UPDATES

കേരളം

ഒളിഞ്ഞു നോക്കുന്ന മാധ്യമങ്ങള്‍

പ്രീതേഷ് ബാബു

 

പുത്തന്‍ സാങ്കേതിക സാമഗ്രികള്‍ക്കുള്ളില്‍ ഉച്ചനീചത്വം ഇല്ലാതെ ഇന്ന് സമൂഹം ഒരു പോലെ ഉപയോഗിച്ച് ആസ്വദിക്കുന്നത് വിവിധ രൂപ ഭാവം കൈവന്ന ‘ക്യാമറ’യാണ്. പ്രതേക അവസരങ്ങളില്‍ എന്ന പഴയ രീതി മാറി, എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ക്യാമറ നമ്മിലേക് ചെറുതായി ചെറുതായി വന്നുകൊണ്ടിരിക്കുന്നു. മൊബൈലിനൊപ്പം ക്യാമറ കണ്ണുകളും സര്‍വ വ്യാപിയായി. എല്ലാ മുഹൂര്‍ത്തങ്ങളിലും, അത് ഒരു കല്യാണമാകാം, മരണമാകാം, ദുരന്തമാകാം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ തിടുക്കം കാണിക്കുന്ന ഈ സമൂഹത്തിലെ ഓരോ വ്യക്തിയും ഇന്ന് ഒരു പക്ഷെ വാര്‍ത്താ സംശീകരണ, പ്രക്ഷേപണ കര്‍മം നിര്‍വഹിക്കുന്ന ഒരു ചെറിയ ‘ന്യൂസ്‌ റൂം’ ആയി മാറിക്കൊണ്ടിരിക്കുന്നു .

 
ഒരു പൌരന്റെ സാമൂഹിക ഇടപെടല്‍ നമുക്ക് വേണമെങ്കില്‍ മൊബൈല്‍ ഫോണ്‍ ക്യാമറയുടെ കണ്ടുപിടുത്തത്തിനു മുന്‍പും പിന്‍പും ആയി വേര്‍തിരിക്കാം. പണ്ടൊക്കെ ഒരു  ദുരന്തത്തിന് സാക്ഷിയാകുന്ന വ്യക്തികളും ആള്‍ക്കൂട്ടവും മനസും കര്‍മവും രക്ഷാ പ്രവര്‍ത്തനത്തില്‍ മാത്രമാക്കി, സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇന്ന് ദുരന്തമേഖലയിലെ പല തിക്കിത്തിരക്കുകളും മൊബൈല്‍ ക്യാമറ ‘പോസിഷനിങ്ങ് ‘കളായി മാറിയിരിക്കുന്നു. എന്തിനേറെ പറയുന്നു, ആശുപത്രിയില്‍ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു വരുന്ന ആംബുലന്‍സിന്റെ വാതില്‍ വലിച്ചു തുറന്നു ചോര ഒലിക്കുന്ന മനുഷ്യ ദേഹങ്ങളും കത്തിക്കരിഞ്ഞ് കരിപുരണ്ട നഗ്ന ഭാഗങ്ങളും അവിശ്വസനീയ ജീജ്ഞാശയോടെയും ചെറു പുഞ്ചിരിയോടും കൂടെ ക്യാമറയിലെടുക്കുന്ന ആളുകളെ എത്രയോ തവണ ഈയുള്ളവന്‍ നേരിട്ട് കണ്ടിരിക്കുന്നു. അവിസ്മരണീയമായത് എല്ലാം രേഖയാക്കി സൂക്ഷിക്കാനുള്ള  വ്യഗ്രതക്കപ്പുറം വൃത്തിയുള്ള ഉടുപ്പിട്ടു മറച്ച   ഏതൊരാളുടെയും ഉള്ളില്‍ കുടികൊള്ളുന്ന മലീമസമായ ചിലത് പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍ ആണിത്. ദൃശ്യ സാക്ഷാത്ക്കാരം നേടുന്ന മൃഗീയ ഭോഗാഭിനിവേശം. 
 
 
വ്യക്തികള്‍ക്കും വ്യവസ്ഥാപിതമായി നിലവില്‍ വന്ന മാധ്യമ സ്ഥാപനത്തിനും നിയമം രണ്ടല്ല എങ്കിലും കൂടുതല്‍ ദിശാബോധത്തോടെയുള്ള കാഴ്ചപ്പാട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് എലാവരും പ്രതീക്ഷിക്കുന്നു . എതു തരം ദൃശ്യങ്ങളും ഇന്ന് എല്ലാവര്‍ക്കും ലഭ്യമാണ്. ദൃശ്യങ്ങളുടെ ലഭ്യതയിലും, സാങ്കേതിക മികവിലും , വ്യക്തികളും, മാധ്യമ സ്ഥാപനവും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. പക്ഷെ ക്യാമറയില്‍ എന്തെടുക്കണം  സ്വയം എടുക്കുന്നതും അല്ലാതെയും കിട്ടുന്ന ദൃശ്യങ്ങള്‍, അവയില്‍ ഏതൊക്കെ പ്രസിദ്ധപ്പെടുത്തണം , പ്രസിദ്ധപ്പെടുത്തുന്നതിന്റെ രീതി എല്ലാം ‘ധര്‍മിഷ്ടടതയോടെ’ മാധ്യമങ്ങള്‍ ചെയുമ്പോഴാണ് വ്യക്തിയുടെ അധാര്‍മികതയില്‍ നിന്ന് ക്രിയാത്മകമായ സാമൂഹിക ഇടപെടലുകളിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്‌. ആ അതിര്‍വരമ്പ് മുറിഞ്ഞു പോയ സംപ്രേക്ഷണം ആണ് കഴിഞ്ഞ വാരം ദൃശ്യ മാധ്യമങ്ങള്‍ നടത്തിയത്. ജോസ് തെറ്റയില്‍ എംഎല്‍എയും ഒരു യുവതിയുമായുള്ള ലൈംഗിക വേഴ്ചയുടെ ഒളി ക്യാമറ ദൃശ്യങ്ങള്‍. 
 
MLA യുടെ രാജി വേറെ വിഷയമായി കണ്ടു കൊണ്ട് ഈ വിഷയത്തെ സമീപിക്കാം. മാതൃഭുമി ചാനലും  അതിലെ റിപ്പോര്‍ട്ടര്‍ ലെബി സജീന്ദ്രനും ഈ ‘exclusive’നു നേതൃത്വം നല്കി എന്ന് കരുതുന്നു. ഒപ്പം അവ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതാണ്. പോണോഗ്രഫിയും വാര്‍ത്തയും തമ്മിലുള്ള വ്യത്യാസം എന്ത്? ഇവിടെ പോണ്‍ വാര്‍ത്ത ആകുകയായിരുന്നോ അതോ വാര്‍ത്ത പോണ്‍ ആകുകയായിരുന്നോ? പീഡനത്തിനു തെളിവായി എടുത്തു എന്ന് പറയുന്ന ഒളി ക്യാമറ ലൈംഗിക വേഴ്ചാ ദൃശ്യങ്ങള്‍ പോലീസിന് കൈമാറുന്നതിന് പകരം , അല്ലെങ്കില്‍ അതിന്റെ ഒപ്പം തന്റെ സ്കൂപ് കൂടെ ആകാമെന്ന് ഒരു ടി.വി റിപ്പോര്‍ട്ടറും ചാനലും തീരുമാനിച്ചു കഴിഞ്ഞാല്‍ അതിന്റെ പുറകെ ചര്‍ച്ചയുമായി പോകേണ്ട ഗതികേടിലാണോ മറ്റു മാധ്യമങ്ങളും ജനവും. ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ മാധ്യമ സൃഷ്ടിയാണ് ഇതെന്നു  വിശ്വസിക്കേണ്ടതായി വന്നിരിക്കുന്നു. അമേരിക്കയിലെ വൈറ്റ് വാട്ടര്‍ കുംഭകോണം പോലെ. republican, democratic ഉന്നതന്മാര്‍ ഉള്‍പ്പെടുന്ന വലിയ ഒരു അഴിമതി ഒടുവില്‍ എങ്ങനെ പൌല ജോണ്‍സ്, മോണികാ ലെവിന്‍സ്കി, ബില്‍ ക്ളിന്‍റണ്‍ ഉള്‍പ്പെടുന്ന വെറുമൊരു പെണ്ണ് കേസ് ആയി ചുരുങ്ങിയോ അതു പോലെ.
 
എല്ലാ മേഖലകളിലും ഇതു റിയാലിറ്റി ഷോകളുടെ കാലം ആണ്. സംഗീതത്തിലും നാടകത്തിലും കുടുംബ പ്രശ്ന പരിഹാരങ്ങളിലും ‘റിയല്‍ ടൈം’ പ്രവര്‍ത്തികളാണ്. കാച്ചിക്കുറുകിയ നടന നാട്യത്തേക്കാള്‍ ഇന്ന് മാധ്യമങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതും അവ തന്നെ… റെക്കോര്‍ഡ് ചെയ്ത വാര്‍ത്തകള്‍, ലൈവ് ഷോകള്‍ക്ക് വഴി മാറിയ പാത പിന്തുടര്‍ന്ന് വിനോദവും
 
വിദഗ്ധര്‍ പങ്കെടത്തുണ്ടാക്കുന്ന നീല ചിത്രങ്ങളെക്കാള്‍ ഇന്ന് പ്രചാരം സാധാരണക്കാരുടെ  ‘അമച്വര്‍’ ക്ളിപ്പുകള്‍ക്കാണ്. അതിനൊക്കെ സൈബര്‍ ലോകത്ത് പ്രത്യേകം പ്രത്യേകം വെബ്‌സൈറ്റുകളുമുണ്ട്. വാര്‍ത്തകള്‍ കണ്ട് പ്രബുദ്ധരാകാന്‍ ശ്രമിച്ച ശരാശരി മലയാളി കുടുംബത്തിലേക്കാണ് വെള്ളിടി പോലെ ഒരു റിയാലിറ്റി പോണ്‍, വാര്‍ത്തയുടെ പേരില്‍ വന്നിറങ്ങുന്നത്. അതും ഞായറാഴ്ച പ്രൈം ടൈം ന്യൂസ് ആയി. ചാനല്‍ മത്സരത്തില്‍ അന്നേ ദിവസം മാതൃഭൂമി എത്ര മാത്രം മുന്നിലായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞാലേ ഈ  പാപ്പരാസിിത്തത്തിന്റെ വാണീജ്യ ലക്ഷ്യം മനസിലാകൂ. 
 
അതു തിരിച്ചറിഞ്ഞ് മറ്റു ചാനലുകളും ക്ളിപ്പ് കൊടുത്തു. സ്ത്രീയുടെ മുഖം മറച്ചാണെന്നു മാത്രം. സെക്‌സ് ക്ളിപ്പ് എം.എം.എ അടങ്ങുന്ന വിവാദം കൊഴുപ്പിച്ചെങ്കില്‍ ഒരു വ്യക്തിയുടെ (തെറ്റയിലേന്റെയും അതു പോലെ തന്നെ യുവതിയുടേയും) സ്വകാര്യതയ്ക്കു മേലെയുള്ള കടന്നു കയറ്റം എന്ന ക്രൂരതയും ഐ.റ്റി നിയമത്തിലെ 66ഇ, 67, 67എ എന്നീ വകുപ്പുകള്‍ പ്രകാരം (സ്വകാര്യതയ്ക്കു മേലെയുള്ള കടന്നു കയറ്റം, ലൈംഗികതയുള്ള ഉള്ളടക്കം പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ) ഐ.പി.സി 228എ, ലൈംഗികാരോപണ കേസുകളില്‍ പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ ഒരു സൂചനയും പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമടക്കം നിരവധി നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.  
 
ഈ വലിയ  സ്‌കൂപ്പ് വീരേന്ദ്ര കുമാറിന്റെ ജനതാദള്‍, റിപ്പോര്‍ട്ടര്‍ ലെബി സജീന്ദ്രന്റെ (കോണ്‍ഗ്രസ് എം.എല്‍.എ വി.പി സജീന്ദ്രന്റെ ഭാര്യ) പ്രസ്തുത വിഷയത്തിലുള്ള പ്രത്യേക താത്പര്യം, സോളാര്‍ തട്ടിപ്പു കേസിന്റെ പശ്ചാത്തലം എല്ലാം ചേര്‍ന്ന് പറഞ്ഞു കേട്ട പോലെ ആണെങ്കില്‍ ഒരു മാധ്യമ സ്ഥാപനം അടിസ്ഥാനമാക്കി എത്തിക്‌സ് പൂര്‍ണമായും കാറ്റില്‍ പറത്തി സ്വജനപക്ഷപാതത്തിന്റെയും അധികാര പദവി ലംഘനത്തിന്റെയും വികൃത ദ്വന്ദത്തെ കൂടി വ്യക്തമാക്കുന്നു. 
 
സരിതയും പിന്നെ തെറ്റയില്‍ വിവാദവും കൊണ്ട് ആകെ കൊഴുപ്പിക്കപ്പെട്ടിടത്ത് എല്ലാ ധാര്‍മിക നൈതിക മൂല്യങ്ങളും ഒപ്പം നിരവധി ജനകീയ പ്രശ്‌നങ്ങളും, ഔദ്യോഗിക കൃത്യ വിലോപങ്ങളും ചവിട്ടി മൂടപ്പെടുകയോ അവഗണിക്കപ്പെട്ടു പോകുകയോ ചെയ്തിരിക്കുന്നു. ഈ പ്രതിലോമ പ്രക്രിയയ്ക്ക് കൂട്ടുപിടിക്കന്ന നവ ലിബറല്‍ വാണിജ്യ ശക്തിയായി മാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് ചുറ്റിലും. സാമൂഹിക ജീര്‍ണതയും അഴിമതിയും ക്രിമിനല്‍വത്ക്കരണവും പൈങ്കിളിവത്ക്കരിക്കുന്നതിലൂടെ നീതിരാഹിത്യത്തന്റെയും മൂല്യനിരാസത്തിന്റെയും ഒരു സാംസ്‌കാരിക അധിനിവേശം വ്യക്തതയോടെ സൃഷ്ടിക്കപ്പെടുന്നു. സമ്പത്ത് ഇരട്ടിപ്പിക്കലിന്റെയും വിഭവങ്ങള്‍ക്കും വിപണിക്കും മേലെയുള്ള അനിയന്ത്രിത നയങ്ങള്‍ നടാടെ സംജാതമാകുന്നു. ആട്, മാഞ്ചിയും, തേക്ക്, ടോട്ടല്‍ 4 യു, ഇപ്പോള്‍ സോളാര്‍ എല്ലാം ഉപോത്പന്നങ്ങളായി നമ്മുടെ മുന്‍പില്‍ ഉണ്ടെല്ലോ. 
 
 
പുത്തന്‍ സാങ്കേതിക വിദ്യയുടെ ഇന്നത്തെ വാര്‍ത്താമുറികള്‍ ഉത്പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകിയിരുന്നെങ്കില്‍ സരിതയ്ക്കപ്പുറം സോളാര്‍ കൊണട് പൊതുമേഖലാ സ്ഥാപനമായ അനെര്‍ട്ടിനെ ബാലാരിഷ്ടതകള്‍ കഴയിച്ച് സൗരോര്‍ജ മേഖലയിലെ ജനത്തിനുതകം വിധം സജ്ജമാക്കിയേനെ. വൈദ്യുതിക്ഷാമം നേരിടുന്ന നമ്മുടെ സംസ്ഥാനത്തിനു വേണ്ടി ബദല്‍ ഊര്‍ജ മേഖലയെ കച്ചവടവത്ക്കരിക്കാന്‍ അനുവദിക്കാതെ, എല്ലാത്തരം ബിജു, സരിതകളെയും എല്ലാക്കാലത്തേക്കും അകറ്റിയേനെ. മഴക്കാലത്തു മാത്രമുള്ള പനി കണക്കെടുപ്പ്, പൊതുജനാരോഗ്യ നയ നരൂപീകരണ കാംപെയിന്‍ ആയി  ‘Dr Mims‘* അപ്പുറം പൊതുമേഖലയില്‍ അധിഷ്ഠതിതമായ ആരോഗ്യ പരിപാലന ആലോചനകളായേനെ. തൊലിപ്പുറ കാഴ്ചകള്‍ക്കു തീതെ സിവില്‍ സമൂഹാധിഷ്ഠിതമായ പരിവര്‍ത്തനം എന്നാല്‍ അതാണ്. 
 
അധികാരം, സൗന്ദര്യം മാദകത്വം – വെച്ചാഘോഷിക്കാറുണ്ട് മാധ്യമങ്ങള്‍. ഡയാനാ രാജകുമാരിയില്‍, മോണിക്കാ ലെവിന്‍സ്‌കിയില്‍, ചാരവൃത്തിക്കേസില്‍ മറിയം റഷീദ, ഇപ്പോള്‍ സരിത… വ്യക്തികള്‍ ചെയ്ത കുറ്റം കാണാതെ മേല്‍പ്പറഞ്ഞ  കോംപിനേഷനിില്‍ ഇക്കിളി ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതും നീതിരഹിത, സമൂഹ വിരുദ്ധവും ഒപ്പം അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാകുന്നു. പെരുകുന്ന കുറ്റകൃത്യങ്ങളെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയപരമായി അപഗ്രഥിക്കാതെ സ്ത്രീ കുറ്റവാളികളെ വേര്‍തിരിച്ച് പരമ്പര എഴുതിയ മനോരമയെ ഈ അവസരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ മധ്യകാല സാദാചാര മൂല്യത്തെ ഉയര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്നതിലൂടെ വ്യവാസായിക ഫിനാന്‍സ് മൂലധനത്തിന്റെ അഭൂതപുര്‍ണമായ വളര്‍ച്ചയും അതിന്റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക ജീര്‍ണതകളും, ക്രിമിനല്‍വത്ക്കരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കപ്പെടുന്നു. നിയന്ത്രണരഹിതമായ ഉദാരവത്ക്കരണ, സ്വകാര്യവത്ക്കരണ വക്താക്കളായ മനോരമയില്‍ നിന്നും ഇതു മാത്രമേ പ്രതീക്ഷിക്കാവൂ. 
 
ഇക്കിളി വാര്‍ത്താ കാലവും മുക്കിയ ബലാത്സംഗവും
ഈ ബലാത്സംഗ കാലത്തില്‍ ഒടുവിലായി ഒരു മലയാളി വിദ്യാര്‍ഥിനി മണിപ്പാലിലെ കലാലയത്തില്‍ കൂട്ടമായി പിച്ചിച്ചീന്തപ്പെട്ടു. മരണമൊഴിച്ച്, മലയാളി പെണ്‍കുട്ടിക്കും ദില്ലി പെണ്‍കുട്ടിക്കും സമാനതകള്‍ ഏറെ ഉണ്ടായിട്ടും മലയാളി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങളൊന്നും തന്നെ വേണ്ട പ്രാധാന്യത്തോടെ വാര്‍ത്തയെ പിന്തുടര്‍ന്ന് പ്രചരണം സംഘടിപ്പിക്കുകയോ സഹതപിക്കുകയോ ചെയ്തില്ല. സമൂഹവും ഒട്ടും പിന്നിലല്ലാതെ നിസംഗത പാലിച്ചു. സരിതയ്ക്കും തെറ്റയില്‍ സെക്‌സിനും ഉള്ള വിപണന സാധ്യത ദൂരെയുള്ള ഒരു മലയാളി വിദ്യാര്‍ഥിക്കില്ലാതെ പോയി. 
 
ഗോ ഗ്രീന്‍
‘കമ്യൂണു’കളെ അനുസ്മരിപ്പിക്കുന്ന പ്രത്യേകതകള്‍ നിറഞ്ഞ സമൂഹ ജീവിതവും മാതൃകാപരമായ കൂട്ടുകൃഷിയും നടക്കുന്ന ചെങ്ങറ ഭൂമിയില്‍ നിന്നുള്ള വാര്‍ത്ത, ദീപ ഇന്ത്യാ വിഷന്റെ ‘ദി ഗ്രീന്‍ റിപ്പോര്‍ട്ടറി’ല്‍ അവതരിപ്പിച്ചു. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗോള്‍ഫ് കോഴ്‌സ് തൊട്ടടുത്ത കൃഷി ഭൂമിയെ തകര്‍ക്കുന്നതിന്റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യുസ് റിപ്പോര്‍ട്ട് ചെയ്തു. ബദലുകളും വികസനത്തിന്റെ വൈരുദ്ധ്യ ഭാവങ്ങളും നിര്‍ദേശിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കിടയില്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളും വേറിട്ടു നില്‍ക്കുന്നു. എന്നാല്‍ ഭൂമി, പ്രകൃതി, കൃഷി സംബന്ധിച്ചു പുതിയ സര്‍ക്കാരിന്റെ പ്രതിലോമ നയങ്ങള്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം, വനാവകാശ നിയമം, ഭൂപരിഷ്‌കരണ നിയമം തുടങ്ങിയവയുടെ ഭേദഗതികള്‍ പുറത്തു വന്നിട്ടും അവയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും ക്രിയാത്മകമായി ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ്. അധിനിവേശം തന്നെ രാഷ്ട്രീയ മാര്‍മമാക്കി സ്വീകരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിക്ക് ഭൂമിയും പ്രകൃതിയും ഭോഗവസ്തുക്കളാണ്. മാധ്യമങ്ങള്‍ അതിലേക്കുള്ള ഉപകരണങ്ങളും. 
 
*’Dr Mims’ – ഏഷ്യാനെറ്റിലെ ആരോഗ്യ ബോധവത്ക്കരണ പരിപാടി. സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. 
 
 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍