവം നടത്തുകയായിരുന്നു. 
ഇറച്ചിയില്ലാത്ത ഈസ്റ്റര്‍ ഓര്‍ക്കാന്‍കൂടി സാധിച്ചിരുന്നില്ല അന്ന് പൊതുവെ. കാരണം ഇറച്ചിക്കറി എല്ലാ ദിവസത്തെയും മെനുവിന്റെ ഇനമല്ലായിരുന്നു. കമ്പംവഴി വരുന്ന കന്നുകാലി അന്ന് നിത്യാഹാരമായിരുന്നില്ല. പൊറോട്ടയും ബീഫും മലയാളിയുടെ ദേശീയാഹാരവും ആയിക്കഴിഞ്ഞിരുന്നില്ല. കൃഷിപ്രധാന മായ നാട്ടിന്‍പുറങ്ങളില്‍ മുട്ടാടുകളെയും മൂരിക്കുട്ടന്മാരെയും പോത്തുകുട്ടന്മാരെയും ഈസ്റ്ററിനായി നേദിച്ചുനിര്‍ത്തിയിരുന്നു. അവരുടെ ആക്രന്ദനങ്ങളും നിലവിളികളും  മുക്രകളും ദുഃഖശനിയാഴ്ച മുഴങ്ങിയിരുന്നു. പങ്ക് എന്നു പറയപ്പെ ട്ടിരുന്ന ഇറച്ചിവിഹിതം ഓരോരുത്തരും കൈപ്പറ്റിയിരുന്നു. വളര്‍ത്തിയിരുന്ന കോഴികളിലും താറാവുകളിലും ആയുസ്സറ്റവരുടെ അന്ത്യകാഹളം മുഴങ്ങുന്നതുമന്നായിരുന്നു. ഈ ഇറച്ചിത്തരങ്ങള്‍ അവരവരുടെ സാമ്പത്തികഭേദമനുസരിച്ച് വാങ്ങി പാചകം ചെയ്ത് വരുന്നതിന്റെ മസാലമണങ്ങള്‍ ഭോഗികളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ഇറച്ചി നുറുക്കാനും വെട്ടാനും കഴുകാനുമൊക്കെ ആണുങ്ങള്‍ സഹായിക്കും. മല്ലിയും മുളകും മസാലകളും കുരുമുളകും വറുത്ത് ഉരലില്‍ പൊടിച്ചും അരകല്ലിലരച്ചും അരപ്പുകള്‍ മാറ്റിമാറ്റി വയ്ക്കും അടുക്കളയില്‍. ചിലപ്പോള്‍ മുളകിനൊപ്പം തേങ്ങയും വറുത്തരയ്ക്കും. തേങ്ങയും മുളകും മല്ലിയും പെരുംജീരകവും കറുകപ്പട്ടയും വറുത്തരയ്ക്കുന്ന മണം ഒരഞ്ചു വീടെങ്കിലും അക്കരയെത്തും. വെന്ത എണ്ണയുടെ മണവും എരിവുമണങ്ങളും കേട്ടാല്‍ രസനയും രസങ്ങളും ഉണര്‍ന്നുവരും.  അരച്ചരച്ച് പെണ്ണുങ്ങളുടെ കൈ പൊകഞ്ഞു നീറും. വെളിച്ചെണ്ണയില്‍ മുക്കിയ കൈത്തലം ഊതിക്കൊണ്ട് ഉരലിന്റെ പുറത്തു കയറിയിരിക്കുന്ന ആള്‍ക്കാര്‍ ഇന്നും ജീവനോടെന്നപോലെ എന്റെ മുന്‍പിലുണ്ട്. 
തിന്നാന്‍വേണ്ടി മനുഷ്യര്‍ ഇത്രേം കഷ്ടപ്പെടണോ എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ആള്‍ക്കാരുടെ ഈ പാടുകേടു കാണുമ്പോള്‍. മീനം-മേടം മാസത്തിലെ ചൂടും ഉഷ്ണവും കാരണം ചൂടുകുരു പൊന്തിയ കഴുത്തും പെടലീമൊക്കെ വിയര്‍പ്പില്‍ കുളിച്ചുകയറിയാണ് ഈ അരയ്ക്കലും പൊടിക്കലും നടക്കുന്നത്. ഉച്ചീലേയ്ക്ക് മുടികേറ്റിക്കെട്ടിവച്ച് നല്ല ആരോഗ്യമുള്ള കൈത്തണ്ടുകളുമായി അവര്‍ നിന്നങ്ങനെ അരയ്ക്കും. ഓരോ വീട്ടിലും ആറും എട്ടും മക്കള്‍ കാണും. അവരുടെ ബന്ധുക്കാരും പെങ്ങ•ാരും ആശ്രിതരുമൊക്കെയായി ഒരുപറ്റം ജനങ്ങള്‍ പിറ്റേന്ന് ഈസ്റ്റര്‍ കഴിക്കാനുണ്ടാകും. പോത്തിറച്ചിയില്‍ തേങ്ങാപ്പൂളും ഇഞ്ചിയും കറിവേപ്പിലയും വറത്തിട്ട് മുളകും മല്ലീം കുരുമുളകും പെരുഞ്ചീരകോം വറത്തരയ്ച്ചുണ്ടാക്കുന്ന പെരളന്‍ അസാധ്യ രുചിയുള്ള ഇനമായിരുന്നു. പറമ്പിലെ പുല്ലിന്റെ ചൂടും ചൂരും വറ്റിയിട്ടില്ലാത്ത പോത്തിറച്ചി തികച്ചും നിണത്തിന്റെ നേരറിഞ്ഞതായിരുന്നു. വെന്തുവരുമ്പോള്‍ത്തന്നെ നോമ്പുപിടിച്ചവരുടെ (പെണ്ണുങ്ങള്‍ വിട്ടുകൊടുക്കില്ല)നോമ്പ് അയഞ്ഞുതുടങ്ങും. തിണ്ണയില്‍നിന്ന് ”ആയോ ആയോ”എന്ന ചില ചോദ്യങ്ങള്‍ ഉയരും. വൈകിട്ടു തന്നെ യുവജനങ്ങള്‍ ചട്ടിയില്‍നിന്ന് കോരിക്കൊണ്ടുപോയി കൂട്ടിത്തുടങ്ങും. വറുത്ത തേങ്ങ, വെന്ത ഇറച്ചിയുടെ മണം, ഇഞ്ചിയുടെ എരിവുമണം, എണ്ണയുടെ വാസനകള്‍, മനുഷ്യരുടെ വിയര്‍പ്പ്, നഖത്തിനിടയിലെ ചെളികള്‍, ഉണങ്ങാതെ കെട്ടിവച്ച മുടിയുടെ കനച്ച മണങ്ങള്‍, മുലപ്പാലുള്ള കനമുലകളുടെ ഉളുമ്പു മണങ്ങള്‍, അടുപ്പിലെരിയുന്ന മരുതിന്റെയും പ്ലാവിന്റെയും റബ്ബറിന്റെയുമൊക്കെ വിറകുമണങ്ങള്‍, പുകയുടെയും ചേരിലെ ഇല്ലറക്കരിയുടെയും കരിപിടിച്ച കൈക്കലത്തുണിയുടെയും ചാരത്തിന്റെയും ഒക്കെ മണങ്ങള്‍കൊണ്ട് വീങ്ങി നില്‍ക്കുന്ന അടുക്കള. പൂണ്ടടക്കം കെട്ടിപ്പിടിച്ച് വീണുരുളാന്‍ തോന്നിപ്പോകുന്നത്ര ശരീരസ്വഭാവിയായ മണങ്ങള്‍ എന്റെ ഞരമ്പിനടിയൂടെ ഒരഗ്നിനദിപോലെ ഒഴുകിത്തിളയ്ക്കുന്നു.
രുചികളും മണങ്ങളുമായാണ് ഈസ്റ്ററും മറ്റോരോ പെരുന്നാളുകളും ജീവന്‍ വച്ചുനിന്നിരുന്നത്. കഷ്ടപ്പെട്ട് പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് വിശ്രമവേളകളേ ഉണ്ടായിരുന്നില്ല. പള്ളിയില്‍പോയി അച്ചന്റെ പ്രസംഗം കേള്‍ക്കുമ്പോഴോ ഉറങ്ങുമ്പോഴോ പ്രസവിച്ച് 56 ദിവസം കിടക്കുമ്പോഴോ ആണ് ആ ശരീരങ്ങള്‍ വിശ്രമം അനുഭവിച്ചിരുന്നത്. സര്‍ഗ്ഗാത്മാകാവിഷ്‌കാരങ്ങള്‍ തീരെയില്ലാത്ത ആളുകളായി ക്രിസ്ത്യാനിപ്പെണ്ണുങ്ങളില്‍ ഭൂരിപക്ഷവും ആയിപ്പോയതിന്റെ കാരണവും മറ്റൊന്നാകാന്‍ വഴിയില്ല. ഏതായാലും ഇന്നിത്തരം മണങ്ങളുടെ മിശ്രിതം കിട്ടാന്‍ തീരെ വഴിയില്ല. വീടുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. ചേടത്തിമാരുടെ മക്കളും കൊച്ചുമക്കളും ഗള്‍ഫിലും ഇംഗ്ലണ്ടിലുമൊക്കെ സോറി യു.കെ.യിലുമൊക്കെ പോയി. മണങ്ങള്‍ പെര്‍ഫ്യൂമായി. 
ഞാന്‍ കലക്കിവച്ച പൊടി പുളിച്ചുപൊന്തിക്കാണും. ഇനിയുമിനിയും ഓര്‍മ്മകളുടെ മണം പിടിച്ചുനടക്കുന്നു. ചക്കിപ്പൂച്ച മീന്‍കാരന്റെ കൊട്ടയുടെ പിന്നാലെ കരഞ്ഞുകൊണ്ട് കുറച്ചുപോയിട്ട് തിരിച്ച് അടുക്കളയുടെ ഇളം തിണ്ണയിലേക്ക് മടങ്ങുംപോലെ ഞാനും എന്റെ അടുക്കളയിലേയ്ക്ക. എന്തെങ്കിലുമൊക്കെ ഉണ്ടാക്കണം. അതിനുമുമ്പ് ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തണം. അവര്‍ക്കും ചില പണികള്‍ കൊടുക്കണം. അങ്ങനെയങ്ങു ആണച്ചാരന്മാരായാലും ശരിയാകില്ല. പക്ഷേ, ഗന്ധസ്പര്‍ശങ്ങളിലൂടെ അറിയുന്നതെല്ലാം അനുഭൂതിപരമാണല്ലോ – ഈസ്റ്ററും മണങ്ങളുടെയും രുചികളുടേതുമാണ്. അനുഭൂതിയുടെ സൂക്ഷ്മസാധനകള്‍ ശീലിക്കപ്പെടുന്നിന്റെ ഏറ്റക്കുറച്ചിലുകള്‍ നമ്മുടെ സൂക്ഷ്മരതിഭാവങ്ങളിലും ഏറ്റിറക്കങ്ങള്‍ ഉണ്ടാക്കും. സ്ഥലം, വ്യക്തികള്‍ എന്നിവയെല്ലാം ഓര്‍മ്മകളായി തിരിച്ചുപിടിക്കുക അനുഭൂതിപരമായ പുനര്‍നിര്‍മ്മിതിയാണ്. ഇങ്ങനെ എത്രയോ ആളുകള്‍, സ്ഥലങ്ങള്‍, കാലങ്ങള്‍ ഓരോരുത്തരും ദിനംപ്രതി ആവാഹിക്കുന്നുണ്ട്; ഉച്ചാടനം ചെയ്യുന്നുമുണ്ട്. എന്റെ നിമിഷങ്ങളും ദിവസങ്ങളും ഒക്കെ ഇത്തരം ഭാവനാനുഭൂതികളില്‍ ഇഴചേര്‍ന്നിരിക്കുന്നു. കണ്ടുമടങ്ങുന്നവര്‍, ആശ്ലേഷിച്ചുപിരിയുന്നവര്‍, വെറുപ്പോടെ ഇറക്കിവിടുന്നവര്‍ എത്രയധികം. പകുതി ഭാവനയിലും പകുതി യാഥാര്‍ത്ഥ്യത്തിലുമായി ജീവിക്കുന്നവരില്‍ ഇതേറിയും കുറഞ്ഞുമിരിക്കും. അല്ലെങ്കില്‍ ഉന്മാദം ഒന്നുതൊട്ടുഴിഞ്ഞുപോകുന്നവര്‍ ഇക്കാര്യത്തില്‍ ധന്യരാണെന്നു പറയാം.
മ്യൂസ് മേരി

മ്യൂസ് മേരി

ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. കവി, ആലുവ യു.സി. കോളേജ് അധ്യാപിക. മെര്‍ക്കുറി.. ജീവിതത്തിന്റെ രസമാപിനി (എന്‍ബിഎസ്), സ്ത്രീയേ എനിക്കും നിനക്കും എന്ത്? (സിഎസ്എഫ് തിരുവല്ല), സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍