UPDATES

സിനിമ

ഞാനും എന്റെ സിനിമയും ഇരയുടെ പക്ഷത്താണ് – ഷൈജു ഖാലിദ്

മൂന്നാം നിലയിലെ ഫ്ളാറ്റിലേക്ക് കയറിചെല്ലുമ്പോള്‍ ആണുങ്ങള്‍ മാത്രം പെരുമാറുന്ന മുറിയുടെ എല്ലാ സൂക്ഷ്മതക്കുറവുകള്‍ക്കും നടുവില്‍നിന്ന് ഷൈജു ഖാലിദ് ചിരിച്ചുകൊണ്ട് കയറിവരാന്‍ പറഞ്ഞു. ‘വീട്ടിലായാല്‍ വര്‍ക്ക് നടക്കില്ല. സേതുലക്ഷ്മിയുടെ വര്‍ക്കിനുവേണ്ടി എടുത്ത ഫ്ളാറ്റാണ്. ഇരിക്കൂ’. ഷൈജു ഖാലിദ് സംസാരിച്ചു തുടങ്ങി. തന്റെ സിനിമയെക്കുറിച്ച്, താന്‍ നടന്നു വന്ന വഴികളെ കുറിച്ച് അഴിമുഖം പ്രതിനിധി കെ.ജി ബാലുവുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍.
 
 
എന്‍റെ രാഷ്ട്രീയം ഇരയ്ക്കൊപ്പമാണ്
തീര്‍ച്ചയായും എന്റെ സിനിമയില്‍ രാഷ്ട്രീയമുണ്ട്. അത് ഇരയുടെ പക്ഷത്താണ്. സിനിമയില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുപ്പോള്‍, കുറ്റവാളിയുടെ മാനസീകാവസ്ഥ പരിഗണിക്കണമായിരുന്നു, അല്ലെങ്കില്‍ കുറ്റവാളിയെ ശിക്ഷിച്ച രീതി ശരിയായില്ല എന്നൊക്കെ പറയുന്നതെന്തുകൊണ്ടാണ്? മറിച്ച് കുറ്റവാളിക്ക് പരമാവധി ശിക്ഷകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിലേക്ക് സംവിധായകന്‍ വയലന്‍സ് അഴിച്ചുവിടുകയാണ് എന്നു പറയുന്നിടത്താണ് പ്രശ്‌നമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത്? ആരെയാണ് ഇവര്‍ ശിക്ഷിക്കുന്നത്? ക്രിമിനലുകള്‍ക്ക് ജനാധിപത്യനിയമമനുസരിച്ചുള്ള ശിക്ഷനല്‍കണം എന്നു തന്നെയാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹവും. പക്ഷേ നടക്കുന്നത് മറിച്ചാണ്. നിയമത്തിനിടയിലെ പഴുതുകളിലൂടെ കുറ്റവാളികള്‍ എളുപ്പം പുറത്തുവരുന്നു. ഡല്‍ഹിയിലായാലും ഷൊര്‍ണ്ണൂരായാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അല്ലാതെ കുറ്റവാളി നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. 
 
സിനിമയിലേക്ക്
സിനിമയിലേക്ക് വരുന്നതിന് മുമ്പ് വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയും, പരസ്യചിത്രങ്ങളും ധാരാളം ചെയ്തിരുന്നു. പക്ഷേ അപ്പോഴൊക്കെ സിനിമയായിരുന്നു ലക്ഷ്യം. സംവിധാനമായിരുന്നു താല്‍പര്യവും. എന്നേപ്പോലെ ഒരാള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത മേഖല കൂടിയാണത്. സൗഹൃദങ്ങളുടെ ബലത്തിലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ബിഗ് ബി, ഡാഡി കൂള്‍ എന്നീ സിനിമകളില്‍ സമീര്‍ താഹിറിനെ അസിസ്റ്റ് ചെയ്തു കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് കടക്കുന്നത്. സമീര്‍ ചാപ്പാകുരിശ് സംവിധാനം ചെയ്യുമ്പോഴാണ് ഞാന്‍ ട്രാഫിക്കില്‍ ക്യാമറ ചെയ്യുന്നത്.
 
സേതുലക്ഷ്മി
അമല്‍ നീരദ്, ‘അഞ്ചു സംവിധായകര്‍, അഞ്ചു സിനിമ’ എന്ന ആശയം പറയുമ്പോള്‍ എനിക്കും സംവിധായകനാകാനുള്ള അവസരം വരുന്നു. പറ്റിയ കഥയന്വേഷിക്കുമ്പോഴാണ് സുഹൃത്ത് മുനീര്‍ അലി, എം.മുകുന്ദന്റെ ‘ ഫോട്ടോ’ യെന്ന കഥയെക്കുറിച്ച് പറഞ്ഞത്. ഷോട്ട് ഫിലിമിന് പറ്റിയ കഥ. ഇതിനിടെ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. പ്രത്യേകിച്ചും കുട്ടികള്‍ അഭിനയിക്കുമ്പോള്‍. അതുകൊണ്ട് ഏറെ സൂക്ഷ്മതയൊടെയാണ് അതിലെ ഓരോ കാര്യങ്ങളും ഞങ്ങള്‍ ചെയ്തത്. അനിഖയേയും ചേതനെയും കഥാപാത്രങ്ങളാക്കിയ അതേ സൂക്ഷ്മത ഫോട്ടോഗ്രാഫറിലും പുലര്‍ത്തിയിരുന്നു. പോണ്ടിച്ചേരി സ്വദേശിയായ സോമസുന്ദരം, ഫോട്ടോഗ്രാഫറെ ഏറെ തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു സേതുലക്ഷ്മി പരാജയപ്പെടില്ലെന്ന്. ഒരു സംവിധായകന്‍ എന്നനിലയില്‍ ഏറെ ആത്മവിശ്വാസം തന്ന സിനിമയാണ് സേതുലക്ഷ്മി. ശ്യാം പുഷ്‌കറും മുനീര്‍ അലിയുമായിരുന്നു തിരക്കഥ. ആല്‍ബിയായിരുന്നു ക്യാമറ.    
 
എട്ട് വയസാണു സേതുലക്ഷ്മിക്ക്. ഇവിടെ മൂന്നുവയസുള്ള കുട്ടികളെ അച്ഛനേക്കാള്‍ പ്രായമുള്ളവര്‍ ബലാല്‍സംഗം ചെയ്തതായി വാര്‍ത്തകള്‍ വരുന്നു. സ്ത്രീയെന്നതുപോയിട്ട് ഒരു കൗമാരക്കാരിയുടെ ചേഷ്ടകള്‍ പോലും പ്രകടമല്ലാത്ത പ്രായം. നമ്മള്‍ ആരുടെ പക്ഷത്താണ് നില്‍ക്കേണ്ടത്? സിനിമയില്‍ കാണുന്നത് നമ്മള്‍ ദിവസവും പത്രങ്ങളില്‍ വായിക്കുന്നു. അത് നമ്മളെ അസ്വസ്ഥമാക്കുന്നില്ലേ? ഞാനും രണ്ടുകുട്ടികളുടെ അച്ഛനാണ്. ഇവിടെ തന്നെയാണ് ജീവിക്കുന്നതും. സിനിമയില്‍ കുറ്റവാളിയെ കല്ലെറിഞ്ഞു കൊല്ലാനൊന്നും പറയുന്നില്ല. സേതുലക്ഷ്മിയെയും കൊണ്ട് അയാള്‍ നടന്നു മറയുന്നിടത്ത് സിനിമ അവസാനിക്കുന്നു. നിങ്ങളുടെ മനസില്‍ വേദന തോന്നിയെങ്കില്‍ അത് എന്റെ വിജയമാണ്. മറിച്ചുള്ള ബുദ്ധിജീവി വ്യാഖ്യാനങ്ങളെക്കുറിച്ച് എനിക്കറിയില്ല. ഞാന്‍ ഒരു അക്കാദമിയുടെയും ഉപോല്‍പ്പന്നമല്ല. സിനിമകള്‍ കണ്ടും സൌഹൃദങ്ങളിലൂടെയുമാണ് ഞാന്‍ സിനിമ പഠിച്ചത്. 
 
22 ഫീമെയില്‍
22 ഫീമെയില്‍ കോട്ടയം ഇറങ്ങിയപ്പോള്‍ കേട്ട ആരോപണം ആണിന്റെ കാഴ്ചകളാണ് സിനിമയുടെ ഫ്രെയിം എന്നതായിരുന്നു. പ്രത്യേകിച്ചും ബലാല്‍സംഗ സീനുകളില്‍. തീര്‍ച്ചയായും അത് ആണിന്റെ കാഴ്ചകളാണ്. സിനിമയിലെ പ്രധാന കഥാപത്രം അവിടെ ആക്രമിക്കപ്പെടുകയാണ്. വേട്ടക്കാരന്റെ കാഴ്ചയാണ് പകര്‍ത്തുന്നത്. അതാണ് സിനിമ ആവശ്യപ്പെടുന്നത്. ഞാന്‍ ചെയ്ത വര്‍ക്കുകളില്‍, ഒരുപാടുപേര്‍ നേരിട്ടു വിളിച്ച് ‘നല്ല വര്‍ക്കാണ്’ എന്നുപറഞ്ഞത്, 22 എഫ്‌കെയ്ക്കായിരുന്നു. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വര്‍ക്ക് ട്രാഫിക്കാണ്. ആദ്യമായി സ്വതന്ത്രമായി ക്യാമറ ചെയ്ത സിനിമ. അതും മള്‍ട്ടിലെയര്‍ കഥ. പോരാത്തതിന് റോഡ് മൂവി. ഏറെ റിസ്‌ക്കെടുത്താണ് അതിലെ പല ഷോട്ടുകളും എടുത്തത്. വന്‍ എക്‌സ്പീരിയന്‍സായിരുന്നു അത്. എനിക്ക് ചെയ്യാന്‍ പറ്റുമേയെന്നുവരെ സംശയിച്ചിരുന്നു. പിന്നീട് ചെയ്തത് സാള്‍ട്ട് ആന്റ് പെപ്പര്‍. ഒരു ലോബജറ്റ് ചിത്രമായിട്ടും കളര്‍ഫുളളായ പടം. തികച്ചും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുത് ഏറെ സന്തോഷം തരുന്നു. 
 
സമീറും ആഷിക്കും
ഞാന്‍ സാധാരണക്കാരനായ ഒരു മനുഷ്യനാണ്. വളരെ സാധാരണമായ ചുറ്റുപാടുകളില്‍ നിന്നും സൗഹൃദങ്ങളുടെ ബലത്തില്‍ സിനിമയിലെത്തി. ഉപ്പയുടെ നാടക പാരമ്പര്യം അതിനെന്നെ സഹായിച്ചിരിക്കണം. 
 
സുഹൃത്തുക്കളുടെ പിന്തുണയായിരുന്നു എന്നുമെന്റ ശക്തി. സിനിമയില്‍ എന്റെ ഗുരു സമീര്‍ താഹിതാണ്. സമീറിനോടൊപ്പമാണ് ഞാനാദ്യമായി ക്യാമറ ചെയ്യുന്നതും. ആഷിക് അബുവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പേ ബന്ധമുണ്ട്. സമീര്‍ ഞങ്ങള്‍ ഇരുവരുടേയും സുഹൃത്തായിരുന്നു. ആഷിക്കിന്റെ ആദ്യകാല പരസ്യ ചിത്രങ്ങളുടെയൊക്കെ ക്യാമറ ഞാനായിരുന്നു ചെയ്തിരുന്നത്. എന്താണ് എടുക്കുന്നത്, എന്താണ് വേണ്ടതെന്ന് പരസ്പരം പറയാതെ തന്നെ അറിയാന്‍ കഴിയുന്നു എന്നതായിരിക്കണം ഈ പ്രൊഫഷണനില്‍ ഞങ്ങളുടെ ബന്ധം ദൃഡമാകാന്‍ കാരണം. എന്റെ ആദ്യ സിനിമയായ ട്രാഫിക്കില്‍ രാജഷ് പിള്ളയോട് എന്നെക്കുറിച്ച് പറയുന്നതും ആഷിക്കാണ്. പുതിയ ക്യാമറാമാന്‍ പറ്റുമോയെന്ന എന്ന സംശയത്തില്‍ നിന്ന രാജേഷിന് എന്നെക്കുറിച്ച് ഉറപ്പു നല്‍കിയതും ആഷിക്ക് തന്നെ.
 
പരസ്പരം മനസിലാക്കുകയും ജാഡകളില്ലാതാവുകയും ചെയ്യുമ്പോഴാണ് സൗഹൃദം മധുരതരമാകുന്നത്. അത്തരത്തിലൊരു സൗഹൃദം നിലനില്‍ക്കുന്നതു കൊണ്ടാണ് ആഷിക്കിന്റെ ആറില്‍ നാലു സിനിമകളിലും സഹകരിക്കാന്‍ സാധിച്ചതും. ഏതു വലിയ വെല്ലുവിളികളും ഏറ്റെടുക്കാന്‍ കഴിയുന്നതു കൊണ്ടാകണം ഈ ചെറിയ കാലയളവില്‍ തന്നെ ആഷിക്കിന് തന്റേതായ ഒരു സ്ഥാനം ഇവിടെ ഉറപ്പിക്കാന്‍ കഴിഞ്ഞത് എന്നു തോന്നുന്നു. അത്തരമൊരു വെല്ലുവിളിയായിരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ എത്തിച്ചത്. ഒരു ചെറിയ സിനിമ എന്ന ആശയം പക്ഷേ, ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം എന്ന സമ്മാനം നല്‍കുകയായിരുന്നു. എല്ലാക്കാലത്തും നല്ല സുഹൃത് ബന്ധങ്ങളാണ് നല്ല സിനിമകള്‍ തീര്‍ത്തതെന്നാണ് ചരിത്രം – ഷൈജു ഖാലിദ് പറഞ്ഞു നിര്‍ത്തുന്നു. 
 
ചിത്രങ്ങള്‍
 

ഷൂട്ടിംഗിനിടെ
 
 

അന്‍വര്‍ റഷീദുമോത്ത്
 
 
 

ആഷിക് അബുവും ഷൈജു ഖാലിദും
 
 
22 FK ടീം
 
 

ആഷിക്കിനൊപ്പം
 
 

22FK ചിത്രീകരണത്തിനിടയില്‍
 
 

സേതുലക്ഷ്മിയുടെ ചിത്രീകരണത്തിനിടയില്‍
 
 

സേതുലക്ഷ്മിയിലെ ‘ഫോട്ടോഗ്രാഫര്‍’ സോമസുന്ദരത്തിനൊപ്പം
 
 
 

സമീര്‍ താഹിറും അന്‍വര്‍ റഷീദും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍