UPDATES

കേരളം

നെഹ്രു ട്രോഫി വള്ളംകളി : കാണാക്കാഴ്ചകള്‍

ചിത്രങ്ങളും എഴുത്തും  
കെ.ജി.ബാലു, ബിജോയ് തോമസ്
 
 
എപ്പോള്‍ തുറക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത തണ്ണീര്‍മുക്കം ബണ്ടുവഴിയാണ് ഞങ്ങള്‍ നെഹ്‌റു ട്രോഫി വളളംകളി കാണാനെത്തിയത്. കളികാണാന്‍ വരുന്നവര്‍ക്കായി കൃത്യമായ ദിശാസൂചനകളില്ലാത്തതിനാല്‍ വഴി ചോദിച്ച് ചോദിച്ചും മുമ്പേപോകുന്ന വാഹനത്തെ പിന്തുടര്‍ന്നും പലവഴി കയറിയിറങ്ങി ഒടുവില്‍ സ്റ്റാര്‍ട്ടിങ് പോയന്റിനും മുമ്പില്‍ വള്ളക്കാര്‍ ഒരുങ്ങുന്ന കരയില്‍ എത്തിച്ചേര്‍ന്ന ഞങ്ങളെ വരവേറ്റത് പ്രദേശവാസിയായ മേരി ചേച്ചിയുടെ തെറിയായിരുന്നു. 
തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ഞങ്ങളെ ചേച്ചി തിരിച്ചു വിളിച്ചു. 
‘നിങ്ങളെയല്ല മക്കളെ… അവമ്മാരെയാ… ഇത്രയും ജനങ്ങള് വരുന്നതാ… എന്നാ ഇതിനെന്തേലും ഒരു സംവിധാനമോണ്ടാക്കേണ്ടേ…’ എന്നു പറഞ്ഞ് അവര്‍ കൈ ചൂണ്ടിയപ്പോഴാണ് കണ്ടത്. അവരുടെ വീട്ടിലെ ബാത്ത്‌റൂമിനു പുറത്ത് ഒരോ ബക്കറ്റുവെള്ളവുമായി ഊഴം കാത്തുനില്‍ക്കുന്ന കൈക്കരുത്തുള്ള തുഴച്ചില്‍കാരുടെ നീണ്ടനിര.  
ഇവിടുന്നാകാം എന്നുകരുതി ക്യാമറ ഫോക്കസു പിടിച്ചപ്പോഴാണ് തുഴച്ചിലുകാരുടെ കണ്ണുകള്‍ ശ്രദ്ധിച്ചത്. പടം വേണ്ട. 
എന്നാല്‍ മേരിച്ചേച്ചിയില്‍ നിന്നാകാമെന്നു കരുതി തിരിഞ്ഞപ്പോള്‍.
‘വേണ്ട മക്കളെ… ഫോട്ടോയൊന്നുമെടുക്കേണ്ട.. നിങ്ങളു പത്രക്കാരാണേല്‍ ഇതും പറയണം. ഞങ്ങള് ഇവിടെത്തന്നെ ജീവിക്കുന്നവരാ… നിങ്ങളുവന്ന് ഇതൊക്കെ ഇങ്ങനെ വൃത്തിക്കേടാക്കിയാല്‍ ഞങ്ങളു മാത്രമേ ഒണ്ടാവൊളളൂ, താങ്ങാന്‍. ഇത്രേം ജനം വരുമ്പോ, പരിപാടി നടത്തുന്നവര്‍ ഇതിനും കൂടി ഒരു മാര്‍ഗ്ഗം കണ്ടെത്തണം.’  ആവര്‍ത്തനങ്ങളുടെ വിരസതയില്‍ വള്ളംകളിയുടെ എല്ലാ ബഹളങ്ങളെയും പുറകിലുപേക്ഷിച്ച് മേരി ചേടത്തി അവരുടെ ചെറിയ വീട്ടിനുള്ളിലേക്ക് കയറി.
  
ആര്‍പ്പോ….യ്.. യ്‌റോ യ്‌റോ യ്‌റോ….
 
ഒരുങ്ങിയ തുഴച്ചിലുകാര്‍ ‘എന്നാപ്പിന്നെ തുടങ്ങിയേക്കാ’മെന്നഭാവത്തില്‍ ആര്‍പ്പുവിളികളോടെ ഞങ്ങളെ കടന്നു പോയി. 
 
തെങ്ങിന്‍ ചുവടുകളും വീടുകളുടെ മുറ്റങ്ങളില്‍ നിന്നും വള്ളങ്ങളുടെ ക്യാപ്റ്റന്മാര്‍ തുഴക്കാര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. 
 
 
‘ഇതുവരെ നമ്മള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന്റെ ഫലത്തിനു വേണ്ടിയാണ് നമ്മള്‍ മത്സരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍, നിങ്ങളുടെ കരുത്തിന്റെ, ഊര്‍ജത്തിന്റെ എല്ലാ അംശവുമെടുത്ത് ടീമിനുവേണ്ടി തുഴയെറിയുക. വിജയം നമ്മുടെ കൂടെയായിരിക്കും.’ – വള്ളംകളിക്കു തൊട്ടുമുമ്പ് ടീം അംഗങ്ങള്‍ക്ക് ടീം ക്യാപ്റ്റന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
 
 
‘ന്നാ പോവല്ലേ…’ – അണിയത്തിരിക്കുന്നയാള്‍ വള്ളത്തില്‍ എല്ലാവരും കയറിയോയെന്ന് നോക്കുന്നു.
 
അവിടെ നിന്നും സ്റ്റാര്‍ട്ടിംഗ് പോയിന്റ് തേടി റോഡിലേക്കിറങ്ങിയപ്പോഴാണ് ആലപ്പാട് ചെമ്പുംപുറം നര്‍ബോന ബോട്ട് ക്ളബിലെലെ 30 – 35 തുഴക്കാരുടെ ഓടി വള്ളത്തിലെ പ്രധാന തുഴച്ചില്‍ക്കാരിലൊരാളായ ആന്റണി ചേട്ടനെ കണ്ടുമുട്ടിയത്. വള്ളംകളിയുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് അദ്ദേഹം ചെറിയൊരു വിവരണം തന്നു.
 
‘പ്രധാനപ്പെട്ട വള്ളം ചുണ്ടന്‍വള്ളമാണ്. 85 – 100/110 പേരൊക്കെ ചിലപ്പോ വള്ളത്തില്‍ കാണും. പത്ത് നിലക്കാര്, എണ്‍പത് തുഴച്ചില്‍കാര്, പങ്കായക്കാര്‍ അഞ്ച്, ഇടിക്കാരുള്‍പ്പെടെ താളത്തിന് അഞ്ച്. ഇത്രയുമാള്‍ക്കാര്‍ ചുരുങ്ങിയത് കാണും. നൂറ് പേരുടെ ചുണ്ടന്‍വള്ളം ഒരു ട്രയല്‍ നടത്താന്‍ പോലും നാല്‍പ്പതാള്‍ക്കാര്‍ വേറെ വേണം. അതായത്, മൊത്തം ചുണ്ടന്‍വള്ളം ഒന്ന് ട്രയല്‍നടത്തല്‍ നൂറ് നൂറ്റിനാപ്പത് ആള്‍ക്കാരുടെ പണിയാണ്. ഇവര്‍ക്കു ഭക്ഷണം, വസ്ത്രം അങ്ങനെ ചെലവ് പിന്നെയും കെടക്കാണ്.’
 
ചെലവാര് വഹിക്കും ? 
‘ബോട്ടു ക്ളബുകാര്‍, അവര്‍ക്കു സ്‌പോണ്‍സര്‍മാരുണ്ടാകും. പിന്നെ ഞങ്ങള് സെന്റ് ആന്റണി പള്ളിക്കുവേണ്ടിയാണ് തൊഴയുന്നത്. അത് നേര്‍ച്ചയായിട്ടല്ല. ഞങ്ങടെ കര, ഞങ്ങടെ പള്ളി, ഞങ്ങള് മത്സരിക്കും. ജയവും തോല്‍വിയും പിന്നെത്തെ കാര്യം’ – കുരിയാക്കേസ് നിലപാടറിയിച്ചു.
 
‘ഇത്തവണ ലുലുവും സ്‌റ്റേറ്റു ബാങ്കും സ്‌പോണ്‍സര്‍മാരായുണ്ട്’ ഇടയ്ക്ക് വര്‍ഗ്ഗീസ് എറ്റെടുത്തു. ‘ഒരു ദിവസത്തെ ട്രയലിന് തന്നെ പത്ത് നാപ്പതിനായിരം രൂപ ചെലവുണ്ട്. ഒരു ചുണ്ടന്‍ വള്ളത്തിന് കളി തീരുമ്പോഴേക്ക് എങ്ങനെ നോക്കിയാലും ലക്ഷങ്ങള് ചെലവുവരും. മൊത്തത്തില്‍ കോടികള്‍ മറിയും. അങ്ങനെ കൊറഞ്ഞത് പതിനഞ്ച് ദിവസത്തെ ട്രയലെടുക്കണമെന്നാണ് കണക്ക്. ട്രയല് നോക്കാന്‍ ബോട്ട് ക്ളബുകാരുവരും. കൂടുതല്‍ ട്രയലെടുക്കാനും പാടില്ല.’
 
 
ആലപ്പാട് ചെമ്പുംപുറം നര്‍ബോന ബോട്ട് ക്ളബിലെ തുഴച്ചില്‍കാരായ കെ.കുരിയാക്കോസ്, വര്‍ഗീസ് പി.വി, ജെയിംസ്, ആന്റണി ജെ. എന്നിവര്‍. വര്‍ഗീസിന് അലുമിനിയം ഫാബ്രിക്കേഷന്റെ ജോലിയാണ്. മറ്റു മൂന്നുപേരും കൃഷിക്കാര്‍.
 
ഇവരുടെ കൂടെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രത്തോടൊപ്പം സ്റ്റാര്‍ട്ടിങ്ങ് പോയന്റിലേക്ക് – ‘അമ്പത്തിരണ്ടില് ആലപ്പുഴ കാണാവേണ്ടി പണ്ഡിറ്റ് നെഹ്‌റുവന്നപ്പോ ഞങ്ങള് കരക്കാരൊക്കെചേര്‍ന്ന് അങ്ങേര്‍ക്ക് ഒരു സ്വീകരണം കൊടുത്തു. ഈ പുന്നമടക്കായലില് വച്ച്. കരക്കാരുടെ ചുണ്ടന്‍ വള്ളങ്ങളു മൊത്തം അന്ന് കായലില്‍ നിരന്നു. നെഹ്‌റൂനെ കണ്ടതും എല്ലാവരും ആവേശത്തേടെ തുഴയാനാരംഭിച്ചു. ഞങ്ങടെയൊക്കെ അപ്പമ്മാരുടെ കാലത്തെകഥയാ…’ 
 
വര്‍ഗീസിന്റെ കണ്ണുകളില്‍ ഓര്‍മകള്‍ തങ്ങി നിന്നു. ‘അന്ന് ഒന്നാം സ്ഥാനം കിട്ടിയ ചുണ്ടന് അങ്ങേര് ഒരു ചെറിയ ചുണ്ടന്‍ വള്ളം സമ്മാനിച്ചു. പിന്നെ വെള്ളിയില്‍ പണിത ഒരെണ്ണം അങ്ങ് ഡെല്ലീന്ന് കൊടുത്തയച്ചു. നെഹ്‌റു മരിച്ചപ്പോ അതുവരെ വിളിച്ചിരുന്ന പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി ഞങ്ങളങ്ങ് മാറ്റി. നെഹ്‌റു ട്രോഫിയാക്കി.’
 
പോകും വഴി എറണാകുളം ചേപ്പനത്ത് നിന്നെത്തിയ കണ്ണനെയും സംഘത്തെയും കണ്ടു. 
 
 
കണ്ണനും സുഹൃത്തുകള്‍ക്കും വള്ളംകളി ‘സീസണ്‍’ വരുമാനമാണ്. പുന്നമടക്കായലിലെ വള്ളംകളിയോടെ തുടങ്ങും കേരളത്തിലെ ടൂറിസം സീസണ്‍. – ‘മഴ ഒന്നു മാറിനിക്കുമ്പോള്‍ ശരീരം ചൂടാക്കാന്‍ പറ്റിയത് വള്ളം കളിയാണെന്നാണ് കണ്ണന്റെ അഭിപ്രയം. ട്രയല്‍ ദിവസങ്ങളില്‍ ഭക്ഷണത്തിന് പുറമേ പത്തറുന്നൂറ് രൂപ കിട്ടും. മത്സര ദിവസം അതിലും കൂടും. പിന്നെ ജയിച്ചാല്‍ അതുവഴി ഒരു സംഖ്യമറിയും. ഇതിനൊക്കെ പുറമേ എല്ലാമൊരു ഓളമല്ലേ…’ കണ്ണന്‍ പ്രായത്തിന്റെ ആവേശം മറച്ചുവച്ചില്ല. 
 
അവിടെ നിന്ന് സ്റ്റാര്‍ട്ടിങ്ങ് പോയന്റിലേക്ക്…
 
സ്റ്റാര്‍ട്ടിങ്ങ് പോയന്റില്‍ ആവേശത്തിന്റെ തിരമാലകളിലായിരുന്നു, ജാനമ്മ ചേച്ചി.
 
 
രേവതിയുടെ വയറ്റില്‍ പിറന്ന പിള്ളനന്തന്‍ തന്റെ 
തകതെയ് തകതെയ് തകതെയ് തകതെയ് തിത്തെയ്…
 
ആയാമ്പറമ്പില്‍ നിന്നാണ് അറുപത്താറാം വയസിലും ജാനമ്മചേച്ചി ആവേശം ചോരാതെ പുന്നമടക്കായലില്‍ തുഴയെറിയാനെത്തിയത്. പ്രായത്തിന്റെ അവശത അറിയാവുന്നതുകൊണ്ട് ജാനമ്മചേച്ചി മത്സര വള്ളത്തില്‍ കേറുന്നില്ല. എന്നാല്‍ പ്രദര്‍ശന വള്ളത്തില്‍ താനും തുഴയെറിയുമെന്ന് ചേച്ചി ഉറപ്പിച്ചു പറഞ്ഞു. 
 
‘ഞങ്ങടെ നിയോജകമണ്ഡലമായ ഹരിപ്പാട് നിന്നാണ് ഏറ്റവും കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങളുള്ളത്’. വി.പുരം സുകുമാരന്‍ അവകാശപ്പെട്ടു. പഞ്ചമി ബോട്ട് ക്ളബ് അംഗമാണ് സുകുമാരന്‍. ‘കരുവാറ്റ, ചെറുതന, വി.പുരം, തൃക്കുന്നപുരം ദേശം എന്നീ ദേശങ്ങളില്‍ നിന്നായി കരുവാറ്റ, ശ്രീ ഗണേശന്‍, ചെറുതന, ആയാമ്പറമ്പ് പാണ്ടി, വലിയ ദിവാന്‍, ആനാരി, പായിപ്പാട്ട്, കാരിച്ചാല്‍, വെള്ളംകുളങ്ങര തുടങ്ങി ഏറ്റവും കൂടുതല്‍ ചുണ്ടന്‍വള്ളങ്ങളും വള്ളക്കാരും ഞങ്ങടെ കരേന്നാണ്.’ സുകുമാരന്‍ തുടര്‍ന്നു. ‘മിക്ക ക്ളബുകാരും വള്ളക്കാര്‍ക്ക് ഭക്ഷണവും ജേഴ്‌സിയും പിന്നെ പണവും കൊടുക്കും. സ്‌പേണ്‍സര്‍മാരെ കിട്ടുന്നതുകൊണ്ട് വലിയ പരിക്കില്ലാതെ ക്ളബുകാര്‍ക്ക് മത്സരത്തില്‍ പങ്കടുക്കാം.’
 
സര്‍ക്കാര്‍ ധനസഹായം?
‘ഓ… സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിച്ച് വള്ളംകളിക്കിറങ്ങിയാല്‍ കുടുബം വെളുക്കും. പിന്നെ കാശൊള്ള ക്ളബുകാര് കാശെറക്കി കളിക്കും. ഇല്ലാത്തവര് ഒള്ളതു പോലെ… ഇപ്പോ പഴയപോലെ കരസ്‌നേഹമെന്നുമില്ല. പണ്ട് കരയ്ക്കു വേണ്ടി കളിക്കാന്നും വാശിക്കു തൊഴഞ്ഞ് ജയിക്കാന്നും പറഞ്ഞാല്‍ അതൊരരങ്ങായിരുന്നു. കഴിഞ്ഞ തവണ തൊഴയാന്‍ പന്ത്രണ്ട് മിലിറ്ററിക്കാരുണ്ടായിരുന്നു. പല ടീമിലായി. അവര്‍ക്കൊക്കെ നല്ല കാശുകൊടുക്കണം. അതൊക്കെ ക്ളബുകാരാ നോക്കുന്നെ… എങ്ങനെ പോയാലും ഒരു ടീമിന് ലക്ഷങ്ങള് ചെലവാ.’
 
ഇത്തവണ എത്രപേരുണ്ട്  മിലിറ്ററിക്കാര്‍?
‘അതിപ്പോ കളികഴിഞ്ഞാലെ പറയാമ്പറ്റൂ.’
 
 
വള്ളക്കാര്‍ക്കുള്ള ഭക്ഷണം എത്തിയെന്നറിഞ്ഞതോടെ എല്ലാവരും കിട്ടിയ സ്ഥലങ്ങളിലിരുന്ന് ഭക്ഷണത്തിലേക്ക്..
മിക്ക ക്ളബുകാരും വള്ളക്കാര്‍ക്കായൊരുക്കിയത് ബിരിയാണിയായിരുന്നു. കോഴി ബിരിയാണിയും, ബീഫ് ബിരിയാണിയും. 
 
വീണ്ടു നടത്തം തുടര്‍ന്നു. ഓളപ്പരപ്പിലെ ആവേശം കരകയറിക്കഴിഞ്ഞിരുന്നു. ഏറെ ദൂരം നടക്കും മുന്നേ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന ഒരു സംഘത്തെക്കണ്ടു. 
നമസ്‌കാരം പറഞ്ഞു. 
ഹരിപ്പാട് നിന്നാണ്. ശ്രീഗണേശന്‍ ചുണ്ടന്റെ തുഴച്ചില്‍കാര്‍. തുഴച്ചിലുകാരെ കണ്ടാലെ അറിയാം ക്ളബിന്റെ കരുത്ത്. ടീം ക്യാപ്റ്റന്‍ ജോഷിയാണ് സംസാരിച്ചത്.
 
 
‘നൂറുപേരുടെ വള്ളമാണ്. 81 തൊഴച്ചില്‍കാര്, ഒമ്പത് താളക്കാര്, അമരക്കാര് അഞ്ച്. പിന്നെ ടീമിനെ സഹായിക്കാനും തുണയ്ക്കുള്ള പകരക്കാരായും പത്ത് നാല്പതുപേര് വേറെ. ചുണ്ടന്‍വള്ളം യൂണിയന്‍ പ്രസിഡന്റ് ആര്‍.കെ.കുറുപ്പാണ് വള്ളത്തിന്റെ ഉടമ. അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാറാണ് രജിസ്റ്റേഡ് ക്യാപ്റ്റന്‍. കഴിഞ്ഞവര്‍ഷം ഇതേ ടീം, ഇതേ വള്ളത്തില്‍ ജിജി ജേക്കബിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൈനകിരി ഫ്രീഡം ബോട്ട് ക്ളബിനുവേണ്ടിയാണ് മത്സരിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായിരുന്നു. ഇത്തവണ സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്റെ കീഴിലാണ് മത്സരിക്കുന്നത്. മിലിറ്ററിക്കാരാരും തുഴയാനിലെങ്കിലും കേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുള്ള എണ്ണം പറഞ്ഞ തുഴച്ചിലുകാരെ ശ്രീഗണേശന്‍ ഇറക്കിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ തുഴയുന്നുണ്ട്.’ 
 
അപ്പോഴേക്കും വള്ളം കളി തുങ്ങാനുള്ള അറിയിപ്പ് മൈക്കില്‍കൂടെ ഓളങ്ങളെ കീറിമുറിച്ചെത്തി. എല്ലാവരും ജയിക്കാനായി തയ്യാറായി. 
 
എന്നാല്‍ സ്റ്റാര്‍ട്ടിങ്ങ് പോയന്റില്‍ കളിമൊത്തം പാളിയിരുന്നു. നാല് ട്രാക്കുള്ളതില്‍ ഒന്നാം ട്രാക്കിലെ ബ്ളോക്കില്‍ ഒരു ഇരുട്ടുകുത്തി വള്ളം ഇടിച്ചതിനെ തുടര്‍ന്ന് ബ്ളോക്ക് ഊരിവീണു. അതോടെ മറ്റ് മൂന്നു ട്രാക്കിലെ ബ്ളോക്കും നീക്കി. സ്റ്റാര്‍ട്ടിങ്ങ് പോയന്റിലെ ഈ കരുതലില്ലായ്മ മുതലെടുത്ത് മത്സരവള്ളങ്ങള്‍ തുഴഞ്ഞു വരുന്ന അതേ ആവേശത്തില്‍ സംഘാടകരുടെ ‘സ്റ്റാര്‍ട്ടിന് ‘ ചെവികൊടുക്കാതെ ഫിനിഷിങ്ങ് പോയന്റിലേക്ക് കുതിക്കുകയായിരുന്നു. പല ഫൈനല്‍ മത്സരങ്ങളും ഏഴും ഏട്ടും തവണ സ്റ്റാര്‍ട്ട് ചെയ്തിട്ടു ഫൗളാവുകയും അവസാനം സ്റ്റാര്‍ട്ട് വിളിക്കാതെ തന്നെ വള്ളങ്ങള്‍ തുഴഞ്ഞു പോകുകയായിരുന്നു. 
സംഘാടകര്‍ക്കെതിരെ നിമിഷ നേരത്തില്‍ വള്ളപ്പാട്ടിറക്കി പ്രതിഷേധിച്ചാണ് യുവാക്കളുടെ സംഘങ്ങള്‍ മത്സരാവസാനം കളംവിട്ടത്.
 
കാഴ്ചകള്‍
 
 

ഇഷ്ടം പോലെയെടുത്തോ!
 
 

ആവേശത്തിനെന്തു പ്രായം
 
 

‘കാണി’കള്‍
 
 

ആവേശം ബോട്ടിന്‍ മുകളിലും
 
 

നമ്മളോടാ കളി!
 
 

തെങ്ങിന്‍മുകളില്‍ 
 
 

യ്റോ…യ്റോ…യ്റോ….ആര്‍പ്പോ…
 
 
 

 മുറുകട്ടങ്ങു മുറുകട്ടെ….
 
 

എന്തോന്നാ…
 

അച്ഛന്റ്റെ മുകളിലേറി
 
 

തുഴഞ്ഞ് വരുന്നുണ്ടെന്ന് തോന്നുന്നു
 
 

അഭ്യാസി
 
 

ഒരേ താളത്തില്‍
 
 

ഇപ്പോ വീഴ്….. വീണു!
 
 

ഡ്രില്‍
 
 

ഒന്നിച്ചണി നിരന്ന്
 
 

അവസാന കുതിപ്പിലേക്ക്
 
 

തുടര്‍ച്ചയായ രണ്ടാം വട്ടവും ശ്രീ ഗണേശന്‍ ചുണ്ടന്‍ ജയത്തിലേക്ക് (വലത്തെ അറ്റം)
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍