UPDATES

jj

ഇറാനിലെ ജലകേളികള്‍

ജാസണ്‍ റെസായിയന്‍

പള്ളിയില്‍ ബാങ്ക് വിളി മുഴങ്ങുകയാണ്. പക്ഷേ കുട്ടികളും ചെറുപ്പക്കാരും ചുട്ടുപഴുത്ത കോണ്‍ക്രീറ്റ് പാതയിലൂടെ ഓടുകയാണ്; വെള്ളപ്പാത്തിയിലൂടെ ഊര്‍ന്നിറങ്ങി ഒന്നു മുങ്ങിക്കയറാന്‍. ടെഹറാനിലെ ചൂളയെ തോല്‍പ്പിക്കുന്ന ചൂടില്‍നിന്നും രക്ഷനേടാന്‍ പുതിയൊരു വഴി.

അമേരിക്കയിലെ നഗരപ്രാന്തങ്ങളില്‍ ഏറെയുള്ള ഇത്തരം ജലോദ്യാനങ്ങള്‍ (water park) ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കില്‍ പ്രചാരം നേടുകയാണ്. ഒരു വ്യത്യാസമേയുള്ളൂ, ആണിനും പെണ്ണിനും വെവ്വേറെ സമയമാണ്. കഴിഞ്ഞ 50 വര്‍ഷമായി കടുത്ത വേനല്‍ച്ചൂടില്‍ പൊള്ളുന്ന ഇറാന്‍കാര്‍ക്ക് ഈ ജലോദ്യാനങ്ങള്‍ ഒരു വരദാനം പോലെയാണ്. അതും ഉദയം മുതല്‍ അസ്തമയം വരെ നോമ്പ് നോല്‍ക്കുന്ന റമദാന്‍ നാളുകളില്‍.

വേണ്ടത്ര വിനോദോപാധികളില്ലെന്ന് ഇറാന്‍കാര്‍ക്ക് എന്നും പരാതിയായിരുന്നു. എന്നാലിപ്പോള്‍ വിശാലമായ സ്ഥലത്തോടു കൂടിയ ഈ ജലോദ്യാനങ്ങള്‍ കാണിക്കുന്നത് അധികൃതരും, സ്വകാര്യ സംരംഭകരും പുതിയ രസകേളികളുടെ കച്ചവട സാധ്യതയും മനസ്സിലാക്കി എന്നാണ്. ടെഹ്റാന്‍റെ തെക്കുപടിഞ്ഞാറന്‍ സ്ഥലത്തുള്ള അസദേഗാനിലെ ജലോദ്യാനത്തിന് ചുറ്റും കൃഷിനിലങ്ങളും, ഇസ്ളാമിക റിപ്പബ്ളിക്കിന്റെ സ്ഥാപകനായ അയതൊള്ള അലി ഖൊമേനിയുടെ വിശാലമായ ശവകുടീരവുമാണ്. ഇവിടെയാണ് 12-കാരനായ അലി ഒലിയാസദേ തീപ്പിടിച്ചപ്പോലെ വെയില്‍പരന്നോരു നേരത്ത്  വെള്ളത്തിലേക്ക് കൂപ്പുകുത്തിയത്.

വേനല്‍ക്കാലത്ത് വൈകുന്നേരങ്ങളില്‍, പുരുഷന്‍മാര്‍ക്കായി നീക്കിവെച്ച സമയത്ത് ഈ ജലോദ്യാനത്തില്‍ കുറഞ്ഞത് 2000 ചെറുപ്പക്കാരെങ്കിലും വരും. സ്ത്രീകള്‍ക്കായി വേറെ സമയമുണ്ട്. കൂട്ടമായി എത്തുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരികയാണ്. സ്ത്രീകള്‍ക്ക് മാത്രമായി സമയമുള്ളതുകൊണ്ടു അവര്‍ക്ക് സ്വതന്ത്രമായി പെരുമാറാന്‍ കഴിയും. അല്ലെങ്കില്‍ ഇറാനിലെ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് തല മുതല്‍ പാദം വരെ മറയ്ക്കുന്ന വസ്ത്രം ധരിക്കണം. (സ്ത്രീകള്‍ക്കായി നീക്കിവെച്ച സമയത്ത് പുരുഷ റിപ്പോര്‍ട്ടറേയും, ഫോടോഗ്രാഫറേയും ഉദ്യാന അധികൃതര്‍ അകത്തു കടക്കാന്‍ അനുവദിച്ചില്ല)

പ്രവേശനത്തുക ഒരാള്‍ക്ക് 40,000 റിയാലാണ് (1.60 ഡോളര്‍). ഇത് മിക്ക ഇറാന്‍കാര്‍ക്കും താങ്ങാനാവുന്ന തുകയാണ്. എന്നാല്‍ വിലക്കയറ്റവും വരുമാനം കൂടാതിരിക്കലും മൂലം മിക്ക ഇറാന്‍ കുടുംബങ്ങള്‍ക്കും ഇത്തരം വിനോദാവസരങ്ങള്‍ ചുരുങ്ങി വരികയാണ്.

“കഴിഞ്ഞ വര്‍ഷം ഞാന്‍ എല്ലാ ആഴ്ച്ചയും ഇവിടെ വന്നിരുന്നു. എന്നാല്‍, ഈ വര്‍ഷം കാശ് കൂട്ടി. ഇത്തവണ ഞാന്‍ ആദ്യമായാണ് വരുന്നത്,” ഒലിയാസദേ പറഞ്ഞു. അയാളുടെ വീട് ഉദ്യാനത്തിന് അയല്‍പ്പക്കത്താണ്.

വിദേശ തീര്‍ഥാടകര്‍ ഏറെ സന്ദര്‍ശിക്കുന്ന ഇറാനിലെ വിശുദ്ധനഗരമായ മശ്ഹാദില്‍ നിലവില്‍ മൂന്നു ജലോദ്യാനങ്ങളുണ്ട്. തെക്കന്‍ നഗരമായ അഃവേസില്‍ ഈ ശൈത്യകാലത്ത് ഒരെണ്ണം തുറന്നു. വടക്കന്‍ നഗരമായ തബ്രീസില്‍ വരുന്ന ആഴ്ച്ചകളില്‍ ഒരെണ്ണം തുറക്കാനിരിക്കുന്നു. വിശുദ്ധ നഗരമായ ക്വോമില്‍ ഇത്തരമൊരു ജലോദ്യാനത്തിന്റെ പണി നടക്കുകയാണ്. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ജലോദ്യാനമായിരിക്കും ഇതെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

പുതിയ പ്രസിഡണ്ട് റൌഹാനിയുടെ ഭരണത്തില്‍ ഇത്തരം വിനോദപരിപാടികളോട് അധികൃതര്‍ കൂടുതല്‍ അയഞ്ഞ സമീപനമായിരിക്കും കൈക്കൊള്ളുക എന്നും നിരീക്ഷകര്‍ കരുതുന്നുണ്ട്.

“വിനോദവും, രസകരമായ സന്തോഷങ്ങളും മനുഷ്യരില്‍ പ്രതീക്ഷയും മാനസികാരോഗ്യവും വളര്‍ത്തുന്നു. അതവരില്‍നിന്നും എടുത്തുമാറ്റിയാല്‍ ജനങ്ങള്‍ നിരാശാബാധിതരും, അസന്തുഷ്ടരും ആകും. അതവരുടെ സാമൂഹ്യ പെരുമാറ്റത്തെയും ബാധിക്കും,” കെര്‍മാന്‍ഷാ സര്‍വ്വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിഭാഗം ഗവേഷകന്‍ ബെഹ്നാമ് ഖലേഡി പറഞ്ഞു.

അസദേഗാനില്‍ തൊഴില്‍രഹിതരായ നിരവധി ചെറുപ്പക്കാര്‍ സമയം പോക്കാന്‍ വരുന്നുണ്ട്.  ക്രമസമാധാനം സൂക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും. “മിക്ക ആഴ്ച്ചകളിലും ഇവിടെ ചെറിയ കശപിശകള്‍ ഉണ്ടാകും. അതുകൊണ്ടു ഒരു മേല്‍നോട്ടത്തിന് ആരെങ്കിലും ഉള്ളത് നല്ലതാണ്,” എന്നാണ് ഉദ്യാനത്തിന്റെ മേല്‍നോട്ടക്കാരന്‍ മജീദ് ഷംഷീറി  പറയുന്നത്.

മസൂദ് ഷാദും സയീദ് അഹ്മദിയും ഒന്നിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ ഒന്നിച്ചു തൊഴില്‍ നഷ്ടപ്പെട്ടവരും. ഉദ്യാനത്തിലെ പതിവുകാരാണവര്‍. “വേറൊന്നും ചെയ്യാനില്ല,” എന്നാണ് ഷാദ് പറയുന്നത്. അവിവാഹിതരായ മിക്ക ഇറാന്‍കാരെയും പോലെ ഇവരും മാതാപിതാക്കളോടൊപ്പമാണ് താമസം. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഉയരുമ്പോള്‍ ദിശാരാഹിത്യത്തിന്  ഈ ഉദ്യാനങ്ങള്‍ ഒരു ലക്ഷ്യസ്ഥാനമാണ്. അസദേഗാനിലെ ജലോദ്യാനത്തില്‍ ഒരുദിവസം തിമര്‍ത്തെങ്കിലും ഇരുവരും പറയുന്നത് അവര്‍ക്കിഷ്ടം  പാഴ്സ് അക്വാ വില്ലേജ് എന്ന ചെലവുകൂടിയ സ്വകാര്യ ജലോദ്യാനമാണെന്നാണ്.  പക്ഷേ രണ്ടുപേരുടെയും കയ്യില്‍ അവിടെ ചെലവഴിക്കാന്‍ വേണ്ട പണമില്ല. “അവിടെ സൌകര്യങ്ങള്‍ കുറെക്കൂടി ഗംഭീരമാണ്. പക്ഷേ വെറുതെ വീട്ടിലിരിക്കുന്നതിനെക്കാള്‍ നല്ലതാണിത്,”അഹ്മദി പറഞ്ഞു.

15,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ സമുച്ചയത്തില്‍ കൃത്രിമ ഈന്തപ്പനകളും, വഞ്ചികള്‍ പോലുള്ള ഭക്ഷണശാലയും, വെള്ളപ്പാത്തികളും, കൃത്രിമ തടാകവും എല്ലാമുണ്ട്. എല്ലാം തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. പണി പൂര്‍ത്തിയാകുന്നതോടെ ഈ സമുച്ചയത്തില്‍ ഒരു ഹോട്ടലും ഷോപ്പിങ് മാളും കൂടിവരും. ഇളവുനല്‍കുന്ന ടിക്കറ്റിന്നുപോലും ഒരാള്‍ക്ക് 8ഡോളര്‍ വരും. അസദേഗാനിലേക്കാള്‍ അഞ്ചിരട്ടി. വിഷമം നിറഞ്ഞ സാമ്പത്തിക ചുറ്റുപാടില്‍ ഇത് നിസ്സാരതുകയല്ല. എന്നാല്‍ ഒരുദിവസം ശരാശരി അസദേഗാനിലെ അത്രതന്നെ ആളുകള്‍ ഇവിടെയും (പാഴ്സ് അക്വാ വില്ലേജ്) വരുന്നു എന്നാണ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്. ഉദ്യാനം നിര്‍മ്മിക്കാനും, നടത്തിക്കൊണ്ടുപോകാനും ഇസ്ളാമിക റിപ്പബ്ലിക്കിലെ നിയന്ത്രണങ്ങള്‍വെച്ചു അനുമതി കിട്ടുക പ്രയാസമായിരുന്നെങ്കിലും, കച്ചവടം ലാഭകരമാണെന്നാണ് പാഴ്സ് അക്വാ വില്ലേജ് ഡയറക്ടര്‍ അലി പൂയാണ്‍ പറഞ്ഞത്. മാത്രമല്ല,“തീര്‍ത്തൂം മതനിഷ്ഠരായ ആളുകള്‍ക്കും ഇതൊരു ആകര്‍ഷണകേന്ദ്രമാണ്, കാരണം ആണുങ്ങളും പെണ്ണുങ്ങളും കൂടിക്കലരുന്നില്ല.” ജലകേളികളിലെ  ആണ്‍-പെണ്‍ തടയണകള്‍ ഇനി എത്രനാള്‍കൂടി  ഭദ്രമാണ് !

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍