UPDATES

ഇന്ത്യ

ആകാശ രാജാക്കന്മാര്‍

 
ഇന്ത്യന്‍ വ്യോമസേനയിലെ ഏറ്റവും വലിയ വിമാനമായി മാറുന്നു സി – 17 ഗ്ളോബ് മാസ്റ്റര്‍ III. ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ നിര്‍മിത വിമാനം കൂടിയാണിത്. അമേരിക്കന്‍ കമ്പനിയായ Lokheed Martin നിര്‍മിച്ച ആറ് സി – 130 ജെ സൂപ്പര്‍ ഹെര്‍കുലീസ് വിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പക്കലുണ്ട്. 
 
 
5.8 ബില്യണ്‍ ഡോളറിന് 10 സി – 17 ഗ്ളോബ് മാസ്റ്റര്‍ III വിമാനങ്ങളാണ് 2011 ജൂണില്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ് ഇതിനകം മൂന്നെണ്ണം ഇന്ത്യക്ക് കൈമാറിക്കഴിഞ്ഞു. ഈ വര്‍ഷമൊടുവില്‍ രണ്ടെണ്ണം കൂടിയും ബാക്കി അഞ്ചെണ്ണം 2014-ലും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.
 
 
അമേരിക്കക്ക് പുറത്ത് സി – 17 ഉപയോഗിക്കുന്നവരില്‍ ഇന്ത്യന്‍ വ്യോമസേനയാണ് ഇപ്പോള്‍ മുമ്പില്‍. 222 സി – 17 വിമാനങ്ങളാണ് ബോയിംഗ് അമേരിക്കന്‍ വ്യോമസേനയ്ക്ക് ഇതുവരെ വിറ്റിട്ടുള്ളത്. ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ, ഖത്തര്‍, യു.എ.എ, യു.കെ എന്നിവര്‍ക്കെല്ലാം കൂടി 33 എണ്ണവും. 
 
 
ഇന്നു ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും തന്ത്രപ്രധാനമായ വിമാനങ്ങളിലൊന്നാണ് സി – 17 എന്നതിനാലാണ് വ്യോമസേനയുടെ പുതിയ 81 സ്‌ക്വാഡ്രണെ “Skylords” എന്നു പറയുന്നത്. മുമ്പ് മിഗ് – 29, ഐ.എല്‍ – 76 ഒക്കെ പറത്തിയിട്ടുള്ള ഗ്രൂപ്പ് ക്യാപ്റ്റന്‍ ബി.എസ് റെഡ്ഡി (ഇരിക്കുന്നവരില്‍ ഇടത്തു നിന്ന് രണ്ടാമത്)യുടെ നേതൃത്വത്തിലുള്ള ഈ സ്‌ക്വാഡ്രന്റ്റെ പേരാണ് Skylords.  സെപ്റ്റംബര്‍ രണ്ടിന് ഹിന്‍ഡണ്‍ എയര്‍ബേസില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി (നടുക്ക്), സഹമന്ത്രി ജിതേന്ദ്ര സിംഗ് (ആന്റണിക്കു വലതുവശം), എയര്‍ ചീഫ മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണി (ഇടതു നിന്ന് ആറാമത്) എന്നിവര്‍ ചേര്‍ന്ന് സി-17 സേനയുടെ ഭാഗമാക്കി. 
 
 
സാധാരണ വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ 4500 അടി എയര്‍സ്ട്രിപ്പ് വേണ്ടി വരുമ്പോള്‍ സി – 17ന് 3000 അടി മതിയാകം. ജമ്മു -കാശ്മീരിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏതു വ്യോമതാവളങ്ങളിലും ഇറങ്ങാന്‍ ഈ വിമാനത്തിന് കഴിയും. ജമ്മു -കാശ്മീര്‍ മേഖലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള Daulat Beg Oldie, Nyoma and Fukche  എന്നിവിടങ്ങളില്‍ പോലും ഇറങ്ങാന്‍ സജ്ജം. 
 
 
യുദ്ധ ടാങ്കുകള്‍ ഉള്‍പ്പെടെ 75 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണ് മറ്റൊന്ന്. നിശ്ചിത ദൗത്യങ്ങള്‍ക്ക് സായുധരായ 100 കമാന്‍ഡോകളെ ഒരേ സമയം എത്തിക്കാനുള്ള ശേഷിയും പ്രധാനം. ഇപ്പോള്‍ സേനയുടെ ഭാഗമായ ഏറ്റവും വലിയ രണ്ടാമത്തെ വിമാനമായ റഷ്യന്‍ നിര്‍മിത ഐ.എല്‍ – 76ന് വഹിക്കാന്‍ കഴിയുന്ന ഭാരം വെറും 35 ടണ്‍ ആണെന്നറിയുമ്പോഴാണ് സി – 17ന്റെ വലിപ്പം മനസിലാകുക. ഇപ്പോള്‍ 14 ഐ.എല്‍ 76 ആണ് സേനയുടെ പക്കലുള്ളത്. 
 
 
മൂന്നു പേരാണ് വിമാനത്തിലുണ്ടാവുക. ഒരു പൈലറ്റ്, സഹ പൈലറ്റ്, ഒരു ലോഡ്മാസ്റ്റര്‍. എന്നാല്‍ വന്‍ ദൗത്യങ്ങളില്‍ ആളിന്റെ എണ്ണം കൂടും. കോഫി കഴിക്കാനുള്ള സൗകാര്യം മുതല്‍ ഭക്ഷണം ചൂടാക്കാനും വിശ്രമിക്കാനുമൊക്കെയുള്ള സൗകര്യങ്ങളും വിമാനത്തിന്റെ ഡെക്കിലുണ്ട്. 
 
 
പ്രധാന ദൗത്യങ്ങള്‍ക്ക് വ്യേമസേന ഇപ്പോള്‍ തന്നെ സി- 17 നിയോഗിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ – ലേ മുതല്‍ പേര്‍ട്ട് ബ്ലെയര്‍ വരെയും ജോര്‍ഹാത് മുതല്‍ ജയ്‌സാല്‍മീര്‍ വരെയും – ഇത് പറന്നു കഴിഞ്ഞു. താജിക്കിസ്ഥാനില്‍ ഇന്ത്യ പണിയുന്ന എയര്‍ബേസിലേക്കും കോംഗോയിലെ ഇന്ത്യന്‍ സമാധാന സേനയ്ക്കുള്ള ആയുധങ്ങളുമായി റുവാണ്ടയിലേക്കും സി – 17 പറന്നിരുന്നു. 
 
 
നാല് Pratt and Whitney F117-PW-100 turbofan എഞ്ചിനാണ് വിമാനത്തിനുള്ളത്. ഇത് വളരെ ദൂരം പറക്കാന്‍ വിമാനത്തെ സഹായിക്കുന്നു 
 
 
ആറു വിമാനങ്ങള്‍ കൂടി വാങ്ങാന്‍ വ്യോമസേനയ്ക്ക് പദ്ധതിയുണ്ട്. അതോടൊപ്പം, ഇത്രയും എണ്ണം സി – 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റ് വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍