UPDATES

വിദേശം

പോപ് ഫ്രാന്‍സിസ് എത്രത്തോളം ശരിയാണ്?

ബ്ളൂംബര്‍ഗ് എഡിറ്റോറിയല്‍

 

പോപ് ഫ്രാന്‍സിസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആ പദവിയില്‍ എത്തിയതുമുതല്‍ ചെറുതെങ്കിലും കാമ്പുള്ള ചിലതിന്റെ സൂചനകള്‍ നല്കുന്നുണ്ട്.

 

അദ്ദേഹം ഒരു പൌരോഹിത്യ പ്രഭ പ്രസരിപ്പിക്കുന്നു – തടവുപുള്ളികളുടെ കാല് കഴുകിയാലും, ഈസ്റ്റര്‍ പ്രാര്‍ഥനക്ക് ശേഷം, ശേഷിക്കുറവുള്ള ഒരു കുഞ്ഞിനെ പുണരുമ്പോളും, ദുരിതബാധിതരെ ആശ്വസിപ്പിക്കാന്‍ ഒന്നു ഫോണ്‍ വിളിക്കുമ്പോളും എല്ലാം – അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്ക് സ്വാഭാവികമായി വരാതിരുന്ന ഒന്ന്. അതിമോടിയില്ലാതെ വസ്ത്രം ധരിക്കുന്നു, എളിമയോടെ ജീവിക്കുന്നു, ദരിദ്രരെക്കുറിച്ച് എപ്പോളും സംസാരിക്കുന്നു, പിന്നെ ഒരു 1984 മോഡല്‍ റെനോ ഓടിക്കുന്നു. അവിശ്വാസികളോടും, സ്വവര്‍ഗാനുരാഗികളോടും, വിവാഹമോചിതരോടും അദ്ദേഹം സംവദിക്കുന്നു.

 

കഴിഞ്ഞ ആഴ്ച്ച നല്കിയ ഒരു അഭിമുഖത്തില്‍ ഫ്രാന്‍സീസ് ഒരു പടികൂടി മുന്നോട്ടുപോയി. സ്വര്‍ഗാനുരാഗികളായ സ്ത്രീപുരുഷന്‍മാര്‍ക്കുള്ള തന്റെ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു, തന്റെ സംശയങ്ങളെയും തെറ്റുകളെയും കുറിച്ചു തുറന്നു സംസാരിച്ചു. ഏറെക്കാലമായി വത്തിക്കാന്‍ സങ്കുചിതമായ വിവാദ വിഷയങ്ങളിലും, ‘ഇടുങ്ങിയ മനസ്ഥിതിയുള്ള നിയമങ്ങളിലും’ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് തനിക്ക് തോന്നുന്നതായും പറഞ്ഞു.

 

“പള്ളിയുടെ പൌരോഹിത്യസഭയ്ക്ക്, കൂട്ടിക്കൊളുത്തില്ലാത്ത കുറെ ശാസനങ്ങളുടെ പെരുംകൂട്ടത്തെ പ്രചരിപ്പിക്കുന്നതില്‍ മുഴുകാനാവില്ല,” അദ്ദേഹം പറഞ്ഞു. “നമുക്ക് പുതിയൊരു സന്തുലനം കണ്ടെത്തേണ്ടതുണ്ട്; അല്ലെങ്കില്‍ പള്ളിയുടെ ധാര്‍മികഘടന പോലും ചീട്ടുകൊട്ടാരംപോലെ പൊളിഞ്ഞുവീഴും.”

 

പുതിയ  സന്തുലനത്തെക്കുറിച്ച് പറയുമ്പോള്‍ പോപ്പിന്റെ ഭാഷ അവ്യക്തവും, അനിശ്ചിതത്വം നിറഞ്ഞതും, ശങ്കാഭരിതവും ആയിരുന്നു – അഥവാ അത് യാഥാര്‍ത്ഥ്യത്തിന്റെ ഭാഷയായിരുന്നു. മാറ്റത്തോട് താന്‍ ഒത്തുപോകുന്നു എന്ന് അദ്ദേഹം കാണിച്ചു. “കാലത്തോടൊപ്പം മനുഷ്യരുടെ സ്വാവബോധം മാറുകയും, ആത്മബോധം ആഴത്തിലുള്ളതാവുകയും ചെയ്യുന്നു. മാറ്റങ്ങളാവശ്യമില്ലാത്ത, മറ്റ് ഭാഷ്യങ്ങള്‍ വേണ്ടാത്ത ശിലാരൂപമായി പള്ളിയുടെ പ്രബോധനങ്ങളെ കാണുന്നത് തെറ്റാണ്,” പോപ് പറയുന്നു.

 

പോപ്പുമാരില്‍നിന്നും ഒരാള്‍ കേട്ടുശീലിച്ച ഭാഷയല്ല ഇത്. എന്നാലും ഇത് അടുത്തുതന്നെ വലിയ മാറ്റത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന മറ്റ് വലിയ സ്ഥാപനങ്ങളില്‍ പ്രതിഫലിക്കും.

 

ഫ്രാന്‍സീസ്, കത്തോലിക്കരിലെ ‘ഉദാരവാദികളെയോ’, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രത്യയശാസ്ത്ര രൂപങ്ങളെയോ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞാല്‍ അത് വസ്തുതകളെ കാണാതിരിക്കലാകും. പ്രസക്തി നഷ്ടപ്പെട്ട, പ്രചോദനരഹിതമായ സാംസ്കാരിക തര്‍ക്കങ്ങളെ മറികടക്കാനും, നിസ്സാരതകളും, വെറുപ്പും കൊണ്ട് കെട്ടിക്കിടക്കുന്ന പൊതു സംവാദ ഭൂമികയിലേക്ക്, ഗൌരവമായ, ആര്‍ദ്രമായ ഒരു ധാര ഉള്‍ച്ചേര്‍ക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.  കത്തോലിക്ക ചിന്തയുടെ മികച്ച രീതിയിലൂടെ, വ്യക്തിയെക്കുറിച്ചുള്ള ആകുലതകളുമായി തന്റെ വാദങ്ങള്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ  ശ്രമം.

 


                                                                                                  @Katrina Fernandez

 

അങ്ങനെ ചെയ്യുമ്പോള്‍, തനിക്കും അതിലൂടെ പള്ളിക്കും മതേതര സമൂഹത്തിന് നല്കാന്‍ ചിലതുണ്ടെന്നും ഫ്രാന്‍സീസ് ഉറച്ചു പറയുന്നു. കത്തോലിക്ക വിശ്വാസികളുടെ 70 ശതമാനവും ജീവിക്കുന്ന വികസ്വര  രാജ്യങ്ങളില്‍ പാവങ്ങള്‍ക്കുള്ള സാമൂഹ്യ സേവനങ്ങളിലാണ് പള്ളിയുടെ വലിയ സാന്നിധ്യം. വികസിത രാജ്യങ്ങളില്‍ പിന്തിരിപ്പനും, ലൈംഗിക നിന്ദയുടേയും ശബ്ദമായാണ് പള്ളി പലപ്പോളും പ്രത്യക്ഷപ്പെടുന്നത്. ഈ അവസ്ഥ മാറ്റുന്നതിനും, ഇനിയും പലതും പള്ളിക്ക് നല്കാനുണ്ടെന്ന് കാണിക്കാനുമാണ് ഫ്രാന്‍സീസ് ശ്രമിക്കുന്നത്.

 

അദ്ദേഹം ശരിയാണ് എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിവേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങളുടെയും, സാമൂഹ്യ പ്രക്ഷുബ്ധതകളുടെയും കാലത്ത് – ആശയവിനിമയവും, സാമ്പത്തിക ശാസ്ത്രവും, രാഷ്ട്രീയവും, ആഗോള കാലാവസ്ഥയും, എല്ലാം അതിവേഗം ഉരുത്തിരിയുന്ന സമയത്ത് – മാറ്റത്തിനോടു മാത്രമല്ല, മാറ്റം കൊണ്ടുവരുന്ന വ്യക്തിപരമായ സഹനത്തോടും, അന്യവത്കരണത്തോടും സാത്മീകരിക്കാനാകുന്ന ഒരു ധാര്‍മിക ശബ്ദം കൂടുതല്‍ നിര്‍ണായകമായി വരുന്നു.

 

ഫ്രാന്‍സീസിന്റെ പ്രസംഗങ്ങള്‍ പള്ളിയുടെ നയങ്ങളില്‍ ഉടനൊരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. “പലരും കരുതുന്നത് മാറ്റങ്ങളും, പരിഷ്കാരങ്ങളും ചുരുങ്ങിയ സമയംകൊണ്ട് സംഭവിക്കുമെന്നാണ്,” അദ്ദേഹം പറഞ്ഞു.“ശരിക്കുള്ള, കാര്യക്ഷമമായ മാറ്റത്തിന് അടിത്തറയിടാന്‍ സമയമെടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”

 

അത് ശരിയാണ്, പള്ളിയിലായാലും, മറ്റേതൊരു സംഘടനയിലായാലും. സ്വവര്‍ഗുനുരാഗ വിവാഹങ്ങള്‍  ഫ്രാന്‍സീസ് ആശീര്‍വദിച്ച് നടത്തിക്കൊടുക്കാത്തതില്‍ നിങ്ങള്‍ക്ക്  നിരാശയുണ്ടാകാം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ അടച്ചുവെച്ച അദ്ധ്യായങ്ങള്‍  വീണ്ടും തുറക്കുന്നതില്‍ നിങ്ങള്‍ക്ക് അരിശമുണ്ടാകാം. അല്ലെങ്കില്‍ നിങ്ങളൊന്നും കാര്യമാക്കുന്നില്ലായിരിക്കാം. നിങ്ങളുടേത് എന്തു നിലപാടായാലും ഫ്രാന്‍സീസിനെ ഗൌരവമായി കണക്കാക്കിയെ പറ്റൂ. ആശയ സംവാദത്തില്‍ പോപ്പിന്‍റേത് പദവി ഒറ്റയ്ക്ക് സ്വാധീനം ചെലുത്താവുന്നൊരു സ്ഥാപനമാണ്. ഈ പോപ്പാകട്ടെ, നൂതനവും സജീവവുമായ വഴിയിലൂടെ തന്റെ സ്വാധീനശക്തി കയ്യാളുന്നുമുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍