UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ് ബുക്ക്: സര്‍ക്കാര്‍ നിങ്ങളെക്കുറിച്ചും അന്വേഷിക്കാം

വി.എസ് വിഷ്ണു
 
ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്: വ്യാജ പ്രൊഫൈലുകളും ഒന്നിലധികം അക്കൌണ്ടുകളുമൊക്കെ ഉള്ളവര്‍ സൂക്ഷിക്കുക. ക്രിമിനലുകളെയും മത-സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവരെയുമൊക്കെ ‘പിടികൂടാ’നാണ് എന്നു പറയുന്നുണ്ടെങ്കിലും ഫേസ് ബുക്ക് ഉപയോഗിക്കുന്നവരെ കണ്ണിമ ചിമ്മാതെ സര്‍ക്കാര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈയിടെ ഫേസ് ബുക്ക് തന്നെ പുറത്തു വിട്ട കണക്കനുസരിച്ച് (ഗ്ളോബല്‍ ഗവണ്‍മെന്റ് റിക്വസ്റ്റ് റിപ്പോര്‍ട്ട്) ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ തേടി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് കേവലം കഴിഞ്ഞ ആറു മാസത്തെ കണക്കാണെന്നും ഓര്‍ക്കണം. 
 
ഇന്ത്യയില്‍ നിന്നുള്ള 4,144 ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടി 3,245 അപേക്ഷകളാണ് സര്‍ക്കാര്‍ ഫേസ് ബുക്കിനു സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് കണക്ക്. സോഷല്‍ മീഡിയകളില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ സുതാര്യമാക്കണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നും ഫേസ് ബുക്കിന്റെ ജനറല്‍ കൗണ്‍സല്‍ കോളിന്‍ സ്‌ട്രെച്ച് വ്യക്തമാക്കി. ഇതുവരെ 74 രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരുടെ ഫേസ് ബുക്ക് വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ ഇന്ത്യക്കു മുകളില്‍ അമേരിക്ക മാത്രമേയുളളൂ. തങ്ങളുടെ 20,000 പൗരന്മാരുടെ വിവരങ്ങള്‍ തേടി 12,000ത്തോളം അപേക്ഷകളാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. 1,975 അപേക്ഷകള്‍ നല്‍കി ബ്രിട്ടന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 
 
അമേരിക്കയും ക്യാനഡയും ചേര്‍ന്നുള്ള മേഖല ഒഴിവാക്കിയാല്‍ ഏറ്റവുമധികം ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം എട്ടര കോടി സജീവ അക്കൗണ്ടുകള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ ബിസിനസ് പേജുകളും ഗ്രൂപ്പ് പേജുകളും മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കുമൊക്കെ ഈ പങ്കാളിത്തമുണ്ട്. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ അരിച്ചു പെറുക്കിയാണ്  സംശയയമുള്ള അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍, ഐ.പി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ ഒക്കെ തേടി സര്‍ക്കാര്‍ ഫേസ് ബുക്കിനെ സമീപിച്ചിരിക്കുന്നത്. 
 
 
ഈയിടെ എഡ്വേഡ് സ്‌നോഡന്‍ ഉയര്‍ത്തിവിട്ട വിവാദത്തില്‍ നിന്ന് ഫേസ് ബുക്കും മുക്തരല്ല. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഫേസ് ബുക്കിനൊപ്പം ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ സമീപിച്ചിരുന്നുവെന്നും ഇവര്‍ ഏജന്‍സിയെ സഹായിച്ചുവെന്നുമുള്ള വിവരങ്ങള്‍ ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫേസ് ബുക്ക് തന്നെ സര്‍ക്കാരിന്റെ ആവശ്യം പരസ്യപ്പെടുത്തിയിരിക്കുന്നത്. 
 
സര്‍ക്കാരിന്റെ ഓരോ അപേക്ഷകളും സസൂക്ഷ്മം പരിശോധിച്ച് അവ യഥാര്‍ഥത്ഥത്തില്‍ നല്‍കേണ്ട വിവരങ്ങള്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹകരിക്കൂ എന്നാണ് ഫേസ് ബുക്ക് സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട അപേക്ഷകളുടെ പകുതി മാത്രം പരിഗണിക്കുകയാണ് ഫേസ് ബുക്ക് അധികൃതര്‍ ചെയ്തത്. അപ്പോള്‍ ബാക്കിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത് എന്തിനാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. സ്വകാര്യതയ്ക്ക് ഏറെ വില കൊടുക്കേണ്ടി വരുന്ന കാലമാണിതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതിന്റെ ആദ്യ സൂചനകളായുമൊക്കെ ഇത് പരിഗണിക്കാമെന്ന് തോന്നുന്നു.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍