UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ഒരു അധ്യാപകന്‍ തിരുത്തിയെഴുതിയ ജീവിതം

ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ കടന്നു വരികയും ജീവിതം തന്നെ തിരുത്തിത്തരികയും ചെയ്ത പ്രിയപ്പെട്ട അധ്യാപകന്‍ ഇപ്പോള്‍ എവിടെയായിയിരിക്കും? മനു നോ കോമ്പ്രമൈസ് എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതുന്ന മനു പെരിയ സ്വന്തം ജീവിതം എഴുതുന്നു

 

പത്താം ക്ലാസ്സ്‌ പാസ്സായതിനു ശേഷം പ്ളസ് ടുവിന് കുറച്ചു വൈകിയാണ് എനിക്ക് അഡ്മിഷന്‍ ശരിയായത്. എന്റെ വീട്ടില്‍ നിന്നും കുറച്ചു ദൂരെ, രണ്ടു ബസ്സുകള്‍ കയറിയിറങ്ങി വേണം കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആ സ്കൂളില്‍ എത്താന്‍ തന്നെ. അവിടെ തന്നെയുള്ള ഒരു സ്വാമിജിയുടെ അധീനതയിലുള്ള, ജില്ലയില്‍ ഉന്നത വിജയനിലവാരം പുലര്‍ത്തുന്ന സ്കൂളുകളില്‍ ഒന്നാണത്. ഞാന്‍ ചെല്ലുമ്പോഴേക്കും പ്ളസ് വണ്‍ ക്ളാസ്സുകള്‍ തുടങ്ങിയിരുന്നു. സയന്‍സ് ഗ്രൂപ്പില്‍ മൊത്തം 165 കുട്ടികള്‍ ഉള്ള മൂന്നു ബാച്ചുകള്‍ ആയിരുന്നു. പല പല സ്കൂളുകളില്‍ നിന്നും വന്നിട്ടുള്ള, ഏറെ പഠിക്കുന്ന പിള്ളേര്‍ ആണ് അധികവും ആ സ്കൂളില്‍. ആരെയും തന്നെ പരിചയമില്ല. അധികവും സി ബി എസ് ഇ സിലബസില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ ഒക്കെ ആയിരുന്നു ക്ലാസ്സിലെ ഒന്നമന്മാര്‍. അത്ഭുതമൊന്നും സംഭവിച്ചില്ല, പ്ളസ്‌ വണ്‍ അവസാന പരീക്ഷയില്‍ രണ്ടു വിഷയത്തിനു തോറ്റു ഞാന്‍ ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞു. മൊത്തം ടീച്ചേഴ്സിന്‍റെ ഇടയില്‍ കണ്ണിലെ കരടായി മാറി. പ്ളസ് ടു മെയില്‍ തന്നെ ക്ലാസ്സ്‌ തുടങ്ങിയിരുന്നെങ്കിലും, വീട് പണി നടക്കുന്നതിനാല്‍ ഒരു മാസം വൈകിയാണ് ഞാന്‍ ക്ലാസ്സില്‍ എത്തിയത് – ജൂണില്‍. അധികം പഠിക്കുന്ന കുട്ട്യോളെയും തീരെ പഠിക്കാത്ത കുട്ട്യോളെയും അവിടുത്തെ എല്ലാ ടീച്ചെഴ്സും ശ്രദ്ധിക്കും. ഇതില്‍ രണ്ടാമത്തെ വിഭാഗമായിരുന്നു ഞാന്‍. അവിടുത്തെ 165 കുട്ടികളില്‍ തീരെ പഠിക്കാത്ത അവസാനത്തെ അഞ്ചു കുട്ടികളില്‍ ഒരാള്‍ ഞാനാരിക്കും.


പ്ളസ് ടു അവസാന പബ്ലിക്‌ പരീക്ഷാ സമയത്തിനു മാസങ്ങള്‍ അടുത്തപോള്‍ സ്കൂളിന്റ്റെ വിജയശതമാനം നിലനിര്‍ത്താനും കൂട്ടാനും ഒക്കെയുള്ള ശ്രമമാരംഭിച്ചു. അതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ രഹസ്യ യോഗങ്ങള്‍ സ്റ്റാഫ്‌ റൂമില്‍ നടന്നപ്പോള്‍ പ്രധാന വില്ലനായ എന്റെ പേരൊക്കെ പരാമര്‍ശിച്ചു. എന്നോട് അക്കൊല്ലം പബ്ലിക്‌ പരീക്ഷ എഴുതണ്ട എന്ന് വരെ പറഞ്ഞു ഒരു മാഷ്‌. കാരണം അതാ സ്കൂളിന്റെ റിസല്‍ട്ടിനെ ബാധിക്കും എന്നതുകൊണ്ട്. ഞാന്‍ പാസാകും എന്നു പ്രതീക്ഷ എനിക്കു പോലും ഇല്ല. അപ്പോഴാണ് കെമിസ്ട്രി പഠിപ്പോചോണ്ടിരുന്ന ഗോപേഷ്‌ മാഷ്‌ എന്നെ കൂടുതലായി അടുത്തറിയാന്‍ ശ്രമിച്ചത്‌. ഞാന്‍ പഠിക്കാത്തത്തില്‍ വഴക്ക് പറയാതെ, എന്തുകൊണ്ടാണ് പഠിക്കാന്‍ കഴിയാത്തത് എന്നു പഠിക്കാനാണ് മാഷ് ശ്രമിച്ചത്. എന്റെ വീട്ടിലെ അന്നത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. നന്നേ പഴകി, മാറ്റി കെട്ടാന്‍ വേണ്ടി പൊളിച്ചിട്ടിരിക്കുന്ന വീട്. നേരം വണ്ണം ഒരു വിഷയത്തിന്റെം ബുക്കുകള്‍ വരെ എനിക്കില്ല. സ്കൂളില്‍ പോകാന്‍ ബസ്സിനു കാശു തന്നെ ഞാന്‍ ഞായറാഴ്ച വല്ല പണിക്കും ഒക്കെ പോയാണ് ഉണ്ടാക്കിയിരുന്നത് തന്നെ. അടുത്ത ബന്ധു വീട്ടില്‍ ആണ് രാത്രി ഞാന്‍ കിടന്നുറങ്ങിയിരുന്നത്. വീട്ടില്‍ ആണേല്‍ കറണ്ടും ഇല്ല, ഒന്നും തന്നെയില്ല. അന്ന് എനിക്ക് വേണ്ട രണ്ടു മൂന്നു ടെക്സ്റ്റ്‌ ബുക്കുകളും കുറച്ചു പഴയ ചോദ്യ പേപ്പറും ഒക്കെ മാഷ്‌ സംഘടിപ്പിച്ചു തന്നു. അക്കൊല്ലം തന്നെ എന്നെ പരീക്ഷക്ക്‌ ഇരുത്താന്‍ ധാരണയായി. ലാബില്‍ എന്നെ കൂടുതല്‍ ശ്രദ്ധിച്ചു, എനിക്ക് പറഞ്ഞു തന്നു. എനിക്കെല്ലാ ആത്മവിശ്വാസവും തന്നു. ഞാന്‍ പാസാകും എന്നുള്ള പൂര്‍ണ്ണ വിശ്വാസവും സാറിന് ഉണ്ടായി. അതുകൊണ്ട് തന്നെ ആ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് എന്റെ കടമ പോലെയായി. അവസാന പത്തു പതിനഞ്ച് ദിവസങ്ങളില്‍ ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചു എന്ന് തന്നെ പറയാം. പരീക്ഷ എഴുതി അവസാനം റിസല്‍ട്ടും വന്നു – ഞാന്‍ പാസ്സായി. ഫസ്റ്റ് ക്ലാസ്സോട് തന്നെ – 68% മാര്‍ക്ക്. പ്രിയപ്പെട്ട ഗോപേഷ്‌ മാഷുടെ കെമിസ്ട്രി സബ്ജക്ട്ടില്‍ നൂറില്‍ 72മാര്‍ക്ക്. സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ പോയ സമയത്ത് പക്ഷെ ആ മാഷെ ഞാന്‍ കണ്ടില്ല. അതും കഴിഞ്ഞു ഞാന്‍ പഠിത്തം മത്യാക്കി, വീട്ടിലെ ദാരിദ്ര്യം കാരണം അല്ലറ ചില്ലറ കൂലി പണികളിലേക്ക് തിരിഞ്ഞു. പക്ഷെ പഠിത്തം മുഴുവനായിട്ട് ഉപേക്ഷിച്ചില്ല. ഒരു ഇലക്ട്രീഷ്യന്‍ കോഴ്സ് ഗവര്‍ന്മേന്റ്റ്‌ ഐ ടി ഐ യില്‍ ചേര്‍ന്നു. അതും നല്ല മാര്‍ക്കോട് കൂടി തന്നെ പാസായി. പക്ഷെ ജോലി ഒന്നും ശരിയായില്ല. അപ്പോഴേക്കും പ്ളസ് ടു കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ഞാന്‍ വീണ്ടും കൂലിപ്പണിയിലേക് തന്നെ തിരിഞ്ഞു .


ഒരു ദിവസം കോണ്‍ക്രീറ്റ്‌ പണിയും കഴിഞ്ഞു വീടിനു അടുത്തുള്ള കവലയില്‍ നില്‍ക്കുമ്പോള്‍ വീടിനു അടുത്തുള്ള ഒരു പെണ്‍കുട്ടി, ഞാന്‍ പ്ളസ് ടു പഠിച്ച സ്കൂളിലെ അതെ യൂനിഫോമും തന്നെ ഇട്ട്, എന്റെ അടുത്തേക്ക് വന്നു. പരിചയമുള്ള കുട്ടി ആയോണ്ട് ഞാന്‍ മിണ്ടി. എന്നോട് ആ കുട്ടി ഒരു ചോദ്യം ചോദിച്ചു 
“നിങ്ങള്‍ പ്ളസ് ടു ഈ സ്കൂളില്‍ അല്ലെ പഠിച്ചത് ? രണ്ടു കൊല്ലം മുമ്പ്?”
ഞാന്‍ അതെ എന്ന് പറഞ്ഞു. 
“പ്ളസ്‌ വണ്‍ രണ്ടു വിഷയത്തിനു ആദ്യം തോറ്റിരുന്നോ? പബ്ളിക്‌ പരീക്ഷയില്‍?” 
ങാ ..എന്താ  ചോദിച്ചേ? 
“അതല്ലാ… ഇപ്പോള്‍ പ്ളസ് ടു പബ്ളിക്‌ പരീക്ഷ അടുത്ത സമയത്ത് കെമിസ്ട്രി മാഷ്‌ അവിടെ പഠിച്ച ഒരു കുട്ടിയുടെ കഥ എന്നാ പേരില്‍ ഒരു കഥ പറഞ്ഞിരുന്നു അതിലെ ആ കുട്ടി പറഞ്ഞു വന്നപ്പോള്‍ നിങ്ങളാണോ എന്ന സംശയത്തില്‍ ചോദിച്ചതാ? 
“ഹേ, അത് ഞാനൊന്നും ആയിരിക്കില്ല, ഞാനൊക്കെ വളരെ കഷ്ടപ്പെട്ടാണ് അവസാനം അവിടുന്ന് പാസ്സായത് തന്നെ – ഞാന്‍ പറഞ്ഞു. അല്ല, അങ്ങനെ പറയാന്‍ ആണ് എനിക്ക് തോന്നിയത്. എന്റെ അപകര്‍ഷത ബോധം. ശരിക്കും അത് എന്നെപറ്റി തന്നെ ആയിരുന്നു മാഷ് പറഞ്ഞത് .

അതിനു ശേഷം ഞാന്‍ ബാംഗ്ലൂരില്‍ ജോലി തേടി നാട് വിട്ടു. അവിടെ ആറു മാസം, പിന്നീട് ബോംബെയിലേക്ക് നാട് വിട്ടു. അവിടെ മൂന്നര കൊല്ലം, ഇപ്പൊ വിദേശത്ത് മൂന്നര കൊല്ലം ആകുന്നു. ഒരു നല്ല കമ്പനിയില്‍ സി എന്‍ സി ടെക്നീഷ്യനായി (ഇലക്ട്രിക്കല്‍ ഫീല്‍ഡ്‌ ) വര്‍ക്ക് ചെയ്യുന്നു. കിട്ടുന്ന ശമ്പളത്തിലും ചെയ്യുന്ന ജോലിയിലും പൂര്‍ണ്ണ സംതൃപ്തനുമാണ്. എന്റെ വീടിന്റെ എല്ലാ പണിയും  പൂര്‍ത്തിയാക്കി. ഇതിനിടെ അടുത്ത് സ്വന്തമായി ഒരു പത്തു സെന്റ്‌ സ്ഥലവും  വാങ്ങിച്ചു. ഏട്ടന്റെയും അനിയത്തിയുടെയും കല്യാണവും  കഴിഞ്ഞു. പക്ഷെ ഒരു സങ്കടം അതല്ല, ആ പ്ളസ് ടു സ്കൂള്‍ ജീവിതത്തിനു ശേഷം ഞാന്‍ ഗോപേഷ്‌ മാഷെ കണ്ടിട്ടില്ല. ഇപ്പോള്‍ വര്‍ഷം പത്തു കഴിഞ്ഞു. ഒരു വിധ കോണ്‍ടാക്റ്റും ഇല്ലാ. സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വന്നതിനു ശേഷം ആ സ്കൂളിലേക്ക് ഇതുവരെ പോകാനും കഴിഞ്ഞിട്ടില്ല. അന്നാണെങ്കില്‍ സാറിനെ കാണാനും കഴിഞ്ഞില്ല. മാഷ് ഇപ്പോഴും ആ സ്കൂളില്‍ തന്നെ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട, കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളില്‍ ഒന്ന് എനിക്കിപ്പോള്‍ ആ മാഷുടെ മുഖമാണ്! അടുത്ത വെക്കേഷനില്‍ തീര്‍ച്ചയായും എനിക്ക് മാഷെ കണ്ടുമുട്ടി, ഞാന്‍ സ്വയം അങ്ങോട്ട്‌ പരിചയപെടുത്തി മിണ്ടുന്ന ആ നല്ല നിമിഷങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ജീവിക്കുന്നതില്‍ നല്ല ഒരു പ്രതീക്ഷകളില്‍ ഒന്ന്!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍