UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ഗാമ ചരിത്രം: വിചിത്രം

‘ഗാമചരിതം – ഐക്യ രാഷ്ട്രസഭ മറക്കുന്നത്’ എന്ന കഴിഞ്ഞ കുറിപ്പിനു കിട്ടിയ വായനക്കാരുടെ അഭിപ്രായങ്ങളില്‍ അതിന്റെ ചരിത്ര വശങ്ങളെ കുറിച്ച് തിരക്കിയിരുന്നു. ഈ കുറിപ്പ് അവിടെ നിന്നു തുടങ്ങാം. 
 
സര്‍ദാര്‍ കെ.എം പണിക്കര്‍ തന്റെ ‘History of Kerala’ എന്ന പുസ്തകത്തില്‍ വാസ്‌കോ ഡി ഗാമയുടെ ‘കണ്ടുപിടുത്ത’ങ്ങളെ തുറന്നു കാട്ടുന്നുണ്ട്. “ഭാരതത്തിലേക്ക് ആഫ്രിക്കന്‍ മുനമ്പുചുറ്റി കടല്‍ മാര്‍ഗം എത്താമെന്ന ആശയത്തിലും അതനുള്ള ആദ്യ തയാറെടുപ്പിലും ഗാമയ്ക്ക് കാര്യമായ ഒരു പങ്കുമില്ലായിരുന്നു. ഗാമയുടെ യാത്ര കൊളംബസിന്റേതു പോലെ അറിയപ്പെടാത്ത മാര്‍ഗങ്ങളിലൂടെ ആയിരുന്നില്ല. ഭാരതം ‘കണ്ടെത്തപ്പെടാത്ത’ ഒരു നാടുമായിരുന്നില്ല. വെനീഷ്യന്‍, അറബി കച്ചവടക്കാര്‍ വഴി ഭാരതത്തിന് യൂറോപ്പുമായി നേരത്തെ വാണീജ്യ ബന്ധങ്ങളുണ്ടായിരുന്നു. കിഴക്കേ ആഫ്രിക്കന്‍ തീരത്തെ അറബി കച്ചവടക്കാര്‍ക്ക് ഭാരതത്തിലേക്കുള്ള മാര്‍ഗങ്ങളും അവയില്‍ വീശുന്ന കാറ്റും സുപരിചിതമായിരുന്നു. ഗാമയ്ക്ക് മെലിണ്ടെ രാജാവേര്‍പ്പെടുത്തിയ ഭാരതീയരുടെ സഹായവുമുണ്ടായിരുന്നു. There is nothing in Vaso da Gama’s discovery which entitles him to the claim of a great explorer or navigator” സര്‍ദാര്‍ പണിക്കര്‍ വളരെ ആധികാരികമായിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.
 
മൂന്നു പ്രാവശ്യം ഭാരതത്തിലേക്കു വന്ന ഗാമയുടെ ആദ്യ വരവ് കാപ്പാടേക്കായിരുന്നു. കോഴിക്കോടിനു സമീപമുള്ള ‘കപ്പക്കടവ്’ (കാപ്പാട്) സാമൂതിരിയുടെ വാണീജ്യസിരാ കേന്ദ്രമായ കപ്പല്‍ക്കടവായിരുന്നു. തനിക്ക് സ്വാഗതമേകിയ കപ്പല്‍ക്കടവിനോടും അവിടുത്തെ രാജാവിനോടും ഗാമ നിന്ദ കാട്ടി. ഗാമയ്ക്കും അദ്ദേഹത്തെ അനുഗമിച്ചെത്തിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും അതിനു തക്കതായ മറുപടിയും ലഭിച്ചു. ഈ വിവരങ്ങളും സര്‍ദാര്‍ പണിക്കര്‍ ‘India and the Indian Ocean’ എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 
 
 
ഗാമയുടെ ആദ്യവരവില്‍ പ്രചോദനം ഉള്‍ക്കൊണ്ട് 33 കപ്പലുകളുമായി കാബ്രല്‍ കോഴിക്കോട്ടേക്കു തിരിച്ചു. ഇവയില്‍ ആറെണ്ണം മാത്രമാണ് കോഴിക്കോട്ടെത്തിയത്. എന്നിരുന്നാലും കാബ്രലിന്റെ വിചാരം താന്‍ ‘Lord of the Sea’ ആണെന്നായിരുന്നു. അതുകൊണ്ടു തന്നെ തന്റെ അനുവാദമില്ലാതെ കടലിലിറങ്ങുന്ന കപ്പലുകള്‍ കൊള്ളയടിക്കുമെന്ന് അദ്ദേഹം ശഠിച്ചു. ഇതിനു മറുപടിയെന്നോണം സാമൂതിരിയുടെ കപ്പലുകള്‍ കാബ്രലിന്റെ കപ്പലുകളെ ആക്രമിച്ചു. കോഴിക്കോടിന്റെ ചെറിയ കപ്പലുകള്‍ക്കു മുമ്പില്‍ ചെറുത്തു നില്‍ക്കാനാവാതെ Lord of the Sea പിന്‍വാങ്ങി. 
 
കാബ്രല്‍ നാണംകെട്ടു തിരിച്ചെത്തിയിട്ടും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യമെന്ന സ്വപ്നം പോര്‍ച്ചുഗീസുകാര്‍ വെടിഞ്ഞില്ല. അവരുടെ രാജാവായ ഡോം മാനുവല്‍ ‘The Lord of Navigation, Conquest and commerce of Ethiopia, Arabia, Persia and India’ എന്ന പദവി സ്വീകരിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്റെ പദവി അടിച്ചേല്‍പ്പിക്കാനായി 15 കപ്പലുകളുടെ ഒരു വ്യൂഹം തയാറാക്കി. പീരങ്കികളും പടക്കോപ്പുകളുമേന്തിയ ഈ കപ്പല്‍ പടയില്‍ അന്നുവരെ ഇന്ത്യന്‍ തീരം തേടിപ്പോയ ഏറ്റവും വലിയ കപ്പലായ സാന്‍ ഫെറോണിമോയും ഉള്‍പ്പെട്ടിരുന്നു. എണ്ണൂറോളം സൈനികരെയും വഹിച്ചു വന്ന പറങ്കികളുടെ മൂന്നാമൂഴത്തിന് നേതൃത്വം നല്‍കിയത് വാസ്‌കോ ഡി ഗാമ തന്നെയായിരുന്നു. സമുദ്രാധിപത്യം അടിച്ചേല്‍പ്പിക്കാനായി വഴിയില്‍ കണ്ട കപ്പലുകളെയെല്ലാം കൊള്ളയടിച്ച് ഗാമ കൊച്ചിക്കടുത്ത് എ.ഡി 1503ല്‍ നങ്കൂരമിട്ടു. 
 
അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടുമെത്തിയ ഗാമയെ ‘സ്വീകരിക്കാന്‍’ സാമൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. 1498-ല്‍ കച്ചവടക്കാരനായി വന്ന ഗാമ 1503-ല്‍ സൈന്യാധിപനായാണ് വന്നത്. അദ്ദേഹത്തിന്റെ പുതിയ സ്ഥാനത്തിനുതകുന്ന ‘സ്വീകരണം’ തന്നെ സാമൂതിരി നല്‍കി. 
 
 
കാസിം എന്ന പടത്തലവന്റെ നേതൃത്വത്തില്‍ സാമൂതിരിയുടെ ചെറുകപ്പല്‍പ്പട ഗാമയെ തേടി കൊച്ചിയിലെത്തി. കാസിമിനു കൂട്ടായി ഖോജാ അംബര്‍ എന്ന വ്യാപാരിയുമായുണ്ടായിരുന്നു. ചെങ്കടല്‍ തീരത്തു നിന്നെത്തിയ ഖോജായുടെ വലിയ കപ്പലുകളും സാമൂതിരിയുടെ ചെറു കപ്പലുകളും ചേര്‍ന്ന് ഗാമയെ ആക്രമിച്ചു. പീരങ്കികളുപയോഗിച്ച് ഖോജായുടെ വലിയ കപ്പലുകളെ തകര്‍ക്കാനായെങ്കിലും കാസിമിന്റെ ചെറു കപ്പലുകള്‍ക്കു മുന്നില്‍ ഗാമയ്ക്ക് ഒന്നും ചെയ്യാനായില്ല. തങ്ങളുടെ ചടുലതയും ചുണയുമുപയോഗിച്ച് സാമൂതിരിയുടെ ചെറു കപ്പലുകള്‍ ഗാമയെ നിരന്തരം ആക്രമിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ തന്റെ വലിയ കപ്പലുകളുമായി ഗാമ പലായനം ചെയ്യുകയായിരുന്നു. 
 
ഗാമയുടെ രണ്ടാം വരവിലും ചരിത്രം മാറ്റിക്കുറിക്കാന്‍ ഉതകുന്ന ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം ചരിത്ര പുരുഷനായി. ചരിത്രം, മഹാ വിചിത്രം. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍