UPDATES

ഓഫ് ബീറ്റ്

ബിക്കിനിയുടെ ചരിത്രം

ജൂലിയ ടര്‍ണര്‍
 
 
അറുപത്തിയേഴു വര്‍ഷം മുന്‍പ് പാരിസിലെ ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ബിക്കിനിയുടെ ജനനം. ഇപ്പോള്‍ ഏറെ പ്രചാരത്തിലായ ഈ വേഷം തുടക്കത്തില്‍ ആളുകളെ കുറച്ചൊന്നുമല്ല നടുക്കിയത്. ഇത് അണിയേണ്ടിയിരുന്ന ഫ്രഞ്ച് ഫാഷന്‍ മോഡലുകള്‍ ബിക്കിനിയിടാന്‍ വിസമ്മതിച്ചത് കൊണ്ട് ഒടുവില്‍ ഡിസൈനര്‍ ഒരു സ്ട്രിപ്പറേ ഉപയോഗിക്കുകയായിരുന്നു. പതിയെ റിവിയെരയിലും പിന്നീട് അമേരിക്കയിലും ആരാധകരെ കണ്ടെത്തിയ ബിക്കിനി ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന ബീച്ച് വേഷമാണ്.  
 
1946ല്‍ ആദ്യത്തെ ബിക്കിനി ജനിക്കുമ്പോള്‍ സ്ത്രീകള്‍ അത്ര അധികം മേനി പ്രദര്‍ശിപ്പിക്കുന്ന ഒരു വേഷം പൊതുസ്ഥലങ്ങളില്‍ ഉപയോഗിച്ചിടുണ്ടായിരുന്നില്ല. എന്നാല്‍ നാലാം നൂറ്റാണ്ടിലെ റോമന്‍ ജിംനാസ്റ്റുകള്‍ ഇത്തരത്തിലുള്ള ബിക്കിനി വേഷങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ഇത്തരമൊരുവേഷം സങ്കല്‍പ്പത്തിനതീതമായിരുന്നു. ബീച്ചില്‍ തങ്ങളെ ‘പൊതിഞ്ഞു സൂക്ഷിക്കാന്‍’ സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടുകളും സഹിച്ചിരുന്നു. അവര്‍ ഉടല്‍ മുഴുവന്‍ മൂടുന്ന കുളിയുടുപ്പുകള്‍ ഉപയോഗിക്കുകയും ചക്രങ്ങളുള്ള ഒരു തരം തടി ‘ബാതിംഗ് മഷീന്‍’ കൊണ്ടുനടക്കുകയും ചെയ്തു. കുളിക്കാന്‍ വന്ന സ്ത്രീ ഈ പേടകത്തിനുള്ളില്‍ വച്ചാണ് തന്റെ വേഷം മാറുക. അതിനുശേഷം കുതിരകളോ ചിലപ്പോള്‍ മനുഷ്യരോ ഈ വണ്ടി വലിച്ച് തിരകള്‍ക്കെടുത്തെത്തിക്കും. അങ്ങനെ തീരത്തുനിന്നുള്ള നോട്ടങ്ങളില്‍ നിന്നൊഴിഞ്ഞ് ഒരു കുളി.
 
 
എന്നാല്‍ തുടര്‍ന്ന് വന്ന ദശാബ്ദങ്ങളില്‍ കടല്‍ത്തീരവേഷം കുറെയധികം രൂപാന്തരപ്പെട്ടു. 1907ല്‍ ഓസ്‌ട്രേലിയന്‍ നീന്തല്‍ താരവും നടിയുമായ അനെറ്റ് കെല്‍മാനെതിരെ മാന്യമല്ലാത്ത വേഷവിധാനത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുകയുണ്ടായി. അവര്‍ ഒരു സ്ളീവ്‌ലെസ് ടാങ്ക്‌സൂട്ട് ആണ് ധരിച്ചിരുന്നത്. അതിനുശേഷമുണ്ടായ നിയമയുദ്ധത്തിനോടുവില്‍ ബീച്ചുകളിലെ വേഷത്തില്‍ അമേരിക്ക നിയമപരമായിത്തന്നെ ഇളവുകള്‍ വരുത്തി. 1915 ആയപ്പോള്‍ അമേരിക്കന്‍ സ്ത്രീകള്‍ വളരെ സാധാരണമായിത്തന്നെ ഇത്തരം വേഷങ്ങള്‍ ധരിക്കാന്‍ തുടങ്ങി. 
 
ഇറുകിയ മേലുടുപ്പും പൊക്കിളും അരക്കെട്ടും മറയ്ക്കുന്ന അടിയുടുപ്പുമുള്ള ടൂപീസ് സ്വിംസൂട്ടിന് ബിക്കിനിയെക്കാള്‍ ആരാധകര്‍ കുറവായിരുന്നു. നാല്പതുകളുടെ തുടക്കത്തില്‍ തന്നെ നടിമാരായ ഏവ ഗാര്‍ഡിനര്‍, റീത്ത ഹേവര്‍ത്തധ, ലാന ടര്‍ണര്‍ തുടങ്ങിയവരൊക്കെ ടൂപീസ് ധരിക്കാന്‍ തുടങ്ങി. ഇത് അമേരിക്കയിലെ ബീച്ചുകളില്‍ ധാരാളമായി കാണാനും തുടങ്ങി. എന്തുകൊണ്ടായിരിക്കും പൊക്കിളിനുമുകളിലുള്ള തൊലിയേക്കാള്‍ പൊക്കിളിനുതാഴെയുള്ള ഏതാനും ഇഞ്ചുകളുടെ മേനി പ്രദര്‍ശനം ഇത്ര വിവാദമാകുന്നത്? ഹോളിവുഡിലെ ഹെയ്‌സ് പ്രൊഡക്ഷന്‍ തങ്ങളുടെ സിനിമകളില്‍ ടൂപീസ് ഗൌണുകള്‍ അനുവദിച്ചിരുന്നെങ്കിലും സ്‌ക്രീനില്‍ പൊക്കിള്‍ കാണിക്കാന്‍ അനുവദിച്ചിരുന്നില്ല. അതിനര്‍ഥം വാരിയെല്ലിന് പൊക്കിളിനില്ലാത്ത ‘ഒരു മാന്യത’ കല്‍പ്പിക്കപ്പെട്ടിരുന്നുവെന്നാണ്.
 
 
നാല്പ്പതുകളില്‍ ആകര്‍ഷകരായ സ്ത്രീകളെ ‘ബോംബ്‌ഷെല്‍’ എന്നും ‘ആറ്റമിക്ക്’ എന്നും ഒക്കെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടു ഫ്രഞ്ച് ഡിസൈനര്‍മാര്‍ 46-ലെ വേനലില്‍ ടൂപീസിനെ പരിഷ്‌കരിച്ചപ്പോള്‍ രണ്ടു ഡിസൈനുകള്‍ക്കും ന്യൂക്ളിയര്‍ വിളിപ്പേരുകള്‍ തന്നെ കിട്ടുകയും ചെയ്തു. ജാക്ക് ഹീം ഡിസൈന്‍ ചെയ്ത കുട്ടിയുടുപ്പിന് പേര് ആറ്റം എന്നായിരുന്നു. ലൂയിസ് റീര്‍ദ് ഡിസൈന്‍ ചെയ്ത വേഷം പുറത്തിറങ്ങിയത് അമേരിക്ക ‘ബിക്കിനി അറ്റോളി’ല്‍ ന്യൂക്ളിയര്‍ ടെസ്റ്റിംഗ് നടത്തി അഞ്ചുദിവസം കഴിഞ്ഞും. വിദഗ്ധമായ ഒരു വിപണിതന്ത്രത്തിലൂടെ റീര്‍ദ് തന്റെ സൃഷ്ടിക്ക് ‘ലെ ബിക്കിനി’ എന്ന് പേരിട്ടു. പുതിയ ബോംബിന്റെ കണ്ടുപിടുത്തം പോലെ തന്നെ തന്ത്രപ്രധാനമാണ് ഈ വേഷവും എന്നായിരുന്നു ധ്വനി. 
പ്രകോപനപരമായ പേരും രൂപവും കൊണ്ട് ബിക്കിനി രാജ്യാന്തര തലക്കെട്ടുകളില്‍ ഇടം നേടി. ബിക്കിനി ധരിക്കാനായി റീര്‍ദ് കണ്ടെത്തിയ മിഷേലിന്‍ ബര്‍ണാര്‍ഡിനി എന്ന സ്ട്രിപ്പറുടെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രചരിച്ചു. എന്നാല്‍ അമേരിക്കയില്‍ സിനിമാനടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരമ്പരാഗത ടൂപീസില്‍ തന്നെ ഉറച്ചുനിന്നു. 
 
1950ല്‍ ടൈം മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സ്വിംസൂട്ട് ഭീമനായ ഫ്രെഡ് കോള്‍ ബിക്കിനിയെ തള്ളിപ്പറഞ്ഞു. ശരീരവലിപ്പം കുറഞ്ഞ ഫ്രഞ്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ നീളമുള്ള കാലുകള്‍ ഉണ്ടെന്നു തോന്നിക്കാനായി ഉണ്ടായതാണ് ഈ വേഷം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ ബ്രിഗിത്ത് ബാര്‍ഡോട്ടിന്റെ കാലുകള്‍ക്ക് ആ സഹായം വേണ്ടിവന്നില്ല. 53ലെ കാന്‍ ചലച്ചിത്രമേളയില്‍ വെച്ച് എടുത്ത ചിത്രമാണിത്.
 
 
57ല്‍ ഇറങ്ങിയ സ്പോര്‍ട്ട്സ് ഇല്ലസ്‌ട്രേറ്റഡ് മാസിക പറയുന്നത് മാനംമര്യാദയുള്ള ഒരു പെണ്‍കുട്ടിയും ഈ വേഷം ആണിയില്ല. അതുകൊണ്ടുതന്നെ അതെപ്പറ്റി എഴുതി വാക്കുകള്‍ പാഴാക്കണ്ട എന്നും.
 
എന്നാല്‍ വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ബിക്കിനി ബീച്ചുകളില്‍ തന്റെ വരവറിയിച്ചു. സ്വകാര്യ നീന്തല്‍ കുളങ്ങളില്‍ ഈ വേഷം പരീക്ഷിച്ചുനോക്കാന്‍ സ്ത്രീകള്‍ തയ്യാറായി. 1960  ആയപ്പോഴേയ്ക്കും ബിക്കിനി ഒരു സംഭവമായി മാറിക്കഴിഞ്ഞിരുന്നു. ആ വര്‍ഷത്തെ ഹിറ്റ് പാട്ടുകളിലൊന്ന് ബ്രയാന്‍ ഹൈലാണ്ടിന്റെ ‘Itsy Bitsy, Teenie Weenie, Yellow Polka Dot Bikini‘ എന്നതായിരുന്നു. ബിക്കിനി അതിവേഗം തന്നെ സര്‍വവ്യാപിയായി. 1967ല്‍ 65 ശതമാനം യുവതികളും ബിക്കിനി ഉപയോഗിക്കുന്നതായി ടൈം മാസിക എഴുതി. 64ലെ സ്പോര്‍ട്ട്സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസൂട്ട് ലക്കത്തിന്റെ കവറില്‍ ഒരു വെളുത്ത ബിക്കിനി പ്രത്യക്ഷപ്പെട്ടു. അനെറ്റ് ഫ്യുനിചെല്ലോയുടെ ഹൌ ടു സ്ടഫ് എ വൈല്‍ഡ് ബിക്കിനി, രാക്കോല്‍ വെല്‍ഷിന്റെ വണ്‍ മില്യന്‍ ഇയെര്‌സ് ബിസി എന്നീ സിനിമകളിലും 62ലെ ബോണ്ട് സിനിമയായ ഡോക്ടര്‍ നോയിലും ബിക്കിനി പ്രത്യക്ഷപ്പെട്ടു.
 
 
ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ആദ്യകാലനടിമാര്‍ തങ്ങളുടെ വയര്‍ ഒതുക്കിപ്പിടിച്ചാണ് ഫോട്ടോ എടുത്തിരുന്നത്. എന്നാല്‍ 1970കളായതോടെ ചെറില്‍ ടീഗ്‌സിനെപ്പോലെ ശരീരവടിവുള്ള മോഡലുകള്‍ ബിക്കിനിയണിഞ്ഞത് ഇന്നും ഒരു തരംഗമായി നില്ക്കുന്നു. ഈ മെലിഞ്ഞ രൂപത്തിന്റെ വരവോടെ സ്ത്രീകള്‍ സംശയിക്കാന്‍ തുടങ്ങി: ‘ആരാണ് ബിക്കിനി ധരിക്കേണ്ടത്?’ 1960കളില്‍ എമിലി പോസ്റ്റ് എഴുതി, ‘ഇത് പെര്‍ഫക്റ്റ് ഫിഗര്‍ ഉള്ള ചെറുപ്പക്കാരികള്‍ക്ക് മാത്രമുള്ളതാണ്’. അന്നുമുതല്‍ പല സ്വിംവെയര്‍ ഡിസൈനര്‍മാരും പല പ്രായത്തിലും ശരീരാകൃതിയിലുമുള്ള സ്ത്രീകളെ ബിക്കിനി ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ബെന്‍സിയമോനിന്റെ പ്രശസ്തമായ ബിക്കിനി ബുക്കില്‍ ഡിസൈനര്‍ നോര്‍മ കമാലിയോട് ‘ആരാണ് ബിക്കിനി ധരിക്കാന്‍ പാടില്ലാത്തത്’ എന്ന് ചോദിക്കുന്നുണ്ട്. ‘വയര്‍ ഉള്ള ആരും ധരിക്കരുത്’ എന്നാണു മറുപടി. എന്നാല്‍ അതേ പുസ്തകത്തില്‍ എണ്‍പത് പേജുകള്‍ കഴിഞ്ഞ് ബിക്കിനിയില്‍ മത്സരിക്കാറുള്ള വോളിബോള്‍ കളിക്കാരി ഗബ്രിയേല്‍ രീസ് പറയുന്നത് ‘ആത്മവിശ്വാസം’ മാത്രമാണ് ഈ വേഷം ധരിക്കാന്‍ ആവശ്യമുള്ളത് എന്നാണ്. പറയാന്‍ എന്തെളുപ്പം. ഇനിയിപ്പോ 70കളില്‍ കണ്ടുതുടങ്ങിയ തോംഗ് ബിക്കിനി എപ്പോള്‍ അമേരിക്കന്‍ ബീച്ചുകളില്‍ നിറയുമെന്ന് കാത്തിരിക്കാം. 
 
തോംഗ് എല്ലാവരും ഉപയോഗിച്ചാലും ഇല്ലെങ്കിലും ബിക്കിനി ആ സ്ഥാനം നേടിക്കഴിഞ്ഞു. മനുഷ്യരെ സ്തബ്ദരാക്കാനുള്ള കഴിവ് നഷ്ടപ്പെട്ടെങ്കിലും അതിന് ഇപ്പോഴും ഇക്കിളിപ്പെടുത്താനുള്ള കഴിവുണ്ട്. 
 
 
(സ്ളേറ്റ് മാഗസിന്‍)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍