UPDATES

കേരളം

ഉപരോധങ്ങള്‍ക്കപ്പുറം : പാര്‍ട്ടി പിണറായി തന്നെ

ധനേഷ് കാര്‍ത്തികേയന്‍         
 
 
സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും കൂട്ടരെയും കേരള ഘടകം സെക്രട്ടറി പിണറായി വിജയന്‍ പഠിപ്പിക്കുന്നതെന്തെന്നാല്‍ തോറ്റാലും ജയിച്ചാലും സമരശേഷി നഷ്ടപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് നിലനില്‍പ്പില്ലില്ലെന്ന സൈദ്ധാന്തികവും പ്രായോഗികവുമായ കമ്മ്യൂണിസ്റ്റു പാഠമാണ്. പിണറായിയോടുളള തന്റെ സര്‍വ്വ കലഹങ്ങളും മാറ്റിവച്ച് സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ വി. എസ്. അച്യുതാനന്ദന്‍ എന്ന ജനമനസ് അറിയുന്ന നേതാവ് തയ്യാറായതും ഈ പ്രായോഗിക പാഠത്തെ കുറിച്ച് നന്നായി ബോദ്ധ്യമുളളതു കൊണ്ടാണ്.  ഇടതു മുന്നണി നടത്തിയ അനിശ്ചിതകാല രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ ഇനിയും സമയമെടുക്കും. മല പോലെ വന്ന സമരം എലി പോലെ പോയതെന്തുകൊണ്ടെന്നതല്ല ഇവിടെ വിഷയം. ഏതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും അടിത്തറയും കരുത്തുമായ സമരശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന്  കേരളത്തിലെ സി.പി.എം ഈ സമരത്തിലൂടെ തെളിയിച്ചു. ലോകത്തെ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ഈ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ കേരളത്തില്‍ നടന്ന സമരത്തിന് ചരിത്ര പ്രാധാന്യം കൂടിയുണ്ട്. ദേശീയ തലത്തില്‍ ഇടതു മുന്നേറ്റത്തിന്റെ നയിക്കുന്ന പ്രകാശ് കാരാട്ട് അടക്കമുളള ‘സൈദ്ധാന്തിക’ നേതാക്കള്‍ പിണറായി വിജയന്‍ എന്ന കേരളം ഘടകം സെക്രട്ടറി പകര്‍ന്നു നല്‍കുന്ന ഈ പാഠം ശ്രദ്ധിച്ചു പഠിക്കാന്‍ ഇനിയെങ്കിലും തയ്യാറാവണം.
 
ഭരണവും ജനകീയ സമരങ്ങളും ഒന്നിച്ചു കൊണ്ടു പോകുന്ന ലാറ്റിന്‍ അമേരിക്കന്‍ സൈദ്ധാന്തിക പാത സ്വീകരിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചവരാണ് കാരാട്ടും കൂട്ടരും. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സൈദ്ധാന്തിക നിലപാടുകള്‍ സ്വീകരിക്കുന്ന ഈ നേതാക്കള്‍ക്ക് മുന്നില്‍ തുറന്നിട്ട പ്രായോഗിക പാഠമാണ് ഈ സമരം. എല്ലാ വിധ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഉത്തരേന്ത്യന്‍ മണ്ണില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ പോയിട്ട് വേരുറപ്പിക്കാന്‍ പോലും കഴിയാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിനുളള ഉത്തരം കൂടിയാണ് ഈ സമരം. സമരശേഷി അടിയറ വച്ച ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ആത്യന്തികമായി വളരാന്‍ ആവില്ല. സമരശേഷി നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സൈദ്ധാന്തിക നിലപാടുകള്‍ക്ക് ലേഖനമെഴുത്തിനോ പുസ്തകമെഴുത്തിനോ അക്കാദമിക് സംവാദത്തിനോ അപ്പുറം വലിയ പ്രാധാന്യവും ഉണ്ടാവില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടി വിമോചനത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കേണ്ട അടിസ്ഥാന വര്‍ഗത്തിന് ഈ സംവാദങ്ങളോ എഴുത്തോ തുണയാവുകയില്ല. 
 
 
സമരശേഷി നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്ന അപകടത്തിന്റെ ആഴം ബംഗാള്‍ അനുഭവത്തില്‍ നിന്നെങ്കിലും കാരാട്ടും കൂട്ടരും പഠിക്കുമെന്ന് പ്രത്യാശിക്കാം. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച പടിഞ്ഞാറന്‍ ബംഗാളില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പലയിടത്തും സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാന്‍ പോലും സി.പി.എമ്മിനായില്ല. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മല്‍സരിക്കാന്‍ ധൈര്യമുളള ഒരാളെ പോലും കണ്ടെത്താന്‍ കഴിയാതെ നൂറു കണക്കിനു മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിനു മുമ്പേ പാര്‍ട്ടി അടിയറവു സമ്മതിച്ചു. രണ്ടു വര്‍ഷം മുമ്പു വരെ ഭരണത്തിലിരുന്ന പാര്‍ട്ടിയാണ് പേടിച്ച് മാളത്തില്‍ ഒളിച്ചിരുന്ന് മമതയുടെ അതിക്രമത്തിന് എതിരെ പ്രസ്താവനയും ലഘുലേഖകളും ഇറക്കുന്നത്. എന്തുകൊണ്ടാണ് ബംഗാളിലെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഇത്രവേഗം ഇത്രവലിയ ഗതികേടു സംഭവിച്ചതെന്ന് ചിന്തിക്കാനെങ്കിലും കാരാട്ടും കൂട്ടരും തയ്യാറാവണം. ഇടയ്ക്കിടക്ക് ഭരണം നഷ്ടപ്പെട്ടു പോകുന്ന കേരളത്തില്‍ ഇത്തരമൊരു അവസ്ഥ എവിടെയും ഉണ്ടാവില്ല. ഇതുവരെ ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങള്‍ ഉണ്ടാവാം, പക്ഷെ മല്‍സരിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ കേരളത്തില്‍ എവിടെയുമില്ല. അധികാരം ഏറ്റെടുത്ത ശേഷം സമരം ചെയ്യാന്‍ മറന്നു പോയതാണ് ബംഗാള്‍ പാര്‍ട്ടിയെ ഈ മഹാനാണക്കേടിലും ഗതികേടിലും കൊണ്ടെത്തിച്ചത്. ആയിര കണക്കിന് കോടി രൂപയുടെ തട്ടിപ്പായ ശരദാ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ പോലും ഇത്തരത്തില്‍ ഒരു ജനകീയ സമരം നടത്താന്‍ സി.പി.എം ബംഗാള്‍ ഘടകത്തിനായില്ല. എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗത്തിന്റെ കൊലപാതകത്തിന്റെ പേരില്‍ പോലും വലിയൊരു വിദ്യാര്‍ത്ഥി യുവജന മുന്നേറ്റം ഉണ്ടാക്കാന്‍ സി.പി.എമ്മിനായില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളെ പേടിച്ച് ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പോലും നേരാം വണ്ണം ചേരാന്‍ പല ജില്ലകളിലും കഴിഞ്ഞില്ല. 
                 
കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ ഉറച്ചു നില്‍ക്കേണ്ടതിന്റെ അനിവാര്യത കൂടിയാണ് ഈ സമരത്തിലൂടെ പിണറായി ദേശീയ നേതൃത്വത്തിന് മുന്നില്‍ തെളിയിക്കുന്നത്. ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനോട് കടുത്ത നിലപാടു സ്വീകരിക്കേണ്ടിയിരുന്നില്ലെന്നും ബംഗാളിയായ പ്രണബ് മുഖര്‍ജിക്ക് രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണമെന്നും വാദിക്കുന്ന ബംഗാള്‍ ഘടകത്തിനുളള മറുപടി കൂടിയാണ് ഈ സമരം. കോണ്‍ഗ്രസ് വിരുദ്ധതയില്‍ വെളളം ചേര്‍ക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നു കൂടിയാണ് സി.പി.എം കേരള ഘടകം ചൂണ്ടിക്കാണിക്കുന്നത്.
  
 
ഉദ്ദേശം വേറെയും
അനിശ്ചിതകാല രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധമെന്ന സമരത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവയ്പ്പിക്കാമെന്ന വിദൂര പ്രതീക്ഷ പോലും സമരം നയിച്ച നേതാക്കള്‍ക്കള്‍ക്കാര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല. എന്നാല്‍ ഈ സമരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനു പിന്നില്‍ പിണറായി വിജയന് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി യന്ത്രം അടിമുടി ഉഷാറാക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം, പാര്‍ട്ടിയിലെ വലിയൊരു വിഭാഗം സാധാരണ പ്രവര്‍ത്തകരെയും അടുത്ത അനുഭാവികളെയും ബാധിച്ച നിസംഗതയും നിരാശയും പരിഹരിച്ച് പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുക എന്ന ഈ ലക്ഷ്യം വലിയൊരു അളവോളം പരിഹരിക്കാനായി. സമരം ഇടയില്‍ നിര്‍ത്തിയതിന്റെ കാരണങ്ങള്‍ ഇനിയും അണികള്‍ക്ക് ദഹിച്ചിട്ടില്ലെങ്കിലും ഏറെ നാളായി ഉറങ്ങി കിടന്ന പാര്‍ട്ടി ഇപ്പോള്‍ സമരസജ്ജമായി. ടി.പി ചന്ദ്രശേഖരന്‍ വധത്തോടെ പാര്‍ട്ടിയുടെ താഴെ തട്ടിലുണ്ടായ കടുത്ത നിരാശയും അമര്‍ഷവും ഒരളവോളം പരിഹരിക്കാന്‍ ഈ സമരത്തിനായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പാര്‍ട്ടി നടത്തിയ ഭൂരിപക്ഷം സമരങ്ങളിലും നഗരങ്ങളില്‍ സ്ഥിരമായി പാര്‍ട്ടി സമരങ്ങളില്‍ അണിനിരക്കുന്ന ആയിരത്തില്‍ താഴെ മാത്രം വരുന്ന യുവസംഘത്തിന്റെ പ്രാതിനിധ്യം മാത്രമാണ് ഉണ്ടായിരുന്നത്. ആയിരത്തില്‍ താഴെ അംഗങ്ങളില്‍ ചിലപ്പോള്‍ ഇരുനൂറോ മുന്നൂറോ അംഗങ്ങളാണ് പല സമരങ്ങളിലും പങ്കെടുത്തത്. പൊലീസുമായുളള ഏറ്റുമുട്ടലില്‍ അവസാനിക്കുന്ന ഇത്തരം സമരങ്ങള്‍ നടത്താന്‍ ഈ സംഘം മതിയാവും. ഇവര്‍ക്ക് ഒപ്പം നേതാക്കളും പൊലീസുമായുളള ഏറ്റുമുട്ടലും മാദ്ധ്യമങ്ങളും ചേരുന്നതോടെ സമരം വലിയ വാര്‍ത്തയാകും. എന്നാല്‍ ഇത്തരം ചാനല്‍ സമരങ്ങളിലൂടെ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് ആവേശം പടര്‍ത്താനാവില്ല. വിപുലമായ മുന്നൊരുക്കങ്ങളോടെ നടന്ന ഇപ്പോഴത്തെ സമരം വഴി പാര്‍ട്ടിയുടെ താഴെ തട്ടില്‍ വരെ സമര സന്ദേശം എത്തി എന്നു മാത്രമല്ല പാര്‍ട്ടി അനുഭാവികള്‍ അടക്കം സമര സന്നാഹങ്ങളില്‍ പങ്കാളികളുമായി. നിസംഗരും നിരാശരും ആയിരുന്ന ഇവരില്‍ ഒരു വിഭാഗമെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തി.
 
 
രണ്ടാമത്തെ വലിയ ലക്ഷ്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മികച്ച വിജയം നേടുക എന്നതാണ്. ഈ വിജയത്തിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍ കൂടി പിണറായി വിജയനുണ്ട്. ബംഗാളിലെ നിലവിലെ അവസ്ഥയില്‍ പാര്‍ട്ടി വിജയം രണ്ടക്കത്തില്‍ എത്തിയാല്‍ ഭാഗ്യമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തന്നെ വിലയിരുത്തല്‍. പിന്നീട് ഏക പ്രതീക്ഷ കേരളമാണ്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ മാനം കാക്കാന്‍ കേരളം കനിയണം. ബംഗാളില്‍ നിന്നെത്തുന്നതിനേക്കാള്‍ കൂടുതല്‍ അംഗങ്ങളെ കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിക്കാനായാല്‍ പോളിറ്റ്ബ്യൂറോയില്‍ പിണറായി വിജയന്റെ വാക്കുകള്‍ക്ക് ശക്തി കൂടും. ഏതു വിഷയത്തിലും പിണറായി വിജയനെ തളളിക്കളയാനോ തളളിപ്പറയാനോ പി.ബി മടിക്കും. പിണറായി – വി.എസ് പോരില്‍ പലപ്പോഴും വി.എസിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന പതിവ് പി. ബിക്ക് നിര്‍ത്തേണ്ടിവരും. കേരളത്തില്‍ പാര്‍ട്ടിയെന്നാല്‍ അത് പിണറായി വിജയനാണെന്ന് സമ്മതിച്ചു പ്രവര്‍ത്തിക്കേണ്ടിയും വരും, ഇന്ത്യയില്‍ എവിടെയും ജനപിന്തുണയില്ലാത്ത നേതാക്കളാല്‍ നിയന്ത്രിക്കുന്ന പോളിറ്റ് ബ്യൂറോയ്ക്ക്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞാല്‍ പകരം ആരെന്നത് അടക്കം പിണറായി വിജയന്റെ തീരുമാനം തളളിക്കളയാന്‍ ആവാതെ വരും. പി.ബിയെ സ്വന്തം വരുതിക്കു നിര്‍ത്തുക അതുവഴി പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുക എന്ന വലിയ ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് പിണറായി ഇത്തരമൊരു സമരം ആസൂത്രണം ചെയ്തത്.
 
പിന്നില്‍ക്കുത്ത്
 
സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്ത ഇടതു മുന്നണി യോഗം  ചേരും മുമ്പ് തന്നെ സമരം അവസാനിപ്പിച്ചു കൊണ്ടുളള പ്രഖ്യാപനം ഇടതു മുന്നണി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ വിശ്വസ്തരായ മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇടതു മുന്നണി യോഗത്തിനു മുന്നോടിയായുളള സി.പി.എം, സി.പി.ഐ നേതാക്കളുടെ യോഗത്തിനു മുമ്പു തന്നെ യോഗത്തിന്റെ അവസാന തീരുമാനം ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നു. എങ്ങനെ അറിഞ്ഞുവെന്ന് പറയുന്നില്ലെങ്കിലും തന്റെ അറിവോടെയാണ് സമരം പിന്‍വലിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു വച്ചു.     
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍