UPDATES

വിദേശം

ഇന്ത്യ വളരുന്നെങ്കില്‍ രൂപയെന്തേ താഴോട്ട് ?

ഡാനിയല്‍ ആള്‍ട്മാന്‍
(ഫോറിന്‍ പോളിസി)

 

ഞാന്‍ ഞാന്‍ എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരിന്നെവിടെ? ലോകത്തെ കീഴടക്കാന്‍ അശ്വമേധവുമായി ഇറങ്ങിത്തിരിച്ച ബ്രിക് – BRIC – രാജ്യങ്ങള്‍ ഇന്നെവിടെയാണെന്ന് നോക്കൂ. ബ്രസീല്‍ പ്രക്ഷോഭങ്ങളുടെ പിടിയിലാണ്, ചൈനയുടെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിച്ചിരിക്കുന്നു, റഷ്യ നാശത്തിലേക്കുള്ള ചാരക്കുഴികള്‍ സ്വയം കുഴിക്കുകയാണ്, ഇന്ത്യയുടെ രൂപ ചരിത്രത്തിലെ ഏറ്റവും കനത്ത മൂല്യത്തകര്‍ച്ച നേരിടുന്നു. ഈ നാല് രാജ്യങ്ങളില്‍ വളര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യക്കാണ്, എന്നിട്ടും എന്തുകൊണ്ടാണ് രൂപ ഇങ്ങനെ മൂക്കുകുത്തി വീണത്?

 

ചൈനയാണ് ഇപ്പോള്‍ അതിവേഗത്തില്‍ വളരുന്നതെന്ന് ശരിതന്നെ. എന്നാല്‍ നഗരവത്കരണം ഇനിയും വേണ്ടത്ര നടക്കാത്തതും, പുത്തന്‍ സാങ്കേതികവിദ്യകള്‍ ഒരളവോളം സ്വീകരിക്കാത്തതും, ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ നീണ്ട വര്‍ഷങ്ങള്‍ ഇന്ത്യക്ക് മുന്നിലുണ്ടെന്നതിന് സൂചനകളാണ്. വിദേശ നിക്ഷേപകര്‍ ഈ സാഹചര്യത്തില്‍ ചാടിവീഴും എന്നാണ് നിങ്ങള്‍ കരുതുക. പക്ഷേ, സാധാരണഗതിയില്‍ അവര്‍ അതിനേക്കാളേറെ വളരെ ചഞ്ചലരാണ്; തീര്‍ത്തൂം അക്ഷമരുമാണ്. ആഗോളവിപണിയിലെ രൂപയുടെ മൂല്യം അവരുടെ Demand-നെയും, അതിന്റെ Supply-യെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഇതുരണ്ടും മനസ്സിലാക്കേണ്ടിവരും.

ഡിമാന്‍റിന്റെ വശത്തുനിന്നും നോക്കിയാല്‍, എന്തുകൊണ്ടാണ്  ആളുകള്‍ മറ്റ് നാണയങ്ങള്‍ രൂപയ്ക്കായി വിനിമയം ചെയ്യുന്നത് എന്നാണ് ആലോചിക്കേണ്ടത്. ഇന്ത്യയില്‍നിന്നും എന്തുവാങ്ങണമെങ്കിലും – ചരക്കുകള്‍, സേവനങ്ങള്‍, ധനകാര്യ ആസ്തികള്‍ – രൂപ വേണം. ഇതിലേതെങ്കിലുമൊന്നിന്നുള്ള ആവശ്യം വര്‍ദ്ധിക്കുമ്പോള്‍ രൂപക്കായുള്ള ആവശ്യവും കൂടുന്നു. തീര്‍ച്ചയായും, രൂപയുടെ മൂല്യം കൂടുന്നതിനനുസരിച്ച്, രൂപയുടെ വിനിമയത്തിലൂടെ വാങ്ങുന്ന എന്തും വിദേശികളെ സംബന്ധിച്ച്  കൂടുതല്‍ ചെലവേറിയതാകുന്നു. അതുകൊണ്ട് സപ്ളൈ തന്നത്താനെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു എന്നും പറയാം.

 

ഇന്ത്യയിലെ ആസ്തികള്‍ക്ക് ഇത്, ഇതുവരെയും സംഭവിച്ചിട്ടില്ല. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ എം എഫ്) ഏപ്രില്‍  2011-ലെ പ്രവചനപ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2013 – 2016 കാലഘട്ടത്തില്‍ 37 ശതമാനം കണ്ട് വളരും. എന്നാല്‍ ഐ എം എഫിന്റെ തന്നെ 2013 ഏപ്രിലിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ പുതിയ പ്രവചനത്തില്‍  പറയുന്നത്, ഇതേ 4 വര്‍ഷക്കാലയളവില്‍ മൊത്തം വളര്‍ച്ച 28 ശതമാനമെ വരൂ എന്നാണ്. വളര്‍ച്ചാശേഷി കുറയുന്നത് വിദേശ നിക്ഷേപകരുടെ താത്പര്യം കുറക്കും എന്നത് പറയാതെ അറിയാവുന്ന കാര്യമാണ്.

 

അതോടൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുകളെപ്പറ്റി പ്രതികൂലപ്രവചനങ്ങള്‍ വരുമ്പോളും, മറ്റ് വിപണികള്‍ കൂടുതല്‍ ആകര്‍ഷണീയമായി മാറുന്നു.  കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യവസ്ഥാപിത വിപണികളിലെ മന്ദതയാര്‍ന്ന (മൂലധനത്തിന്റെ) തിരിച്ചുപിടിക്കല്‍ നിരക്ക് ഇന്ത്യയില്‍ ചില അപായസാധ്യതകള്‍  എടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോള്‍, കൂടുതല്‍ സ്ഥിരതയാര്‍ന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ മെച്ചപ്പെട്ട വിലപേശലുകള്‍ക്കും, ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നതിനും വികസിത വിപണികളിലേക്ക് മടങ്ങിപ്പോവുകയാണ്. ഇന്ത്യയില്‍ വായ്പ ലഭ്യമാകുന്നത് ബുദ്ധിമുട്ടാണെന്നതിലും അത്ഭുതമില്ല. ഇവിടുത്തെ സര്‍ക്കാര്‍ കടപത്രങ്ങളില്‍നിന്നുള്ള വരുമാനം കഴിഞ്ഞ അഞ്ചു കൊല്ലത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പണപ്പെരുപ്പം ഉണ്ടാകും എന്ന കണക്കുകൂട്ടലാണ് കടപ്പത്രത്തിന്റെ വരുമാനം  കൂടുന്നതിന് ഒരു കാരണം. പണപ്പെരുപ്പം ഇന്ത്യയുടെ മറ്റൊരു വലിയ ആശങ്കയാണ്. വിലക്കയറ്റത്തോടെ  യഥാര്‍ത്ഥ വ്യാപാരത്തില്‍ രൂപയുടെ മൂല്യം കുറയുന്നു. തങ്ങളുടെ സ്വന്തം നാണയം കൈമാറ്റം ചെയ്ത് രൂപ വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാവുകയും ഇല്ല. 2004-ല്‍ ഉപഭോക്തൃ വിലസൂചിക 3.8 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ 2010 വരെയുള്ള തുടര്‍വര്‍ഷങ്ങളില്‍ അത് വര്‍ധിച്ചുകൊണ്ടേയിരുന്നു. 2010-ല്‍ ലോകത്തെതന്നെ ഉയര്‍ന്ന നിരക്കായ 12 ശതമാനത്തിലെത്തി.

പണപ്പെരുപ്പം കഴിഞ്ഞവര്‍ഷം 9.3 ശതമാനത്തിലെത്തിയിരുന്നു. 2013-ല്‍ ഇത് കൂടാനാണ് എല്ലാ സാധ്യതയും എന്നത് പുതിയ റിസര്‍വ്വ് ബാങ്ക് (ആര്‍ ബി ഐ) ഗവര്‍ണര്‍ രഘുറാം രാജന്റെ  ജോലി എളുപ്പമാക്കും. രൂപയുടെ സപ്ളൈ തീരുമാനിക്കലാണ് അദ്ദേഹത്തിന്റെ പണി. കമ്മട്ടങ്ങള്‍ സാവധാനത്തിലാക്കി, അദ്ദേഹത്തിന് പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനാകും. വായ്പാലഭ്യത ഇനിയും നിയന്ത്രിച്ച് സമ്പദ് രംഗത്ത് ചാഞ്ചല്യത്തെ  പിടിച്ചുനിര്‍ത്താന്‍ കഴിയുമെങ്കിലും, ഇപ്പോളുള്ളത് അതിനൊട്ടും പറ്റിയ സമയമല്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ത്തന്നെ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആകുലപ്പെടാന്‍  തുടങ്ങി. ആര്‍ ബി ഐ ആകട്ടെ ഫെഡറല്‍ റിസര്‍വോ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കോ പോലെ ഇത്തരം ഇടപെടലുകളില്‍നിന്നും ഒട്ടും മുക്തമല്ല.

 

ഇതൊക്കെപ്പറഞ്ഞാലും, സപ്ളൈ മേഖലയില്‍ പുരോഗതിക്ക് വകയുണ്ട്. ജൂലായ് 2011-നും ജൂലായ് 2013-നും ഇടക്ക് രൂപയുടെ സപ്ളൈ  29 ശതമാനമാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പ്പാദനം (ജി ഡി പി) രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 27 ശതമാനം ഉയര്‍ന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പണപ്പെരുപ്പം മറികടക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും, ആവശ്യമായതില്‍ കൂടുതല്‍ പണത്തിന്റെ സപ്ളൈ ആര്‍ ബി ഐ ലഭ്യമാക്കി എന്നര്‍ത്ഥം. ഇങ്ങനെ സമ്പദ് രംഗത്ത് തള്ളിയ അധികപ്പണം പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ എരിതീയില്‍ എണ്ണ പകര്‍ന്നപോലെയായി. വിദേശികള്‍ക്ക് ഇന്ത്യന്‍ ആസ്തികള്‍ വാങ്ങാന്‍ കൂടുതല്‍ പണം ലഭ്യമാക്കുകയായിരുന്നു ബാങ്ക് ചെയ്തത്. എന്നാല്‍, രൂപയുടെ മൂല്യം കുറഞ്ഞതോടെ നേരെ വിപരീതഫലമാണുണ്ടായത്.

 

ദീര്‍ഘകാലാടിസ്ഥാനത്തില്‍, മൂല്യം ഇനിയും നഷ്ടപ്പെടാതെ മിതമായ പണപ്പെരുപ്പം നേരിടുന്നതിന് രൂപ പ്രാപ്തമാകേണ്ടതുണ്ട്.  രാജ്യം കൂടുതല്‍ നഗരവത്കരിക്കുകയും, പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും ചെയ്യുന്ന മുറക്ക് ഇന്ത്യയിലെ തൊഴിലാളികളുടെ ഉത്പാദനക്ഷമതയും കൂടിവരികയാണ്. കൂലിയും, വിലയും ഒരുപോലെ ഉയരുകയാണ്. വില കയറുന്നതോടെ ഒരു ഇന്ത്യന്‍ നിര്‍മ്മിത ചരക്ക് വില്‍ക്കുന്ന ആര്‍ക്കും കൂടുതല്‍ പണം ലഭിക്കും. വിനിമയമൂല്യത്തില്‍ ഒരു വന്‍മാറ്റം വന്നില്ലെങ്കില്‍, കൂടുതല്‍ രൂപ ഉപയോഗിച്ച് കൂടുതല്‍ വിദേശ നാണയം വാങ്ങും; കൂടുതല്‍ വിദേശനാണയം ഉപയോഗിച്ച് കൂടുതല്‍ വിദേശ വസ്തുക്കളും വാങ്ങും. ഇതൊന്നും സാധാരണഗതിയില്‍ രൂപയുടെ ഡിമാന്‍ഡ് – സപ്ളൈയിലെ സന്തുലിതാവസ്ഥയെ തടയില്ല.

അപ്പോള്‍പ്പിന്നെ ഇതെവിടെയാണ് ചെന്നെത്തുക? കമ്മട്ടങ്ങളില്‍നിന്നും രൂപ ഇഷ്ടംപോലെ മുദ്രണം ചെയ്ത് പുഴപോലെ ഒഴുക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചില്ലെങ്കില്‍ – രാജന്റെ വരവോടെ അതിനുള്ള സാധ്യതയും വിരളമാണ് – ഈ മൂല്യശോഷണം താത്ക്കാലികമാണ്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ചരക്കുകളും, സേവനങ്ങളും, ആസ്തികളും കുറഞ്ഞവിലക്ക് ലഭിക്കുന്ന സമയത്ത് വാങ്ങാന്‍ ആളുകള്‍ വീണ്ടും വരും.

 

പക്ഷേ, അങ്ങനെ സംഭവിക്കണമെങ്കില്‍ പണവിപണിയെ അതിന്റെതായ വഴികളിലൂടെ വിടണം. രഘുറാം രാജന് മുമ്പുള്ള ആര്‍ ബി ഐ, രൂപയുടെ വില്‍പ്പനക്കുള്ള ഇന്ത്യക്കാരുടെ ശേഷിയെ നിയന്ത്രിച്ച് നേരെ എതിര്‍ദിശയിലേക്ക് നീങ്ങുകയായിരുന്നു. കൃത്രിമമായി രൂപയുടെ മൂല്യം ഉയര്‍ന്ന നിരക്കില്‍ പിടിച്ചുനിര്‍ത്താനുള്ള അവസാനശ്രമമായിട്ടാണ് നിക്ഷേപകര്‍ ഇതിനെ കണ്ടത്. അര്‍ജന്റീനയില്‍ അടുത്തകാലത്തെടുത്ത സമാന നടപടികള്‍ പെസോയുടെ (അര്‍ജന്‍റീനയിലെ നാണയം) കരിഞ്ചന്ത തഴച്ചുവളരുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിനും ഇടയാക്കി.  രഘുറാം രാജന്റെ ആദ്യജോലി ഈ വഴി തിരിച്ചുവിടുകയാണ്.

 

(Daniel Altman teaches economics at New York University’s Stern School of Business and is chief economist of Big Think.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍