UPDATES

ഇന്ത്യ

ആരും പറയാത്ത ഡല്‍ഹി കഥകള്‍

മറ്റെങ്ങും വായിക്കാത്ത, പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളുമായി അഴിമുഖത്തില്‍ വിജയ് ചൌക്ക് ആരംഭിക്കുന്നു.
 
 
വിജയ് ചൌക്ക്
രാഷ്ട്രപതിഭവനില്‍ നിന്ന് രാജ്പഥ് വഴി മുന്നോട്ട് നീങ്ങിയാല്‍ ഇരുവശവും സൗത്ത്, നോര്‍ത്ത് ബ്‌ളോക്കുകളാണ്. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രിമാര്‍ ഇരിക്കുന്ന സൗത്ത് ബ്‌ളോക്കും അഭ്യന്തരവകുപ്പ്, സാമ്പത്തിക കാര്യവകുപ്പ് മന്ത്രിമാരുടേയും അസ്ഥാനമായ നോര്‍ത്ത് ബ്‌ളോക്കും. റെയ്‌സിനാകുന്നിന്‍ ചുവട്ടിലാണ് വിജയ്ചൗക്ക്. ഇന്ത്യന്‍ജനാധിപത്യത്തിന്റെ കൈവഴികള്‍ ഒഴുകി എത്തുന്ന സംഗമഭൂമി. 
 
ഇടത് ഭാഗത്തേക്ക് നോക്കിയാല്‍ പാര്‍ലമെന്റും ചുറ്റും പ്രധാന സര്‍ക്കാര്‍ ഓഫീസുകളും. മുന്നോട്ട് നോക്കിയാല്‍ കാഴ്ച മുട്ടിനില്‍ക്കുന്നത്, ഒന്നാംലോക മഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധങ്ങളിലും കൊല്ലപ്പെട്ട ഇന്ത്യന്‍പട്ടാളക്കാരുടെ പേരുകള്‍ കൊത്തിവച്ച ഇന്ത്യാഗേറ്റും. ഇതിന് താഴെ അമര്‍ജവാന്‍ ജ്യോതി.
 
എല്ലാ ജനുവരി 29 നും വൈകുന്നേരം ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ ഗര്‍വ് വിളിച്ചോതുന്ന ബീറ്റിംഗ് ദ റിട്രീറ്റ് നടക്കുന്നത് ഈ വിജയ്ചൗക്കിലാണ്. നിറപ്പകിട്ടാര്‍ന്ന വസ്ത്രവും കുളിര്‍മഴ പെയ്യിക്കുന്ന സംഗീതവുമായി ഡല്‍ഹി ഈ മഞ്ഞുകാലത്ത് ആഘോഷത്തില്‍ മതിമറക്കും. റിപ്പബ്‌ളിക് ദിന ആഘോഷങ്ങളുടെ കൊട്ടിയിറക്കമാണ് ഇവിടെ നടക്കുന്നതെങ്കിലും ഉത്സവങ്ങളൊന്നും ഇവിടെ അവസാനിക്കില്ലെന്നതാണ് വാസ്തവം. 
 
മുഖ്യധാരാ മാധ്യമങ്ങള്‍ വിഴുങ്ങുന്നതോ വിട്ടുകളയുന്നതോ ആയ പച്ചസത്യം വിളിച്ച് പറയാനുള്ള വേദി കൂടിയാണ് വിജയ് ചൌക്ക്. 
 
 
ഓരോ കൈയിലും ഓരോ ഫോണ്‍
 
അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന യു.പി.എ സര്‍ക്കാരിന്റെ അടുത്ത തുറുപ്പ് ചീട്ട് മൊബൈല്‍ ഫോണ്‍. തൊഴിലുറപ്പ് പദ്ധതിയും കടമെഴുതിത്തള്ളലും നടത്തി ജനത്തെ കൈയിലെടുത്ത് രണ്ടാം യു.പി.എ പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ് മൂന്നാംവട്ടത്തിനുള്ള തയാറെടുപ്പിലാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് ശേഷം ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാനാണ് ഇപ്പോഴുള്ള ആലോചന. 
 
പതിനായിരം കോടിയോളം രൂപ ഈ പദ്ധതിക്ക് വേണ്ടി ചെലവായേക്കും എന്നാണ് സൂചന. ഇക്കാര്യം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ സാമ്പത്തിക മാന്ദ്യവും രൂക്ഷമായ ധന കമ്മിയും അനുഭവപ്പെടുന്ന യു.പി.എ പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. 
 
പ്രിയങ്ക വരുന്നു
നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയുമായുള്ള പോരാട്ടമാണ് 2014 സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. പുറത്ത് വരുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബി.ജെ.പിക്കാണ് മേല്‍ക്കൈ. ഹിന്ദി മേഖല പരുങ്ങലിലാണെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
 
ഉത്തര്‍പ്രദേശിലെ സീറ്റുകളുടെ എണ്ണംകൂട്ടുക മാത്രമാണ് ഭരണം നിലനിര്‍ത്താനുള്ള പോംവഴി. നിലവില്‍ പത്ത് സീറ്റില്‍ ഒതുങ്ങി നില്‍ക്കുന്ന ബി.ജെ.പി. സീറ്റുകളുടെ എണ്ണം നാലിരട്ടിയാക്കിയാല്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പി.യുടെ തേരോട്ടത്തിന് ചെക്ക് പറയാന്‍ പ്രിയങ്കാഗാന്ധിയെ ഇത്തവണ അങ്കത്തട്ടില്‍ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചന.  
 
തുറുപ്പുഗുലാനായി മോദി യു.പിയില്‍ ഇറക്കിയിരിക്കുന്ന അമിത്ഷായെ നിഷ്പ്രഭനാക്കാന്‍ പ്രിയങ്കയുടെ രംഗപ്രവേശനത്തിന് കഴിയും. പ്രിയങ്ക റായ്ബറേലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും സോണിയാ ഗാന്ധി തെരഞ്ഞെടുപ്പു രംഗത്തു നിന്ന് പിന്‍വാങ്ങിയേക്കുമെന്നും സൂചനകളുണ്ട്.  
 
കുടുംബ പ്രശ്നം മാത്രമോ? 
രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ കുടുംബം പൊട്ടിത്തെറിയുടെ വക്കിലെന്നാണ് ഡല്‍ഹിയിലെ ചില അടക്കം പറച്ചിലുകള്‍. കുടുംബത്തിലെ വിവാദ പുരുഷന്‍ കൂടിയായ ആള്‍ ദക്ഷിണ ഡല്‍ഹിയിലെ കുത്തബ് മിനാര്‍ ഭാഗത്ത് താമസിക്കുന്ന ഒരു യുവതിയുമായി പ്രണയത്തിലാണ് എന്നതാണ് ഇതിന്റെ ഉള്ളടക്കം. ഇടയ്ക്കിടെ കാമുകിയെ കാണാനെത്തുന്നത് ചിലരൊക്കെ അറിഞ്ഞതോടെ ഇത് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 
 
വിദേശ യാത്രകളിലും കമ്പക്കാരനായ ഇയാള്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ തങ്ങുന്നത് കുറവാണത്രെ. അതിനു പകരം ദുബായ് കേന്ദ്രമാക്കിയാണ് ഇപ്പോള്‍ കുടുംബ ബിസിനസുകള്‍ നോക്കി നടത്തുന്നതെന്നുമാണ് സൂചനകള്‍. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായതോടെ കുടുംബവുമായി അടുപ്പമുള്ള ചില വന്‍ സ്രാവുകള്‍ തന്നെ മധ്യസ്ഥ ശ്രമങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്നും അറിയുന്നു. 
 
വമ്പന്‍മാര്‍ ഇനിയും
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐ.ബി സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാറിന്റെ പങ്കിനെ സംബന്ധിച്ചും ഇയാളെ കേസില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചും ഐ.ബി – സി.ബി.ഐ തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ രാജേന്ദ്ര കുമാറിനും മുകളിലുള്ള ഒരുദ്യോഗസ്ഥനാണ് സംഭവത്തിലെ യഥാര്‍ഥ കണ്ണി എന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. 
 
രാജേന്ദ്ര കുമാറിന്റെ മേല്‍ പിടിവീണാല്‍, ഡല്‍ഹിയില്‍ ഐ.ബിയുടെ കേന്ദ്ര ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ഇയാളിലേക്കും അന്വേഷണം നീളുമെന്ന് ഭയക്കുന്നവര്‍ നിരവധിയുണ്ട്. ഗുജറാത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന പല വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഇന്റലീജന്‍സ് ഏജന്‍സിയുടേതായി നല്‍കിയ വിവരങ്ങള്‍ക്കു പിന്നില്‍ ഈ ഉദ്യോഗസ്ഥനായിരുന്നുവെന്ന് അറിയുന്ന നിരവധി പേരുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ അടുപ്പക്കാരനും കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍. അതുകൊണ്ടു തന്നെ ഇളുടെ പങ്ക് പൊതുജന മധ്യത്തിലെത്തിയാല്‍ അത് മോദിയിലേക്കും കൂടി നീണ്ടേക്കാമെന്നും അറിയുന്നു. മോദി പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുകയാണ് ഈ ഉദ്യോഗസ്ഥനും രാജേന്ദ്ര കുമാറുമൊക്കെ. അതിനു മുമ്പ് ഈ ഉദ്യോഗസ്ഥനിലേക്ക് എത്താന്‍ സി.ബി.ഐക്കു കഴിയുമോ? 
 
വീണ്ടും റാഡിയ
2ജി സ്‌പെക്ട്രം അഴിമതിയും മറ്റുമുണ്ടാക്കിയ വിവാദങ്ങളിലെ പ്രധാന പേരുകളിലൊന്നായിരുന്നു നീരാ റാഡിയ. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ ബിസിനസ് രംഗത്തു നിന്ന് പിന്മാറുകയാണെന്ന് ഒരു വര്‍ഷം മുമ്പ് അവര്‍ പ്രസ്താവിച്ചിരുന്നു. ടാറ്റയും മുകേഷ് അംബാനിയുമൊക്കെ അടങ്ങുന്ന വമ്പന്മാരായിരുന്നു നീരയുടെ വൈഷ്ണവി കമ്യൂണിക്കേഷന്‍സിന്റെ ക്ളൈന്റസ്. വൈഷ്ണവി കമ്യൂണിക്കേഷന്‍സ് അടച്ചു പൂട്ടി, രംഗം വിടുകയാണെന്ന് നീരാ റാഡിയ പ്രസ്താവിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് അറിയുന്നത്. അവര്‍ വീണ്ടും ലോബീംഗ് അടക്കമുള്ള കാര്യങ്ങളില്‍ സജീവമായതായാണ് സൂചനകള്‍. ഡല്‍ഹിയുടെ ഒരു ഉപഗ്രഹ നഗരം കേന്ദ്രീകരിച്ചാണത്രെ അവരുടെ രണ്ടാം ഘട്ട വരവ്. 
 
മറ്റൊന്ന്, നീരാ റാഡിയ ടേപ്പുകള്‍ രാജ്യത്തുണ്ടാക്കിയ കോളിളക്കങ്ങള്‍ ചില്ലറയല്ല. അതിന്റെ അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടുമില്ല. എന്നാല്‍ ആദായ നികുതി വകുപ്പ് ചോര്‍ത്തിയെടുത്ത ടെലിഫോണ്‍ സംഭാഷണങ്ങള്‍ മാസങ്ങളോളം അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ടായിട്ടും ആരും കാര്യമായ നടപടികളൊന്നും എടുത്തില്ല. ഈയടുത്ത് സുപ്രീം കോടതി തന്നെ ഇക്കാര്യം ആരായുകയും ചെയ്തിരുന്നു. ടേപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ ഇതിനകം തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇനിയും പുറത്തു വരാനായി ചില പേരുകള്‍ ഉണ്ടെന്നും രാജ്യത്തെ മാധ്യമ, ബിസിനസ്, ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയിലെ പല പ്രമുഖര്‍ക്കും ഉറക്കം നഷ്ട്ടപ്പെടുത്തുന്നതാണ് അവയെന്നും അന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കുന്നു. സംഭാഷണങ്ങള്‍ ഒഴിച്ചാല്‍, ക്രിമിനല്‍ ഗൂഡാലോനയ്ക്ക് കേസെടുക്കാന്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നുമില്ല. എന്നാല്‍ കാര്യങ്ങള്‍ മറ്റു വഴിക്കു നീങ്ങിക്കൂടായ്കയില്ല എന്നഭിപ്രായമുള്ള നിയമ വിദഗ്ധരുമുണ്ട്. അങ്ങനെയെങ്കില്‍ പല പുലികളും വെള്ളം കുടിക്കും. 
 
ബട്ല ഹൌസില്‍ സംഭവിച്ചത്
ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഡല്‍ഹി കോടതിയുടെ വിധി ഈയിടെ വന്നു. ഏറ്റുമുട്ടലിനിടെ ഇന്‍സ്‌പെക്ടര്‍ എം.സി ശര്‍മയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഷഹ്‌സാദ് അഹമ്മദിനെ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. കേസില്‍ വാദപ്രതിവാദം നടന്നെങ്കിലും മുഴുവന്‍ നടന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല. 
 
ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും മുംബൈ ക്രൈംബ്രാഞ്ചും തമ്മില്‍ ബട്‌ല ഹൗസ് ‘ഓപറേഷന്‍’ സംബന്ധിച്ചുണ്ടായ മൂപ്പിളമ തര്‍ക്കമാണ് അതില്‍ പ്രധാനപ്പെട്ടത്. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപ്പെട്ട കേസുകളില്‍ മുംബൈ ക്രൈം ബ്രാഞ്ച് പലപ്പോഴും ‘സ്കോര്‍’ ചെയ്യുന്നതില്‍ അത്ര വലിയ താത്പര്യം ഇല്ലാത്തവരാണ് ഐ.ബിയും ഡല്‍ഹി സ്പെഷ്യല്‍ സെല്ലും.  
 
ഡല്‍ഹിയില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ ആദ്യ തുമ്പ് ലഭിച്ചതും മുംബൈ ക്രൈം ബ്രാഞ്ചിനാണ്. ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ആതിഫ് അമീന്‍ ആയിരുന്നു മുംബൈ പോലീസിന്റെ നോട്ടപ്പുള്ളി. ആതിഫ് തന്റെ സുഹൃത്തായ പെണ്‍കുട്ടിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ചുവടു പിടിച്ചായിരുന്നു അവരുടെ നീക്കം. ആതിഫ് താമസിച്ചിരുന്ന ബട്‌ല ഹൗസിലെ എല്‍-18 ഫ്‌ളാറ്റ് മുംബൈ പോലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ തലേ രാത്രി വെളുപ്പിനെ മൂന്നു മണിയോടെ അതീഫ് പെണ്‍കുട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് ചോര്‍ത്തി. താന്‍ ഡല്‍ഹി വിടുന്നുവെന്നും അതിനു മുമ്പ് കാണണമെന്നും പിറ്റേന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ഐ.എസ്.ബി.ടിയില്‍ വച്ച് കാണാമെന്നുമായിരുന്നു സംഭാഷണത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് ഐ.എസ്.ബി.ടിയില്‍ വച്ച് ആതിഫിനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ മുംബൈ പോലീസ് പൂര്‍ത്തിയാക്കി. എന്നാല്‍ വിവരം ഐ.ബി വഴി ഇതിനകം ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറിഞ്ഞു. മുംബൈ പോലീസ് ഡല്‍ഹിയിലെത്തി ഇത്തരമൊരു നീക്കം നടത്തുന്നതിനോട് എതിര്‍പ്പുള്ള സ്‌പെഷ്യല്‍ തിരക്കിട്ട് നടത്തിയ നീക്കമായിരുന്നു ബട്‌ല ഹൗസ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍