UPDATES

ഓഫ് ബീറ്റ്

യോ യോ ഹണീ സിംഗ്

അമാന ഫൊന്‍റനെല്ലാ ഖാന്‍
(ഫോറിന്‍ പോളിസി മഗസിന്‍)

 

ഒരു റാപ് ആല്‍ബം പോലെയല്ല, മറിച്ച് ഒരു ആഡംബര ഘടികാരത്തിന്റെ പരസ്യം പോലെയാണത് തോന്നിക്കുന്നത്. മരപ്പാളികള്‍ പതിച്ച മുറിയില്‍ സുന്ദരമായ ദീപവിതാനം. തോലുകൊണ്ടുള്ള ഒരു കൂറ്റന്‍ ചാരുകസേരയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ റാപ് ഗായകന്‍ യോ! യോ! ഹണീ സിംഗ് ഇരിക്കുന്നു. അറ്റം മടക്കിയ ഒരു തൂവാല കറുത്ത കുപ്പായത്തിന്റെ കീശയില്‍നിന്നും പുറത്തേക്ക് തള്ളിവെച്ചിട്ടുണ്ട്. കാതില്‍ ഒരു വലിയ വജ്രക്കമ്മല്‍. ഒരു അഴകിയ രാവണനായി തോന്നാമെങ്കിലും, ഈ കുറിയ, ദൃഢഗാത്രനായ പെന്‍സില്‍ താടിയുള്ള പാട്ടുകാരന്‍, തന്റെ ഗ്രാമീണ വേരുകളെ മറന്നിട്ടില്ല. പരസ്യത്തിന്റെ വലതുവശത്ത് IV എന്നു സുവര്‍ണാക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. International Villager, അയാളുടെ പുതിയ ആല്‍ബത്തിന്റെ പേര് .

 

പഞ്ചാബിലെ കാര്‍ഷിക ഗ്രാമമായ ഹോഷിയാര്‍പ്പൂരില്‍ നിന്നും 29-കാരനായ ഹൃദേഷ് സിംഗ് ഏറെ ദൂരം താണ്ടിയിരിക്കുന്നു. 2010-ല്‍, MTV-യില്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് , ഹണി സിംഗും(അമ്മ വിളിക്കുന്ന ഓമനപ്പേര്) സുഹൃത്തായ പാട്ടുകാരനും നല്കിയ ഒരഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മലമായ ഗ്രാമഭംഗി കാണാം. ഡല്‍ഹിയില്‍ വളര്‍ന്ന സിംഗ് പിന്നീട് ലണ്ടനിലേക്ക് പോയി. സിംഗിന്റെ വെബ്സൈറ്റ് പറയുന്നത് അവിടെ ട്രിനിറ്റി സംഗീത കോളേജില്‍ പഠിച്ചു എന്നാണ്. അച്ഛനമ്മമാര്‍ ആദ്യമൊന്നും ഈ സാഹസത്തിന് സമ്മതിച്ചില്ല. “എന്‍റെതൊരു കച്ചവട കുടുംബമാണ്. ഒരു പാട്ടുകാരനാകാന്‍ എനിക്കു അച്ഛനുമായി വഴക്കിടേണ്ടി വന്നു,” ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ ഒരഭിമുഖത്തില്‍ സിംഗ് പറയുന്നു.

 

വിജയങ്ങള്‍ പിന്നീട് അവരുടെ മനസ്സ് മാറ്റി. 2006-ല്‍ പഞ്ചാബി നാടന്‍ പാട്ടുകാര്‍ക്കുവേണ്ടി പാട്ടുകളുണ്ടാക്കാന്‍ തുടങ്ങിയതിന് ഒരു കൊല്ലത്തിനുശേഷം, ഗ്ലാസ്സിയിലെ സംഗീതത്തിന് സിംഗിന് ദേശീയ പുരസ്കാരം ലഭിച്ചു. 2012-ല്‍ International Villager ആല്ബം സിംഗിനെ ദേശീയപ്രശസ്തനാക്കി. ആ വര്‍ഷം അയാളുടെ മറ്റൊരു പാട്ട് ബി ബി സി-യുടെ ഏഷ്യന്‍ ഡൌണ്‍ലോഡ് പട്ടികയില്‍ ഒന്നാമതെത്തി.

 

Jay-Z,T-Pain എന്നിവ കേട്ടവര്‍ക്ക് സിംഗിന്റെ ആല്‍ബങ്ങളില്‍ പുതുമ തോന്നില്ല. അരക്കെട്ടു കുലുക്കി ആടിത്തിമര്‍ക്കുന്ന വെള്ളക്കാരി പെണ്‍കുട്ടികളും, നിഴല്‍രൂപങ്ങളും. ആഡംബര നൌകകളിലെ ലഹരി പതയുന്ന വിരുന്നുകള്‍. അല്പവസ്ത്രധാരിണികളായ മോഡലുകള്‍ക്കുമേല്‍ ജലവര്‍ഷം. ഇതൊക്കെയാണെങ്കിലും സിംഗ് ഒരു സംസ്കാര സംരക്ഷകനാണ്. പ്രാദേശിക സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുന്ന സിംഗ് ഒരിക്കല്‍ ഇംഗ്ളീഷില്‍ പാടാന്‍ വിസമ്മതിച്ചു. “ഹിന്ദിയായാലും പഞ്ചാബിയായാലും നമ്മുടെ രാജ്യത്തെ ഭാഷയില്‍ മാത്രമേ ഞാന്‍ പാടൂ,”ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ സിംഗ് പറയുന്നു. “ഇന്ത്യയിലെ ഭാഷകളില്‍ പാടുന്നതിന് പടിഞ്ഞാറന്‍മാര്‍ക്ക് മുമ്പില്‍ നാം മടിക്കുന്നതെന്തിന്?”

ഭാഷാപ്രേമം ഒട്ടേറെ ആരാധകരെയും സൃഷ്ടിച്ചു. 2012-ല്‍ തന്റെ ഒരു പാട്ട് ഒരു ഹിന്ദി സിനിമയില്‍ ഉപയോഗിക്കുന്നതിന് സിംഗിന് ലഭിച്ച പ്രതിഫലം1,29,000$ ആണ്. പ്രസിദ്ധ സംവിധായകന്‍ അനുരാഗ് കശ്യപ് ഇയാളെക്കുറിച്ച് സിനിമയെടുക്കാന്‍ പോലും ആഗ്രഹിക്കുന്നു. “അയാള്‍ സൃഷ്ടിക്കുന്ന ഉന്മാദം എന്നെ അമ്പരപ്പിക്കുന്നു. പെണ്‍കുട്ടികള്‍ അയാളെ ഒന്നു കാണാന്‍ കരയുകയും, കൂവിവിളിക്കുകയുമാണ്. ഇന്ത്യയില്‍ ഇത്തരമൊന്നു ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.” കശ്യപ് തന്റെ അത്ഭുതം മറച്ചുവെക്കുന്നില്ല. “ബ്രൌണ്‍ രംഗ്” എന്ന ആല്ബം ഈ ഉന്‍മാദത്തിന്റെ ആഴം കൂട്ടി. ഇരുണ്ട തൊലിക്കാരായ പെണ്‍കുട്ടികളുടെ ആകര്‍ഷകത്വമാണ് പാട്ടിലെ പ്രമേയം – ഏയ് പെണ്‍കുട്ടി, നിന്റെ തവിട്ടു നിറം എന്റെ പട്ടണത്തിലെ ആണ്‍കുട്ടികളുടെ മനം കവര്‍ന്നു… വെളുത്ത തൊലിക്കാരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട – 2012-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ട പാട്ടായിരുന്നു അത്. 11 ദശലക്ഷം പേര്‍! ഉപഭൂഖണ്ഡത്തില്‍ “Gangnam Style’-നെ വരെ അത് തോല്പ്പിച്ചു കളഞ്ഞു.

 

സിംഗ് തന്റെ ആല്‍ബത്തിനു വേണ്ടി കാശ് വാരിയെറിയുകയാണ്. ബ്രൌണ്‍ രംഗിന്  അന്താരാഷ്ട്ര നിലവാരം കിട്ടാന്‍ ദുബായില്‍ വെച്ച്, ഒരു അമേരിക്കന്‍ സംവിധായകനെക്കൊണ്ട്  ചിത്രീകരിക്കാന്‍ സിംഗ് 100,000$ മുടക്കിയെന്നാണ് കേള്‍വി.

തന്റെ പാട്ടുകളിലെ ദൃശ്യങ്ങളില്‍ ഒരു ദേശഛായ ഒഴിവാക്കുമെങ്കിലും, വരികളില്‍ സംസ്കാര മിശ്രണത്തിന്റെ സൂചകങ്ങള്‍ നിരവധിയാണ്. “High Heels”-ല്‍ ഉലയുന്ന അരക്കെട്ടും, ബോബി – ബ്രൌണ്‍ മെയ്ക് അപ്പും കൊണ്ട്  ആണ്‍കുട്ടികളെ വട്ടുപിടിപ്പിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് സിംഗ് പാടുന്നത്. “Dope Shope”-ല്‍ ലിംക ചേര്‍ക്കാതെ വോഡ്ക വീശുന്ന പെണ്‍കുട്ടികളാണ് വിഷയം. അയാളുടെ പാട്ടുകളിലെ സ്ത്രീകള്‍ പര്‍ദയും, ഗുച്ചിയും ധരിക്കുന്നു. ഐ ഫോണും, LA റിംഗ് ടോണും ഉപയോഗിക്കുന്നു. മാറില്‍ ഗാഗ സ്റ്റൈല്‍ പച്ചകുത്തുന്നു. അന്താരാഷ്ട്ര ബ്രാന്‍ഡ്കളുടെ പ്രവാഹത്തിലും “ജാട് പുത്രനുമായി പ്രേമത്തിലാകാന്‍” ഒക്കെ സിംഗ് പാടും. ഈ ജാട് ജാതിപ്പെരുമ പറച്ചില്‍ ആളുകളെ അസ്വസ്ഥരാക്കുന്നുണ്ട്. രാത്രി വൈകി പുറത്തു പെരുമാറുന്ന സ്വതന്ത്ര സ്ത്രീകളെയൊന്നും സിംഗിന് പിടിക്കില്ല. “പുത്തന്‍ – Fresh” എന്നാണ് കന്യകാത്വത്തെ സൂചിപ്പിച്ചുകൊണ്ടു ഒരു പാട്ടില്‍ സിംഗ് പാടുന്നത്.

 

ഒരു കോസ്മോപൊളിറ്റന്‍ സംസ്കാരത്തെ, ഗോത്ര സംസ്കാരം എന്നുതന്നെ പറയാവുന്ന ഒരു പ്രാദേശിക സംസ്കാരവുമായി കൂട്ടിക്കലര്‍ത്തിയതാണ് സിംഗിന്റെ വിജയം. 1970-കളുടെ അവസാനം യു കെ-യിലുള്ള പഞ്ചാബി പാട്ടുകാര്‍ പ്രചരിപ്പിച്ച ‘ഭംഗാര’ തൊട്ട് ഈ പ്രവണത ഇന്ത്യയില്‍ ശക്തമാണ്. ചടുല താളമുള്ള പഞ്ചാബി നാടന്‍പാട്ടും, പാശ്ചാത്യ സംഗീതവും അവര്‍ മിശ്രണം ചെയ്തു. അമേരിക്കയിലും കാനഡയിലുമുള്ള പഞ്ചാബി കുടിയേറ്റക്കാരിലേക്കും, പിന്നീട് വിജയകരമായി ഇന്ത്യയിലേക്കും ഈ പുതിയ മിശ്രണം പരന്നു. 

 

ആദ്യമായി വാണിജ്യ വിജയം നേടിയ ഇന്ത്യന്‍ റാപ്പര്‍, ബാബ സെഗാളായിരുന്നു. മിക്ക പാട്ടുകളും പാശ്ചാത്യ പാട്ടുകളുടെ അനുകരണങ്ങള്‍. 1992-ല്‍ ഇറങ്ങിയ, Vanilla Ice-ന്റ്റെ ‘Ice Ice Baby’ എന്ന പാട്ടിനെ അനുകരിച്ചുണ്ടാക്കിയ ‘ഠംണ്ടാ ഠംണ്ടാ പാനി’ ആയിരുന്നു അയാളുടെ ആദ്യത്തെ ഹിറ്റ്. ‘ബാബ സെഗാളിനെ ആരും ഗൌരവമായി കണ്ടിരുന്നില്ല. എന്നാല്‍ സിംഗ് ആളുകളുടെ ഒരു ആഗ്രഹ പുരുഷനാണ്’, ഡല്‍ഹിയിലെ സംഗീത വിമര്‍ശകന്‍ ഉദയ് ഭാട്യ പറഞ്ഞു.

 

എന്നാല്‍ എല്ലാവരും സിംഗിന്റെ ആരാധകരല്ല. കോസ്മോപൊളിറ്റന്‍ ഭാഷയില്‍ ഫ്യൂഡല്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയാണ് സിംഗ് എന്നു വിമര്‍ശകര്‍ പറയുന്നു. സ്ത്രീകളുടെ കന്യകാത്വം, ഒതുക്കം, മൂല്യങ്ങള്‍ എന്നിവയിലൊക്കെ ആക്ഷേപാര്‍ഹമായ ആശങ്കകള്‍ അയാള്‍ പുലര്‍ത്തുന്നുണ്ട്.

‘International Villager’-നു ശേഷം സ്ത്രീകളുടെ നേരെയുള്ള സിംഗിന്റെ നിലപാടുകളോടുള്ള വിമര്‍ശനങ്ങള്‍ ഏറിവരികയാണ്. ഡിസംബറില്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി കൊന്നതോടെ ഈ വിമര്‍ശനങ്ങള്‍ പൊട്ടിത്തെറിയിലെത്തി. ഹിംസാത്മകമായ ലൈഗികതയെയും, ഗാര്‍ഹിക പീഡനത്തെയും കുറിച്ച് അധിക്ഷേപാര്‍ഹമായ വരികളുള്ള ‘Ch**t Vol 1’ എന്ന ഒരു പാട്ടും,‘ഞാന്‍ ബലാത്സംഗിയാണ്’ (I am a Rapist) എന്ന, അടുത്ത ഇരയെ തേടി തെരുവില്‍ പാഞ്ഞുനടക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ, ബലാത്സംഗഗീതമായ മറ്റൊരു പാട്ടും ആ ഘട്ടത്തിലാണ് വെളിച്ചത്തു വന്നത്. എന്നാല്‍ ഈ പാട്ടുകള്‍ തന്‍റേതല്ലെന്ന് സിംഗ് നിഷേധിക്കുന്നു. ഇതിനെച്ചൊല്ലി പഞ്ചാബിലെ കോടതിയില്‍ കേസ് നടക്കുകയാണ്. ഇതില്‍ എത്രമാത്രം സത്യവും അസത്യവും ഉണ്ടായാലും, മറ്റ് പല കാരണങ്ങളാലും സിംഗ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരിലെ ബലിയാടാണ്.

 

ഡല്‍ഹി കൂട്ട ബലാത്സംഗത്തിന് ശേഷം, കുടിയേറ്റ തൊഴിലാളികളുടെ രൂപത്തില്‍ നഗരങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ഗ്രാമീണ മനസ്ഥിതിയെ സ്ത്രീകള്‍ക്കെതിരായ ഭയാനകമായ ആക്രമങ്ങളുടെ പേരില്‍ നിരവധി നഗരവാസികളായ ഇന്ത്യക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ഒരു പംക്തിയില്‍ ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ് എഴുതിയത്, “ഗ്രാമം സ്ത്രീയുടെ പൌരാണിക ശത്രുവാണെന്നാണ്”. “ഇന്ത്യയുടെ ആധുനികതയുടെ സമരങ്ങളെല്ലാം ഇതിനെച്ചൊല്ലിയായിരുന്നു – ഗ്രാമം എന്ന ആശയത്തിനെതിരെ നഗരം എന്ന ആശയത്തിന്റെ പോരാട്ടം. ഒറ്റനോട്ടത്തില്‍ ഡല്‍ഹിയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തു കൊന്നതിലുള്ള ഒരു സമൂഹത്തിന്റെ പ്രതിഷേധമായി തോന്നാമെങ്കിലും, ഇന്ത്യയിലെ ഈ പുതിയ മുന്നേറ്റവും ആ പഴയ യുദ്ധത്തിന്റെ ഭാഗമാണ്.”

 

കൂട്ട ബലാത്സംഗ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസംഗത്തില്‍, ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലേക്ക് കുടിയേറി ‘അലഞ്ഞുതിരിയുന്ന ചെറുപ്പക്കാര്‍’‘സമൂഹത്തിനു ഒരു ഭീഷണിയാകാമെന്ന്’ മുന്നറിയിപ്പ് നല്കിയപ്പോള്‍ പ്രതിധ്വനിച്ചത് ഇതേ വികാരമാണ്.

 

സിംഗിലേക്ക് തിരിച്ചുവരാം. നഗരത്തിലെ ഉപരിവര്‍ഗക്കാര്‍ ഫ്യൂഡല്‍ ആശയങ്ങള്‍ എന്നു വിളിക്കുന്ന പലതിനെയും പ്രചരിപ്പിക്കാനുള്ള അസാമാന്യമായ സാമ്പത്തിക, സാംസ്കാരിക ശക്തി അയാളുടെ വന്‍വിജയം അയാള്‍ക്ക് നല്കിയിട്ടുണ്ട്.  ഒരുതരത്തില്‍ പറഞ്ഞാല്‍, തങ്ങളുടെ ശക്തമായ ഗ്രാമീണ വേരുകളെക്കുറിച്ച് ലജ്ജിക്കാത്ത ധനികരായ, പുതിയ നഗരവാസികളായ ഗ്രാമീണരുടെ ജീവിക്കുന്ന പ്രതീകമാണ് അയാള്‍. ന്യൂഡല്‍ഹിയിലെ വലിയ ഭൂമികച്ചവട മുന്നേറ്റത്തിന്റെ ഫലമായി പഞ്ചാബില്‍ ദ്രുതഗതിയില്‍ പൊന്തിവരുന്ന ഒരു കൂട്ടരാണിവര്‍. ഭൂമികച്ചവടക്കാര്‍ക്ക് തങ്ങളുടെ ഭൂമിവിറ്റ് നൂറുകണക്കിനു കര്‍ഷകരാണ് കോടീശ്വരന്മാരായി മാറിയത്.

ഇതിനെത്തുടര്‍ന്ന് പഞ്ചാബില്‍ കുതിച്ചുയര്‍ന്ന ഉപഭോഗപരത – കല്യാണത്തിന് വരന്‍ ഹെലികോപ്റ്ററില്‍ എത്തുന്നതടക്കമുള്ള – ഈ കാര്‍ഷിക സംസ്ഥാനത്ത് നിലനിന്നിരുന്ന സാമ്പ്രദായിക, വാര്‍പ്പ് മാതൃകയെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. “സിംഗിന്റെ ആരാധകരില്‍ ഭൂരിഭാഗവും പഞ്ചാബ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. വളരെ പരുക്കനായ, ആധിപത്യ സ്വഭാവമുള്ള പ്രദേശങ്ങളെന്ന് പേരെടുത്ത ഇടങ്ങളാണിവ,” ഡല്‍ഹിയിലെ ഒരു ഓണ്‍ലൈന്‍ സംഗീത മാസികയായ വൈല്‍ഡ് സിറ്റിയുടെ എഡിറ്റര്‍, പഞ്ചാബി കൂടിയായ മുന്‍ബീര്‍ ചാവ്ല പറയുന്നു. തിരക്കഥാകൃത്തും, ഹാസ്യതാരവുമായ അനുഭവ് പാല്‍ ഈ അഭിപ്രായങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു,“പഞ്ചാബി റാപ് ഒരു റഷ്യന്‍ ഗുണ്ടയുടെയും, സൌദി കോടീശ്വരന്റെയും, ഒരു ഫുട്ബോള്‍ തമാശയുടെയും മിശ്രിതമാണ്.” തനിക്കെതിരായ വിമര്‍ശനങ്ങളെ മറ്റൊരു തരത്തിലുള്ള ബലാത്സംഗം എന്നാണ് സിംഗ് ഒരിക്കല്‍ പറഞ്ഞത്. തന്റെ പാട്ടുകളിലെ ലൈംഗികതയല്ല തനിക്കെതിരെയുള്ള ആക്ഷേപങ്ങളുടെ കാരണമെന്ന് അയാള്‍ പറയുന്നു. ഗ്രാമീണതയോടുള്ള മുന്‍വിധിയാണ് ഇതിന് കാരണമെന്നാണ് സിംഗിന്റെ വാദം. “എന്നെപ്പോലെ ഹോഷിയാര്‍പ്പൂരില്‍ നിന്നുമുള്ള ഒരു ഗ്രാമീണന്‍ വിജയിക്കുന്നത് കാണുന്നത് അവര്‍ക്ക് അസഹനീയമാണ്.”

(അമാന ഫോന്‍റെന്നല്ല ഖാന്റെ “Pink Sari Revolution”എന്ന പുസ്തകം അടുത്തുതന്നെ പുറത്തിറങ്ങും.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍