UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

അപ്പോളൊരു തുമ്പപ്പൂ വിപ്ളവത്തെക്കുറിച്ച് അവര്‍ ചിന്തിച്ചെന്നുമിരിക്കും

കെ.ജെ ജേക്കബ്
 
വൈറ്റ് ഹൌസിന്റെ പല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഓര്‍മയില്‍ നില്‍ക്കുന്നത് പഴയ ഒരെണ്ണമാണ്. ഒരു ഒറ്റയാള്‍ പ്രകടനത്തിന്റെ. പ്രതിഷേധക്കാരന്റെ കൈയിലുള്ള പ്ളക്കാര്‍ഡില്‍ പ്രസിഡന്റിനുള്ള സന്ദേശം എഴുതിയിരുന്നു: ക്ളിന്റണ്‍ ഇസ് എ ഫൂള്‍.
 
അധികാരിയുടെ മുഖത്തുനോക്കി പൗരന്റെ അധികാര പ്രകടനം!  
 
നമ്മുടെ കാലത്ത് അധികാരം പ്രധാനമായും രണ്ടു രീതികളിലാണ് വരിക. ഒന്ന് തോക്കിന്‍ കുഴലിലൂടെ, കായിക ശക്തിയുപയോഗിച്ച്. ആ അധികാരം നിലനിര്‍ത്താനും തോക്കിന്‍ കുഴലും കായിക ശക്തിയും വേണ്ടിവരും.   
 
രണ്ടാമത്തെത് ജനാധിപത്യമാണ്. അതിന്റെ വഴി പക്ഷെ വ്യത്യസ്തമാണ്. പരമാധികാര രാഷ്ട്രത്തിലെ തുല്യ അവകാശികളായ പൗരന്മാര്‍ അവര്‍ക്കുമേല്‍ സ്വയം ഉള്ള അവകാശത്തിന്റെ ഒരു പങ്കു മാറ്റിവച്ചു അവര്‍ക്കുവേണ്ടി കാര്യങ്ങള്‍ നടത്താന്‍ ഭരണകൂടത്തെ സൃഷ്ടിക്കുകയാണവിടെ. അതു നടത്തിക്കൊണ്ട് പോകാന്‍ കുറെ പേരെ തെരഞ്ഞെടുത്തു ഏല്‍പ്പിക്കുന്നു.  അവര്‍ ആ ജോലി ചെയ്യം എന്ന വിശ്വാസത്തില്‍. അതിനാല്‍ത്തന്നെ ജനാധിപത്യത്തില്‍ അധികാരം എന്നാല്‍ പവിത്രമായ ഒരു വിശ്വാസമാണ്; വിശ്വാസം മാത്രമാണ്. ഈ അധികാരത്തിന്റെ വഴികളില്‍ അതുകൊണ്ട് തന്നെ ആയുധത്തിന് സ്ഥാനമില്ല. 
 
 
ഈ നാടിന്റെ മുഖ്യ ഭരണാധികാരി എന്ന നിലയില്‍  മുഖ്യമന്ത്രിയാണ് ഈ വിശ്വാസ പേടകത്തിന്റെ പ്രധാന കാവലാള്‍; മുന്‍പോട്ടു പോകാനുള്ള പൗരന്മാരുടെ ശ്രമങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കെണ്ടവന്‍. കടുത്ത പോരാട്ടങ്ങളിലൂടെ അവര്‍ നേടിയെടുത്ത അമൂല്യ നാണയങ്ങളുടെ സൂക്ഷിപ്പുകാരന്‍; ആ നിക്ഷേപത്തെ ഭാവിയുടെ മൂലധനമാക്കി മാറ്റാന്‍ കടപ്പെട്ടവന്‍.  
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിനു മുന്‍പേ ആ ജോലി ചെയ്തവരും അതിനര്‍ഹത നേടിയത് എളുപ്പത്തിലല്ല. പരീക്ഷണങ്ങളുടെ കനല്‍വഴികളിലൂടെയുള്ള പതിറ്റാണ്ടുകളുടെ പൊതുജീവിതവും, കളങ്കമറ്റ ചരിത്രവും ഈട് വച്ചിട്ടാണ് അവര്‍ വന്നത്.  
 
ചെറിയ ചരിത്രമല്ല ഉമ്മന്‍ ചാണ്ടിയുടെതും.
 
എഴുപതു വയസ്സുള്ള ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതം ഏകദേശം 55 കൊല്ലത്തോളം വരും. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്‌റ്, ഐ എന്‍  ടി യു സി നേതാവ് എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം. 43 വര്‍ഷമായി ഒരേ നിയോജകമണ്ഡലത്തില്‍നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ തൊഴില്‍, ആഭ്യന്തരം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പിന്നീട് ധനകാര്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും. പാര്‍ട്ടിയുടെ പണപ്പിരിവുകാരന്‍ എന്നതല്ലാതെ ഇതേവരെ സ്വന്തമായി പണമുണ്ടാക്കി എന്ന ആരോപണം നേരിട്ടിട്ടില്ല,  
 
അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഉള്‍പ്പിരിവുകളില്‍ ഒരു സജീവ സാന്നിധ്യമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും. കോണ്‍ഗ്രസിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന കെ കരുണാകരനോട് കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ ഒരു കാര്യം അദ്ദേഹം ഇപ്പോഴും ഉറപ്പുവരുത്തി; അകത്ത് എന്തൊക്കെ കളികള്‍ നടത്തിയാലും ആദര്‍ശവാദികളായ തങ്ങളുടെ കൂട്ടത്തിന് പൊതുസമൂഹത്തിലുള്ള അധിക വിശ്വാസ്യത, സ്വീകാര്യത. എതിര്‍വശത്ത് കരുണാകരനാണെന്നത് ആ ദൗത്യം ഒരേസമയം ദുഷ്‌കരവും എളുപ്പവുമാക്കി: അദ്ദേഹത്തിന്റെ ചാണക്യ തന്ത്രങ്ങളെ വേണം നേരിടാനുള്ളതെന്നുള്ള പരുക്കന്‍ യാഥാര്‍ത്ഥ്യം; എന്തും കരുണാകരനെക്കാള്‍ ഭേദമായിരിക്കുമെന്ന എളുപ്പം.
 
 
അധികാരത്തോടുള്ള നേതാക്കളുടെ തന്ത്രപരമായ അകല്‍ച്ച എന്നും ഗ്രൂപ്പിന്റെ തുറുപ്പുചീട്ടായിരുന്നു. അടിയന്തിരാവസ്ഥ അതിന്റെ പാരമ്യത്തില്‍ നിന്ന, സഞ്ജയ് ഗാന്ധിയുടെ അനുവാദമില്ലാതെ പാര്‍ട്ടിയിലോ ഗവണ്‍മെന്‍റിലോ ഇലയനങ്ങാത്ത കാലം; 1976ല്‍ ഗോഹട്ടിയില്‍വച്ചു നടന്ന എ ഐ സി സി സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ്‌റ് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ കേരള പ്രതിനിധികള്‍ അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചു. (ആന്റണിയ്ക്കു അടി കിട്ടിയില്ലെങ്കിലും കൂട്ടുകാരായിരുന്ന ഉമ്മന്‍ ചാണ്ടിയും പി സി ചാക്കോയും യുവരാജാവായിരുന്ന സഞ്ജയിന്റെ കോപത്തിന്റെ ഫലം അനുഭവിച്ചെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്). അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിയ്ക്ക് 1978-ലെ ചിക്മംഗലൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ഗ്രൂപ്പുകാര്‍ ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളായി.        
 
1982ല്‍ ഐക്യ ജനാധിപത്യ മുന്നണിയിലും അധികാരത്തിലും തിരിച്ചെത്തിയെങ്കിലും ഗ്രൂപ്പ് നേതാവായിരുന്ന ആന്റണി അധികാരത്തില്‍ നിന്ന് മാറി നിന്നു മാതൃക കാണിച്ചു. പിന്നീടുള്ള പത്തുകൊല്ലം കരുണാകരനുമായുള്ള യുദ്ധം; മിക്കവാറും തോല്‍വി. എണ്ണമറ്റ കളരികള്‍ക്കാശാനായിരുന്ന കരുണാകരനോട് തൊടുത്ത് പരാജയപ്പെടുമ്പോഴും ‘എ’ ഗ്രൂപ്പ് എന്നും ധാര്‍മിക ബലത്തില്‍ മുന്‍പിലായിരുന്നു.1991ലെ കെ പി സി സി പ്രസിഡന്റ്‌റ് തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയെന്ന മുറിച്ചുരിക കൊണ്ട് ലീഡര്‍ വെട്ടിയ കള്ളവെട്ടില്‍ വീണുപോയ ആന്റണി തിരുപ്പതി എ ഐ സി സി യില്‍ അര്‍ജുന്‍ സിങ്ങിനു തൊട്ടുപിന്നില്‍  രണ്ടാമനായി വോട്ടു നേടി വര്‍ക്കിംഗ് കമ്മിറ്റിയിലേയ്ക്ക് നടന്നു കയറിയത് അദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ടായിരുന്നില്ല. താന്‍പോരിമക്കാരനായിരുന്ന കരുണാകരനോടെതിര്‍ത്തുനിന്നതിന്റെ പേരില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ കാട്ടിയ ഉപകാരസ്മരണയായിരുന്നു ആ വിജയം. പഞ്ചസാര കുംഭകോണത്തെ സംബന്ധിച്ച് അഴിമതി ആരോപണം ഉണ്ടായപ്പോള്‍ ഉടനെ രാജിവച്ച് ആന്റണി തന്റെയും ഗ്രൂപ്പിന്റെയും ആദര്‍ശ പരിവേഷം കാത്തു. 
 
 
സ്ഥാനത്യാഗത്തിന്റെ രാഷ്ട്രീയവിപണിമൂല്യം നമുക്കൊക്കെ അറിയാവുന്നതാണ്. ശാസ്ത്രിയും സോണിയ ഗാന്ധിയും മുതല്‍ ആന്റണി വരെ പ്രയോഗിച്ച ആ തന്ത്രത്തിന്റെ ഗ്രൂപ്പിലെ അനന്തരാവകാശിയായി ഉമ്മന്‍ ചാണ്ടി പിന്നീട് സ്വയം സ്ഥാനമേറ്റു. 1994ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പുകാരനായിരുന്ന എം എ കുട്ടപ്പന് കിട്ടേണ്ടിയിരുന്ന സീറ്റെടുത്ത് വെറുതെയിരുന്ന സമദാനിയ്ക്ക് ദാനം ചെയ്തപ്പോള്‍ പ്രതിഷേധിച്ച് ധനകാര്യമന്ത്രി സ്ഥാനം രാജിവച്ച ഉമ്മന്‍ ചാണ്ടി, ഗ്രൂപ്പിന് മീതെ മറ്റൊന്നുമില്ലെന്നു കാണിച്ചു കൊടുത്തു.(ലീഡറുടെ ക്ഷീണകാലത്ത് ആ അപമാനമെല്ലം ഇരട്ടിയായി തിരിച്ചുകൊടുത്ത് കണക്കു തീര്‍ത്തു എന്നതു ചരിത്രം).
 
2001ല്‍, 100 സീറ്റ് എന്ന റിക്കാര്‍ഡുമായി യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍, പഴയ തോഴന്‍ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ , ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചേരാതെ മാറി നിന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നുവരെയില്ലാത്ത തോല്‍വി കോണ്‍ഗ്രസിനെ കടപുഴക്കിയപ്പോള്‍ ആന്റണിയ്ക്കു പകരക്കാരനായാണ് ഉമ്മന്‍ ചാണ്ടി വീണ്ടും അധികാരത്തിലെത്തുന്നത്.        
 
അധികാരത്തിന്റെ കെട്ടുകാഴ്ച്ചകളില്‍ വിശ്വസിക്കാത്ത, പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രവാചകനായ ഉമ്മന്‍ ചാണ്ടി പെട്ടെന്നുള്ള തീരുമാനങ്ങളില്‍ വിശ്വസിക്കുന്നു. തെറ്റുപറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറാണെന്ന് ഉറക്കെ പറയുകയും ചെയ്യും.   
 
നമുക്ക് പരിചയമുള്ള, നിര്‍മമനായ ഈ ഉമ്മന്‍ ചാണ്ടി എങ്ങുപോയി? അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ പാരമ്പര്യവുമായി ചേര്‍ച്ചയില്ലാതായതെന്തുകൊണ്ട്? ഒരു രാജ്യസഭാ സീറ്റിനുവേണ്ടി മന്ത്രിസ്ഥാനം കൈയൊഴിഞ്ഞ, കൂട്ടുകാര്‍ക്കും ഗ്രൂപ്പിനും വേണ്ടി അധികാരം വേണ്ടെന്നു വച്ച ഉമ്മന്‍ ചാണ്ടിയെവിടെ? ലാവലിന്‍ കേസ് സി ബി ഐയ്ക്ക് വിട്ടുകൊണ്ട്, പൊതുജീവിതത്തിന്റെ ധാര്‍മികശക്തിയുടെ പ്രാധാന്യത്തിനു അടിവരയിട്ട പഴയ ഉമ്മന്‍ ചാണ്ടിക്കെന്തു പറ്റി?
 
ഒന്നും പറ്റിയില്ലെന്നും, എല്ലാം പതിവുപോലാണെന്നും വിശ്വസിക്കാന്‍, ആഗ്രഹിക്കുന്നവര്‍ക്ക് പോലും ബുദ്ധിമുട്ടാണ്.        
 
 
നാടുനീളെ നടന്നു തട്ടിപ്പ് നടത്തിയ ഒരു പ്രസ്ഥാനത്തിലെ പ്രധാന കൈയ്യാളായ സ്ത്രീയെ പോലീസ് അറസ്റ്റുചെയ്ത് ഒരാഴ്ച കഴിഞ്ഞ് ടി വി ചാനല്‍ വാര്‍ത്ത പുറത്തുവിടുമ്പോഴാണ് നാട്ടുകാരറിയുന്നത്, ആ സ്ത്രീയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ പ്രധാന സഹായിയുമായി അതിരുകവിഞ്ഞ അടുപ്പമുണ്ടായിരുന്നെന്ന്. വാര്‍ത്തയ്ക്ക് പുറമേ നിയമസഭയിലെ  പ്രതിപക്ഷ ബഹളവും പിന്നെ ഒരു പോലീസ് റിപ്പോര്‍ട്ടും വേണ്ടി വന്നു ചാണ്ടിയ്ക്ക് അയാളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍.
 
പഴയ ഉമ്മന്‍ ചാണ്ടി എങ്ങനെ പ്രതികരിച്ചേനെ? അറസ്റ്റ് വിവരം അറിഞ്ഞയുടനെ അതിലുള്‍പ്പെട്ടിരുന്ന ആളെ മാറ്റിനിര്‍ത്തി അന്വേഷണം പ്രഖ്യാപിച്ചേനെ. പക്ഷെ അതുണ്ടായില്ല. സുതാര്യതയില്‍ അഭിമാനിക്കുന്ന, അഴിമതിയ്‌ക്കെതിരെ പട നയിച്ചതിനു ഐക്യരാഷ്ട്ര സംഘടന ആദരിച്ച ഓഫീസിന്റെ തലവനായ മുഖ്യമന്ത്രി, ഒരാഴ്ചയോളം പക്ഷെ നിശ്ശബ്ദനായിരുന്നു. അന്വേഷണമില്ല, നടപടിയില്ല, നാട്ടുകാരോടൊരക്ഷരം പറഞ്ഞതുമില്ല. 
 
അതിനു രണ്ടു കാരണങ്ങളുണ്ടാവാം. ഒന്ന്, മുഖ്യമന്ത്രിയ്ക്ക് ഈ ഇടപാടില്‍ പങ്കുണ്ട്, അല്ലെങ്കില്‍ നടപടിയെടുക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുന്ന ഏതോ ഒരു ഘടകം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യത്തെ കാരണം വിശ്വസിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഇന്നുവരെയുള്ള ജീവിതത്തെക്കുറിച്ചുള്ള ധാരണകള്‍ നമ്മെ അനുവദിക്കുന്നില്ല. 
 
പിന്നെയുള്ള ഘടകം നമ്മെയൊക്കെ ഭയപ്പെടുത്തുന്നതാണ്: നാടിന്റെ മുഖ്യമന്ത്രിയെ അദ്ദേഹത്തിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആരോ നിര്‍ബന്ധിക്കുന്ന ഒരവസ്ഥയുണ്ട് എന്നത്. അതേതെന്നു കണ്ടു പിടിച്ചു പുറത്തുകൊണ്ടുവരിക എന്നത് നമ്മെപ്പോലെ അദ്ദേഹത്തിന്റെയും ആവശ്യമാണ്. ഇതിനിടെ ഒരു മനുഷ്യന്‍ കടന്നു വരുന്നു. തട്ടിപ്പുകാരിയായ സ്ത്രീയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി അയാള്‍ പറയുന്നു. മുഖ്യമന്ത്രി സംശയകരമായി എന്തെങ്കിലും പറഞ്ഞതായി അദ്ദേഹത്തിനും പരാതിയില്ല. സൗരോര്‍ജ്ജം നമ്മുടെ നാടിന്റെ ഭാവിയാണെന്നും, അതില്‍ കൂടുതല്‍ പേര്‍ മുതല്‍മുടക്കാന്‍ തയ്യാറാവണമെന്നും ആണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളെപ്പറ്റി, തട്ടിപ്പുകാരിയെന്നു പിന്നീട് മാത്രം വെളിപ്പെട്ട സ്ത്രീ പറഞ്ഞില്ലേ എന്ന് ചോദിച്ചതായും ആ മനുഷ്യന്‍ പറയുന്നു.
 
 
കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി കുറ്റകരമായി എന്തെങ്കിലും പറഞ്ഞതായി ആര്‍ക്കും ബോധ്യമാവില്ല. അതിശയം തന്നെ, മുഖ്യമന്ത്രി ആ കൂടിക്കാഴ്ച തന്നെ നിഷേധിക്കുന്നു! ലഭ്യമാകാന്‍ സാധ്യതയുള്ള തെളിവുകളെയും അദ്ദേഹം നിഷേധിക്കുന്നു. അതും ഇരയായ മനുഷ്യന്‍ നിയമപ്രകാരം കോടതിയില്‍ കൊടുത്ത മൊഴി മഴനനഞ്ഞു പുറത്തുനില്‌ക്കെത്തന്നെ. ഇക്കാര്യം അന്വേഷിച്ചു സത്യാവസ്ഥ വെളിപ്പെടുത്താന്‍ പോലീസിനു ബാധ്യതയില്ലേ? നാട്ടിലെ മുഖ്യമന്ത്രിയെ പുകമറയില്‍ നിര്‍ത്താതിരിക്കാനുള്ള പ്രൊഫഷണല്‍ മിടുക്ക് അവര്‍ കാണിക്കേണ്ടേ? നമ്മുടെ നാട്ടിലെ പോലീസ് സംവിധാനത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോള്‍ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നുകൊണ്ടു അത് സാധ്യമാവുമോ?
 
സഞ്ജയ് ഗാന്ധിയുടെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാതിരുന്ന കാലത്ത് അയാളുടെ കണ്ണില്‍  നോക്കി അടിയന്തിരാവസ്ഥയെ എതിര്‍ത്ത ഉമ്മന്‍ ചാണ്ടി, പക്ഷെ അദ്ദേഹത്തിനെതിരെ കുറ്റമറ്റ ഒരന്വേഷണം ആവശ്യപ്പെടുന്നവര്‍ക്കെതിരെ അതേ കരിനിയമാത്തിന്റെ വ്യവസ്ഥകള്‍ നടപ്പാക്കുന്നു. അങ്ങേയറ്റം പരിഹാസ്യമാണിത്. അടിയന്തിരാവസ്ഥയുടെ പേരില്‍ ഇന്ത്യന്‍ സമൂഹത്തോട് മാപ്പ് പറഞ്ഞ പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇത്തരമൊരു നിലപാടെടുക്കുന്നു എന്നത് കോണ്‍ഗ്രസ് എന്നും പിന്തുടര്‍ന്നുകൊണ്ടിരുന്ന ലിബറല്‍ ജനാധിപത്യ ബോധത്തിന്റെ തിരസ്‌കരണമാണ്. രാജിയില്ലെങ്കില്‍ ഇതിനുത്തരം പറയേണ്ടിവരിക അതേ പ്രസ്ഥാനമാണ്. 
 
സാധാരണഗതിയില്‍ ഇത്ര വലിയ ധാര്‍മിക പ്രശ്‌നം വന്നാല്‍ ഒരു ഭരണാധികാരി കളമൊഴിയുകയാണ് പതിവ്. എന്നാല്‍ അതിനില്ല എന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചു പറയുന്നു. അധികാരം ഇപ്പോള്‍ അദ്ദേഹത്തിനു ഒരാവശ്യമായതുപോലെ തോന്നുന്നു. പതിവില്ലാത്ത വിധമുള്ള ഈ ആവശ്യം അപകടകരമായ ഒരു ലക്ഷണമാണ്.          
 
സത്യമാണ്, ഇന്ന് കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവര്‍ കുറവാണ്. പക്ഷെ എതിരാളികളുമില്ല. കരുണാകരന്റെ കാലത്തെപ്പോലെ, ആന്റണിയുടെ കാലത്തെപ്പോലെ ശക്തമായ ഒരു ശത്രുപക്ഷം ഇല്ല. കെണിയില്‍നിന്ന് രക്ഷപെട്ടോടിവന്ന കെ പി സി സി പ്രസിഡന്‍റിന് ഇനിയും കിതപ്പാറിയിട്ടില്ല. കെ. മുരളീധരന് നന്നായി തമാശ പറയുന്നതിലാണ് ശ്രദ്ധ. വി എം സുധീരന്‍ കയ്ച്ചിട്ട് തുപ്പാനും പറ്റില്ല, മധുരിച്ചിട്ട് ഇറക്കാനും പറ്റില്ല (തെറ്റിയതല്ല) എന്ന അവസ്ഥയിലാണ്. കുട്ടി വേഷങ്ങളാകട്ടെ ഇപ്പോഴും അരങ്ങന്വേഷിച്ചു നടക്കുന്നു. സഖ്യകക്ഷികള്‍ അവര്‍ തന്നെ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ വലിപ്പം കണ്ടു ഞെട്ടിയിരിപ്പാണ്. 
 
 
 
മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാല്‍ ഇന്നാട്ടിലെ ജനങ്ങള്‍ അവരുടെ വിശ്വാസം നിറച്ച സുരക്ഷാപേടകം സൂക്ഷിക്കുന്ന ഇടമാണ്. അതിന്റെ കാവലാളായാണ്, പ്രജാപതിയായല്ല, ഒരു മുഖ്യമന്ത്രിയുടെ താല്‍ക്കാലിക നിയമനം. ഈച്ചപോലും കടക്കരുതെന്ന് നമ്മള്‍ ആജ്ഞാപിച്ച് ഏല്‍പ്പിച്ചുകൊടുത്ത പവിത്രഭൂമിയില്‍ അധമരായ മനുഷ്യര്‍ ഇളകിയാടിയിരുന്നു എന്നും, അവിടത്തെ നാണയങ്ങള്‍ കടത്തി അവര്‍ കള്ള നാണയങ്ങള്‍ പകരം വച്ചു എന്നുമുള്ള നമ്മുടെ സംശയം സൂക്ഷിപ്പുകാരനെ അസ്വസ്ഥനാക്കേണ്ടതാണ്. വിറയ്ക്കുന്ന കൈകളോടെ അതിന്റെ വാതിലുകളടച്ചു പൂട്ടി താക്കോല്‍ തിരിച്ചേല്‍പ്പിച്ചു പടിയിറങ്ങുകയാണ്, തന്റെ കൈകളുടെ ശുദ്ധി ഉറപ്പുവരുത്താന്‍ വിനയത്തോടെ അപേക്ഷിക്കുകയാണ്, അയാള്‍ ചെയ്യേണ്ടത്. അല്ലാതെ വാടകയ്‌ക്കെടുത്ത വെടിക്കോപ്പുകള്‍ക്കൊണ്ട് ഉടമസ്ഥരെ വിരട്ടാന്‍ വിഫലശ്രമം നടത്തുകയല്ല. 
 
തോക്കിന്‍ കുഴലിലൂടെ വന്ന അധികാരം നിലനിര്‍ത്താന്‍ ചിലപ്പോള്‍  തോക്കിന്‍കുഴല്‍ തന്നെ വേണ്ടിവന്നേക്കും. പക്ഷെ ബാലറ്റ് പെട്ടിയുടെ ഉല്‍പ്പന്നമായ ആള്‍ അധികാരം നിലനിര്‍ത്താന്‍ തോക്കിന്‍ കുഴലിനെ ആശ്രയിക്കുന്നത് അയാളുടെ പരാജയമാണ്. ആ പരാജയത്തിന്റെ, വിശ്വാസനഷ്ടത്തിന്റെ, വില അയാള്‍  തന്നെ കൊടുക്കുന്നതാണുത്തമം; ദാരിദ്ര്യത്തിനും രോഗത്തിനും അജ്ഞതയ്ക്കുമെതിരെ പടവെട്ടി വലിയ വിജയങ്ങള്‍ കൊയ്ത ഒരു സമൂഹത്തോട് അതാവശ്യപ്പെടുന്നത് നീതിയല്ല. അത് കൊടുക്കേണ്ട കാര്യം അവര്‍ക്കില്ല; അതിനുള്ള ശ്രമം അവരുടെ ക്ഷമയെ പരീക്ഷിക്കലാവും. 
 
അപ്പോളൊരു തുമ്പപ്പൂ വിപ്ളവത്തെക്കുറിച്ച് അവര്‍ ചിന്തിച്ചെന്നുമിരിക്കും.
 
(‘തുമ്പപ്പൂ വിപ്ളവ’മെന്നത് ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ ആശയമാണ്)  
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍