UPDATES

കേരളം

ജസീറ ചോദിക്കുന്നു – പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറയുന്നതു തെറ്റാണോ?

പരിസ്ഥി സംരക്ഷിക്കണമെന്ന് അധികാരികളോട് പറയുന്നത് തെറ്റാണോ? 
 
കെ.വി വിഷ്ണു
 
ജസീറ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങിയത് അഴിമുഖം അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരം നീണ്ടു പോയതോടെ മുഖ്യമന്ത്രി കണ്ണൂര്‍ കളക്റ്ററേ അന്വേഷണത്തിന് നിയോഗിച്ചു. ജസീറയ്ക്കെതിരെയുള്ള ആരോപണങ്ങളുടെ ഒരു കൂട്ടമായിരുന്നു കളക്റ്ററുടെ റിപ്പോര്‍ട്ട്. അതിനെ കുറിച്ചുള്ള കുറിപ്പ്. 
 
കണ്ണൂര്‍ ജില്ലയിലെ മാടായി അടക്കമുള്ള തീരദേശങ്ങളിലെ മണല്‍കടത്തിനെതിരെ താന്‍ നടത്തുന്ന സമരം തട്ടിപ്പാണെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തിപരമായി അവഹേളിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പിന്‍വലിച്ച് കളക്ടര്‍ മാപ്പു പറയണമെന്നും വി.ജസീറ. മുഖ്യമന്ത്രി കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയണം. നിജസ്ഥിതി മനസിലാക്കി സമരത്തില്‍ താനുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണം. കളക്ടറുടെ റിപ്പോര്‍ട്ടിലെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളുന്ന കാര്യം ആലോചിക്കുമെന്നും ജസീറ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസീറ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി കണ്ണൂര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജസീറയുടെ സമരം തട്ടിപ്പാണെന്ന് പരാമര്‍ശമുള്ളത്.
 

ജസീറയും മക്കളും
 
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ സമരത്തിന്റെ പേരില്‍ ജസീറയ്ക്ക് സംഭാവനകള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വാഹനങ്ങളില്‍ മണല്‍ കടത്തുന്നതിനെതിരെ പ്രതികരിക്കുന്നില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചുമടായി മണല്‍ കടത്തുന്നവരെ മാത്രമാണ് ജസീറ എതിര്‍ക്കുന്നത്. സ്വന്തം കുടുംബത്തിന്റെയോ പ്രദേശവാസികളുടെയോ പിന്തുണ പോലും അവര്‍ക്കില്ല. ജസീറയും കപട പരിസ്ഥിതിവാദികളും ചേര്‍ന്ന് പ്രദേശവാസികളെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് തന്നെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന് ജസീറ ആരോപിക്കുന്നു. രാജ്യത്ത് നിലവിലുള്ള തീരദേശ നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് സമരത്തിലൂടെ ആവശ്യപ്പെടുന്നത്. കണ്ണൂരിലെ കടല്‍തീരത്തിന്റെ മാത്രം പ്രശ്‌നമല്ല താനുയര്‍ത്തികാട്ടുന്നത്. 600 കിലോമീറ്ററോളം വരുന്ന കേരളത്തിന്റ മൊത്തം കടല്‍ തീരം നേരിടുന്ന വെല്ലുവിളിയാണ്. മണലൂറ്റ് കരയെ കാര്‍ന്നു തിന്നുന്ന രീതിയില്‍ ഭീകരമായപ്പോഴാണ് താന്‍ സമരത്തിനൊരുങ്ങിയത്. അവിടെ സുരക്ഷക്കായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടും പോലീസിന്റെ ഒത്താശയോടെ മണലൂറ്റ് തുടര്‍ന്നു. തന്റെ സമരത്തിനെതിരെ അധികാരികള്‍ കണ്ണടച്ചപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റിയത്. 
 
 
പണത്തിന് വേണ്ടി തട്ടിപ്പ് സമരം നടത്തുകയാണെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. തനിക്ക് പിന്തുണയുമായി വന്നവരെല്ലാം തട്ടിപ്പിനു കൂട്ടു നില്‍ക്കുന്നവരാണോയെന്ന് ജസീറ ചോദിച്ചു. സുഗതകുമാരി ടീച്ചറടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും തനിക്ക് പിന്തുണ നല്‍കുന്നുണ്ട്. കംപ്യൂട്ടര്‍ മുറിക്ക് അപ്പുറത്തേക്ക് ലോകമുണ്ടെന്ന് ജസീറയുടെ സമരമാണ് തങ്ങളെ ബോധ്യപ്പെടുത്തിയതെന്ന് തന്നെ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. കേരളമൊന്നാകെ തന്റെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. മദ്രസാധ്യാപകനായ ഭര്‍ത്താവിന് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് തങ്ങളുടെ കുടുംബം ജീവിക്കുന്നത്. സമരത്തിനെത്തിയപ്പോള്‍ നിരവധി പേര്‍ സഹായവുമായി വന്നു. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല. തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും മറ്റുമായി നിര്‍ബന്ധിച്ചേല്‍പ്പിക്കുന്ന സഹായങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നും ജസീറ വ്യക്തമാക്കി.
 
 
തനിക്കെതിരെ ആക്ഷേപമുന്നയിക്കുന്നതിനു പകരം മണല്‍ കടത്തലിന് തടയിടാനുള്ള നിര്‍ദ്ദേശങ്ങളാണ് കളക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പരിസ്ഥി സംരക്ഷിക്കണമെന്ന് അധികാരികളോട് പറയുന്നത് തെറ്റാണോ? തന്നെയും സമരത്തിനു പിന്തുണ നല്‍കുന്നവരെയും ആക്ഷേപിക്കുന്നത് മണല്‍ മാഫിയയെ സഹായിക്കാനാണ്. നിയമവിധേയമായി താനുന്നയിച്ച ആവശ്യങ്ങള്‍ നടപ്പാകുന്നതുവരെ സമരം തുടരുമെന്ന് ജസീറ വ്യക്തമാക്കി.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍