UPDATES

കേരളം

ഒരു ജനതയെ ഇല്ലാതാക്കുമ്പോള്‍ : റോസ് മലക്കാരുടെ ജീവിതം

കൃഷ്ണകുമാര്‍ കെ.കെ
 
സ്വന്തം ഭൂമിയില്‍ ‘കാവല്‍ക്കാരെ’ പോലെ കഴിയുന്നവരാണ് കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ആര്യങ്കാവിനടുത്തെ റോസ് മല നിവാസികള്‍. ആര്യങ്കാവില്‍ നിന്നും 12 കിലോമീറ്റര്‍ കാനനപാതയിലൂടെ ഒന്നരമണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ചെങ്കില്‍ മാത്രമേ ചെന്തുരുന്നി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരാന്‍ കഴിയൂ. എന്നാല്‍ ഈ യാത്രയേക്കാള്‍ ദുരിതവും ദുര്‍ഘടവും നിറഞ്ഞതാണ് റോസ് മലക്കാരുടെ ജീവിതം.
 
സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ മിച്ചഭൂമിയില്‍ 1970 മുതല്‍ ഇവിടെ താമസിക്കുന്നവരാണെങ്കിലും ഇന്നേവരെ ആ ഭൂമി പോക്കുവരവ് ചെയ്ത് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുകൊണ്ട് തന്നെ കാശ് കൊടുത്ത് വാങ്ങിച്ച സ്വന്തം ഭൂമിയില്‍ യാതൊരുവിധ അവകാശമോ, ആനുകൂല്യങ്ങളോ ഇല്ലാതെയാണ് റോസ് മലക്കാര്‍ കഴിയുന്നത്. വീട്, റേഷന്‍കാര്‍ഡ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെ ഇവിടെയുള്ള ബഹുഭൂരിപക്ഷം പേര്‍ക്കും ഇല്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ 300-ലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. 600-ഓളം കുടുംബങ്ങള്‍ ആദ്യകാലങ്ങളില്‍ ഇവിടെ താമസിച്ചിരുന്നുവെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അവരെല്ലാം റോസ് മല വിട്ടു പോകുകയായിരുന്നു.
 
 
ഭൂമി പോക്കു വരവ് ചെയ്യാത്തതു മൂലം കൈവശ സര്‍ട്ടിഫിക്കറ്റോ, ഉടമസ്ഥാവകാശമോ ഇവിടുത്തുകാര്‍ക്ക് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാരും തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ വീട് വെയ്ക്കുന്നതിനോ, മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹകാര്യങ്ങള്‍ക്കോ ഒന്നും തന്നെ ബാങ്ക് വായ്പയോ മറ്റോ ശരിയാക്കുന്നതിന് തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പ്രദേശവാസിയായ റഷീദ് കുട്ടി പറയുന്നു. കൂടാതെ സര്‍ക്കാര്‍ നല്കുന്ന വിവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു.
 
ഇതോടൊപ്പം തന്നെ ആശുപത്രി, വിദ്യാഭ്യാസം, വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മയും റോസ് മലക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. 1970 മുതല്‍ റോസ് മലയില്‍ ജനവാസമുണ്ടെങ്കിലും ഈ വിധ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെ ശരിയായ രീതിയില്‍ ഒരുക്കിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. 
 
പ്രദേശത്തുള്ള സര്‍ക്കാര്‍ ഹെല്‍ത്ത് സബ്‌സെന്റര്‍ മാത്രമാണ് റോസ് മലക്കാര്‍ ആശ്രയിക്കുന്ന ഏക ആരോഗ്യ കേന്ദ്രം. അതാണെങ്കിലോ ചത്തതിനൊക്കുമേ എന്ന സ്ഥിതിയിലും. അടിയന്തര ആശുപത്രി സഹായം വല്ലതും വേണമെങ്കില്‍ 47 കിലോമീറ്റര്‍ അകലെയുള്ള പുനലൂര്‍ താലൂക്ക് ആശുപത്രിയെ വേണം ആശ്രയിക്കാന്‍. അതും ദുര്‍ഘടമായ കാനനപാത താണ്ടി. 12 കിലോമീറ്റര്‍ അകലെ ആര്യങ്കാവില്‍ നിന്നും വാഹനമെത്തി വേണം രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍. ആദ്യകാലങ്ങളില്‍ ചുമന്നായിരുന്നു രോഗികളെ പുറത്തെത്തിച്ചിരുന്നത്. ഇപ്പോഴും രാത്രികാലങ്ങളില്‍ അസുഖങ്ങള്‍ വരികയോ അത്യാവശ്യകാര്യങ്ങള്‍ വല്ലതും സംഭവിക്കുകയോ ചെയ്താലും ഇതുതന്നെയാണ് ഗതി. 
 
 
മഴക്കാലമായാല്‍ ദുര്‍ഘടം ഏറും. ഇതോടെ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാകും റോസ് മലക്കാര്‍. റോഡില്‍ വെള്ളം കയറുന്നതാണ് പ്രധാന കാരണം. സമീപത്തുള്ള തെന്മല ഡാമില്‍ പതിക്കുന്ന കാട്ടരുവികള്‍ പലതും റോസ്മലക്കാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ആര്യങ്കാവ്  റോഡിനെ ക്രോസ് ചെയ്താണ് ഒഴുകുന്നത്. അതുകൊണ്ടു തന്നെ ശക്തമായ മഴ പെയ്യുന്നതോടെ അരുവികളില്‍ വെള്ളം നിറയുന്നത് വാഹനയാത്രയെ തടസ്സപ്പെടുത്തും. ഇതോടെ റേഷനടക്കമുള്ള ഭക്ഷണസാധനങ്ങള്‍ റോസ് മലയില്‍ എത്താതാവും. മണ്ണെണ്ണയും കൂടി കിട്ടാതാകുന്നതോടെ റോസ് മലക്കാര്‍ പരിപൂര്‍ണ്ണമായും ഇരുട്ടിലാകും. 
‘റോസ്മലക്കാരുടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ല, ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് 1998 – 2001 കാലഘട്ടത്തില്‍ ഒരു സൗരോര്‍ജ്ജ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. അതും ഓരോ കുടുംബങ്ങളില്‍ നിന്നും കാശും വാങ്ങി. എന്നാല്‍ കാലാനുസൃതമായ മെയിന്റനന്‍സോ, റിപ്പയറിംഗോ ഇല്ലാത്തതിനാല്‍ അവയെല്ലാം ഇന്ന് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. നാട്ടുകാരനായ സഖറിയ പറയുന്നു.
 
 
വിദ്യാഭ്യാസത്തിന്റെ കാര്യമാണ് അതിലും പരിതാപകരം. ആകെയുള്ള ഒരു എല്‍.പി സ്‌കൂള്‍ സര്‍ക്കാര്‍ അപ്‌ഗ്രേഡ് ചെയ്യാത്തതിനാല്‍ മക്കളുടെ ഉയര്‍ന്ന പഠനത്തിനായി നൂറോളം കുടുംബങ്ങളാണ് റോസ് മല ഉപേക്ഷിച്ച് പോയത്. 1984-ല്‍ ആണ് സര്‍ക്കാര്‍ റോസ് മലയില്‍ ഒരു എല്‍.പി സ്‌കൂള്‍ സ്ഥാപിക്കുന്നത്. അന്ന് 98 വിദ്യാര്‍ത്ഥികളും നാനൂറോളം കുടുംബങ്ങളും അവിടെ ഉണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. നാലാം ക്ളാസ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അടുത്തെങ്ങും സ്‌കൂളില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണു അവര്‍ക്കുള്ളത്. വനമേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഇവര്‍ക്ക് പുറത്തേക്കോ, അകത്തേക്കോ, എത്തണമെങ്കില്‍ കിലോമീറ്ററുകളോളം കാട്ടുപാത താണ്ടേണ്ടതായുള്ളതിനാല്‍ ആദ്യകാലത്ത് പലരും കുട്ടികളുടെ പഠനം വേണ്ടെന്ന് വെയ്ക്കുകയോ, അവിടം വിട്ട് പോവുകയോ ആണ് ചെയ്തിരുന്നത്. ഇത് റോസ് മലയിലെ കുടുംബങ്ങളുടെ എണ്ണം കുറയാന്‍ ഇടയാക്കി. ഇപ്പോള്‍ പിറന്ന നാടും വീടും ഉപേക്ഷിച്ചു പോകുന്നത് ഇല്ലാതായെങ്കിലും, ചെറുപ്രായത്തില്‍ മാതാപിതാക്കളോടൊപ്പം നിന്ന് വളരേണ്ട കുട്ടികള്‍ ബന്ധു വീടുകളിലോ, ഹോസ്റ്റലുകളിലോ നിന്നാണ് വിദ്യാഭ്യാസം നടത്തുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള രാജ്യമാണ് നമ്മുടേത്. കൂടാതെ ഈ കുട്ടികളുടെ വിദ്യാഭ്യാസം മൗലിക അവകാശമാക്കി ആള്‍ട്ടിക്കിള്‍ 21-എയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 2011 മെയില്‍ കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശനിയമവും പാസാക്കിയിരുന്നു. ഇതനുസരിച്ച് ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളിലും ആറു മുതല്‍ എട്ടാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലും സ്‌കൂള്‍ സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ നിലവില്‍ അപ്‌ഗ്രേഡ് ചെയ്യേണ്ട സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയും വേണം. ഇതാണ് നിയമമെന്നിരിക്കെ റോസ് മലയിലെ എല്‍.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി ഇവിടുത്തുകാര്‍ നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും വാഗ്ദാനം മാത്രമായിരുന്നു ഫലം. 
 
കെട്ടിടമടക്കമുള്ള എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും സ്‌കൂളിനുണ്ടെങ്കിലും പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയും സ്‌കൂളിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. സ്‌കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബ് ഒരുക്കിയിട്ടുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തത് അതിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ‘ക്വാര്‍ട്ടേഴ്‌സ് അടക്കമുള്ള സൗകര്യങ്ങള്‍ അദ്ധ്യാപകര്‍ക്കുണ്ടെങ്കിലും സ്ഥിരാദ്ധ്യാപകര്‍ ആരും തന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്നതാണ് വാസ്തവം. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്നും വച്ചിട്ടുള്ള നാല് താല്‍ക്കാലിക അദ്ധ്യാപകരാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും ബാധിക്കുന്നുണ്ട്’ പഞ്ചായത്ത് മെമ്പര്‍ സുന്ദരേശന്‍ പറയുന്നു. 
 
 
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലടക്കം റോസ് മലക്കാര്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം റോസ് മലക്കാര്‍ക്ക് എതിരാണെന്നതാണ് വാസ്തവം. കുളത്തുപ്പുഴ വില്ലേജില്‍പ്പെട്ടതാണ് സ്ഥലമെങ്കിലും സ്വന്തം വില്ലേജില്‍ എത്തണമെങ്കില്‍ റോസ് മലക്കാര്‍ക്ക് രണ്ട് പഞ്ചായത്തുകള്‍ കടക്കണം. അവിടെ നിന്നും കാര്യങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തണമെങ്കില്‍ ഒരു ദിവസം വേണം. ഇനി എന്തെങ്കിലും താമസം നേരിട്ടാല്‍ പിറ്റേ ദിവസമേ തിരിച്ച് റോസ് മലയിലെത്താനാകൂ.
 
ഈ ദുരിതങ്ങളോടൊപ്പം തന്നെ കാട്ടുമൃഗങ്ങളോടും പടവെട്ടിയാണ് ഓരോ റോസ് മലക്കാരനും ജീവിതം പച്ചപിടിപ്പിക്കുന്നത്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം വികസനത്തെക്കുറിച്ച് പറയുന്ന ഭരണകൂടത്തോട് റോസ് മലക്കാര്‍ക്ക് ഒരു കാര്യമേ പറയാനുള്ളൂ. ‘രണ്ട് പഞ്ചായത്തുകള്‍ക്കപ്പുറത്തുള്ള കുളത്തുപുഴയില്‍ നിന്ന് മാറ്റി റോസ് മലയെ അടുത്തു കിടക്കുന്ന ആര്യങ്കാവ് പഞ്ചായത്തിനോട് ചേര്‍ക്കുകയാണെങ്കില്‍ അവര്‍ക്കെങ്കിലും എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്ത് തരാന്‍ കഴിഞ്ഞേനെ’.
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍