പോള്‍ ആനന്ദ്
യാത്രകള്‍ എന്നും മനസ്സിന് ആഹ്ളാദകരമാണ്, എന്നാല്‍ ഡ്രൈവിംഗ് ചിലപ്പോള്‍ സമയംകൊല്ലി ആകാറുണ്ട്. എന്നാല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താലോ? ഇതാ നിരത്തുകളില്‍ ഡ്രൈവര്‍ ഇല്ലാ കാറുകളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. യാത്രാ വാഹനങ്ങളില്‍ വളരെ നാളുകളായി നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായാണ് ഇത്തരം കാറുകള്‍ പുറത്തു വരുന്നത്.
ഇനി ഒരു യാത്ര പോകാന്‍ ഒരു ഡ്രൈവര്‍ വേണമെന്ന് നിര്‍ബന്ധമില്ല. ഓഫീസില്‍ നിന്നും ഇതാ കാര്‍ മുന്നില്‍ വന്നു നില്ക്കുന്നു. കയറിയിരുന്നു പോകേണ്ട സ്ഥലം പറഞ്ഞാല്‍ നമ്മളെ കൃത്യമായി അവിടെ എത്തിക്കും ഈ ഡ്രൈവര്‍ ഇല്ലാ കാര്‍. ജീ.പി.എസ് തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെയാണ് ഇത്തരം കാറുകള്‍ പ്രവര്‍ത്തിക്കുന്നത്.
2017 -ഓടെ ഈ കാറുകള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. പ്രമുഖ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ തങ്ങളുടെ മോഡല്‍ വികസിപ്പിച്ചു കഴിഞ്ഞു. വോള്‍വോ, ഫോര്‍ഡ്, ഔടി, ബിഎംഡബ്ള്യു, ബെന്‍സ് തുടങ്ങിയവയുടെ ഇത്തരം മോഡലുകള്‍ ഇപ്പോള്‍ നിര്‍മാണത്തിലാണ്. 2011-ല്‍ നടന്ന ഡാര്‍പ ചാല്ലെങ്ങില് വിജയിച്ച stanford university ടീമിനെ ഗൂഗിള്‍ ഏറ്റെടുത്തു തുടങ്ങിയ ഗൂഗിള്‍ കാര്‍ എന്ന പ്രൊജക്റ്റാണ് ഇന്ന് ഈ വിഭാഗത്തില്‍ വളരെ മുന്നിട്ടു നില്‍ക്കുന്നത്.
കാറിനു മുകളില്‍ ഘടിപ്പിച്ച ഒരു കറങ്ങുന്ന ക്യാമറ നിരത്തിലെ ദൃശ്യങ്ങള്‍ ഇടവിടാതെ ശേഖരിച്ചു പരിശോധിക്കുന്നുണ്ടാകും. ഇത് ഒരു ഡ്രൈവറുടെ കണ്ണ് പോലെ അപകടങ്ങളെയും, മറ്റു വാഹനങ്ങളെയും, നിരത്തിന്റെ അവസ്ഥകളും തിരിച്ചറിഞ്ഞു കാറിന്റെ ചക്രങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്ക്കുന്നു. ഒപ്പം സഞ്ചരിക്കുന്ന വാഹനങ്ങളുമായി നിരന്തരം വിവരങ്ങള്‍ കൈമാറിക്കൊണ്ടാണ് കൂട്ടിമുട്ടല്‍ ഒഴിവാക്കപ്പെടുന്നത്. വളരെ വേഗം വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിവുള്ള ഒരു കുഞ്ഞന്‍ കമ്പ്യൂട്ടര്‍ സിസ്റ്റം കൂടെ ഇതില്‍ ഉണ്ട്.
ഇത്തരം റോബോട്ടിക് വാഹനങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ കൂടുതല്‍ വളരാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രായം ചെന്നവര്‍ക്കും അന്ധത കാരണം പുറത്തേയ്ക്ക് സഞ്ചരിയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും, ഒക്കെ ഇത്തരം കാറുകള്‍ ഒരു വരദാനം തന്നെയാണ്. ലോകം തിരക്കേറിയതായി മാറിക്കൊണ്ടിരിയ്ക്കുന്നു, അതിനൊപ്പം ജീവിതവും. ഇത്തരം കാറുകള്‍ നമ്മുടെ ജീവിതത്തെ മാറ്റി മറിയ്ക്കാന് 2017-ഓടെ കടന്നു വരിക തന്നെ ചെയ്യും.
ഈയിടെ അമേരിക്കയിലെ നെവാദ സംസ്ഥാനം ഗൂഗിള്‍ കാറിനു നല്കിയ യാത്രാ ലൈസന്‍സ് നിരവധി നിയമ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇവ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒരു അപകടം സംഭവിച്ചാല്‍ ആര്‍ക്കെതിരെ നിയമ നടപടി എടുക്കണം എന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ്. ഇപ്പോള്‍ ഇത്തരം കാര്‍ നിരത്തില്‍ ഓടിക്കുമ്പോള്‍ നിയമപരമായി ലൈസെന്‍സ് ഉള്ള ഒരാള്‍ ഇതിന്റെ പിന്‍സീറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ ആ വ്യക്തിയുടെ പേരില്‍ അപകടത്തിന്റെ നിയമ നടപടികള്‍ എടുക്കുന്നത് ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ചെയ്തിട്ടുള്ള ഗൂഗിള്‍ കാറിനു ആകെ അപകടം സംഭവിച്ചത് ഉള്ളിലെ യാത്രക്കാര്‍ പേടിച്ചു സ്റ്റിയറിങ് കണ്ട്രോള് ഏറ്റെടുത്തപ്പോള്‍ മാത്രമാണ്. എന്തായാലും കൂടുതല്‍ സാങ്കേതിക തികവോടെ ഇത്തരം വാഹനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ പ്രശ്നങ്ങള്‍ അവസാനിച്ചേക്കും.

ഇവയുടെ ഉപയോഗം യാത്രാ വാഹനം എന്നതിന് പുറമേ ഒരു പുതിയ ഉപഭോക്തൃ എക്സ്പീരിയന്‍സ് നല്കുന്ന സംവേദന മാര്‍ഗമായും കണക്കാക്കപെടുകയാണ്. ഗൂഗിള്‍ നല്കിയ പേറ്റന്റ് അപേക്ഷ പ്രകാരം, ഇത്തരം കാറുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അവരുടെ ഷോപ്പിംഗ്, ട്രാവല്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിന്റെ ഗ്ളാസ്സുകളില്‍ തന്നെ കാണാനും ഇന്ററാക്റ്റ് ചെയ്യാനും സാധിക്കുന്നു. ഒട്ടേറെ പുതിയ സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നമുക്ക് മുന്നിലേയ്ക്ക് ഇവ വരുന്ന കാലം വിദൂരമല്ല.
യാത്രകള്‍ ആസ്വദിക്കാന്‍ സ്വന്തം റോബോട്ടിക് കാറുകള്‍ എത്തുകയായി!