UPDATES

സയന്‍സ്/ടെക്നോളജി

ചൊറിച്ചിലിന്റെ ശാസ്ത്രം

എമിലി അണ്ടര്‍വുഡ്
(സയന്‍സ് നൌ)
 
ഒന്ന് ചൊറിഞ്ഞാല്‍ എല്ലാ ചൊറിച്ചിലും പോകണമെന്നില്ല. ഏതാണ്ട് പതിനഞ്ചുശതമാനത്തോളം ആളുകള്‍ക്ക് പലവിധ അസുഖങ്ങള്‍ കാരണമോ മരുന്നുകള്‍ കാരണമോ ദീര്‍ഘനേരം നീണ്ടുനില്ക്കുന്ന ചൊറിച്ചിലുകള്‍ സഹിക്കേണ്ടിവരാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് മോര്‍ഫീന്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ ശരീരമാസകലം കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. പലരും ഈ ചൊറിച്ചില്‍ ഉണ്ടാക്കുന്ന മരുന്ന് ഉപയോഗിക്കുന്നതിനേക്കാള്‍ വേദന സഹിക്കാനാണ് താല്പര്യപ്പെടുന്നത്. എന്നാല്‍ ചൊറിയാനുള്ള സന്ദേശം മസ്തിഷ്‌കത്തിലേയ്ക്ക് അയക്കാന്‍ സഹായിക്കുന്ന ഹോര്‍മോണിനെ ഗവേഷകര്‍ ഇപ്പോള്‍ എലികളില്‍ കണ്ടെത്തിയിരിക്കുന്നു. അസുഖം മൂലമോ മരുന്നുകള്‍ മൂലമോ കഠിനമായ ചൊറിച്ചില്‍ അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് ഈ കണ്ടുപിടുത്തം ഗുണകരമായേക്കും.
 
TRVP1 സെല്ലുകള്‍ എന്ന സെന്‍സറി ന്യൂറോണുകള്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്‍പെ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ വേദനയോടും ചൂടിനോടും കൂടി ഈ ന്യൂറോണുകള്‍ പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചൊറിച്ചിലിനോട് ഇവ പ്രതികരിക്കുന്നത് ചൊറിച്ചില്‍ മനസിലാക്കിയിട്ടാണോ അതോ ചെറിയ ഒരു വേദനയറിഞ്ഞിട്ടാണോ എന്ന് സംശയമുണ്ടായിരുന്നു. മറ്റു സെന്‍സറി ഘടനകളെ ബാധിച്ചെങ്കിലോ എന്ന പേടികൊണ്ട് ചൊറിച്ചിലിന് ചികിത്സ കണ്ടെത്താനും പേടിയായിരുന്നുവെന്ന് ന്യൂറോശാസ്ത്രജ്ഞനായ മാര്‍ക്ക് ഹൂന്‍ പറയുന്നു. 
 
TRVP1 സെല്ലുകള്‍ പുറപ്പെടുവിക്കുന്നതില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയിലാണ് ഹൂനും സഹപ്രവര്‍ത്തകരും നാട്രിയൂറെറ്റിക്ക് പോളിപെപ്റ്റൈട് ബി എന്ന ഒരു സംഘം ന്യൂറോണുകളെ കണ്ടെത്തിയത്. ഈ ഹോര്‍മോണ്‍ ആണ് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ന്യൂറോട്രാന്‍സ്മിററ്ററായി പ്രവര്‍ത്തിക്കുന്നതും. ഈ സെല്ലുകള്‍ എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു, ഹൂന്‍ പറയുന്നു. ഇത് കണ്ടെത്താനായി അവര്‍ ജനിതകമാറ്റം വരുത്തിയ എലികളില്‍ ഈ ന്യൂറോണുകളുടെ ഉല്‍പാദനം തടഞ്ഞു. അതിനുശേഷം അവയില്‍ ചൊറിച്ചിലുണ്ടാക്കുന്ന പല വസ്തുക്കളും കുത്തിവെച്ചു. ഇവയില്‍ ഹിസ്ടമിന്‍, മലേറിയയുടെ മരുന്നായ ക്ളോറോക്വിന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ വസ്തുക്കള്‍ ശരീരത്തില്‍ കടന്നാല്‍ എലികള്‍ സാധാരണഗതിയില്‍ നിര്‍ത്താതെ ചൊരിഞ്ഞുകൊണ്ടിരിക്കേണ്ടതാണ്. എന്നാല്‍ ഈ ഇഞ്ചക്ഷന്‍ ലഭിച്ചതിനുശേഷവും ഇത്തരം എലികള്‍ ചൊറിഞ്ഞതേയില്ല. ചൊറിച്ചില്‍ ഉണ്ടാക്കുന്നത് ഈ ന്യൂറോണ്‍ ആണ് എന്ന് ഈ പഠനത്തിലൂടെ വ്യക്തമായി. എലികളുടെ മറ്റൊരു പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നതായി കണ്ടില്ല.
 
 
അതിനുശേഷം ഗവേഷകര്‍ തലച്ചോറിലേയ്ക് സന്ദേശങ്ങള്‍ അയയ്ക്കുന്ന സുഷുംനയില്‍ ഗാസ്ട്രിന്‍ പുറപ്പെടുവിക്കുന്ന പെപ്ടയിടുകള്‍ ഉണ്ടാക്കുന്ന ന്യൂറോണുകളെ കണ്ടെത്തി. ചൊറിച്ചില്‍ ഉണ്ടാക്കുന്നത് ഈ പെപ്ടയിടുകളാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ TRVP1 ന്യൂറോണുകളാണ് ചൊറിച്ചിലിന് കാരണമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ഈ സെല്ലുകളെപ്പറ്റി മുന്‍പ് അറിവില്ലായിരുന്നു. അവയെ പഠനവിധേയമാക്കിയിട്ടുപോലുമില്ലായിരുന്നു, ഹൂന്‍ പറയുന്നു.
 
മനുഷ്യരില്‍ ഇവയുടെ പ്രവര്‍ത്തനം സുരക്ഷിതമായി നിറുത്തിവയ്ക്കാന്‍ ഇനിയും ഏറെ പഠനങ്ങള്‍ ആവശ്യമാണ്. ജനിതകമാറ്റം വരുത്തിയ എലികള്‍ സാധാരണ പ്രായത്തോളം തന്നെ ജീവിച്ചിരുന്നെങ്കിലും സുഷുമ്‌നയിലെ സെല്ലുകള്‍ നീക്കം ചെയ്ത എലികള്‍ പ്രയമെത്തുന്നതിനുമുപേ മരിക്കുകയാണ് ഉണ്ടായത്. ഈ പഠനം മനുഷ്യരില്‍ നടത്തുന്നത് അപകടകരമായിരിക്കുമെന്ന് ഹൂന്‍ പറയുന്നു.
 
പഠനഫലങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ് മിന്നസോട്ട സര്‍വകലാശാലയിലെ ന്യൂറോശാസ്ത്രജ്ഞനായ ഗ്‌ളെന്‍ ഗീസ്ലര്‍ പറയുന്നത്. സുഷുമ്‌നയില്‍ വെച്ച് തന്നെ ചൊറിച്ചിലിനെ തടയാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കും. കുറഞ്ഞപക്ഷം ഇപ്പോള്‍ അങ്ങനെ ഒരു പഠനലക്ഷ്യമെങ്കിലുമുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍