UPDATES

വിദേശം

പ്രശ്നം ജൂത രാഷ്ട്രത്തെ അംഗീകരിക്കാത്തതെന്ന് നെതന്യാഹൂ – അഭിമുഖം

ഇസ്രായേലിലെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചും അയല്‍ രാജ്യങ്ങളെക്കുറിച്ചും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധി ലാല്ലി വെയ്‌മൌതുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍:

 

 

ഇറാന്‍ അവരുടെ ആണവ സംപൂഷ്ടീകരണം പൂര്‍ണമായും അവസാനിപ്പിക്കുന്നതില്‍ കുറഞ്ഞൊന്നും ഇസ്രായേലിന് സ്വീകാര്യമല്ലെന്ന് കഴിഞ്ഞ ദിവസം താങ്കള്‍ വീണ്ടും പ്രഖ്യാപിച്ചു.  ഇറാനില്‍ നിന്നും എല്ലാ ആണവ സംപൂഷ്ടീകൃത വസ്തുക്കളും നീക്കം ചെയ്യണമെന്നും താങ്കള്‍ ആവശ്യപ്പെടുന്നു. ചില ഉപാധികളും താങ്കള്‍ മുന്നോട്ടുവെച്ചു. അവ മുമ്പത്തേക്കാള്‍ കൂടുതലാണോഇറാനെതിരായ സൈനികനടപടിക്ക് ഒരു സമയക്രമം ഒരുക്കിയിട്ടുണ്ടോ?

ഇതൊന്നും ഞാന്‍ വച്ച ഉപാധികളല്ല. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ആവശ്യങ്ങളാണ് ഇതെല്ലാം. കൂടാതെ, ഇറാന്‍ എല്ലാ സംപൂഷ്ടീകൃത ആണവവസ്തുക്കളും നീക്കം ചെയ്യുക, എല്ലാവിധത്തിലുള്ള സംപൂഷ്ടീകരണവും അവസാനിപ്പിക്കുക, ക്വോമിലെ ആണവ നിലയം അടച്ചുപൂട്ടുക എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ ആവശ്യങ്ങളുമാണ്. അതവര്‍ പാലിക്കണമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അവരിക്കാര്യത്തെ എത്രത്തോളം ഗൌരവമായെടുക്കുന്നു എന്നതിനുള്ള ഒരു പരീക്ഷ കൂടിയാണിത്.

 

ഈയിടെ നടന്ന ഇറാന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്തുകരുതുന്നു?

ഇറാന്‍ ഭരണകൂടത്തോട് ഇറാന്‍ ജനതയ്ക്കുള്ള കടുത്ത അസംതൃപ്തിയെയാണ് തെരെഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, ഇറാന്റെ ആണവ മോഹങ്ങളെ മാറ്റാനുള്ള ശേഷി ഈ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കില്ല. ഇതൊന്നും നിശ്ചയിക്കുന്നത് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമല്ല, മറിച്ച് പരമ്മോന്നത നേതാവ് എന്നു വിളിക്കുന്ന അയത്തൊള്ളാ അലി ഖമേനിയാണ്.

 

ആണവപദ്ധതി ഖമേനിയുടെ നിയന്ത്രണത്തിലാണെന്നാണോ പറയുന്നതു?

ഖമേനിയുടെ ഉപദേശത്തിലും നിയന്ത്രണത്തിലും. ഇറാനെ ആണവായുധമണിയിക്കാന്‍ അയാള്‍ ഉറച്ചിരിക്കുകയാണ്; തെരഞ്ഞെടുപ്പിന് അതില്‍ മാറ്റങ്ങളൊന്നും വരുത്താനാവില്ല എന്നുതന്നെയാണ് ഞാന്‍ ഭയക്കുന്നത്. 


ബെഞ്ചമിന്‍ നെതന്യാഹൂ

 

പക്ഷേഎസ്ഫാന്തിയാര്‍ മാഷെയിയെയും മറ്റ് പല സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഖമേനി വിലക്കിയല്ലോ. ഹസന്‍ റൌഹാനി അദ്ദേഹത്തിന്റെ അനുമതി ലഭിച്ച സ്ഥാനാര്‍ഥികളിലൊരാളാണ്.

ശരിയാണ്, ഖമേനിയുടെ തീവ്രവാദ നിലപാടുകള്‍ ശരിവെക്കുന്ന ഒരുപറ്റം സ്ഥാനാര്‍ഥികളിലൊരാളാണ് റൌഹാനിയും. നൂറുകണക്കിനു സ്ഥാനാര്‍ഥികളെ ഒഴിവാക്കി, ഏഴു പേരെയാണ് അവര്‍ അനുവദിച്ചത്. പിന്നീടവര്‍, (മുന്‍ പ്രസിഡണ്ട്) രഫ്‌സഞ്ചാനിയെയും, മഷെയിയെയും ഒഴിവാക്കി. റൌഹാനിയെ ബാക്കി നിര്‍ത്തി. റൌഹാനി ഇറാന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, ആണവ മധ്യസ്ഥനുമാണ്. ഒരു നയത്തിന്റെ ഉപജ്ഞാതാവാണ്  അദ്ദേഹം. ഞാനതിനെ വിളിക്കുക ‘സംഭാഷണവും സംപൂഷ്ടീകരണവും’ എന്ന പേരിലാണ്. അതിനെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.

 

ഇതൊരു താരതമ്യ അലങ്കാരമോഅതോ അദ്ദേഹം ശരിക്കും അങ്ങനെയൊരു പുസ്തകം എഴുതിയിട്ടുണ്ടോ ?

എഴുതിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകളിലെ തന്റെ അനുഭവങ്ങളെക്കുറിച്ചാണത്. 

 

ആണവ മധ്യസ്ഥനെന്ന നിലയില്‍ ?

അതെ, മറ്റനുഭവങ്ങളും. 

 

അപ്പോള്‍ താങ്കള്‍ കരുതുന്നത് റൌഹാനി ഇറാന്‍ ഭരണകൂടത്തിന്റെ ഒരു മിനുക്കുവേഷമാണെന്നാണ്?

അന്താരാഷ്ട്ര സമൂഹത്തെ ശാന്തരാക്കിക്കൊണ്ട്, ഇറാന് അതിന്റെ ആണവ പദ്ധതിയുമായി സാവകാശം മുന്നോട്ടുപോകാമെന്ന് റൌഹാനിതന്നെ പറഞ്ഞിട്ടുണ്ട്. 2004ല്‍ റൌഹാനി പറഞ്ഞതിങ്ങനെയാണ് : ‘ടെഹ്‌റാനില്‍ യൂറോപ്യന്മാരുമായി സംഭാഷണം നടത്തുമ്പോള്‍, ഇസ്ഫഹാനിലെ കേന്ദ്രത്തില്‍ ഞങ്ങള്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുകയായിരുന്നു’ അതൊരു ആണവ പദ്ധതികേന്ദ്രമാണ്. തുടര്‍ന്ന് പറയുന്നു, ‘സത്യത്തില്‍, ശാന്തമായൊരു അന്തരീക്ഷം സൃഷ്ടിച്ചതിലൂടെ ഇസ്ഫഹാനിലെ പണി പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്കായി’.

 

ഇറാന്‍ ഭരണകൂടത്തെ ഈ കളി കളിക്കുന്നതിന് അനുവദിക്കാന്‍ നമുക്കാവില്ല. അവര്‍ സമയം കിട്ടാന്‍ വേണ്ടിയാണ് കളിക്കുന്നത്. സംപൂഷ്ടീകരണവും തുടരും. അവര്‍ അവരുടെ ആണവപരിപാടിയുടെ അടിത്തറ വിപുലപ്പെടുത്തുകയാണ്. ഇറാന്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നത് ഒന്നോ രണ്ടോ അണുബോംബുകളല്ല, മറിച്ച് 200 ബോംബുകളാണ്. ഇതിന് പുറമെ അവര്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിച്ചെടുക്കുന്നു. ഈ മിസൈലുകള്‍ ഞങ്ങളെയല്ല, നിങ്ങളെയാണ് (അമേരിക്കയെ) ലക്ഷ്യം വെക്കുന്നത്. 68 വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് എത്തുന്ന മിസൈലുകള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലൊരു ഭരണകൂടത്തിന്, മിശിഹാ ചമയുന്ന ഒരു തെമ്മാടി ഭരണകൂടം, വിനാശകാരിയായ ഒന്നിന് ആണവായുധം ഉണ്ടാവുക എന്നുവെച്ചാല്‍ അത് മുഴുവന്‍ ലോകത്തെയും അപകടപ്പെടുത്തുക എന്നാണര്‍ഥം. ലോകസമാധാനത്തെ അത് കടുത്ത പ്രതിസന്ധിയിലാക്കും.

 

സൈനിക നടപടിയുടെ രീതിയില്‍ ഇറാനെതിരെ എന്തെങ്കിലും ചെയ്യാന്‍ താങ്കള്‍ തയ്യാറെടുത്തിട്ടുണ്ടോ?

ഞങ്ങള്‍ എന്തിനാണ് തയ്യാറെടുത്തിരിക്കുന്നത് എന്നതിനെപ്പറ്റി ഞാനൊരുകാരണവശാലും പറയില്ല. പക്ഷേ, ഏത് ഭീഷണിക്കെതിരെയും സ്വയം പ്രതിരോധിക്കാനും, നടപടിയെടുക്കാനും ഉള്ള അവകാശം ഇസ്രയേലിന് എല്ലാക്കാലത്തുമുണ്ടാകും. 


ഹസന്‍ റൌഹാനി

 

ആണവ ഇറാന്‍ സ്വീകാര്യമല്ലെന്ന് പ്രസിഡണ്ട് ഒബാമ പറഞ്ഞിട്ടുണ്ട്. താങ്കള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ടോ

അതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെല്ലാവരും ഏറെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. ഇനി ഇത് സംഭവിക്കുന്നത് തടയാനുള്ള ശേഷി ഉറപ്പാക്കാന്‍ നമുക്കാവുമോ എന്നാണ് ചോദ്യം. 20-ആം നൂറ്റാണ്ടിന്റെ പകുതിയില്‍ മറ്റൊരു വന്‍ഭീഷണി ഇല്ലാതാക്കിയതിനുശേഷം, ലോകത്തിന്റെ ശാന്തിക്കും, ഭദ്രതക്കുമുള്ള ഏറ്റവും വലിയ ഭീഷണിയായിരിക്കും ആണവായുധങ്ങള്‍ കൈവശമുള്ള ഇറാന്‍. അന്നത് ലോകത്തെ അപകടത്തിലാക്കി. ഇനിയിതും ലോകത്തെ അപകടത്തിലാക്കും. ലോകത്താകെ, 30 രാജ്യങ്ങളില്‍ ഭീകരതയുടെ പ്രായോജകരാണ് ഈ രാജ്യം. അവരും അവരുടെ പ്രതിപുരുഷന്‍ ഹിസ്‌ബൊള്ളയും ഭീകരാക്രമണങ്ങളില്‍ ഏര്‍പ്പെടുകയാണ്. നൈജീരിയയിലും, അതിനു മുമ്പ് ബള്‍ഗേറിയയയിലും അവരീയിടെ പ്രത്യക്ഷപ്പെട്ടു. 

 

ലോകത്തെങ്ങും ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥരെയുംവിനോദസഞ്ചാരികളെയും വധിക്കാനാണ് ഹിസ്ബൊള്ളയുടെ ശ്രമങ്ങള്‍ എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത് ?

അതെ, പക്ഷേ മറ്റുള്ളവരെ കൊല്ലുന്നതും ഉണ്ട്. തായ്ലാണ്ടിലും, അസര്‍ബൈജാനിലുമുള്ള അവരുടെ ശൃഖല വെളിച്ചത്തുവന്നിരിക്കുന്നു.

 

പക്ഷേ,ഇസ്രയേലുകാരെ കൊല്ലുന്നതിലല്ലേ അവരുടെ ശ്രദ്ധ മുഴുവന്‍?

അതവരുടെ ഒന്നാം നമ്പര്‍ ലക്ഷ്യമാണ്. പക്ഷേ, മറ്റുള്ളവരെ കൊല്ലുന്നതിനും അവര്‍ക്ക് മടിയൊന്നുമില്ല. വാഷിംഗ്ടണിലെ സൌദി നയതന്ത്ര പ്രതിനിധിയെ കൊല്ലാന്‍ അവര്‍ ശ്രമിച്ചു. അവരെല്ലാ സീമകളും ലംഘിക്കുകയാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അവര്‍ അമേരിക്കന്‍ സൈനികരെ കൊല്ലുന്നു. ലെബനനിലേക്ക് തങ്ങളുടെ അനുചരന്മാരെ അയച്ച അവര്‍ ആ രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും വെളിച്ചം കെടുത്തിക്കളഞ്ഞു. ഗാസയിലും അവര്‍ക്ക് ആളുകളുണ്ട്. ഞങ്ങളുടെ പൌരന്മാരെ കൊല്ലാന്‍ പതിനായിരക്കണക്കിന് റോക്കറ്റുകളാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ എണ്ണ വിപണിയെ നിയന്ത്രിക്കാനും, അണുവായുധ മത്സരത്തിന് തിരികൊളുത്താനും ഈ ഭരണകൂടത്തെ അനുവദിച്ചുകൂട. ജൂതവംശഹത്യയെ (Holocaust) നിഷേധിക്കുന്ന, ഇസ്രയേലിലെ ആറ് ദശലക്ഷം ജൂതന്മാരെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കുന്ന ഒരു ഭരണകൂടമാണിത്. ഇറാന് ആണവായുധങ്ങളും അതിനുള്ള സമയവും കിട്ടുന്നില്ലെന്ന് ലോകം വ്യക്തമായും ഉറപ്പാക്കണം.

 

മറ്റൊരു വിഷയത്തിലേക്ക് കടക്കാം. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പുതിയ ദൌത്യത്തെക്കുറിച്ച് എന്താണ് തോന്നുന്നത്സമാധാന സംഭാഷണം വീണ്ടും തുടങ്ങാന്‍ താങ്കള്‍ സന്നദ്ധനാണോ?

ശരി, ആദ്യം എനിക്കു തരാനുള്ള ഏറ്റവും പ്രധാന സന്ദേശം ഇറാന്റെ മേലുള്ള സമ്മര്‍ദത്തില്‍ ഒരയവും വരുത്തില്ല എന്നാണ്. ഇറാന്‍ ജനതയെ തങ്ങള്‍ക്കു പിന്നില്‍ അണിനിരത്താന്‍ അവര്‍ക്കാവുന്നു എന്നു പറഞ്ഞ് ഉപരോധത്തെ തള്ളിക്കളയാറുണ്ട്. ചില ജാഥകളൊക്കെ. ഉപരോധം ശക്തമാക്കുകയാണ് വേണ്ടത്. അയഞ്ഞുകൊടുക്കരുത്. ഇറാന്റെ ആണവ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുംവരെ ഒരിളവും നല്‍കരുത്. നിയന്ത്രണങ്ങള്‍ ഇറാനില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, എന്നാല്‍ അവ നമ്മള്‍ കാണാന്‍ ഉദ്ദേശിച്ച മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല.


മഹമൂദ് അബ്ബാസ്

 

ഇസ്രായേലും പലസ്തീനിയന്‍ അതോറിറ്റിയുമായി സംഭാഷണങ്ങള്‍ വീണ്ടും തുടങ്ങാനുള്ള കെറിയുടെ ശ്രമങ്ങളെക്കുറിച്ച് എന്തുതോന്നുന്നു?

പലസ്തീന്‍കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് നാം നിര്‍ത്തണമെന്ന് എനിക്കു തോന്നുന്നു. അതുമായി നാം മുന്നോട്ട് പോകണം. ഉപാധികള്‍ കൂടാതെയുള്ള ചര്‍ച്ചകളിലേക്ക് നാം എത്രയും വേഗം കടക്കേണ്ടതുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി എന്റെ നിലപാട് ഇതാണ്. പലസ്തീന്‍ നിലപാടും ഇതാകും എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  റമള്ളാക്കും ഈ സ്ഥലത്തിനുമിടയില്‍ കെറി – അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു – ഒരു കൂടാരം പണിയുകയാണെങ്കില്‍ ഞങ്ങള്‍ക്കും പലസ്തീന്‍കാര്‍ക്കും ഇടയില്‍ ശാന്തിയുടെയും, സുരക്ഷയുടെയും ഒരു ഒരു പരിഹാരം ഉരുത്തിരിയുന്നതുവരെ അവിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി താമസിക്കാന്‍ ഞാന്‍ തയ്യാറാണ്.

 

എനിക്ക് വിജയകരമായി ഒരു ധാരണ പൂര്‍ത്തിയാക്കണമെങ്കില്‍ നിരവധി കാര്യങ്ങള്‍ വേണം. പക്ഷേ അതൊക്കെ മുന്‍കൂറായി വേണമെന്ന് ഞാന്‍ അബു മേസനോട് (പലസ്തീനിയന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസ്) ആവശ്യപ്പെടുന്നില്ല. ലെബനനിലും ഗാസയിലുമുള്ള ഭൂപ്രദേശങ്ങളില്‍നിന്നും ഇസ്രയേല്‍ പിന്‍മാറിയിരുന്നു; ഞങ്ങളുടെ ആ നടപടി സമാധാനവും സുരക്ഷയും നല്‍കുമെന്ന പ്രത്യക്ഷമായ ഉറപ്പിനെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ വാസ്തവത്തില്‍ മറിച്ചാണ് സംഭവിച്ചത്. ഞങ്ങള്‍ ഭൂമി നല്കി, പക്ഷേ ഞങ്ങള്‍ക്ക് സമാധാനം ലഭിച്ചില്ല. ഗാസയുടെ കാര്യത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് കിട്ടിയത്, ഞങ്ങളുടെ നഗരങ്ങളിലേക്ക് 12,000 റോക്കറ്റുകളാണ്. ലെബനനിന്റെ കാര്യത്തില്‍ ഇറാന്‍ വക വേറൊരു 12,000 റോക്കറ്റുകള്‍. അതിനിയും സംഭവിക്കാന്‍ അനുവദിക്കാനാവില്ല. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു സംവിധാനം വേണം, അപ്പുറത്തെ പലസ്തീന്‍ പ്രദേശത്ത് എന്താണെന്ന് വ്യക്തമാക്കുന്ന ഒന്ന്. ഞങ്ങളുടെ നാശത്തിന് നോമ്പുനോറ്റിരിക്കുന്ന മറ്റൊരു ഇറാന്‍ പ്രായോജിത ഭരണകൂടമാണോ അത് ? റോക്കറ്റുകളും മിസൈലുകളും കൊണ്ട് അത് സ്വയം ആയുധമണിയുന്നോ? അതോ യഥാര്‍ഥത്തില്‍ പരിതസ്ഥിതികളില്‍ മാറ്റം വരുത്തുന്ന, തങ്ങളുടെ ജനങ്ങളെയും കുട്ടികളെയും ഞങ്ങളുമായി സമാധാനത്തില്‍ സഹവര്‍ത്തിക്കാന്‍ പഠിപ്പിക്കുന്ന, സത്യത്തില്‍ സൈന്യശേഷിയില്ലാത്ത ഒന്നായിരിക്കുമോ അത് ? ഇതൊക്കെ നമ്മള്‍ കൂടാരത്തില്‍ കയറുംമുമ്പ് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് കൂടാരത്തില്‍ നിന്നും ഒരു കരാറുമായി പുറത്തിറങ്ങുമ്പോള്‍ ഇതിനെല്ലാം പരിഹാരമാകേണ്ടതുണ്ട്. പക്ഷേ, ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഒരുതരത്തിലുള്ള ഞങ്ങളുടെ ആവശ്യങ്ങളോ ഉപാധികളോ ഞാന്‍ മുന്നോട്ടുവെക്കുന്നില്ല. പലസ്തീന്‍കാരും അങ്ങനെ ചെയ്യില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.


ബരാക് ഒബാമ

 

പക്ഷേതീര്‍ച്ചയായും അവരങ്ങനെ ചെയ്യുമെന്ന്  താങ്കള്‍ക്കറിയാം.

അങ്ങനെ ചെയ്യുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും സമാധാനത്തെ അട്ടിമറിക്കും. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുമ്പ് മുന്നുപാധികള്‍ വെക്കുന്നതാണ് ഒരു ചര്‍ച്ചയെ അട്ടിമറിക്കാനുള്ള ഏറ്റവും വേഗത്തിലുള്ള വഴി. കഴിഞ്ഞ നാല് വര്‍ഷവും ചെയ്തുകൊണ്ടിരുന്നത് അതാണ്, നമ്മളെവിടെയും എത്തിയുമില്ല. വ്യത്യസ്തമായ മാര്‍ഗം ആരായേണ്ട സമയമായിരിക്കുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കണം. തുടങ്ങിവെക്കാതെ നിങ്ങള്‍ക്ക് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ അവസാനിപ്പിക്കാനാവില്ല. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങനെ തുടങ്ങണം എന്നതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് തുടര്‍ച്ചയായി ചര്‍ച്ച നടത്തിയാല്‍ അതൊരിക്കലും തുടങ്ങാനുമാവില്ല.

 

ഇസ്രായേലിന് ശക്തിയുണ്ട്. ചര്‍ച്ചക്കു വരാന്‍ പലസ്തീന്‍കാരെ എങ്ങിനെയെങ്കിലും പ്രേരിപ്പിച്ചുകൂടെ?

ഞങ്ങള്‍ കാര്യമായ വിട്ടുവീഴ്ച്ചകള്‍ ചെയ്തു – സെറ്റില്‍മെന്‍റുകള്‍ മരവിപ്പിക്കാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്.

 

അതേഅത് താങ്കളുടെ കഴിഞ്ഞ ഭരണകാലത്തായിരുന്നു. എന്തുകൊണ്ടത് ഒന്നുകൂടെ ചെയ്തുകൂടാ?

കഴിഞ്ഞ 18 കൊല്ലമായി അത് ചെയ്തിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. “പക്ഷേ നിങ്ങള്‍ അത് ചെയ്താല്‍, ഒരു കൊല്ലത്തോളം സമയവും തന്നാല്‍, അബു മേസന്‍ വരും”, എന്ന് അവര്‍ പറഞ്ഞു. അതേതാണ്ട് അസാധ്യമാണെന്നുതന്നെ ഞാന്‍ പറഞ്ഞു, എന്നിട്ടും ഞാനത് ചെയ്തു! 10 മാസത്തിനു ശേഷം അദ്ദേഹം വന്നപ്പോള്‍, ഞാന്‍ കേട്ട ഒരേയൊരു കാര്യം അടുത്ത മൂന്ന് മാസത്തിനായുള്ള ആവശ്യമാണ്. അതോടെ സെറ്റില്‍മെന്‍റുകള്‍ മരവിപ്പിക്കലല്ല പ്രശ്നമെന്ന് തെളിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. പ്രശ്നം സെറ്റില്‍മെന്‍റുകള്‍ അല്ല. അത് ഒത്തുതീര്‍പ്പുചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യമാണ്. പക്ഷേ, നമുക്ക് ഒരൊറ്റ സെറ്റില്‍മെന്‍റുകളും ഇല്ലാതിരുന്നപ്പോളും ഈ തര്‍ക്കം പരിഹരിക്കാതെ വര്‍ഷങ്ങളോളം നീണ്ടതിന്റെ യഥാര്‍ത്ഥ കാരണമെന്താണ്? ഞങ്ങള്‍ ഗാസ വിടുകയും,സെറ്റില്‍മെന്‍റുകള്‍ ഇല്ലാതാക്കുകയും ചെയ്തിട്ടും തര്‍ക്കം തുടര്‍ന്നു.

 

താങ്കള്‍ കരുതുന്നത് പ്രശ്നം പരിഹരിക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം?

ഒരു പരമാധികാര ജൂത രാഷ്ട്രത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് യഥാര്‍ത്ഥ പ്രശ്നം. അതാണ് ഈ തര്‍ക്കത്തിന്റെ അന്നും ഇന്നുമുള്ള കാതലായ കാര്യം. ഇത് പരിഹരിക്കണമെങ്കില്‍, പലസ്തീന്‍ രാഷ്ട്രത്തെ ഞങ്ങള്‍ അംഗീകരിക്കുന്നതുപോലെ ജൂത രാഷ്ട്രത്തെ പലസ്തീന്‍കാരും അംഗീകരിക്കണം. ഇരു ജനതയും, ഇരുരാജ്യങ്ങളും, തങ്ങളുടേതായ ഒരു ദേശരാഷ്ട്രത്തെ അര്‍ഹിക്കൂന്നുണ്ട്. പലസ്തീന്‍കാര്‍ക്ക് അവരാഗ്രഹിക്കുന്നെങ്കില്‍ പലസ്തീന്‍ രാഷ്ട്രത്തിലേക്ക് പോകാം, ജൂതര്‍ക്ക് അവര്‍ക്ക് വേണമെങ്കില്‍ ജൂത രാഷ്ട്രത്തിലേക്കും പോകാം. കൂടാതെ ഇരുകൂട്ടരും തമ്മില്‍ security and demilitarization കരാറുകളും ആവശ്യമാണ്. പക്ഷേ തര്‍ക്കത്തിന്റെ തുടക്കവും ഒടുക്കവും ഒരു പരമാധികാര ജൂത രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ്. ഇതിനെ ഒരിക്കല്‍ മറികടന്നാല്‍, സമാധാനത്തിന് സാധ്യതയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരിക്കലും തിരിച്ചറിയുന്നില്ല എന്നാണ് തോന്നുന്നത്. ആളുകള്‍ തര്‍ക്കത്തിന്റെ ഉത്പ്പന്നങ്ങളിലൊന്നായ സെറ്റില്‍മെന്‍റ് വിഷയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. പക്ഷേ, സത്യത്തില്‍ അതല്ല കാരണം.

 

ഒരു സമാധാന ഉടമ്പടി ഇസ്രയേലില്‍ മാത്രമല്ലഅന്താരാഷ്ട്ര സമൂഹത്തിലും ഒരു വിഷയമാണ്. അന്താരാഷ്ട്രസമൂഹം ഇസ്രയേലിനെ ഒറ്റപ്പെടുത്താനും അംഗീകാരമില്ലാതാക്കാനും ശ്രമിക്കുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഇല്ല, നമ്മുടെ പുറത്തുനിന്നും അന്താരാഷ്ട്രസമ്മര്‍ദം നീക്കാനല്ല ഈ പ്രശ്നം പരിഹരിക്കണമെന്ന് നമ്മളാഗ്രഹിക്കുന്നത്. മറ്റ് കാര്യങ്ങളെ ചൊല്ലി പുതിയ സമ്മര്‍ദ്ദങ്ങളുണ്ടാകും. ജൂത ജനതയുടെ ചരിത്രം യാതനാരഹിതമല്ല. 2,500 കൊല്ലത്തോളം ജൂതരെപ്പറ്റി ആളുകള്‍ തീര്‍ത്തൂം നികൃഷ്ടമായ കാര്യങ്ങളാണ് വിശ്വസിച്ചിരുന്നത്. ജൂത വംശഹത്യക്ക് (Holocaust) ശേഷം അത് മാറുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ കുറച്ചു ദശാബ്ദങ്ങള്‍ക്കുശേഷം അത് വീണ്ടും തിരിച്ചുവന്നു. ജൂതരെക്കുറിച്ച് നേരത്തെ ആളുകള്‍ വിശ്വസിച്ചിരുന്ന ഭയാനകമായ, വളച്ചൊടിച്ച കാര്യങ്ങള്‍ ഇപ്പോള്‍ അവര്‍ വിശ്വസിക്കുന്നത് ജൂത രാഷ്ട്രത്തെക്കുറിച്ചാണ്. അതിന് ഏറെ മാറ്റമുണ്ടാകും എന്നും ഞാന്‍ കരുതുന്നില്ല.


ബാഷര്‍ അല്‍ അസാദ്

 

അപ്പോള്‍ ഇസ്രയേല്‍ – പലസ്തീന്‍ തര്‍ക്കം പരിഹരിക്കണമെന്ന് താങ്കള്‍ക്ക് തോന്നിയതിന്റെ കാരണമെന്താണ്?

പലസ്തീന്‍ പ്രശ്നം നാം പരിഹരിക്കേണ്ടതിന്റെ കാരണം അത് ലോകത്ത് നമ്മുടെ നില കൂടുതല്‍ മെച്ചപ്പെടുത്തും എന്നതുകൊണ്ടല്ല. അതിന് പരിഹാരം കാണേണ്ടതിന്റെ കാരണം നമുക്കൊരു ദ്വന്ദ്വ – ദേശ രാഷ്ട്രം ആവശ്യമില്ല എന്നതിനാലാണ്. പലസ്തീന്‍ ജനതക്കുള്ള രാഷ്ട്രത്തിനൊപ്പം ജൂത ജനതയ്ക്കും ഒരു രാഷ്ട്രം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതേസമയം, ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ വര്‍ഷിക്കുന്ന ഒരു ഇറാന്‍തരത്തിലുള്ള രാജ്യം അയല്‍പ്പക്കത്തുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പലസ്തീന്‍കാരും ഇസ്രയേലുകാരുമായുള്ള വിഭജനത്തില്‍ ഒരു സന്തുലനവും, പലസ്തീന്‍ രാഷ്ട്രം ഇറാന്റെ കാവല്‍പ്പുര ആകില്ല എന്നുറപ്പാക്കലും ആയിരിക്കണമത്. അതുകൊണ്ടാണ് ഞങ്ങളെ കൂടാരത്തിലെത്തിക്കാനുള്ള കെറിയുടെ ശ്രമങ്ങളെ ഞാന്‍ പിന്തുണക്കുന്നത്. അവിടെ ഈ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സന്തുലിതമായ ഒരു ഫലം സൃഷ്ടിക്കാനാകും.

 

സിറിയ പ്രശ്നം നോക്കാം: പ്രതിപക്ഷത്തെ ആയുധമണിയിക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എങ്ങിനെ കാണുന്നുഅവിടത്തെ സംഘര്‍ഷത്തെ എങ്ങനെ നോക്കിക്കാണുന്നുപ്രസിഡണ്ട് ബഷര്‍- അല്‍-അസദ് പിടിച്ചുനില്‍ക്കുമെന്ന് കരുതുന്നുണ്ടോ ?

അമേരിക്കന്‍ നിലപാട് എനിക്ക് മനസ്സിലാകും. സിറിയയില്‍ ഭീകരമായ ഹത്യയാണ് നടക്കുന്നത്. നിരപരാധികളായ ആളുകളെയാണ് വന്‍തോതില്‍ കൊന്നൊടുക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇടപെടില്ല എന്നൊരു നയം ഞങ്ങള്‍ എടുത്തിട്ടുണ്ട്. പക്ഷേ, ആക്രമണം നേരിട്ടാല്‍ സ്വയരക്ഷ നോക്കും എന്നൊരു നയവും ഞങ്ങള്‍ക്കുണ്ട്. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ കടുത്ത ശത്രു മാത്രമല്ല, അസദ് ഭരണകൂടത്തിനുവേണ്ടി ഇപ്പോള്‍ പോരാടുന്ന പ്രധാന ശക്തി കൂടിയായ ഹിസ്ബൊള്ളയ്ക്ക് ആയുധ കൈമാറ്റം തടയാനുള്ള ഒരു നയവും ഞങ്ങള്‍ക്കുണ്ട്. സിറിയയില്‍ നിരപരാധികളെ അതിക്രൂരമായി കൊന്നൊടുക്കുകയാണ് അവര്‍. സിറിയയിലെ പരിണതി എന്തായിരിക്കുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ല. ഇപ്പോള്‍ എന്തെങ്കിലും പറയാനുള്ള സമയമായില്ല, പിന്നെ പ്രവചനങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ, ഭീകരവാദികള്‍ക്കെതിരെയും, സിറിയയിലും, ഹിസ്ബൊള്ളയില്‍ നിന്നുമുള്ള മറ്റ് ഭീഷണികളില്‍ നിന്നും സ്വയം പ്രതിരോധിക്കാനും ആവശ്യമായ എന്തും ഇസ്രയേല്‍ ചെയ്യുമെന്ന് ഞാന്‍ തികഞ്ഞ ഉറപ്പോടെ പറയും.

 

(വിവര്‍ത്തനം : പ്രമോദ് പുഴങ്കര)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍