UPDATES

ഇന്ത്യ

ഇന്ത്യ ശരിക്കും വികസിക്കുന്നുണ്ടോ?

നിരവധി നഗരങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍, ഒന്‍പത് നഗരങ്ങളില്‍ മെട്രോ റെയിലുകള്‍. ലോകത്തെ മികച്ച രീതിയില്‍ പ്‌റവര്‍ത്തിക്കുന്ന മെട്രോകളില്‍ ഒന്നായി ഡല്‍ഹി മെട്രോ, കൊമേഴ്‌സ്യല്‍ കോംപ്‌ളക്‌സുകള്‍, അംബരചുംബികളായ അപ്പാര്‍ട്ടുമെന്റുകള്‍, എക്‌സ്പ്രസ് ഹൈവേകള്‍, അത്യാധുനിക പാലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍ എല്ലാം ചേര്‍ന്ന് പഴയ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയിരിക്കുന്നു. 1990ന് ശേഷം കാലെടുത്തു വച്ചപ്പോള്‍ ഡല്‍ഹിയെ തിരിച്ചറിയാനാകുന്നില്ല.
 
 
1991ല്‍ നിയന്ത്രണവിധേയവും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ ഇന്ത്യന്‍ വിപണിയില്‍ സര്‍ക്കാര്‍ ഉദാരവത്ക്കരണം നടപ്പാക്കിയതു മുതല്‍ ഇന്ത്യയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാക്കാണ് സാമ്പത്തിക വികസനം എന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗാണ് രണ്ട് ദശകം മുന്‍പ് നിര്‍ണായകമായ ഉദാരവത്ക്കരണത്തിന് തുടക്കമിട്ട അന്നത്തെ ധനകാര്യ മന്ത്രി. 1991ന് ശേഷം വന്ന ഉദാരവത്ക്കരണ ശ്രമങ്ങളും അതിന്റെ പ്രതിഫലനങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങള്‍ രാജ്യത്തെ മുന്‍നിര വികസ്വര രാജ്യമാക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. 
 
എല്ലാ സര്‍ക്കാര്‍ വകുപ്പകളും വാതിലുകള്‍ തുറന്നിട്ട് സാധാരണക്കാരന്റെ സങ്കടങ്ങള്‍ കേള്‍ക്കുന്നു. കോര്‍പറേറ്റുകള്‍ക്കും കമ്പനികള്‍ക്കും സ്വതന്ത്രമായ, സുതാര്യമായ വഴികള്‍ ലഭിക്കുന്നു. പാലുല്‍പാദനം മുതല്‍ ലോകത്തെ ഒരുവിധം എല്ലാ പ്രമുഖ ഓട്ടോ കമ്പനികള്‍ക്കും കാര്‍ നിര്‍മ്മാണം വരെയുള്ള വ്യവസായങ്ങള്‍ക്ക് തടസമില്ലാതെ പെട്ടെന്ന് ലൈസന്‍സുകള്‍ ലഭിക്കാന്‍ വിവിധ വകുപ്പുകളില്‍ ഏകജാലക സംവിധാനം നടപ്പാക്കിയിരിക്കുന്നു.
 
നിരവധി നഗരങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍, ഒന്‍പത് നഗരങ്ങളില്‍ മെട്രോ റെയിലുകള്‍. ലോകത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോകളില്‍ ഒന്നായി ഡല്‍ഹി മെട്രോ, കൊമേഴ്‌സ്യല്‍ കോംപ്‌ളക്‌സുകള്‍, അംബരചുംബികളായ അപ്പാര്‍ട്ടുമെന്റുകള്‍, എക്‌സ്പ്രസ് ഹൈവേകള്‍, അത്യാധുനിക പാലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍ എല്ലാം ചേര്‍ന്ന് പഴയ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയിരിക്കുന്നു. 1990ന് ശേഷം കാലെടുത്തു വച്ചപ്പോള്‍ ഡല്‍ഹിയെ തിരിച്ചറിയാനാകുന്നില്ല.
 
ഡല്‍ഹിയില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും സാമ്പത്തിക വളര്‍ച്ചയുടെ സ്പന്ദനം കാണാം. 
 
മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയും സിവില്‍ വ്യോമനായ മേഖലയും വിവാദങ്ങളുണ്ടാക്കിയെങ്കിലും വിദേശനിക്ഷേപത്തിന് തുറന്നുകൊടുത്ത മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ തീരുമാനവും പ്രശംസിക്കപ്പെട്ട സാമ്പത്തികവളര്‍ച്ചയുടെ ഭാഗമായി കാണണം. 
 
ഏഷ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കിംഗ് എയര്‍ ഏഷ്യ ഇന്ത്യയില്‍ എയര്‍ലൈന്‍ തുടങ്ങുന്നു. യു.എ.ഇയിലെ ദേശീയ എയര്‍ലൈന്‍ എത്തിഹാദ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസ് ആയ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങി. വിദേശ റീട്ടെയ്ല്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട്, ടെസ്‌കോ, കരെഫോര്‍ എന്നിവ 450 ബില്ല്യണ്‍ ഡോളര്‍ ശേഷിയുള്ള റീട്ടെയ്ല്‍ മാര്‍ക്കറ്റില്‍ ഇറങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു. 
 
 
വിദേശരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വിപണി അതിവേഗം വികസിക്കുന്നതിന്റെ തെളിവായി വേണം ഇതെല്ലാം കാണാന്‍. 
 
പക്ഷേ ഇത് ശരിയായ വികസനവും സാമ്പത്തിക പുരോഗതിയുമാണോ? വികസനം എന്ന വാക്ക് തെറ്റായ അര്‍ത്ഥത്തിലാണോ നമ്മള്‍ ഉപയോഗിക്കുന്നത്. 
 
ലോകത്തിനു മുന്നില്‍ നാം ഉയര്‍ത്തിക്കാട്ടുന്ന സാമ്പത്തിക വികസനത്തിന് നല്ലതല്ലാത്ത ഒരു മറുവശമുണ്ടെന്ന് രാജ്യമെമ്പാടും സഞ്ചരിക്കുമ്പോള്‍ വ്യക്തമാകാറുണ്ട്. ഇന്നത്തെ കാലത്ത് വികസനം എന്നാല്‍ പുതിയ റോഡുകളും അപ്പാര്‍ട്ട്‌മെന്റുകളും വാണിജ്യ മന്ദിരങ്ങളും ഷോപ്പിംഗ് മാളുകളും മള്‍ട്ടിപ്‌ളക്‌സുകളും നിര്‍മ്മിക്കുന്നതു മാത്രമായി ഒതുങ്ങുന്നു. വാസ്തുവിദ്യാ സമ്പന്നമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചും മരങ്ങള്‍ വെട്ടിവീഴ്ത്തിയുമാണ് മള്‍ട്ടിപ്‌ളക്‌സുകളും റോഡുകളും നിര്‍മ്മിക്കുന്നത്. ആഗോള ചില്ലറ വില്‍പന ശാലയ്ക്കായി തൊട്ടടുത്തുള്ള പലചരക്കുകട അടച്ചു പൂട്ടുന്നു. കായലുകളും നദികളും ഇല്ലാതാക്കി അത്യാധുനിക സ്ഫടിക മാളികകളുണ്ടാക്കുന്നത് വികസനമാണെന്ന് പറയുന്നു. 
 
പഴമയെ സംരക്ഷിക്കുന്നത് ഇന്ത്യക്കാരുടെ രക്തത്തില്‍ ഇല്ലാത്തതാണെന്ന് പറയാം. വെനീസ്, ഫ്‌ളോറന്‍സ്, റോം  ഏതെങ്കിലും യൂറോപ്യന്‍ നഗരം  അവിടെയൊക്കെ പോയാല്‍ കാണാം ശതവര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ മനോഹരമായി സംരക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലോ? ഒട്ടുമിക്ക നദികളും കനാലുകളും  പ്രത്യേകിച്ചും നഗരങ്ങളില്‍ കൂടി കടന്നുപോകുന്നവ  ചളികൂമിഞ്ഞ് പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുവിധമാണുള്ളത്.
 
രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന യമുനയുടെ കാര്യം തന്നെയെടുക്കാം. ലണ്ടനിലെ തെംസുമായോ പാരിസിലെ സെയിനുമായോ യമുനെയെ താരതമ്യപ്പെടുത്താന്‍ കഴിയുമോ. ശതാബ്ദങ്ങളായി വന്‍ നഗരങ്ങളായ ലണ്ടനും പാരിസുമെല്ലാം നിലകൊള്ളുന്നത് ഈ നദിക്കരകളിലാണ്. വൃത്തിയുള്ള, മാലിന്യമില്ലാത്ത വെള്ളമാണ് ആ നഗരങ്ങളെ തൊട്ടൊഴുകുന്നത്. 
 
ഡല്‍ഹി മനോഹരമായ നഗരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രണ്ടു ദശാബ്ദം കൊണ്ട് ഡല്‍ഹി ആധുനിക നഗരമായി വളര്‍ന്നപ്പോള്‍ യമുന ഒരു മാലിന്യ നിക്ഷേപകേന്ദ്രമായി മാറുകയായിരുന്നു.
 
അപ്പോള്‍ തീര്‍ച്ചയായും ഉയരുന്ന ചോദ്യമിതാണ്. വിദേശ ചില്ലറ വില്‍പന ശാലകളും വിമാനക്കമ്പനികളും നഗരങ്ങളിലും പട്ടണങ്ങളിലും ഉയരുന്ന ബ്രാന്‍ഡ് മാളുകളും മാത്രമാണോ വികസനം?
 
വലിയൊരു ജനവിഭാഗം ഇപ്പോഴും ദരിദ്രരായി തുടരുന്നു എന്നതാണ് മറ്റൊരു യഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ത്യയിലെ ഗോഡൌണുകളില്‍ അരിയും ഗോതമ്പും ധാന്യങ്ങളും മറ്റും കുമിഞ്ഞുകൂടുകയും ചെയ്യുന്നു. ദരിദ്രര്‍ക്ക് ഒരുനേരം പോലും ഭക്ഷിക്കാന്‍ അവ ലഭിക്കാത്ത പരിതാപരകരമായ അവസ്ഥയിലാണ് പൊതുവിതരണ സമ്പ്രദായം. 
 
ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ക്ക് കിട്ടുന്ന ദിവസക്കൂലി വളരെ തുച്ഛമാണ്. പത്തുരൂപ മുതല്‍ 40 രൂപ വരെ. ഇവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കള്‍ പ്രവാസികളുടെ സമൃദ്ധിയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു. അവിടെ അവര്‍ക്ക് 400 രൂപയില്‍ കൂടുതല്‍ കൂലി ലഭിക്കും. 
 
 
പുതിയ വിമാനത്താവളങ്ങളും മെട്രോ സ്‌റ്റേഷനുകളും മാളുകളും അംബര ചുംബികളും നല്‍കുന്ന ഏറെ വാഴ്ത്തപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയ്ടക്കിടയിലും ഇന്ത്യയിലെ പാവപ്പെട്ടവര്‍ നിരാശരും അനാരോഗ്യരുമായി തുടരുന്നു. അനാരോഗ്യമായ ശരീരത്തില്‍ കുടികൊള്ളുന്നത് അനാരോഗ്യമായ മനസാണ്. അനാരോഗ്യ മനസ് സമൂഹ്യവും വര്‍ഗീയവുമായ പിരിമുറുക്കത്തിന് കാരണമാകും.  
 
യൂണിസെഫിന്റെ കണക്കനുസരിച്ച്: 
ഇന്ത്യയില്‍ 25 മില്ല്യനില്‍ കൂടുതല്‍ അനാഥര്‍
ഇന്ത്യയില്‍ അഞ്ചു വയസിന് താഴെയുള്ള 5000ത്തോളം കുട്ടികള്‍ ദിനംപ്രതി മരിക്കുന്നു.  
 
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്:
അഞ്ചുവയസിനു  താഴെയുള്ള 49 ശതമാനം കുട്ടികളുടെയും വളര്‍ച്ച മുരടിച്ച അവസ്ഥ
അഞ്ചുവയസിന് താഴെയുള്ള 49 ശതമാനമുള്ള കുട്ടികളുടെയും ശരീരഭാരം കുറവ്
ജനിക്കുന്ന കുട്ടികളില്‍ ജീവിക്കുന്നത് : 62/64 (M/F)
ജനിക്കുമ്പോള്‍ ആരോഗ്യകരമായ അവസ്ഥ : 53/54 (M/F)
ലോകത്തെ 49 ശതമാനം ഭാരം കുറഞ്ഞ കുട്ടികളും 34 ശതമാനം വളര്‍ച്ച മുരടിച്ച കുട്ടികളും ഇന്ത്യയില്‍
 
യുണൈറ്റഡ് നാഷന്‍സസ് കണക്കുകള്‍ പറയുന്നത്: 
56 ശതമാനത്തിലധികം വീടുകളില്‍ വൈദ്യുതി കണക്ഷനില്ല
27.5 ശതമാനം ഇന്ത്യക്കാരും ദാരിദ്ര്യ രേഖയ്ക്കു താഴെ
60 ശതമാനം സ്ത്രീകളും ദീര്‍ഘകാലമായി ദരിദ്ര വിഭാഗത്തില്‍. 
 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍