UPDATES

വിദേശം

ഭീകരാക്രമണത്തിന്‍റെ കെനിയന്‍ ദുരന്തം

വിദേശകാര്യ ലേഖകന്‍

 

കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ ഒരു ആഡംബര മാളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 59 പേരില്‍ ഒരു എട്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു ഇന്ത്യക്കാരും. രണ്ടാമത്തെ ദിവസമായ ഞായറാഴ്ചയും ബന്ധിയാക്കപ്പെട്ടവര്‍ മാളിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. 26/11 ആക്രമണത്തിന്‍റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ആക്രമണവും.

അല്‍ ഖ്വായിദ ബന്ധമുള്ള അല്‍ഷഹാബ് ഗ്രൂപ്പിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ 200 പേരില്‍ 4 ഇന്ത്യക്കാരും ഉള്‍പ്പെടും. വെസ്റ്റ്ഗെയ്റ്റ് സെന്‍ററിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ള രക്തരൂക്ഷിത യുദ്ധത്തില്‍ കെനിയന്‍ പട്ടാളത്തിനൊപ്പം ഇപ്പോള്‍ ഇസ്രയേലി സൈന്യവും ചേര്‍ന്നിരിക്കുകയാണ്. കെട്ടിടത്തിനകത്ത് ശേഷിക്കുന്ന ആക്രമകാരികളെ ജീവനോടെ പിടിക്കാനോ അല്ലെങ്കില്‍ വധിക്കാനോ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കെനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഒറ്റതിരിഞ്ഞ വെടിവെപ്പുകള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു. എത്ര പേര്‍ ബന്ദിയാക്കപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ചും എത്ര അക്രമികള്‍ മാളിനകത്തുണ്ട് എന്നതിനെകുറിച്ചും വ്യത്യസ്തങ്ങളായ റിപ്പോര്‍ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ധനികരായ കെനിയക്കാര്‍ക്കിടയിലും അഭയാര്‍ഥികള്‍ക്കിടയിലും ഏറെ പ്രശസ്തമായ വെസ്റ്റ്ഗെയ്റ്റ്മാളിലേക്ക് മുഖംമൂടി ധരിച്ച തോക്കുധാരികള്‍ കയറിവന്ന ശനിയാഴ്ച ഉച്ചയ്ക്ക് സാമാന്യം ആള്‍ത്തിരക്കുണ്ടായിരുന്നു.

40 വയസുകാരനായ ശ്രീധര്‍ നടരാജനും 8 വയസുകാരനായ പരാംശു ജെയിനുമാണ് കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാര്‍. ചെന്നൈയില്‍ നിന്നു മൂന്നു മാസം മുന്‍പ് ഒരു തദേശീയ ഫാര്‍മസി കമ്പനിയില്‍ ജോലിക്കെത്തിയതാണ് നടരാജാനെന്ന് ഒരു അയല്‍ക്കാരന്‍ പറഞ്ഞു. അയാളുടെ ഭാര്യ മഞ്ജുള ശ്രീധര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.

 

പരാംശുവിന്‍റെ അമ്മ മുക്ത ജയിന്‍ (38 വയസ്സു) 12 കാരിയായ സഹോദരി പൂര്‍വി എന്നിവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഡെല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരാംശുവിന്‍റെ അച്ഛന്‍ മനോജ് ജെയിന്‍ ബാങ്ക് ഓഫ് ബറോഡയുടെ കെനിയന്‍ തലസ്ഥാന ബ്രാഞ്ചില്‍ മാനേജരാണ്. ഫ്ലാമിങ്ങോ ഡ്യൂടി ഫ്രീ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന്‍ രാമചന്ദ്രനാണ് പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്‍. 70,000 ജനസംഖ്യയുള്ള, ശക്തമായ ഒരു ജനവിഭാഗമാണ് കെനിയയിലെ ഇന്ത്യന്‍ സമൂഹം. ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ടു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കെനിയന്‍ പ്രസിഡന്‍റിനെഴുതിയ കത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

“ഭീകരവാദം ഇപ്പൊഴും നിലനില്‍ക്കുന്ന ഏറ്റവും ഭീക്ഷണമായ വെല്ലുവിളിയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം” എന്ന് കെനിയന്‍ പ്രസിഡന്‍റ് ഉഹ്റു കെന്യാറ്റ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. “ശ്രമകരവും സുസ്ഥിരവുമായ പ്രതികരണം ആഗോളസമൂഹത്തില്‍നിന്ന് ഇതിനെതിരായി ഉണ്ടാകേണ്ടിയിരിക്കുന്നു”. “എല്ലാ അക്രമികളും കെട്ടിടത്തിന്റെഒരു ഭാഗത്താണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ ഭീകരരെ വിജയകരമായി കീഴടക്കാന്‍ നമുക്ക് സാധിക്കും”. കൊല്ലപ്പെട്ടവരില്‍ തന്‍റെ മരുമകനും പ്രതിശ്രുത വധുവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്യാട്ട വെളിപ്പെടുത്തി.

ഭയചകിതരായ ദൃസാക്ഷികള്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്. തോക്കുധാരികളായ അക്രമികള്‍ മാളിലേക്ക് ഗ്രനേഡ് വലിച്ചെറിയുകയും ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തതോടെ കച്ചവക്കാരും ജനങ്ങളും ജീവനുംകൊണ്ട് ഓടുകയായിരുന്നു. 


 

ആക്രമണത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട മാളിലെ ജോലിക്കാരി സിപ്പോറ വഞ്ചിറു പറഞ്ഞത് തങ്ങള്‍ അഞ്ചു പേര്‍ ഒരു മേശയുടെ അടിയില്‍ പതുങ്ങിയിരുന്നാണ് ജീവന്‍ രക്ഷിച്ചതെന്നാണ്. “അവര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സിനിമയില്‍ കാണുന്നതുപോലെ ജനങ്ങളുടെ നേരെ വെടിയുണ്ട സ്പ്രേ ചെയ്യുകയായിരുന്നു”, അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.

സോമാലിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് അഥവാ ദ യൂത്ത് ഇന്‍ അറബിക് എന്ന സംഘടനയില്‍പ്പെട്ട വിമതര്‍ പറഞ്ഞത് ആഫ്രിക്കന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ സോമാലിയയില്‍ നടത്തുന്ന സൈനികനടപടിയുടെ പ്രതികാരമായിട്ടാണ് പകുതി ഇസ്രയേലി ഉടമസ്ഥതയിലുള്ള വെസ്റ്റ്ഗെയ്റ്റ്മാളില്‍ കൂട്ടക്കൊല ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ്.

മരിച്ചവരില്‍ രണ്ട് ബ്രിട്ടീഷുകാരും രണ്ട് ഫ്രെഞ്ചുകാരും രണ്ട് കാനഡ പൌരന്മാരും, ഒരു ചൈനീസ് യുവതിയും ഒരു സൌത്ത് കൊറിയക്കാരിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഗവണ്‍മെന്‍റ് വെളിപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവരില്‍ യു എന്‍ പ്രതിനിധിയും ഘാന കവിയുമായ കോഫീ ആവൂനോറും (78) ഉള്‍പ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മകനും ആക്രമണത്തില്‍ പരിക്കേറ്റു. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍