UPDATES

സിനിമ

വിശ്വാസങ്ങളുടെ പൊളിച്ചെഴുത്ത് : ദി മാന്‍ ഫ്രം എര്‍ത്ത്

ഷാഹിന റഫീഖ്
 
 
ഒരു കലാ സൃഷ്ടി, അത് സിനിമ ആയാലും, സാഹിത്യം, സംഗീതം, അല്ലെങ്കില്‍ പെയിന്റിംഗ് ആയാലും കാലാതിവര്‍ത്തിയാവുന്നത് സമയമെന്ന പരീക്ഷണത്തെ അതിജീവിക്കുമ്പോഴാണ്. ചില കാഴ്ചകള്‍ നമ്മെ നൊടിയിട ആനന്ദിപ്പിച്ചേക്കാം, പിന്നീടവ നമ്മള്‍ ഓര്‍ക്കാതെ പോവുന്നു, അല്ലെങ്കില്‍ ഒരു പുനര്‍ വായനയില്‍ മനസ്സിനെ സ്പര്‍ശിക്കാതെ പോവുന്നു. അപൂര്‍വ്വം ചില സൃഷ്ടികള്‍ ഓരോ കാഴ്ചയിലും, ഓരോ കാലഘട്ടത്തിലും പുതിയ അര്‍ഥങ്ങള്‍ തന്നു നമ്മെ പിടിച്ചിരുത്തുന്നു, ചിന്തിപ്പിക്കുന്നു. അത്തരം ഒരു സിനിമയെ കുറിച്ച് പറഞ്ഞു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ സിനിമകളെ കുറിച്ചുള്ള ഈ കോളം ആരംഭിക്കുകയാണ്. മതത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ പോലും വിലക്കുകള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസത്തെ തന്നെ പൊളിച്ചെഴുതുന്ന ഈ സിനിമ, റിച്ചാര്‍ഡ് ഷെങ്ക്മാന്‍ സംവിധാനം ചെയ്ത ദി മാന്‍ ഫ്രം എര്‍ത്ത്  എന്ത് കൊണ്ട് ഇന്നും പ്രസക്തമാവുന്നു എന്നൊരു അന്വേഷണം കൂടിയാണ്.  
 
 
തണുത്ത ഒരു സായാഹ്നത്തില്‍ ജോണ്‍ ഓള്‍ഡ്മാന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നിരിക്കുകയാണ് അയാളുടെ സുഹൃത്തുക്കളായ ഏഴു പേര്‍. അതില്‍ യൂണിവേഴ്‌സിറ്റിയിലെ അയാളുടെ സഹ പ്രവര്‍ത്തകരുണ്ട്, അയാളോട് പ്രണയമുള്ള സാന്‍ഡി ഉണ്ട്, ഡോക്ടര്‍ സുഹൃത്തും ഒരു വിദ്യാര്‍ത്ഥിനിയും ഉണ്ട്. പത്തു വര്‍ഷത്തെ അധ്യാപനത്തിന് ശേഷം ഒരു കാരണവുമില്ലാതെ പെട്ടന്ന് അവിടം വിട്ടു പോവാനുള്ള ജോണിന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്യുന്നുണ്ട്, അപ്പോള്‍ ഒരു കെട്ട് കഥ പോലെ, സയന്‍സ് ഫിക്ഷന്‍ പോലെ ജോണ്‍ പറഞ്ഞു തുടങ്ങുകയാണ് അയാളെ കുറിച്ച്, മരണമില്ലാതെ അയാള്‍ ജീവിച്ച 14,000 വര്‍ഷങ്ങളിലെ അനുഭവങ്ങളെ കുറിച്ച്. ആദ്യം ഒരു നേരമ്പോക്കായി എല്ലാവരും കരുതുന്ന ഈ കഥ പറച്ചില്‍ പിന്നീട് അവര്‍ ആര്‍ജിച്ച ചരിത്ര, മത, മാനുഷിക വിശ്വാസ സംഹിതകളെ പൊളിച്ചെഴുതി കൊണ്ട് പുതിയ ഒരു വെളിപാടിലേക്ക് നയിക്കുകയാണ്. മറ്റുള്ളവര്‍ക്ക് ടെക്സ്റ്റ് ബുക്കില്‍ നിന്നും കിട്ടിയ വായിച്ചറിവുകള്‍ ഓള്‍ഡ്മാന് പക്ഷെ തന്റെ ‘ജീവിത കാലത്തെ’ ഓര്‍മകളും അനുഭവങ്ങളുമാണ്.
 
ജോണ്‍ ശരിക്കും 14,000 വര്‍ഷം ജീവിച്ചിരുന്ന വ്യക്തി തന്നെയാണോ, അയാള്‍ പറയുന്ന പോലെ ഒരു ഗുഹാ മനുഷ്യന്‍? (Cro Magnon). ബുദ്ധന്റെ ശിഷ്യനായി ഇന്ത്യയില്‍ ഉണ്ടായിരുന്ന അയാള്‍ക്ക് കൊളംബസിനെ നേരിട്ടറിയാമായിരുന്നു. വാന്‍ ഗോഗ് സമ്മാനിച്ച അദേഹത്തിന്റെ പെയിന്റിംഗ് ഇപ്പോഴും ജോണിന്റെ കൈയിലുണ്ട്. ഇങ്ങനെ കഥ പറഞ്ഞു കഥ പറഞ്ഞു ഓള്‍ഡ് മാന്റെ കഥ കാര്യമാവുകയാണ്.
 
 
റിച്ചാര്‍ഡ് ഷെങ്ക്മാന്‍ (Richard Schenkman) സംവിധാനം ചെയ്ത ‘The Man from Earth’ എന്ന 2007-ലെ ചിത്രം ജോണ്‍ ഓള്‍ഡ്മാനിലൂടെ നമ്മള്‍ കണ്ടും കേട്ടും പരിചയിച്ച നിരവധി ‘സത്യങ്ങളെ’ പുതിയൊരു ഉള്‍കാഴ്ചയിലൂടെ അവതരിപ്പിക്കുന്നു. നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്നവര്‍ നാളെ ദൈവങ്ങളായി മാറാനുള്ള സാധ്യതയെ പറ്റി ഈ ചിത്രം സരസമായി പറയുന്നുണ്ട്. റിച്ചാര്‍ഡ് ഷെങ്ക്മാന്റെ ആദ്യ ചിത്രം ‘The Pompatus of Love’ (1995) പുറത്തു വരുന്നത് സ്റ്റീവന്‍ സോടെര്‍ബെര്‍ഗി (Steven Soderbergh) ന്റെ നേതൃത്വത്തിലുള്ള മാവ്റിക്കുകള്‍ (Mavericks) ഹോളിവുഡ് സിനിമയെ വമ്പന്‍ സ്റ്റുഡിയോകളുടെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ച 90 കളുടെ ആദ്യപകുതിയിലാണ്. ‘talk is cheap’ എന്ന സൂത്രവാക്യവുമായി വമ്പന്‍ സ്റ്റുഡിയോകളുടെ കെട്ട് കാഴ്ച ചിത്രങ്ങളെ നേരിട്ട ഈ നവ മാവ്‌റിക്കുകളുടെ ചിത്രങ്ങളുടെ മുഖ്യ ലക്ഷണം അവയൊക്കെയും കഥ ‘പറഞ്ഞത്’ സരസവും അര്‍ത്ഥ പൂര്‍ണവുമായ സംഭാഷണങ്ങളിലൂടെയാണ് എന്നതാണ്. ഷെങ്ക്മാന്റെ ആദ്യ ചിത്രം പോലെ തന്നെ സംഭാഷണ പ്രധാനമാണ് ഈ ചിത്രവും.
 
 
ഓരോ പത്തു വര്‍ഷം കൂടുംതോറും ഓള്‍ഡ്മാന്‍ തന്റെ വാസസ്ഥലം മാറിക്കൊണ്ടിരിക്കും, തനിക്ക് വയസ്സാവുന്നില്ല എന്ന് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോഴേക്ക്, ഇതാണ് തനിക്ക് യാത്ര അയപ്പ് നല്‍കാനായി കൂടിയ സുഹൃത്തുക്കളോട് അയാള്‍ക്ക് പറയാനുള്ളത്. 87 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയിലെ രംഗങ്ങള്‍ മുഴുവന്‍ അരങ്ങേറുന്നത് ജോണ്‍ ഓള്‍ഡ് മാന്റെ വീട്ടിനുള്ളിലെ ഒരു മുറിക്കകത്താണ്, രണ്ടോ മൂന്നോ രംഗങ്ങള്‍ മുറ്റത്ത് വച്ചും. സംഭാഷണങ്ങളിലൂടെ മാത്രം ഇതള്‍ വിരിയുന്ന പ്രമേയം, എന്നിട്ടും തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തും വിധമാണ് ഇതിന്റെ തിരക്കഥ. തിയോളജിയും, ബയോളജിയും എന്ന് വേണ്ട ചരിത്രത്തിലെ നാഴികക്കല്ലുകള്‍, പ്രഗല്‍ഭരായ വ്യക്തികള്‍ എന്നിങ്ങനെ എല്ലാ തലങ്ങളും സ്വാഭാവികമായ ഒഴുക്കോടെ വന്നു നിറയുന്നുണ്ട് ഈ സിനിമയില്‍. ‘Mirror Mirror’ (Star Trek), ‘Its a Good Life’ (Twilight Zone) എന്നീ സിനിമ തിരക്കഥകളിലൂടെ പ്രശസ്തനായ ജെറോം ബിക്‌സ്ബിയുടെ (Jerome Bixby) അവസാനത്തെ രചനയാണ് ‘ഭൂമിയില്‍ നിന്നുള്ള മനുഷ്യന്‍’. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഈ ചിത്രം നേടിയിട്ടുണ്ട്.
 
 
എല്ലാ മഹത് വ്യക്തികളും ആത്യന്തികമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് നന്മയെ കുറിച്ചും പരസ്പര സ്‌നേഹത്തെ കുറിച്ചുമാണ്. മതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോഴാണ് അസഹിഷ്ണുതയും ഭിന്ന മതങ്ങള്‍ക്കിടയില്‍ അസ്വാരസ്യവും ഉടലെടുക്കുന്നത്. താന്‍ ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്ന വ്യക്തിയല്ല എന്ന് പറഞ്ഞു തുടങ്ങുന്ന ജോണ്‍ പിന്നീട് നടത്തിയ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഈ സിനിമയുടെ മുഖ്യ ആകര്‍ഷണവും ഈ ഘടകമാണ്. ജോണ്‍ ആയി അഭിനയിച്ച ഡേവിഡ് ലീ സ്മിത്ത് കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയിട്ടുമുണ്ട്. യുഗാന്തരങ്ങളിലൂടെയുള്ള പ്രയാണം സമ്മാനിച്ച നിസംഗത, ഒരു ശോകച്ഛവി ആ മുഖത്ത് കാണാം, മറ്റുള്ളവരില്‍ നിന്ന് അയാളെ വ്യത്യസ്തമാക്കുന്ന തരത്തില്‍.
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍