UPDATES

ഓഫ് ബീറ്റ്

എന്റെ ഭര്‍ത്താവിനെ നിശ്ചയിച്ചത് ഞാനല്ല

പതിനേഴുവര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോളും ഞങ്ങള്‍ ഒന്നിച്ചാണ്, ഇപ്പോളും ഞാന്‍ ദുഖിക്കുകയാണ്, എന്തിനാണിത്  തുടരുന്നത് എന്നതിന് ഉത്തരം കിട്ടാതെ കുഴയുകയാണ്.  

ഡെബി തോമസ്
(സ്ളേറ്റ്)

അലക്സിനെ ഞാന്‍ ആദ്യമായി കാണുന്നത് എന്റെ മാതാപിതാക്കളുടെ വീട്ടുവാതില്‍ക്കല്‍ വെച്ചാണ്. അത് കോളേജിലെ എന്റെ ബിരുദപഠനം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ആദ്യശൈത്യകാലമായിരുന്നു. വരന്‍മാരുടെ സാധ്യതാപട്ടികയില്‍ എത്രാമത്തെ ആളായിരുന്നു അദ്ദേഹം… 3, 7, 12? എന്തായാലും, ബസ് സ്റ്റേഷനില്‍നിന്നും എന്റെ അപ്പനുമമ്മയും അയാളെ  ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന സമയത്തേക്ക് എനിക്ക് ആ എണ്ണക്കണക്ക് കൈവിട്ടുപോയിരുന്നു. ഒരു വര്‍ഷമായി എന്റെ കുടുംബക്കാരും ബന്ധുക്കളുമെല്ലാം, എനിക്കുവേണ്ടി കല്ല്യാണാലോചനകള്‍ കൊണ്ടുവരികയും തള്ളുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. കാര്യങ്ങള്‍ തീര്‍ത്തൂം നിരാശയുടെ വക്കത്തെത്തി; എനിക്കാണെങ്കില്‍  പ്രായം 22-ആയി, കെട്ടുപ്രായം പുര നിറഞ്ഞു നില്ക്കുന്നു. നിത്യകന്യകയുടെ ഭാവി തലക്കുമുകളില്‍ തൂങ്ങി.

പതിവാചാരപ്രകാരം കണ്ണില്‍നോക്കാതെ, പതിഞ്ഞ പുഞ്ചിരിയോടെ, സന്ദര്‍ഭത്തിന് യോജിച്ചതെന്ന് പറഞ്ഞ് അമ്മ നിര്‍ബന്ധിപ്പിച്ചുടുപ്പിച്ച പരമ്പരാഗത ഇന്ത്യന്‍ ഉടുപുടവയില്‍ ഞെളിപിരികൊണ്ടാണ് ഞാന്‍ അലക്സിനെ കണ്ടത്. പിന്നീടുള്ള നിരവധി മണിക്കൂറുകള്‍ക്കിടയില്‍ ഞാനദ്ദേഹത്തിന് ചായ കൊടുത്തു, അത്താഴത്തിന് അപ്പുറമിപ്പുറമിരുന്നു, എന്റെ വിദ്യാഭ്യാസത്തെയും, മറ്റ് താല്‍പ്പര്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു. ഒടുവില്‍ തനിച്ചിരിക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും എന്റെ അപ്പന്‍ അനുവാദം തന്നപ്പോള്‍ ഞാനദ്ദേഹത്തെ ഞങ്ങളുടെ കുടുംബമുറിയിലേക്ക് കൊണ്ടുപോയി. അയാളെ കല്യാണം കഴിക്കണോ വേണ്ടയോ എന്നു നിശ്ചയിക്കാന്‍ ഒരു 20 മിനിറ്റിന്റെ ഹ്രസ്വഭാഷണം.

 


വിവാഹവേള (ഫോട്ടോ: ഡെബി തോമസ്)

ഒരു ദിവസം കഴിഞ്ഞ് അപ്പനുമമ്മയും അലക്സിനെ ഗ്രേയ്ഹൌണ്ട് ബസില്‍ക്കയറ്റിവിടാന്‍ കൊണ്ടുപോകുമ്പോള്‍ അയാളെന്റെ പ്രതിശ്രുതവരനായി മാറിയിരുന്നു.

ഇവിടെ അമേരിക്കയില്‍, എന്റെ വിവാഹം ഇങ്ങനെ ആലോചിച്ച് ഉറപ്പിച്ചതാണെന്ന് ഞാന്‍ ആളുകളോട് പറയുമ്പോള്‍ അവര്‍ രണ്ടു തരത്തിലാണ് പ്രതികരിക്കുക. ചിലര്‍ക്ക് ആ കഥ ഇഷ്ടമാകുന്നത് അമേരിക്ക ഇതെല്ലാം തെറ്റായ വഴിയിലൂടെയാണ് ചെയ്യുന്നതെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ്: “കുട്ടികള്‍ ഇക്കാലത്ത് മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോളെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു! എത്ര അവിവാഹിതരായ അമ്മമാര്‍! വിവാഹം എന്ന സമ്പ്രദായമേ ഇല്ലാതാവുകയാണ്! നിങ്ങളുടെ സംസ്കാരം എത്ര സുന്ദരമാണ്!” എന്നൊക്കെ. 

മറ്റുചിലര്‍ കുറച്ചുകൂടി സൂക്ഷിച്ചാണ് പ്രതികരിക്കുക. അലക്സ് ഒപ്പമുണ്ടെങ്കില്‍ അവര്‍ ഞങ്ങളെ ആകെയൊന്ന് വിലയിരുത്തും, ദുരിതത്തിന്റെയും, സംഘര്‍ഷത്തിന്റെയും സൂചനകള്‍ തേടുകയാണ്. പിന്നെ പതുക്കെ അടുത്ത് ചേര്‍ന്നു നിന്നു മന്ത്രിക്കും,“അപ്പോ, കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു അല്ലേ? രണ്ടാള്‍ക്കും സന്തോഷമാണല്ലോ? നിങ്ങളത് നടത്തി, അത് നന്നായിത്തന്നെ നടത്തി അല്ലേ? ശരിയല്ലേ?”

അതൊന്നും യഥാര്‍ഥത്തില്‍ ചോദ്യങ്ങളല്ല. എല്ലാം ഭംഗിയാണെന്ന് കാണിക്കാന്‍ രൂപപ്പെടുത്തിയ പ്രസ്താവനകളാണവ. പിന്നെ ഞാന്‍ എന്തു പറയണമെന്ന സൂചന ഞാനും പിടിച്ചെടുക്കുന്നു. ഒരു വിടര്‍ന്ന ചിരിയോടെ ഞാന്‍ പറയും,“അതേ! അതേ, തീര്‍ച്ചയായും.”

ആ ‘അതേ’ സത്യത്തില്‍ ഒരു നുണയല്ല. അലക്സും ഞാനും കല്ല്യാണം കഴിച്ചിട്ടിപ്പോള്‍ 17 വര്‍ഷമായി. ഞങ്ങളുടെ ബന്ധം ഭദ്രമാണ്. പക്ഷേ, ഞങ്ങളൊരുമിച്ചു ജീവിക്കുന്ന ഈ ജീവിതം ഇപ്പോളും എനിക്ക് പൊരുത്തപ്പെടാന്‍ ആകുന്നില്ല. ആദ്യത്തെ കാര്യം, ‘ആലോചിച്ചുറപ്പിച്ച കല്ല്യാണം’ എന്ന വാക്കുകള്‍ ഞാനുമായി ബന്ധമില്ലാത്ത ഒരുപാട് ചിത്രങ്ങള്‍ എന്റെ മനസ്സിലേക്ക് കൊണ്ടുവരും. ഒരുവശത്ത് ബാലികാവധുക്കളും, സ്ത്രീധനഹത്യകളും, മറുവശത്ത് മൈലാഞ്ചിയും, ബോളിവുഡും. ഞാന്‍ അമേരിക്കയിലാണ് വളര്‍ന്നത്; ന്യൂ ഇംഗ്ളണ്ട് നഗരപ്രാന്തത്തിന്റെയും, ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യന്‍ മതത്തിന്റെയും, വെല്ലസ്ളീ കോളേജിന്റെയും, Pride and Prejudice-ന്റെയും When Harry Met Sally-യുടെയും ഒരു ഉത്പ്പന്നം. പകല്‍ സല്‍വാര്‍ കമ്മീസ് ധരിക്കുന്ന, രാത്രിയില്‍ Sweet Valley High വായിക്കുന്ന, ശുഭാന്ത്യ കഥകളില്‍ മനംമയങ്ങി വീഴുന്ന ഒരു ദ്വന്ദ്വസംസ്കാരക്കുട്ടിയായിരുന്നു ഞാനും.

പക്ഷേ എന്റെ കല്ല്യാണം ‘ആലോചിച്ചുറപ്പിച്ചേ’ നടക്കൂ എന്നു എനിക്ക് എല്ലാക്കാലത്തും അറിയാമായിരുന്നു. ഡേറ്റിംഗ് (dating) എന്റെ കുടുംബത്തില്‍ കര്‍ശനമായി നിഷിദ്ധമായിരുന്നു. എങ്കിലും, സ്കൂളിലും, കോളേജിലുമൊക്കെ, ഞാന്‍ രഹസ്യമായി ഡേറ്റ് ചെയ്തിരുന്നു. എന്റെ മാതാപിതാക്കള്‍ (ഇന്ത്യയില്‍നിന്നുള്ള ആദ്യ കുടിയേറ്റക്കാരുടെ കൂട്ടത്തില്‍പ്പെട്ട യാഥാസ്ഥിതികര്‍) അവരുടെ മനസ്സുമാറ്റും എന്ന പ്രതീക്ഷയോടെ. അങ്ങനെ സംഭവിക്കില്ല എന്ന സാധ്യത എന്നെ ഭയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഏറെ അപേക്ഷിച്ചു. ഒരത്ഭുതത്തിനായി ഞാന്‍ പ്രാര്‍ഥിച്ചു. പക്ഷേ എനിക്ക് 20 വയസ്സായതോടെ എന്റെ ‘ആലോചിച്ചുറപ്പിക്കുന്ന വിവാഹം’ ഉറപ്പായെന്നും ഞാന്‍ മനസ്സിലാക്കി. ‘പറ്റില്ല’ എന്നു പറയുന്നത് (അങ്ങനെ പറയാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും കൂടി) ഒരു സാധ്യതയേ ആയിരുന്നില്ല. മാനാപമാനങ്ങളുടെ കുടുംബചക്രത്തില്‍ അതൊക്കെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. അതേ, എനിക്കറിയാം, ഇതൊക്കെ മിക്ക അമേരിക്കക്കാര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന്, പക്ഷേ വാസ്തവം അതാണ്.

കോളേജിലെ എന്റെ അവസാനവര്‍ഷത്തില്‍ എന്റെ മാതാപിതാക്കള്‍ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും ഒരു ശൃംഖലയെ തന്നെ ബന്ധപ്പെട്ടു, അങ്ങനെ ഒരു ‘അന്താരാഷ്ട്ര സമൂഹം’ എനിക്കായി ‘ചെറുക്കനെ തപ്പാന്‍’ തുനിഞ്ഞിറങ്ങി. കത്തിലൂടെയും, ഫോണിലൂടെയും, നേരിട്ടും എല്ലാം ആലോചനകള്‍ വന്നു തുടങ്ങി. അമ്മയ്ക്കൊപ്പമിരുന്ന് ഞാന്‍ ‘bio-data’ കടലാസുകള്‍ പരതുകയായി. എന്റെ ഉള്ളിലെ അമേരിക്കക്കാരി പ്രതിഷേധം ഉയര്‍ത്തി: പ്രേമം എങ്ങനെ നിശ്ചയിച്ചുറപ്പിക്കാനാകും? പ്രണയം വന്യവും, ഭ്രാന്തവുമായ ഒരു സംഗതിയല്ലേ? നിര്‍ബന്ധിച്ചാല്‍ അതെങ്ങനെ തഴച്ചുവളരും?

 


ഡെബിയും അലക്സും വിവാഹ സമയത്ത് (ഫോട്ടോ: ഡെബി തോമസ്)

ഒരു അപരിചതനെ പ്രണയിക്കാന്‍ എനിക്കാവില്ലെന്ന് ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞു. ഈ അമേരിക്കക്കാരെപ്പോലെ നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങനെ പ്രണയത്തിലൊന്നും വീണുപോവില്ലെന്ന് അവരെന്നോടും പറഞ്ഞു. ‘നമ്മള്‍ തെരഞ്ഞെടുക്കും’ എന്നാണ് അഭിമാനപൂര്‍വം അവര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ അര്‍ത്ഥം എന്തായിരുന്നു? എന്തായാലും അലക്സിനെ തെരഞ്ഞെടുത്തത് ഞാനല്ല. എന്റെ കുടുംബമാണത് ചെയ്തത്. ശരിയാണ്, ഞങ്ങളുടെ കുടുംബക്കാര്‍ വെച്ചുതന്ന ആലോചനകളില്‍നിന്നും ഞാനും അദ്ദേഹവും പരസ്പരം തെരെഞ്ഞെടുത്തു. വീട്ടിലെ മുറിയില്‍വെച്ചു നടന്ന ആ 20 മിനിറ്റ് സംസാരത്തില്‍ അദ്ദേഹമൊരു ഇഷ്ടപ്പെടാവുന്ന കക്ഷിയാണെന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ,അത്തരം നിയന്ത്രിതമായ സാഹചര്യത്തില്‍ ‘തെരഞ്ഞെടുപ്പ്’ എന്നതുകൊണ്ട് എന്താണര്‍ഥമാക്കുന്നത്?

എനിക്കിനിയും മനസ്സിലായിട്ടില്ലാത്ത രീതികളില്‍, ഞങ്ങളുടെ ആ തെരഞ്ഞെടുപ്പില്ലായ്മയാണ് ഞങ്ങളുടെ വിവാഹജീവിതത്തില്‍ ഉടനീളം ഓളങ്ങളുണ്ടാക്കിയത്, കൂട്ടിയിണക്കാന്‍ പറ്റാത്തവിധം ഞങ്ങളെ അടര്‍ത്തിയത്, ഞങ്ങളെ മറ്റുള്ളവരില്‍ പുനസൃഷ്ടിച്ചത്. ‘ആലോചിച്ചുറപ്പിച്ച വിവാഹം’ അതിന്റെ പ്രചാരകരോ വിമര്‍ശകരോ കരുതുന്നതിനേക്കാളും എത്രയോ സങ്കീര്‍ണ്ണമാണെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്.

എന്റെ വിവാഹനിശ്ചയത്തിന് മുമ്പുള്ള മാസങ്ങളില്‍ അപ്പനുമമ്മയും ‘ചേര്‍ച്ച’യെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ചിത്രങ്ങളും, മറ്റുവിവരങ്ങളും തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ അവര്‍ വിദ്യാഭ്യാസവും, തൊഴിലും, കുടുംബ പശ്ചാത്തലവും, എന്റേതുപോലുള്ള മതവിശ്വാസ്വവും  ഒക്കെ ഉള്ള ‘ചെറുക്കന്‍മാര്‍ക്ക്’വേണ്ടി പരതിക്കൊണ്ടിരുന്നു. ഒരവസരത്തില്‍ എന്റെ അമ്മ എന്നോടു നേരിട്ടുചോദിക്കുകയും ചെയ്തു: “എങ്ങനെയുള്ള ഭര്‍ത്താവിനെയാണ് നീ നോക്കുന്നത്”? “ഞാനാരെയും നോക്കുന്നില്ല,” എന്നു പറയാന്‍ അനുവാദമില്ലാത്തതുകൊണ്ട് ഞാന്‍ പറഞ്ഞു,“ഒരു ആത്മാര്‍ഥ പങ്കാളി. ഒരു നല്ല, വളരെ നല്ല സുഹൃത്ത്.”

അതൊരു തെറ്റായ ഉത്തരമായിരുന്നു. ഒരു നഗ്നമായ, അമേരിക്കന്‍ ഉത്തരം; വികാരഭരിതവും, വിമ്മിഷ്ടത്തിലാക്കുന്നതും. “ഒരു 30-ല്‍ താഴെ പ്രായമുള്ള, മെഡിക്കല്‍ രംഗത്ത് കുറഞ്ഞതൊരു  ബിരുദാനന്തര ബിരുദമെങ്കിലുമുള്ള, നല്ല ആകര്‍ഷകമായ ജോലിയുള്ള, ഒത്തൊരുമയുള്ള കുടുംബമുള്ള, നമ്മുടെ കൂട്ടക്കാര്‍ക്കിടയില്‍ പേരുള്ള, ഒരാളെ,” എന്ന തരത്തിലുള്ള ഒരു മറുപടിയാണ് എന്റെ അമ്മ പ്രതീക്ഷിച്ചിരിക്കുക. അത്തരമൊരു മറുപടി നല്കാന്‍ എനിക്കാവില്ലായിരുന്നു. നല്ല ജോലിയും, ഒത്തൊരുമയുള്ള കുടുംബവുമൊക്കെ മോശപ്പെട്ട കാര്യങ്ങളായതുകൊണ്ടല്ല, പക്ഷേ എന്താണ് വിവാഹം എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ അടിസ്ഥാന സങ്കല്പങ്ങള്‍ – എന്തിനാണ് വിവാഹം എന്നതിനെക്കുറിച്ച് – പൊരുത്തപ്പെടാത്തതു കൊണ്ടായിരുന്നു.

പരസ്പരം ‘CV’-യില്‍ കണ്ടെത്താഞ്ഞ വ്യത്യസ്തതകള്‍ ഞങ്ങളെ അന്ധാളിപ്പിക്കാന്‍ അധികം സമയമെടുത്തില്ല. അദ്ദേഹമെന്‍റെ ഗൌരവപ്രകൃതിയെ ഇഷ്ടപ്പെട്ടില്ല. എനിക്കദ്ദേഹം തികച്ചും കഥയില്ലാത്തവനായി തോന്നി. അദ്ദേഹം സാഹസികതയ്ക്ക് കൊതിച്ചു. ഞാന്‍ ഭദ്രതയ്ക്കും. അദ്ദേഹം ആവര്‍ത്തനങ്ങളെ വെറുത്തു. ഞാനതിലാണ് രൂപപ്പെട്ടത്. ഈ വിഭിന്നതകളെല്ലാം ഇഴപിരിച്ചെടുക്കാന്‍ വര്‍ഷങ്ങളെടുത്തെങ്കിലും, അവയില്‍നിന്നുള്ള പിന്‍മടക്കത്തിന് അധികകാലം എടുത്തില്ല.

ഇത്തരത്തില്‍ ഭിന്നാഭിരുചികളുടെ സ്വകീയലോകങ്ങളുള്ള രണ്ടുപേര്‍ക്ക് പരസ്പരം വിവാഹിതരായിക്കൂടെന്നല്ല പറഞ്ഞുവന്നത്. എക്കാലത്തും ദമ്പതികള്‍ അത് ചെയ്യുന്നുണ്ട്. കാര്യമെന്താണെന്നുവെച്ചാല്‍ തിരതള്ളല്‍ പോലെന്തെങ്കിലും (സ്നേഹം? ചരിത്രം? പൊതുതാല്‍പര്യങ്ങള്‍? സുന്ദരമായ ലൈംഗികത?) ഈ വ്യത്യാസങ്ങളെ മറികടക്കാന്‍ വേണം. ആലോചിച്ചുറപ്പിച്ച വിവാഹങ്ങളിലെ ദമ്പതികള്‍ ഇതൊന്നുമില്ലാതെയാണ് തുടങ്ങുന്നത്. അലക്സും ഞാനും കല്ല്യാണം കഴിച്ചപ്പോള്‍ ഞങ്ങള്‍ക്കാകെയുണ്ടായിരുന്നത് ചെത്തിമിനുക്കാത്ത ഞങ്ങള്‍ മാത്രമായിരുന്നു.

പരമ്പരാഗത ഇന്ത്യന്‍ ഉപദേശം,“അത് സാരമില്ല, നിങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ടുപോകൂ. നിങ്ങള്‍ ത്യാഗം ചെയ്യൂ, വിട്ടുവീഴ്ച്ച ചെയ്യൂ, ഉള്‍ക്കൊള്ളൂ. വിവാഹം സംരക്ഷിക്കാന്‍  നിങ്ങള്‍ മാറേണ്ടതുണ്ട്,” എന്നായിരിക്കും.

 


ഡെബിയും അലക്സും ഏതാനും വര്‍ഷം മുമ്പ് 

അങ്ങനെത്തന്നെയാണ്, ഞാന്‍ വിയോജിക്കുന്നേയില്ല. എല്ലാ വിവാഹങ്ങളും, അത് വീട്ടുകാര്‍ ആലോചിച്ചു നടത്തിയതായാലും, അല്ലെങ്കിലും, ക്രമേണ വിട്ടുവീഴ്ച്ചയിലും, മാറ്റത്തിലും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പക്ഷേ ഒരു പങ്കാളിയുമായി ഒത്തുകൊണ്ടുപോകുന്നത് അവളെ ആസ്വദിക്കുന്നതില്‍നിന്നും തികച്ചും വിഭിന്നമായ ഒരു പ്രക്രിയയാണ്. ശരിയാണ്, ഞങ്ങള്‍ മാറിയിട്ടുണ്ട്, ഞങ്ങള്‍ ഒത്തുകൊണ്ടുപോയിട്ടുണ്ട്, പക്ഷേ,വിവാഹത്തെ ഇത്തരം വിട്ടുവീഴ്ച്ചയുടെയും, ഒത്തുതീര്‍പ്പിന്റെയും ചട്ടക്കൂടില്‍ ഒതുക്കുന്നത് (സന്തോഷത്തിനും, അല്ലെങ്കില്‍ അടുപ്പത്തിനും പകരം) തുടക്കത്തില്‍ത്തന്നെ തോല്‍വി സമ്മതിക്കലല്ലേ?

അല്ല, എന്റെ കാരണവന്‍മാര്‍ ഉറപ്പിച്ച് പറയും, അതങ്ങനെയല്ലെന്ന്. അത് യാഥാര്‍ഥ്യത്തെ കണ്‍തുറന്നുകാണലാണ്. ആഹ്ളാദങ്ങള്‍ മാഞ്ഞുപോകും. വികാരങ്ങള്‍ വന്നും പോയുമിരിക്കും. അടുപ്പം പ്രായത്തിനും സാഹചര്യത്തിനും അനുസരിച്ചു മാറിക്കൊണ്ടിരിക്കും. എന്നാല്‍, സ്നേഹം – നമ്മുടെ ഭിന്നതകള്‍ക്കപ്പുറവും നാം തെരഞ്ഞെടുക്കുന്ന ദൈനംദിന, പ്രായോഗിക സ്നേഹം – ഇളകാതെ നില്ക്കും. പക്ഷേ എനിക്കത്തരം സ്നേഹമുണ്ടോ?

ഞങ്ങളുടെ ആദ്യസമാഗമത്തെ വിശേഷിപ്പിക്കാന്‍ അലക്സോ ഞാനോ ‘ആകര്‍ഷണം’, ‘ആദ്യദര്‍ശനാനുരാഗം’, ‘പ്രണയം’ തുടങ്ങിയ വാക്കുകളൊന്നും ഉപയോഗിക്കാറേയില്ല. ‘നിങ്ങള്‍ വാതില്‍ക്കടന്നു വരുന്നത് കണ്ടപ്പോളേ എന്റെ ഹൃദയമിടിപ്പ് ഇരട്ടിച്ചു,’ എന്നൊന്നും ഞാന്‍ പറയില്ല.’നീ എന്തെങ്കിലും ചോദിച്ചപ്പോളൊക്കെ ഞാന്‍ എന്തുപറയണം എന്നറിയാതെ നിന്നുപോയി,’ എന്ന് അലക്സും പറയില്ല. ‘വിടപറഞ്ഞപ്പോള്‍ നിന്നെ ചുംബിക്കണമെന്ന് ഞാന്‍ വല്ലാതെ കൊതിച്ചെന്ന്’ ഞങ്ങള്‍ രണ്ടുപേരും പറയില്ല.

എന്റെ കാര്യത്തിലാണെങ്കില്‍ ഈ ‘വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം’ എനിക്കു നിഷേധിച്ചത് ഒരു തിരച്ചിലിന്റെ “ത്രില്‍’ ആയിരുന്നു. അലക്സ് എന്നെ പിന്തുടര്‍ന്നിട്ടില്ല; നിശ്ചയം അതിന്റെ വഴിക്കു നടന്നതിനാല്‍ അദ്ദേഹത്തിനതിന്റെ ആവശ്യം വന്നിട്ടില്ല. എനിക്കാണെങ്കില്‍ പിന്നാലെ പോകാന്‍ അനുവാദവും ഇല്ലായിരുന്നു. ഞങ്ങള്‍ രണ്ടുപേരും സ്വതന്ത്രമായി തെരഞ്ഞെടുത്തതല്ലാത്തതിനാല്‍ അത്തരം തെരഞ്ഞെടുപ്പിന്റെ ആഴത്തിലുള്ള ആനന്ദങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും അനുഭവിച്ചിട്ടില്ല.

മറ്റൊരു തരത്തില്‍ എന്റെ തുല്ല്യനും പങ്കാളിയുമായ ഒരു നല്ല മനുഷ്യനെയാണ് ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. തികഞ്ഞ പ്രതിബദ്ധതയുള്ള, ഞങ്ങളുടെ രണ്ടുകുട്ടികളുടെ സ്നേഹമയനായ അച്ഛനാണ് അദ്ദേഹം. പാരമ്പര്യത്തിലും, കുടുംബത്തിലും, സംസ്കാരത്തിലും വേരൂന്നിയ സുഖകരമായ ഒരു ജീവിതമാണ് ഞങ്ങളുടേത്. അമേരിക്കന്‍ പ്രണയത്തിന്റെ മണല്‍ത്തിട്ടകളേക്കാള്‍, ഉറച്ച പാറപ്പുറത്താണ് ഞാന്‍ അടിത്തറയിട്ടതെന്ന് എന്റെ മാതാപിതാക്കള്‍ പറയും.

പക്ഷേ, നഷ്ടങ്ങള്‍ നിസ്സാരമല്ല. ഞാനും അലക്സും അവയെക്കുറിച്ചോര്‍ത്ത് ഇപ്പോളും വിഷാദിക്കാറുണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കുന്ന അപൂര്‍വ്വം അവസരങ്ങളില്‍ ഞങ്ങള്‍ മറ്റെയാള്‍ക്കുവേണ്ടി സങ്കടം പ്രകടിപ്പിക്കും: “നീയൊരു നല്ല സുഹൃത്തിനെ കല്ല്യാണം കഴിച്ചിരുന്നെങ്കില്‍”, “നിങ്ങളെ കൂടുതല്‍ ഊര്‍ജസ്വലനാക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തിയിരുന്നെങ്കില്‍”, “സ്വീകാര്യതയെ ആഹ്ളാദം പകരം വെച്ചെങ്കില്‍”, അങ്ങനെയങ്ങനെ. ഒരു ജീവിതം ഒരുക്കുക എന്നാല്‍ അതിനെ നിയന്ത്രിക്കുകയെന്നാണ്. അതിന്റെ തിരക്കഥ പുത്തന്‍പരിഷ്ക്കാരങ്ങള്‍ക്ക് ഇടമില്ലാത്തവിധം എഴുതിനിറച്ചിരിക്കുന്നു. ചെയ്യുന്തോറും പരിഷ്ക്കരിക്കുന്നത് ഒട്ടേറെ നല്ല മാറ്റങ്ങള്‍ വരുത്തുമെങ്കില്‍ക്കൂടി.

പിന്നെ, ചിലപ്പോഴൊക്കെ ഇതവസാനിപ്പിച്ചാലോ എന്ന് ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. നമ്മുടെ സംസ്കാരം ഞങ്ങളില്‍നിന്നും ആവുന്നതിലേറെ ആവശ്യപ്പെട്ടില്ലേ എന്ന് ഞങ്ങള്‍ അത്ഭുതപ്പെടാറുണ്ട്. ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് തികച്ചും അമേരിക്കക്കാരായ ഞങ്ങളുടെ കുട്ടികള്‍ ചോദിച്ചേക്കാവുന്ന ചോദ്യങ്ങള്‍ ഞങ്ങളെ ആകുലപ്പെടുത്താറുണ്ട്. പക്ഷേ, എപ്പോളും ചിലതെല്ലാം ഞങ്ങളെ പിന്തിരിപ്പിക്കുന്നു. ഒരു ജീവിതം ഒരുക്കുക എന്നാല്‍ അതിനെ സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്നതുകൂടിയാണ്. തകര്‍ച്ചയും കുഴഞ്ഞുമറിയലും തടയാന്‍ ഓരോ തുണ്ടും പെറുക്കിയടുക്കുക എന്നുമാണ്. അത് ‘ആലോചിച്ചുറപ്പിച്ച വിവാഹം’ എന്ന വാക്കുകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ കുഴപ്പം പിടിച്ച, നിരന്തര സംഘര്‍ഷമാണ്. ഇങ്ങനെയാണ് ഞങ്ങള്‍ ഞങ്ങളുടെ ജീവിതം നടത്തിക്കൊണ്ടുപോകുന്നത്. അത് നന്നായി ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.

 

(Debie Thomas holds an MFA from Ohio State University and lives in Palo Alto, Calif. Her essays have previously appeared or are forthcoming in the Kenyon Review and River Teeth: A Journal of Nonfiction Narrative. She is currently writing a memoir about arranged marriage)

 

വിവര്‍ത്തനം : പ്രമോദ് പുഴങ്കര

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍