UPDATES

ഇന്ത്യ

മന്‍മോഹന്‍ സിംഗ് ഒരു പേരല്ല, ഒരു പ്രതിസന്ധിയാണ്

ടീം അഴിമുഖം
 
 
1991-ല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രാജ്യം ഭരിക്കുന്ന കാലം. മുംബൈയിലെ തിരക്ക് പിടിച്ച റോഡുകളിലൊന്നിലൂടെ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ വാഹനം പോടുന്നനെ നിന്നു. വാഹനത്തിലുണ്ടായിരുന്ന തോക്കെന്തിയ സുരക്ഷാ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. വിവരം ഡല്‍ഹിക്ക് പോയി. അധോലോകവും പിടിച്ചുപറിക്കാരുമൊക്കെ ശക്തമായ മുംബൈയില്‍ നിന്ന്‍ അത്തരമൊരു വാര്‍ത്തയെത്തിയപ്പോള്‍ അതിലേറെ അങ്കലാപ്പിലായിരുന്നു ഡല്‍ഹിയിലെ ഭരണകൂടം. എന്തായാലും മണിക്കൂറുകള്‍ക്കുളില്‍ അറ്റകുറ്റപ്പണി തീര്‍ത്തു വാഹനം വിമാനത്താവളത്തിലെത്തിയപ്പോഴാണ് അധികൃതരുടെ ചങ്കിടിപ്പ് ഒന്നു കുറഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ നിന്നു രഹസ്യമായി കയറ്റിയ പെട്ടികളുമായി ചാര്‍ട്ടേഡ് വിമാനം വിദേശത്തേക്ക് പറന്നു. ബാങ്ക് ഓഫ് ഇംഗ്ളണ്ടും യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലാണ്ടും ആയിരുന്നു ലക്ഷ്യം. രാജ്യം നേരിട്ടു കൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സര്‍ക്കാര്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു അത്. രാജ്യത്തിന്റെ ഖജനാവില്‍ സൂക്ഷിച്ചിരുന്ന 67ടണ്‍ സ്വര്‍ണത്തില്‍ 47 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ളണ്ടിലും 20 ടണ്‍ യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലാന്ടിലും പണയം വച്ച് 600 ദശലക്ഷം ഡോളര്‍ വായ്പെയെടുത്താണ് അന്ന് സര്‍ക്കാര്‍ പ്രതിസന്ധിയെ ഒരു പരിധി വരെ അഭിമുഖീകരിച്ചത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഒക്കെ ഉണ്ടായെങ്കിലും സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നു എന്നു വേണം പറയാന്‍. ഏതാനും മാസങ്ങള്‍ക്കുളില്‍ ചന്ദ്രശേഖര്‍ താഴെയിറങ്ങി. നരസിംഹ റാവുവും അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയായി മന്‍മോഹന്‍ സിംഗും അധികാരത്തിലെത്തി. ശേഷം  കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്.   
 
ഇപ്പോഴതോര്‍ക്കെടുക്കുന്നത് മറ്റൊന്നിനുമല്ല. സ്വര്‍ണ്ണം പണയം വെയ്ക്കണമെന്നു വാദിക്കാനുമല്ല. രാജ്യം പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങുമ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ ഒരു സര്‍ക്കാരുണ്ടായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ്. യു.പി.യെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന സംശയം കൊണ്ട് കൂടിയുമാണ് ആ ഓര്‍മപ്പെടുത്തല്‍. 
 
 
രൂപ കുത്തനെ വീഴുകയും ഓഹരിവിപണികള്‍ തകര്‍ന്നടിയുകയും വിലക്കയറ്റം അതീവ രൂക്ഷമാകുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ ആശങ്കയും ഭീതിയുമല്ലാതെ എന്താണ് ബാക്കി? ഇവിടെ പ്രതീക്ഷ നല്‍കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നു?  ഇങ്ങനെ ചോദ്യങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്നതാണ് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി. 1997-98 വര്‍ഷത്തെ ഏഷ്യന്‍ പ്രതിസന്ധിയോടാണ് ഇന്ത്യയിലെ ഇപ്പോഴത്തെ പ്രതിസന്ധി താരതമ്യം ചെയ്യപ്പെടുന്നത്. വിദേശകടം പെരുകിയും രൂപയുടെ മൂല്യം കുറഞ്ഞും തായ്‌ലാന്‍ഡ് അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയുടെ കൊടുമുടി കയറിയത് തീരെ പഴയ സംഭവല്ല. ഇത്രയും രൂക്ഷമായ ഒരു അവസ്ഥയോട് ഇന്ത്യന്‍ പ്രതിസന്ധി എന്തുകൊണ്ട് സാമ്യപ്പെടുത്തുന്നു? കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രൂപയുടെ മൂല്യം 45 ശതമാനം ഇടിഞ്ഞുവെന്ന യാഥാര്‍ഥ്യമാണ് ഇതിനുള്ള മുഖ്യകാരണം. ഓഹരി വിപണി താഴേയ്ക്കു കുതിച്ചു. ബോണ്ട് ഇടപാടുകളും കുറഞ്ഞു. എല്ലാറ്റിനുമുപരി വിദേശമൂലധനം രാജ്യത്തു നിന്നും പിന്മാറിത്തുടങ്ങി.
 
എന്താണ് ഇന്ത്യന്‍ സാമ്പത്തികരംഗം നേരിടുന്ന അപകടം? വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗം വിദേശനിക്ഷേപകരെ ആകര്‍ഷിക്കുമ്പോള്‍ ആ രാജ്യത്തേയ്ക്ക് വന്‍തോതില്‍ പണമൊഴുക്കുണ്ടാവും. ഇങ്ങനെയെത്തുന്ന വിദേശപണം സര്‍ക്കാര്‍ ബോണ്ടുകള്‍, ഓഹരി വിപണി, മറ്റു വിവിധ മേഖലകളിലുമായാണ് നിക്ഷേപിക്കപ്പെടുന്നത്. വിദേശമൂലധനം വന്‍തോതില്‍ എത്തുമ്പോള്‍ ധനവിനിമയത്തിന് ആക്കം കൂടും. ഇറക്കുമതി എളുപ്പമാവുകയും കയറ്റുമതി മൂല്യം കൂടുകയും ചെയ്യുന്നതാണ് ഇതിന്റെ ഫലം. ഈ നടപടിക്രമത്തില്‍ വ്യാപാരക്കമ്മി വന്‍തോതില്‍ വര്‍ധിക്കും. ഇതോടെ, വളര്‍ച്ച കുറയുകയും സാമ്പത്തികതലത്തില്‍ ഘടനാപരമായി വ്യതിയാനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ ഘടനാപരമായ ഉലച്ചിലുണ്ടാവുമ്പോള്‍ നേരത്തെ ഒഴുകിയെത്തിയ പണം പിന്‍വാങ്ങിത്തുടങ്ങും. അമേരിക്ക പോലുള്ള മറ്റു രാജ്യങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ട് ഈ പണം പുതിയ സഞ്ചാരപഥം തേടും.
 
ബോണ്ട് വാങ്ങിക്കൂട്ടിയുള്ള സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പിന്‍വലിക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയിലെ പ്രതിസന്ധി തുടങ്ങിയത്. ഇത് ഒട്ടേറെ അര്‍ഥങ്ങളുണ്ടാക്കുന്ന ഒന്നാണ്. സ്വന്തം രാജ്യത്തിന്റെ വളര്‍ച്ച തളരാനിടയുണ്ടെന്ന തോന്നലിലാണ് സാമ്പത്തികരംഗത്ത് അമേരിക്കയുടെ ഇടപെടല്‍. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയ്ക്കാനും ഇട വരുത്തുന്നു. ബോണ്ടു വാങ്ങിയുള്ള ഇടപാടുകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ കുറച്ചതോടെ ഡോളര്‍ കൂടുതല്‍ ആകര്‍ഷകമായിത്തുടങ്ങി. ഇന്ത്യന്‍ രൂപയുടെ മുഖശോഭ മങ്ങുകയും ചെയ്തു.
 
 
അമേരിക്കയുടെ ഈ നടപടി ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തികരംഗത്തും ചലനമുണ്ടാക്കി. എന്നാല്‍, ഇന്ത്യയിലാണ് ഇതിന്റെ ചൂട് കൂടുതല്‍ പൊള്ളലുണ്ടാക്കിയതെന്നു മാത്രം. കറന്റ് അക്കൗണ്ടില്‍ വന്‍തോതില്‍ കുറവുണ്ടായത് ഈ വേവിന്റെ ലക്ഷണമായി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചയുടെ 4.8 ശതമാനമാണ് ഇപ്പോള്‍ ധന കമ്മി. 
 
രാജ്യത്തെ മൊത്തം ധനസ്ഥിതി മെച്ചപ്പെടുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം. ഇത്രയധികം മഴ പെയ്യുന്നത് ‘ഭാഗ്യ’മായും കരുതാം. ഈ മഴപ്പെയ്ത്തില്‍ വരും മാസങ്ങളില്‍ കാര്‍ഷികരംഗം സമൃദ്ധമാവുമായേക്കും! അതോടെ, ഈ വര്‍ഷം അവസാനത്തോടെ ഭക്ഷ്യവിലക്കയറ്റവും കുറയും. ഈ പ്രതീക്ഷകള്‍ക്കിടയിലും ഒരു ചോദ്യമാണ് മുഖ്യം. പ്രതിസന്ധികള്‍ക്കിടയില്‍ എന്തുകൊണ്ടാണ് യു.പി.എ സര്‍ക്കാര്‍ ഒരു പിഗ്മിയെപ്പോലെ പെരുമാറുന്നത്? എന്താണ് സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ അവര്‍ ഒരു പ്രഖ്യാപനം പോലും നടത്താത്തത്? അടിസ്ഥാന സൗകര്യവികസനത്തിന് വന്‍തോതില്‍ നിക്ഷേപവും ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പ്രഖ്യാപിക്കേണ്ട സമയമല്ലേ ഇപ്പോള്‍? സര്‍ക്കാര്‍ ബോണ്ടുകളുടെ മൂല്യം കൂട്ടുന്ന ഈ പ്രഖ്യാപനത്തില്‍ സ്വാഭാവികമായും വിദേശനിക്ഷേപവും ആകര്‍ഷിക്കപ്പെടില്ലേ? ഇങ്ങനെ പോംവഴികള്‍ ഏറെയുണ്ടായിട്ടും രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതാണ് നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമെന്നാണ് ഓരോ ദിവസവും തെളിയുന്നത്.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍