UPDATES

വിദേശം

ബോ ക്‌സിലായി : പോളിറ്റ് ബ്യൂറോ അംഗത്തെ വിചാരണ ചെയ്യുമ്പോള്‍

ഐസക് സ്റ്റോണ്‍ ഫിഷ്
(ഫോറിന്‍ പോളിസി) 
 
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ പോളിറ്റ് ബ്യൂറോ അംഗം ബോ ക്‌സിലായിയുടെ വിചാരണയുടെ ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു. ഇനി വിധിക്കായുള്ള കാത്തിരിപ്പാണ്. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ബോക്ക് മേല്‍ ചുമത്തിയത്. 2012 മാര്‍ച്ച് മാസത്തില്‍ പദവികളില്‍ നിന്നും നീക്കം ചെയ്തതു മുതല്‍, ഒരു ദിവസം വിചാരണക്കൂട്ടില്‍ ബോ നില്‌ക്കേിണ്ടിവരുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒരു കുറ്റത്തിനെങ്കിലും അയാള്‍ ശിക്ഷിക്കപ്പെടുമെന്നും. എന്നാല്‍ കോടതി നടപടികള്‍ നടന്ന കിഴക്കന്‍ ചൈനയിലെ പ്രവിശ്യാ തലസ്ഥാനമായ ജിനാന്‍ നഗരം ചില അമ്പരപ്പുകള്‍ക്കാണ് വിചാരണാ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്.
 
ചൈനീസ് സര്‍ക്കാര്‍ വിചാരണാ നടപടികള്‍ വൈബോ (ട്വിറ്ററിന് സമാനമായ ചൈനയിലെ മൈക്രോ ബ്ളോഗിങ് സൈറ്റ്) വഴി തത്സമയം നല്കി; ചിത്രങ്ങള്‍, ഉദ്ധരണികള്‍, റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിമുറിയില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോടതിമുറികളില്‍ എന്തൊക്കെയാണ് കൃത്യമായി നടന്നതെന്നും, അധികൃതര്‍ എത്രത്തോളം ചെത്തിമുറിച്ചാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും പറയാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും ചൈനയിലെ ആദ്യമായി മൈക്രോ ബ്ളോഗ് ചെയ്ത, പ്രദര്‍ശന വിചാരണയായിരുന്നു ഇത്. ബോയെ പുറത്താക്കിയതിനുശേഷം ബീജിംഗില്‍ പ്രചരിച്ച ഊഹാപോഹങ്ങളും, ഗൂഡാലോചനാ വാര്‍ത്തകളും സര്‍ക്കാരിന് ഒരു പാഠമായിരുന്നു എന്നുവേണം കരുതാന്‍. ഇത്തവണ എന്തായാലും ആഖ്യാനങ്ങളുടെ നിയന്ത്രണം അവര്‍ സജീവമായി ഏറ്റെടുത്തു. 
 
അതൊരു കുഴപ്പം പിടിച്ച കളിയാണ്. കാരണം മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു ബോ. ചൈനയിലെ അതിഗൌരവം നിറഞ്ഞ, മുഷിപ്പന്‍ രാഷ്ട്രീയ നേതൃത്വത്തിനിടയില്‍ വ്യക്തിത്വമുള്ള ഒരു അധികാരിയായാണ് ബോ അറിയപ്പെട്ടത്. വാര്‍ത്താ ലേഖകരും, രാജ്യത്തെത്തുന്ന പ്രമുഖരും, മറ്റ് അധികൃതരുമൊക്കെയായി വ്യക്തിപരമായും, ആകര്‍ഷണീയമായും ആശയവിനിമയം നടത്തുന്ന ഒരാള്‍. ബോയുടെ അപവാദവിവാദം ഉയര്‍ന്ന കാലത്തെ – 2012 ആദ്യം – ചൈനീസ് പ്രസിഡണ്ടായിരുന്ന, യന്ത്രമനുഷ്യനെപ്പോലെ തോന്നിച്ചിരുന്ന ഹൂ ജിന്താവോവിന്റെ കാലത്ത് ഈ വൈരുദ്ധ്യം തികച്ചും പ്രകടമായിരുന്നു. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തനം പഠിച്ച ഉയര്‍ന്ന ഏക ചൈനീസ് നേതാവ്  ബോയാണ്. ആ വിഷയത്തില്‍ ചൈനയിലെ ഏറ്റവും പ്രമുഖ പഠന ഗവേഷണ കേന്ദ്രമായ ചൈനീസ് അക്കാഡമി ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും അദ്ദേഹത്തിന് ബിരുദാനന്തരബിരുദവും ലഭിച്ചിട്ടുണ്ട്.
 
വിചാരണാസമയത്ത്  ബോ അപ്രതീക്ഷിതമായ രീതിയില്‍ വളരെയേറെ കാര്യങ്ങള്‍ വൈബോയില്‍ സംസാരിച്ചു. വിചാരണയുടെ വൈബോ കുറിപ്പുകള്‍ വച്ച് നോക്കിയാല്‍ തനിക്കെതിരായ കൈക്കൂലി  ആരോപണങ്ങള്‍ ബോ ശക്തമായി നിഷേധിച്ചു. ഒരു സാക്ഷി മൊഴിയെ ‘ആത്മാവ് വിറ്റ ഒരുത്തന്റെ നെറികെട്ട നടപടി’ എന്നാണ് ബോ വിശേഷിപ്പിച്ചത്. ചൈനീസ് മാധ്യമങ്ങളെ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ Tea Leaf Nation പറയുന്നത് ബോയുടെ പ്രകടനം അദ്ദേഹത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. @HeJiangBing പറയുന്നത് “അദ്ദേഹത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ മാറ്റി. അധികാരത്തിലിരിക്കുന്നവരേക്കാള്‍ ഏറെ മാന്യനാണ് അദ്ദേഹം. നിയമം ശരിക്കും അറിയുകയും ചെയ്യും,’ എന്നാണ്.
 
ഇതൊക്കെപ്പറഞ്ഞാലും, ബോയുടെ പ്രകടനം മുന്‍കൂട്ടി  തയ്യാറാക്കിയ തിരക്കഥയനുസരിച്ചാകാനാണ് സാധ്യത. വിചാരണാവേളയില്‍ എത്രത്തോളം സര്‍ക്കാരിനെ വിമര്‍ശിക്കാമെന്ന കാര്യത്തില്‍ പോളിറ്റ് ബ്യൂറോയിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരുമായി ബോ സമവായത്തിലെത്തിക്കാണും. ‘എന്തുപറയണം, എന്തു പറയേണ്ട എന്നത് അദ്ദേഹത്തിന് കൃത്യമായി അറിയാം’, 1980ലെ Gang of Four Trial വിചാരണയില്‍ മാവോ സേതൂങ്ങിന്റെ വിധവ ജിയാങ് ക്വിങ്ങിനുവേണ്ടി വാദിച്ച അഭിഭാഷകന്‍ ഷാങ് സിഷി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ‘ഒരുതരത്തിലുള്ള ധാരണയില്‍ മുന്നെത്തന്നെ എത്തിയിട്ടുണ്ട്. ‘ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഗവേഷകന്‍ നിക്കോളാസ് ബെക്വേലിന്‍ പറയുന്നത്, ‘ബോ വളരെ വ്യക്തമായി വിചാരണയോടു സഹകരിക്കുകയാണ്. വിധി മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതെന്തായിരിക്കും എന്ന കാര്യത്തില്‍ ബോയും പാര്‍ട്ടിയും തമ്മില്‍ ഒരു ധാരണയുണ്ടായിരിക്കാനാണ് സാധ്യത’ എന്നാണ്. ബോയുടെ ആവേശത്തോടെയുള്ള എതിര്‍വാദങ്ങള്‍ – അങ്ങനെ ആഗ്രഹിക്കുകയാണെങ്കില്‍ – വിചാരണ നീതിപൂര്‍വവും, നിഷ്പക്ഷവും ആണെന്ന് സ്ഥാപിക്കാന്‍ ബീജിംഗിനെ സഹായിക്കും.
 
ബോയുടെ രാഷ്ട്രീയഭാവി അവസാനിച്ചതായി കരുതാമെങ്കിലും, വിചാരണക്കുശേഷവും തന്റെ ശബ്ദം കേള്‍പ്പിക്കാന്‍ അയാള്‍ക്ക് സാധ്യതകളുണ്ട്. നിന്ദയുടേയും, പീഡയുടേയും, അവഗണനയുടെയും നീണ്ട വര്‍ഷങ്ങള്‍ക്കുശേഷവും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ദശാബ്ദങ്ങള്‍ക്ക് ശേഷവും ചിലപ്പോള്‍ ചൈനയിലെ നേതാക്കള്‍ക്ക് അവസരം ലഭിക്കാം. കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടയില്‍ വിചാരണക്ക് വിധേയരായ മൂന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ ഒരാളായ, ബീജിംഗ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചെന്‍ ക്‌സിടോങ് തന്റെ വിചാരണ വെറും കോമാളിത്തമായിരുന്നു എന്നു പറഞ്ഞ് 2012ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 1989 ജൂണ്‍ 4ലെ ടിയാനന്മെന്‍ ചത്വരത്തിലെ കൂട്ടക്കൊലക്കുശേഷം തമസ്‌ക്കരിക്കപ്പെടുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്ത അന്നത്തെ പ്രധാനമന്ത്രിയായ ഷാവോ സിയാങ്ങിന്റെ സംഭാഷണങ്ങളുടെ ശബ്ദരേഖ ഒളിച്ചുകടത്തി പിന്നീട് ഏറെ വായിക്കപ്പെട്ട ഒരു ഓര്‍മ്മക്കുറിപ്പായി അത് മാറിയിരുന്നു.
 
അത്തരമൊരു ദിനം അടുത്തുതന്നെ വന്നേക്കാം. നോട്ടിങ്ഹാം സര്‍വകലാശാലയിലെ ചൈനീസ് രാഷ്ട്രീയ വിദഗ്ധന്‍ സ്റ്റീവ് സാംഗ് പറയുന്നപോലെ, ‘ബോ ക്‌സിലായി എന്തൊക്കെയായാലും ബോ ക്‌സിലായി ആയതുകൊണ്ട് ഉന്നത നേതൃത്വവുമായി എന്തൊക്കെ ധാരണകള്‍ ഉണ്ടാക്കിയെന്ന് പറഞ്ഞാലും അവസാനനിമിഷത്തില്‍ അദ്ദേഹം നാടകീയമായൊരു പ്രകടനം പുറത്തെടുത്തുകൂടെന്നില്ല’. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍