UPDATES

ഇന്ത്യ

ജനറല്‍ വി.കെ സിംഗ് എന്ന അപകടം

ടീം അഴിമുഖം 
 
 
അമേരിക്കന്‍ സൈന്യം 61 ദിവസത്തെ ഒരു പരിശീലന കോഴ്‌സു നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ സൈനികര്‍ക്കെല്ലാം പങ്കെടുക്കാന്‍ അവസരമുള്ള ഈ റേഞ്ചേഴ്‌സ് കോഴ്‌സാണ് ലോകത്തിലെ ഏറ്റവും കഠിനമായ പരിശീലനമുറയായി അറിയപ്പെടുന്നത്. യുവസൈനികനായിരുന്ന വി.കെ.സിങ് ഈ പരിശീലനത്തിനു ചേര്‍ന്നു. അസുഖബാധിതനായതിനാല്‍ അദ്ദേഹത്തിന് ഇടയ്ക്കുവെച്ചു നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന്‍ അടുത്ത കോഴ്‌സിനു ചേരാനായി തനിക്ക് അമേരിക്കയില്‍ തന്നെ തുടരാനുള്ള അനുവാദം അദ്ദേഹം മേലധികാരികളില്‍ നിന്നു നേടിയെടുത്തു. ജോര്‍ജിയയ്ക്കും ഫ്‌ളോറിഡയ്ക്കുമിടയിലുള്ള ഒരു വനമേഖലയിലെ പര്‍വ്വതശിഖരത്തിലായിരുന്നു പരിശീലനം. 61-ആം ദിവസം പരിശീലനം പൂര്‍ത്തിയായപ്പോള്‍ സിങ് ഒന്നാമനായി. ഒരു ഇന്ത്യന്‍ സൈനികനെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വമായ നേട്ടം. 
 
ഇങ്ങനെ സാഹസികതയിലൂടെയും ഉറച്ച തീരുമാനത്തിലൂടെയും മുന്നോട്ടു നീങ്ങിയ ആ സൈനികന്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ കരസേനയുടെ മേധാവിയായി. സേവന സന്നദ്ധതയും കഠിനാധ്വാനവും ശീലമാക്കിയ കരസേനാ മേധാവിയായ ജനറല്‍ വി.കെ.സിങ് വിരമിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങള്‍ അത്ര ലളിതമല്ല. ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് സംശയമുണര്‍ന്നിരിക്കുന്നു. എല്ലാ ലക്ഷ്മണരേഖകളും ലംഘിച്ച പട്ടാളമേധാവിയായിരുന്നു വി.കെ. സിങ്ങെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. സേനയില്‍ അദ്ദേഹം തന്നെ രൂപവല്‍ക്കരിച്ചതാണ് സീക്രട്ട് മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ്. ജമ്മു-കാശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനും രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്താനും ജനറല്‍ ബിക്രം സിങ് കരസേനാ മേധാവിയാവുന്നത് തടയാന്‍ ഒരു സംഘടനയെക്കൊണ്ടു കേസു കൊടുപ്പിക്കാനുമൊക്കെ ഈ രഹസ്യയൂണിറ്റിനെ ജനറല്‍ വി.കെ.സിങ് ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണങ്ങള്‍. വി.കെ.സിങ് രൂപവല്‍ക്കരിച്ച ടെക്‌നിക്കല്‍ സര്‍വ്വീസ് ഡിവിഷനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തു വന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഒപെറേഷന്‍സ് ലഫ്.ജെനറല്‍ വിനോദ് ഭാട്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ. 
 
ജമ്മു-കാശ്മീര്‍ സര്‍ക്കാരിനെ മാറ്റാന്‍ ഇപ്പോഴത്തെ കൃഷിമന്ത്രി ഗുലാം ഹസ്സന്‍ മിറിന് 1.19 കോടി രൂപ നല്‍കി. ജമ്മു ആന്റ് കാശ്മീര്‍ ഹുമാനിറ്റേറിയന്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷനി(ജെ.കെ.എച്ച്.എസ്.ഒ)ലെ ഹകീക്കത്ത് സിങ് എന്നയാള്‍ക്ക് 2.38 കോടി രൂപ കൈമാറി. ജനറല്‍ ബിക്രം സിങ് കരസേനാ മേധാവിയാവുന്നതിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ യെസ് കാശ്മീര്‍ എന്ന സംഘടനയുമായി ബന്ധമുള്ളതാണ് ജെ.കെ.എച്ച്.എസ്.ഒ. ബിക്രം സിങ് ബ്രിഗേഡിയറായിരിക്കേ ജംഗലത്ത് മാണ്ടിയില്‍ വ്യാജ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയെന്നാണ് പരാതി. ഈ ഹര്‍ജി പിന്നീട് കോടതി തള്ളി. 
 
ഫോണും ആശയവിനിമയവും ചോര്‍ത്താനുള്ള ഇന്റര്‍സെപ്ഷന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ എട്ടു കോടി രൂപ ചെലവഴിച്ചു. 2010 നവംബറില്‍ സിംഗപ്പുര്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നു വാങ്ങിയ ഉപകരണങ്ങള്‍ ശ്രീനഗറില്‍ സ്ഥാപിക്കാനുള്ളതായിരുന്നു. എന്നാല്‍, അതു ഡല്‍ഹിയില്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചു. 2012 മാര്‍ച്ചില്‍ അന്നത്തെ മിലിട്ടറി ഇന്റലിജന്‍സ് മേധാവി ലഫ്റ്റ. ജനറല്‍ ഡി.എസ് താക്കൂറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഉപകരണങ്ങള്‍ നശിപ്പിച്ചു. 
 
 
ഇത്തരം വെളിപ്പെടുത്തലുകള്‍ വി.കെ.സിങ്ങിനെതിരെ മാത്രമല്ല, യു.പി.എ സര്‍ക്കാരിനെതിരെയും ചോദ്യങ്ങളുയര്‍ത്തുന്നു. ഇത്തരമൊരു ഉദ്യോസ്ഥനെതിരെ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തില്ല എന്നാണ് പ്രധാന സംശയം. കഴിഞ്ഞ കുറെ മാസങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ട് മുന്നിലുണ്ടായിട്ടും പരിശോധിച്ചു വരികയാണെന്നാണ് ഇപ്പോഴും കേന്ദ്രത്തിന്റെ മറുപടി. കേന്ദ്രമന്ത്രിമാരില്‍ കുഴപ്പക്കാരനായി അറിയപ്പെടുന്നയാളല്ല പ്രതിരോധമന്ത്രി എ.കെ.ആന്റണി. മികച്ച ജനാധിപത്യവിശ്വാസിയായ ആന്റണി ഇത്തരമൊരു നടപടി നീട്ടിവെയ്ക്കാന്‍ പാടില്ലായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം തയ്യാറാവേണ്ടതായിരുന്നു. ഇന്ത്യ ഒരു സാമ്പത്തികശക്തിയായി വളര്‍ന്നു കൊണ്ടിരിക്കേ ഇത്തരം സംഭവങ്ങളിലെ വിട്ടുവീഴ്ച ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആന്റണി തിരിച്ചറിയണമായിരുന്നു.
 
ഈ വെളിപ്പെടുത്തലുകളില്‍ ഒതുങ്ങുന്നതല്ല ജനറല്‍ വി.കെ.സിങ്ങിന്റെ നടപടികള്‍. കരസേനാ മേധാവിയായിരിക്കേ സ്വന്തം സര്‍ക്കാരിനെ സുപ്രീംകോടതിയിലേയ്ക്കു വലിച്ചിഴച്ച പട്ടാള നായകനാണ് അദ്ദേഹം. ഇങ്ങനെ, യു.പി.എ സര്‍ക്കാരിനെതിരെയുള്ള നിലപാട് സ്വന്തം സര്‍വ്വീസ് കാലയളവില്‍ തുറന്നു പ്രകടിപ്പിച്ച സേനാ മേധാവി കൂടിയാണ് ജെനറല്‍ വി.കെ സിംഗ്. 
 
ഏതാനും മാസങ്ങളായി അണ്ണ ഹസാരെയ്‌ക്കൊപ്പം രാജ്യം മുഴുവന്‍ സന്ദര്‍ശിക്കുകയായിരുന്നു വി.കെ.സിങ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിവാരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടു. വിമുക്തഭടന്മാരുടെ യോഗത്തില്‍ മുന്‍കരസേനാമേധാവി പങ്കെടുത്തത് ഒരു തെറ്റല്ലെങ്കിലും മോദിക്കൊപ്പം ഇന്ത്യന്‍ സൈന്യത്തെ സര്‍ക്കാരിനെതിരെ വഴി തിരിച്ചു വിടുകയായിരുന്നു അദ്ദേഹം. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനായിരുന്നു ശ്രമം. മോദിയാവട്ടെ ആ വേദി കള്ളം പറയാനും ഉപയോഗിച്ചു. താന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സൈനിക സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ പ്രോസ്‌പെക്ടസ് വാങ്ങാന്‍ പോലും അച്ഛന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. കുറച്ചു വര്‍ഷത്തിനു ശേഷം 1962-ല്‍ ചൈനയുമായി യുദ്ധവുമുണ്ടായി. എന്നാല്‍, 1961 മധ്യത്തോടെയാണ് രാജ്യത്ത് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണ മേനോന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു അത്. നാലാം ക്ലാസ്സുകാരനായ മോഡിക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ടാവില്ല. പക്ഷെ, ഇപ്പോള്‍ ഒരു രാഷ്ട്രീയനേതാവായ അദ്ദേഹം വാസ്തവം പറയാന്‍ തയ്യാറാവണമായിരുന്നു. 
 
ജനറല്‍ വി.കെ.സിങ്ങിന്റെ ഭാവി പദ്ധതി എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, ഒരു കോണ്‍ഗ്രസ്സിതര മുഖമായി സ്വയം സ്ഥാപിച്ചെടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് സുവ്യക്തം. അതൊരു പക്ഷെ ബി.ജെ.പിയിലോ മൂന്നാം മുന്നണിയിലോ ഒക്കെ ആയെന്നു വരാം. വ്യക്തിനേട്ടത്തിനായി സ്വയം സ്ഥാപിച്ചെടുക്കുന്ന ജനറല്‍ വി.കെ.സിങ് വര്‍ത്തമാനകാല ഇന്ത്യയിലെ ഒരു പ്രതീകമാണ്. ഇന്‍സ്റ്റിട്യൂഷനുകളെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. നരേന്ദ്ര മോദി ഗുജറാത്ത് പോലീസിനെ ഉപയോഗിച്ചതില്‍ നിന്നു വ്യത്യസ്തമല്ല, മിലിട്ടറി ഇന്റലിജന്‍സിനെ തന്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്തിയ ജനറല്‍ വി.കെ. സിങ്ങിന്റെ ചെയ്തിയും. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളിലായി ഗുജറാത്തിലെ മുപ്പതിലേറെ പോലീസുകാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇത്തരം പ്രവൃത്തികള്‍ മോദിയിലും സിങ്ങിലുമൊന്നും ഒതുങ്ങുന്നതല്ല. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ യു.പി.എ ഭരണത്തില്‍ ജനാധിപത്യസംവിധാനങ്ങള്‍ പരിഹാസ്യമാക്കപ്പെട്ട എന്തൊക്കെ സംഭവങ്ങളുണ്ടായി! ഹിന്ദു സംഘടനകള്‍ സ്‌ഫോടനം നടത്തിയതിന്റെ പേരില്‍ ഡസന്‍ കണക്കിനു നിരപരാധികളായ മുസ്ലീങ്ങളെ ജയിലടച്ചു. 2 ജി കുംഭകോണത്തില്‍ രാജയെ മാത്രം പഴിചാരി മറ്റുള്ളവരെയെല്ലാം രക്ഷിക്കാനുള്ള യു.പി.എയുടെ ശ്രമം ചിന്തിക്കുക. സ്വന്തം താല്‍പര്യക്കാര്‍ക്ക് വഴിവിട്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലും ഇതൊക്കെ കാണാനാവും. ഇന്ത്യയിലെ ആദിവാസി മേഖലകള്‍ മുഴുവന്‍ ചൂഷണം ചെയ്യുന്ന വ്യവസായിയും കോണ്‍ഗ്രസ് എം.പിയുമായ നവീന്‍ ജിന്‍ഡാലിന്റെ വളര്‍ച്ച നോക്കിക്കാണുക. 
 
ഇങ്ങനെ സ്വന്തം സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും അവമതിപ്പു സൃഷ്ടിച്ച് തലമുറയെ വിനാശപാഠങ്ങള്‍ പഠിപ്പിച്ച്, ഭാവിയെ നശിപ്പിക്കുന്നവരായി നമ്മുടെ നേതാക്കള്‍ മാറിയിരിക്കുന്നു. ജനറല്‍ വി.കെ.സിങ്ങിന് ബി.ജെ.പിയില്‍ നിന്നോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ നിന്നോ ആദരവോ അംഗീകാരമോ ലഭിച്ചേക്കാം. അതിലൊന്നും അത്ഭുതപ്പെടാനില്ല. കാരണം, സിങ് ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. പുതിയ ഇന്ത്യയുടെ പ്രതീകമാണ് ഈ മുന്‍ സേനാ മേധാവി. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍