UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ജീവിതത്തിലെ വിദ്യാലയ വര്‍ഷങ്ങള്‍

സോണി സോമരാജന്‍

 

നമ്മുടെ ബാല്യകാല ഓര്‍മകള്‍ നമുക്ക് ഒരിക്കലും മറക്കാന്‍ എളുപ്പമല്ല. പ്രത്യേകിച്ചും വിദ്യാലയ ജീവിതവും അതിനെ ചുറ്റിപ്പറ്റി ഉള്ള ഓര്‍മകളും. 

ഇതേ കാരണത്താല്‍ സ്കൂള്‍ പഠന കാലത്തെ ചുറ്റിപ്പറ്റിയുള്ള നോവലുകള്‍ കൂടുതല്‍ പ്രിയങ്കരവും കൌതുകം ഉണര്‍ത്തുന്നവയുമായി മാറുന്നു. കസുവോ ഇഷിഗുറോയുടെ Never Let Me Go (2005) അത്തരമൊരു പുസ്തകമാണ്. മനുഷ്യരുടെ ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിന് അവയവദാനം നടത്താന്‍ വേണ്ടി അവരുടെ ക്ളോണുകളെ സൃഷ്ടിക്കുകയും അവയെ പോറ്റിവളര്‍ത്തുകയും ചെയ്യുന്ന ഒരു ഭാവികാലത്തിലാണ് ഇതിന്റെ കഥാപരിസരം രൂപപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ളണ്ടിലെ Hailsham എന്നൊരു സങ്കല്‍പ്പിക റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികളായാണ് ഈ തനിപ്പകര്‍പ്പുകളെ അവതരിപ്പിച്ചിരിക്കുന്നത്. 

 

ഒരുകൂട്ടം പാട്ടെഴുത്തുകാരെ കുറിച്ച് താന്‍ പാതി എഴുതിവെച്ച ഒരു പുസ്തകത്തിന്റെ തലക്കെട്ടായാണ് ‘Never Let Me Go’ എന്ന പേര് ഇഷിഗുറോ ആദ്യം ആലോചിച്ചത്. Hailsham-ല്‍ വെച്ച് ‘Baby,Never Let Me Go’ എന്ന ഇഷിഗുറോയുടെ സങ്കല്‍പ്പ സൃഷ്ടിയായ പാട്ട് Kathy H എന്ന കഥാപാത്രം വീണ്ടും വീണ്ടും കേള്‍ക്കുന്നു. അതവളെ അങ്ങേയറ്റം ഉല്ലാസഭരിതയാക്കുന്നു. ഇഷിഗുറോ പാട്ടെഴുത്തിലും ആലാപനത്തിലും ഒരു കൈ നോക്കിയിരുന്നു എന്നു ഇതിനോട് കൂട്ടിവായിക്കുന്നത് രസകരമാണ്. ഒരു റോക് താരമാകാനായിരുന്നു അയാളുടെ ആഗ്രഹം, പിന്നീട് എഴുത്തുകാരനായി മാറിയെങ്കിലും. 

 

 

ഏതാണ്ട് അഞ്ചു കൊല്ലത്തെ ഇടവേളകളിലാണ് ഇഷിഗുറോയുടെ ഓരോ പുസ്തകവും ഇറങ്ങുന്നത്. തൊണ്ണൂറുകളുടെ ആദ്യത്തില്‍ കണ്ടു മുട്ടിയ ഒരു കൂട്ടം ചെറുപ്പക്കാരില്‍ നിന്നാണ് തന്റെ ആറാമത്തെ നോവലിനുള്ള ആശയം ഇഷിഗുറോക്ക് കിട്ടുന്നത്. അപ്പോളാണ് ജൈവ സാങ്കേതികവിദ്യയിലെ നൂതന മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഒരു റേഡിയോ പരിപാടി ഈഷിഗുറോ കേള്‍ക്കുന്നതും നോവലിലെ കഥാപാത്രങ്ങളുടെ അന്തിമവിധി എന്തായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തത വരുന്നതും.

 

‘Never Let Me Go’യുടെ ചലച്ചിത്രാവിഷ്കാരം 2010-ല്‍ പുറത്തിറങ്ങി. അടുത്തിടെ ഇറങ്ങിയ ‘The Great Gatsby’ എന്ന ചിത്രത്തില്‍ അഭിനയിച്ച കാരി മള്ളിഗന്‍ ആണ് Never Let Me Goയുടെ ചലച്ചിത്രഭാഷ്യത്തില്‍ കാതി എച്ചിന്റെ സുപ്രധാന വേഷത്തില്‍ അഭിനയിച്ചത്. ആ പ്രകടനം അവരെ ഹോളിവുഡിലെ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാക്കി മാറ്റി. ബുക്കര്‍, ആര്‍തര്‍.സി ക്ളാര്‍ക് പുരസ്കാരങ്ങള്‍ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ കൃതി, 2005-ല്‍ ടൈം മാസിക തയ്യാറാക്കിയ എക്കാലത്തെയും (1923 മുതല്‍ പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് നോവലുകള്‍) മികച്ച 100 നോവലുകളുടെ നിരയിലും ഇടംനേടി.

 

 

ടൈമിന്റെ എക്കാലത്തെയും മികച്ച നോവലുകളുടെ പട്ടികയില്‍പെട്ട മറ്റൊരു പുസ്തകം JD Salinger-ഉടെ ‘The Catcher in the Rye’ ആണ്. മുഖ്യ കഥാപാത്രത്തിന്റെ കുട്ടിക്കാലം മുതലുള്ള ജീവിതത്തിലൂടെ വളര്‍ന്നു വികസിക്കുന്ന ഇതിവൃത്തമുള്ള നോവലുകളില്‍ വെച്ച് ഏറെ പ്രഖ്യാതമായ ഒന്ന്. അസ്വസ്ഥനും അതേ സമയം പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയുമുള്ള Holden caulfield എന്ന കുട്ടി താന്‍ പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന്, തന്നെ പുറത്താക്കിയതിനെക്കുറിച്ച്  വിശദീകരിക്കുകയും, ഒടുവില്‍ കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്യുന്നു. തനിക്ക് ചുറ്റുമുള്ള മുതിര്‍ന്നവരുടെ ലോകവുമായി അവന് പൊരുത്തപ്പെടാനാവാത്തത്തിന്റെ അവസ്ഥയെക്കുറിച്ചാണ് പുസ്തകം.

 

ഈ പൊരുത്തപ്പെടായ്കയെ കുറിച്ചുള്ള സൂചനകള്‍ ‘The Catcher in the Rye’ എന്ന തലക്കെട്ടില്‍ തന്നെയുണ്ട്. പുസ്തകത്തില്‍ ഉടനീളം പരാമര്‍ശിക്കുന്ന അയാളുടെ മരിച്ചുപോയ സഹോദരന്‍ Allie ഒരു baseball catcher ആയിരുന്നു; അത് തന്നെയാണ് തലക്കെട്ടുമായുള്ള ആദ്യ ബന്ധം. ‘Hold – on’എന്ന വാക്കിന്റെ ഒരു വകഭേദമാണ് Holden. Caul എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയെ പൊതിയുന്ന ഒരു നനുത്ത രക്ഷാകവചവും. Caulfield-ലെ ഫീല്‍ഡ്, ധാന്യകൃഷിയുടെ പാടവും. പുസ്തകത്തിലെ ഈ വരികളില്‍ ഹോള്‍ഡന്‍റെ മനോഗതം മനോഹരമായി വിവരിക്കുന്നു:

 

“…I keep picturing all these little kids playing some game in this big field of rye and all. Thousands of little kids, and nobody’s around-nobody big, I mean-except me. And I’m standing on the edge of some crazy cliff. What I have to do, I have to catch everybody if they start to go over the cliff-I mean if they’re running and they don’t look where they’re going I have to come out from somewhere and catch them. That’s all I’d do all day. I’d just be the catcher in the rye and all. …that’s the only thing I’d really like to be.”

 

 

പില്‍ക്കാല തലമുറകളെ മറ്റേതൊരു പുസ്തകത്തെക്കാളും ഇത് സ്വാധീനിച്ചു. പ്രസിദ്ധരായ റോക് ബാന്‍ഡ്  Guns N’ Roses സാലിഞ്ചറുടെ നോവലില്‍നിന്നും പ്രചോദിതരായി 2008-ലെ തങ്ങളുടെ Chinese Democracy എന്ന ആല്‍ബത്തിനുവേണ്ടി – ആകുലരായ ചെറുപ്പക്കാരെക്കുറിച്ച് – ഒരു പാട്ടുണ്ടാക്കുകയും അതിനു ‘The Catcher in the Rye’ എന്നു പേരിടുകയും ചെയ്തു.1990-ലെ ബില്ലി ജോയലിന്റെ “We didn’t Start the Fire”-ല്‍ ഈ നോവലിനെ പരാമര്‍ശിക്കുന്നു. ഗ്രീന്‍ ഡേ ബാന്‍ഡിന്റെ1992-ല്‍ ഇറങ്ങിയ “Who Wrote About Holden Caulfield”എന്ന പാട്ടിനും ഈ നോവല്‍ കാരണമായി. ആ നോവലിന്റെ വലിയ പ്രത്യാഘാതങ്ങളിലൊന്ന് ജോണ്‍ ലെനനെ വെടിവെച്ചയാളെ അതിനു പ്രേരിപ്പിച്ചത് ഈ നോവലാണ് എന്നതാണ്. ശിക്ഷ വിധിക്കവേ അയാള്‍ നോവലിലെ ഒരു ഖണ്ഡിക കോടതിയില്‍വെച്ചു വായിക്കും വരെയെത്തി അയാളുടെ ഉന്മാദം.1981-ല്‍ അമേരിക്കന്‍ പ്രസിഡണ്ട് റീഗനെ വധിക്കാന്‍ ശ്രമിച്ച ജോണ്‍ ഹിന്‍ക്ലേയുടെ വീട്ടില്‍നിന്നും ഈ പുസ്തകം കണ്ടെടുത്തിരുന്നു.1997-ല്‍ ഇറങ്ങിയ ‘Conspiracy Theory’ എന്ന ചലച്ചിത്രത്തില്‍ മെല്‍ ഗിബ്സണ്‍ അവതരിപ്പിച്ച കഥാപാത്രം, കാണുന്നിടത്തുനിന്നെല്ലാം ഈ പുസ്തകം വാങ്ങുന്നു, എന്നാല്‍ അയാള്‍ ഒരിയ്ക്കലും അത് വായിക്കുന്നില്ല. തന്റെ നോവല്‍ ചലച്ചിത്രമോ നാടകമോ ആക്കാന്‍ കഴിയിലെന്ന് സാലിഞ്ചര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സ്പീല്‍ബെര്‍ഗും, ഏലിയാ കാസനും പോലുള്ള മികച്ച സംവിധായകരുടെ വരെ അഭ്യര്‍ഥനകളെ തന്റെ മരണം വരെയും അദ്ദേഹം നിരസിച്ചു. ഈ പുസ്തകത്തിന്റെ രണ്ടര ലക്ഷം കോപ്പികള്‍ എല്ലാവര്‍ഷവും ഇപ്പോളും വിറ്റുപോകുന്നുണ്ട്.

 

 

ഇങ്ങനെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതവളര്‍ച്ചയോടൊപ്പം സഞ്ചരിക്കുന്ന നോവലുകള്‍ ആനന്ദകരമായ വായനാനുഭൂതി തരുന്നവയാണ്. കാരണം 80-കളുടെ ഒടുവില്‍ എന്റെ കൌമാരകാലവും ഒരു റെസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു. അത്തരം വിദ്യാലയങ്ങളില്‍, വളരെ നേരത്തെ തന്നെ പക്വതയോടെ ജീവിതത്തെ നേരിടാന്‍, ആ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ നിര്‍ബന്ധിതരാകും. അവരുടെ മാനസിക വളര്‍ച്ച ഒരിയ്ക്കലും പൂര്‍ത്തീകരിക്കാനാകാതെ പോവുക എന്ന വലിയൊരു പ്രശ്നവും ഇതിനോടൊപ്പമുണ്ട്.

 

വളര്‍ച്ചയുടെ ആ ഘട്ടങ്ങളില്‍ സ്കൂളില്‍ ലൈബ്രറിയിലാണ് ഞാന്‍ അഭയം തേടിയത്. വായനയിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാനും തുടര്‍ന്ന് എഴുത്തിലേക്ക് തിരിയുന്നതിനും എന്നെ പ്രാപ്തനാക്കിയതും അതാണ്. എന്റെ പഠന കാലത്ത് ഞാന്‍ ആര്‍ജിച്ച ഏറ്റവും അമൂല്യമായ കാര്യവും അതുതന്നെ. 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍