UPDATES

ഇന്ത്യ

അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?

അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?
 
 
ടീം അഴിമുഖം 
 
ഞായറാഴ്ച (25 ഒക്‌ടോബര്‍) വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും ഒരു ഏറ്റുമുട്ടലിനായി മുഖാമുഖം നില്‍ക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ലക്ഷ്യത്തോടെയാണ് വി.എച്ച്.പി യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ പ്രചാരകനായി നരേന്ദ്ര മോദി മാറിയതോടെ പാര്‍ട്ടി കൂടുതല്‍ വലതുപക്ഷ, വര്‍ഗീയ അജണ്ടയുമായി മുന്നോട്ടു പോകുന്നതിന്റെ സൂചന കൂടിയാണ് വി.എച്ച്.പി ഭാഗത്തു നിന്നുള്ള ഈ നീക്കം. മോദിയുടെ വിശ്വസ്തനായ അമിത് ഷായെ ഉത്തര്‍ പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചതു തന്നെ ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. 
 
ലോക്‌സഭയിലേക്ക് 80 എം.പിമാരെ അയയ്ക്കാന്‍ കഴിയുന്ന യു.പി ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ്. സമാജ്‌വാദി പാര്‍ട്ടി നയിക്കുന്ന യു.പി സര്‍ക്കാര്‍ വി.എച്ച്.പിയുടെ 20 ദിവസത്തെ ചൗരാസി കോസ് യാത്രയയ്ക്കുള്ള അനുമതി നിഷേധിച്ചു. സംസ്ഥാനത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ യാത്രയെന്ന് വ്യക്തമാക്കിക്കൊണ്ടു തന്നെയാണ് യു.പി സര്‍ക്കാര്‍ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. 2009-നു ശേഷം നിരവധി വര്‍ഗീയ കലാപങ്ങള്‍ യു.പിയില്‍ നടന്നു കഴിഞ്ഞു. 2009-നും 2013 മാര്‍ച്ചിനും ഇടയ്ക്ക് 482 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഈ സംസ്ഥാനത്തുണ്ടായത്. 105 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അത്രയേറെ സെന്‍സിറ്റീവായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. കഴിഞ്ഞയാഴ്ചയും മുസഫര്‍നഗര്‍ ജില്ലയില്‍ രണ്ടു പേര്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊലപ്പെട്ടു. 
 

അശോക് സിംഘാള്‍
 
യു.പിയില്‍ കാര്യമായ വിജയം നേടാതെ കേന്ദ്രത്തില്‍ ഭരണം പിടിക്കുക എളുപ്പമല്ല – ഏതു പാര്‍ട്ടിക്കും. അടുത്ത തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര ഭരണത്തില്‍ നിര്‍ണായ ശക്തിയായി മാറാനുള്ള കരുനീക്കം എസ്.പി നടത്തിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. യു.പി പിടിക്കാതെ നരേന്ദ്ര മോഡിയെ ഡല്‍ഹി സിംഹാസനത്തില്‍ ഇരുത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കും മാതൃസംഘടനയായ ആര്‍.എസ്.എസിനും അറിയാം. ഇപ്പോഴത്തെ വി.എച്ച്.പി – എസ്.പി മുഖാമുഖത്തില്‍ ബി.ജെ.പി നേരിട്ട് ഭാഗഭാക്കായിട്ടില്ല. എന്നാല്‍ ഈ വി.എച്ച്.പി ക്യാംപെയിന് ബി.ജെ.പിയുടെ എല്ലാ വിധ പിന്തുണയുമുണ്ട്. ഈ ജാഥയിലൂടെ മൂന്നു കാര്യങ്ങളാണ് വി.എച്ച്.പിയും മറ്റ് ഹിന്ദുത്വ സംഘടനകളും ലക്ഷ്യമിടുന്നത്. 
 
ഒന്ന്: അയോധ്യയിലോ അയോധ്യയുടെ പ്രാന്ത പ്രദേശങ്ങളിലോ ഒരു മുസ്ലീം പള്ളിയും പാടില്ല. 
 
രണ്ട്: രാജ്യത്തെവിടെയും ബാബറി മസ്ജിദ് എന്ന പള്ളി പാടില്ല
 
മൂന്ന്: അയോധ്യയില്‍ രാമക്ഷേത്രം
 
പതിനാറാം നൂറ്റാണ്ടില്‍ പണിത ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ പൊളിക്കുന്നത്. പിന്നീട് പ്രശ്‌നം കോടതി കയറി. 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഈ സ്ഥലം മൂന്നായി പകുത്തു കൊടുക്കണം. ഇതിലൊരു ഭാഗം മുസ്ലീങ്ങള്‍ക്കും രണ്ടു ഭാഗം ഹിന്ദുക്കള്‍ക്കും നല്‍കണം. ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. 
 
കഴിഞ്ഞ ജൂലൈ 19-ന് ബി.ജെ.പിയോട് വി.എച്ച്.പി ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബില്‍ കൊണ്ടു വരുന്നതിന് ബി.ജെ.പി മുന്‍കൈയെടുക്കണമെന്നായിരുന്നു അത്. ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെയായിരുന്നു ഇത്. കാരണം ഓഗസ്റ്റ് രണ്ടിനു ചേര്‍ന്ന ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളുടെ യോഗത്തിലും ചില കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നു എന്നു വേണം മനസിലാക്കാന്‍. അമിത് ഷാ അയോധ്യയും പരിസരവും ചുറ്റിപ്പറ്റി പ്രചരണം നടത്തുകയും ബി.ജെ.പിയെ മുന്നില്‍ നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആര്‍.എസ്.എസ് സജീവമായി തന്നെ നേതൃത്വം നല്‍കുകയും ചെയ്യുമ്പോള്‍ വി.എച്ച്.പിയുടെ ഇപ്പോഴത്തെ പരിക്രമ യാത്രയുടെ ഉദ്ദേശലക്ഷ്യം തേടി മറ്റെങ്ങും പോകേണ്ടതില്ല. എന്നാല്‍ ഒരു തരത്തിലും ഇത്തമൊരു യാത്രയിലുടെ സംസ്ഥാനത്തെ ക്രമസമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എസ്.പി സര്‍ക്കാര്‍. 
 

പ്രവീണ്‍ തൊഗാഡിയ
 
യാത്ര നിരോധിച്ചെങ്കിലും അതുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ് വി.എച്ച്.പി നിലപാട്. സരയൂ നദീ തീരത്തു നിന്ന് സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടന്ന് അയോധ്യയില്‍ വരുന്ന മാസം 13-ന് സമാപിക്കുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. സരയൂവില്‍ മുങ്ങി പൂജ നടത്തി അയോധ്യയിലേക്ക് തിരിക്കുകയെന്നാണ് പദ്ധതി. ഈ ലക്ഷ്യം വച്ച് യു.പിയിലേക്കെത്തിക്കൊണ്ടിരിക്കുന്ന സന്യാസിമാരടക്കമുള്ളവരെ സര്‍ക്കാര്‍ കരുതല്‍ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുന്നുണ്ട്. പ്രധാന നേതാക്കളൊക്കെ കരുതല്‍ തടങ്കലിലുമാണ്. 20 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് വി.എച്ച്.പി പ്രഖ്യാപിച്ചിട്ടുള്ളത് എന്നതിനാല്‍ സംസ്ഥാന ഭരണകൂടും എത്രത്തോളം കാര്യക്ഷമമായി ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളറിയാം. ഒന്നുറപ്പാണ്, യു.പിയിലും അതുവഴി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചോരപ്പുഴയൊഴുക്കാനുള്ള ശേഷി തങ്ങള്‍ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് വലതുപക്ഷ സംഘടനകള്‍ തെളിയിക്കാന്‍ ശ്രമിക്കുകയാണ്. ഒരു ചെറിയ തീപ്പൊരി മതി ഇത് ആളിക്കത്താന്‍. കൂട്ടക്കൊലയുടെ കറ ഇനിയും കഴുകിക്കഴിഞ്ഞിട്ടില്ലാത്ത ഒരു നേതാവിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ എത്ര നിരപരാധികളുടെ ചോര വേണ്ടി വരും എന്നേ ഇനി അറിയാനുള്ളൂ. ജനാധിപത്യ വിശ്വാസികള്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍