UPDATES

സിനിമ

ഓര്‍മകളില്‍ ഒരു തിലകന്‍

മലയാള സിനിമയുടെ മഹാ നടന്‍ തിലകന്‍ അന്തരിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം പിന്നിട്ടു. ഓര്‍മ പുതുക്കലുകളും പ്രത്യേക പരിപാടികളുമൊക്കെയായി ആ ദിനവും കഴിഞ്ഞു പോകുന്നു. ഇവിടെയും ഒരു തിലകന്‍ ഓര്‍മയാണ്, അടുത്ത ബന്ധുവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ പ്രസൂണ്‍ എസ് കണ്ടത്തിന്റെ തിലകന്‍ ഓര്‍മകള്‍. 
 
 
കോഴിക്കോട്ടെ ഒരു പ്രശസ്തമായ ഹോട്ടലിന്റെ ലോബിയില്‍ ഞാന്‍ കുറെ നേരം കാത്തു നിന്ന ശേഷമാണ് പ്രതീക്ഷിച്ച ആളെത്തിയത്. ടൗണ്‍ഹാളില്‍ വൈകുന്നേരത്തെ പൗര സ്വീകരണം കഴിഞ്ഞ് പി.വി. ഗംഗാധരനൊപ്പം (കെ.ടി.സി) പോയതാണ് കക്ഷി. പി.വി.ജി കൈപിടിച്ച് കൊണ്ടുവരുന്നതു കണ്ടപ്പോള്‍ മനസിലായി. ചെറുതായി മിനുങ്ങിയിട്ടുണ്ട്. 
 
ലോബിക്കു സമീപമുള്ള ലിഫ്റ്റില്‍ കയറ്റി ഒരു ഹോട്ടല്‍ ബോയിയെ സഹായത്തിന് ഏല്‍പ്പിച്ച ശേഷം പി.വി.ജി പിന്‍വാങ്ങി. ഞാനും ആ ലിഫ്റ്റില്‍ കയറിപ്പറ്റി. നാലാം നിലയിലേക്ക് പൊങ്ങിയ ലിഫ്റ്റിനുള്ളില്‍ ഞാനും ഹോട്ടല്‍ ബോയിയും പിന്നെ മലയാളത്തിന്റെ മഹാനടന്‍ തിലകനും മാത്രം! ഹോട്ടല്‍ ബോയിയുടെ സാന്നിധ്യം അവഗണിച്ചുകൊണ്ട് ഞാന്‍ സ്വയം പരിചയപ്പെടുത്തി. അമ്മവഴിയും അച്ഛന്‍വഴിയുമൊക്കെയുള്ള ബന്ധം പറഞ്ഞപ്പോള്‍ പുള്ളിക്കാരന് എവിടെയൊക്കെയോ ഒന്നു കത്തി. ഭാഗ്യം! 
 
ലിഫ്റ്റ് ഇറങ്ങി മുറിയിലേക്ക് നടക്കവെ ഷിബു അണ്ണന്‍ (ഷിബു തിലകന്‍) നടന്നു വരുന്നു. ഷിബു അണ്ണനെ നേരത്തെ അറിയാം. മുറിയിലേക്ക് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി. എന്നോട് മുറിക്കുള്ളിലെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. കേസരയില്‍ ഇരുന്ന ഞാന്‍ എവിടെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുള്ള കഥകള്‍ പറഞ്ഞ് ഒരു ലിങ്ക് ഇടാന്‍ ഞാന്‍ ശ്രമം തുടങ്ങി. കുറച്ചു നാള്‍ മുന്‍പ് കരിപ്പുഴ മുട്ടത്ത് മാമന്റെ ഓഡിറ്റോറിയം ഉദ്ഘാടനത്തിന് വന്നപ്പോള്‍ കണ്ടതും സംസാരിച്ചതുമെല്ലാം പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. പിന്നെ കുടുംബകാര്യങ്ങളിലേക്ക്. പ്‌ളാങ്കമണ്ണില്‍ താമസിച്ചിരുന്ന അമ്മയുടെ ചേച്ചി സരസ്വതി അമ്മയെ പുള്ളിക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു. മൂത്തമ്മ മരിച്ച വിവരം അറിയിച്ചപ്പോള്‍ ഒരു നിമിഷം മിണ്ടാതെയിരുന്നു. പ്‌ളാങ്കമണ്ണില്‍ താമസിച്ച നാളുകളില്‍ തിലകനെ കണ്ട ഓര്‍മ്മ അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ അച്ഛന്റെ കഥാ ശേഖരമാണ് കുറച്ചുകൂടെ എനിക്ക് പ്‌റയോജനപ്പെട്ടത്. കൊയിലാണ്ടിയില്‍ നാടകം കളിക്കാന്‍ വന്നപ്പോള്‍ അച്ഛന്‍ ചെന്നുകണ്ടതും റെയില്‍വേ ട്രാക്കിലൂടെ ഞങ്ങളുടെ പഴയ വാടക വീട്ടില്‍ വന്നതുമെല്ലാം. അന്ന് നാടകത്തില്‍ ഒരു കുട്ടിയുടെ റോള്‍ ചെയ്ത ഷമ്മി അണ്ണനും (ഷമ്മി തിലകന്‍) വീട്ടില്‍ വന്നിരുന്നു. ‘പാളത്തീന്ന് കേറി നടക്കെടാ… അവിടൊക്കെ തീട്ടമൊണ്ട്…’ തിലകന്‍ ഷമ്മിയോട് പറഞ്ഞ ഈ ഡയലോഗ്  അച്ഛന്‍ പറയാറുണ്ടായിരുന്നു. അതു ഞാന്‍ കേള്‍പ്പിച്ചപ്പോള്‍ പുള്ളിക്ക് ബോധിച്ചു. ഏറെ വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നെങ്കിലും പുള്ളിയുടെ മൂഡ് കണിലെടുത്ത് ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു. 
 
 
കൗമുദിയില്‍ ചേര്‍ന്നപ്പോള്‍ അന്നു ഞായറാഴ്ച പതിപ്പിലെ സിനിമാ പേജിന്റെ ചുമതലയുണ്ടായിരുന്ന സജീവ് ഏട്ടനോട് (ടി.കെ. സജീവ് കുമാര്‍) എന്റെ ആഗ്രഹം പറഞ്ഞു. പുള്ളി സമ്മതിക്കുകയും ചെയ്തു. അന്ന് തിലകന്‍ മറ്റുള്ളവരുമായി ഉടക്കി നില്‍ക്കുന്ന സമയമാണ്. ആയിടയ്ക്കാണ് അദ്ദേഹം വലിയൊരു രോഗാവസ്ഥയില്‍ നിന്ന് മോചിതനായതും. 
 
തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ ചെന്നപ്പോള്‍ ലുങ്കി മാത്രമുടുത്ത മഹാനടന്‍ വാതില്‍ തുറന്നു. മൂന്നാംപക്കത്തിലെ മുത്തച്ഛനെയാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. എന്നെ നേരത്തെ കണ്ട പരിചയമൊന്നും മുഖത്തില്ല. ആവശ്യം എന്റെയാണല്ലോ. പഴയ കഥകള്‍ പറഞ്ഞ് കുറച്ചൊക്കെ ഓര്‍മ്മവരുത്തി. മകള്‍ സോഫിയ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അകത്തേക്ക് കൂട്ടി കൊണ്ടുപോയ ശേഷം പുള്ളി സംസാരം തുടങ്ങി. എനിക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. 
 
ചില സിനിമാക്കാരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസവും രോഗാവസ്ഥയില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനയും മറ്റും പറഞ്ഞപ്പോള്‍ ഏതോ സിനിമയിലെ വില്ലന്‍ കഥാപാത്രമായി അദ്ദേഹം മാറിയെന്നു വരെ തോന്നിയെനിക്ക്. രോഗം മൂര്‍ച്ഛിച്ച് കിടന്നപ്പോള്‍ ഒരു പ്രമുഖ പത്രത്തില്‍ നിന്ന് രാത്രി ഷമ്മിയെ വിളിച്ച് തിലകന്‍ മരിക്കാന്‍ സാദ്ധ്യതയുണ്ടോ എന്നു ചോദിച്ച കാര്യവും പറഞ്ഞു. ഇതെല്ലാം വിട്ടുകളയാതെ പ്രസിദ്ധീകരിക്കണമെന്നു ചട്ടംകെട്ടിയാണ് എന്നെ വിട്ടത്. രണ്ടാഴ്ച കഴിഞ്ഞാണ് അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും കൊടുക്കാത്തതിന് ഫോണില്‍ വിളിച്ച് പരിഭവം പറയുകയും ചെയ്തു. 
 
കഴിഞ്ഞ വര്‍ഷം രോഗാവസ്ഥയില്‍ നിന്ന് അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ….
 
ചെറുപ്പത്തില്‍ തിലകന്‍ തന്റെ അഭിനയ പ്രതിഭ തെളിയിച്ച ഒരു സംഭവം കുറിച്ചുകൊണ്ട് അവസാനിപ്പിക്കാം. 
അദ്ദേഹത്തിന്റെ അച്ഛന്‍ റബര്‍ എസ്‌റ്റേറ്റ് മാനേജരായിരുന്നു. ഗൗരവക്കാരന്‍. ക്ഷിപ്രകോപി. അമ്മയും മക്കളുമൊന്നും മുന്നില്‍ വരില്ല. എസ്‌റ്റേറ്റില്‍ നിന്ന് വന്നാലുടന്‍ പൂമുഖത്തെ കസേരയില്‍ വന്നിരിക്കും. മുരടനക്കവും വാക്കിംഗ് സ്റ്റിംഗ് തറയില്‍ കൊട്ടുന്ന ശബ്ദവും കേട്ട് അമ്മ ഓടിവരും. കാപ്പിയുമായി. ഒരു ദിവസം അമ്മ അടുക്കളയില്‍ തിരക്കിട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വാക്കിംഗ് സ്റ്റിക്കിന്റെ ശബ്ദം. ഒപ്പം മുരടനക്കവും. ‘ഈശ്വരാ ഇന്ന് നേരത്തെയാണല്ലോ… ഊണു കാലവുമായില്ല.’ എന്നു പറഞ്ഞ് പൂമുഖത്തേക്ക് ഓടിയെത്തിയ അമ്മ കണ്ടത്, കസേരയിലിരുന്ന് അച്ഛനെ അനുകരിക്കുന്ന തിലകനെ. അമ്മയുടെ കൈയില്‍ നിന്ന് അടി ഏറെ കിട്ടിയെങ്കിലും തന്റെ അഭിനയം ശരിക്കും ഏറ്റതിന്റെ ത്രില്ലിലായിരുന്നു തിലകന്‍. 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍