UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

മീനാക്ഷി വല്യമ്മ – ഒരു രാഷ്ട്രീയ പാഠപുസ്തകം

കല്ലേല്‍ പൊക്കുടന്‍റെ ജീവിത പങ്കാളി മീനാക്ഷി വല്യമ്മ ഇന്നലെ അന്തരിച്ചു. വല്യമ്മ ഒരു രാഷ്ട്രീയ പാഠപുസ്തകമാണ്. മുന്നിൽ നിന്ന് കരയാനുള്ളതല്ല പാഠ പുസ്തകങ്ങൾ, അത് പഠിക്കാനുള്ളതാണെന്ന് ഒരു തലമുറയെ ഓര്‍മപ്പെടുത്തിയ ജീവിതം – രൂപേഷ് കുമാറിന്റെ ഓര്‍മക്കുറിപ്പ്

 

ഇതിന്നെഴുതിയിട്ടില്ലെങ്കിൽ പിന്നീടൊരിക്കലും എഴുതുന്നതിൽ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. മീനാക്ഷി വല്യമ്മയെ കാണുന്നത് ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പാണ്. കണ്ണൂർ  ജില്ലയിലെ ദളിത് പരിസ്ഥിതി പ്രവർത്തകൻ കല്ലെൻ പോക്കുടന്റെ ജീവിത പങ്കാളി. എന്റെ സുഹൃത്ത് ആനന്ദൻ മാഷിന്റെയും ശ്രീജിത്ത് പൈതലന്റെയും അമ്മ. ആദ്യമായി കണ്ട പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പും ഇപ്പോഴും ഒരേ പോലെ സ്നേഹത്തോടെ മാത്രം സംസാരിച്ച അമ്മ. എപ്പോഴെങ്കിലും എന്തെങ്കിലും കാര്യം ഉണ്ടായാൽ “നീ അതൊന്നു നോക്കി ചെയ്യ് മോനെ” എന്ന് പറഞ്ഞു വേവലാതിപ്പെട്ടു കൊണ്ടേ ഇരിക്കും. ചിലപ്പോഴൊക്കെ ചോറ് തിന്നാൻ കൊതിയായാൽ അത് സ്വന്തം വീട്ടിൽ നിന്ന് ചോറ് അധികം തിന്നരുത് എന്ന നിയന്ത്രണം വരുമ്പോൾ ഒളിച്ചു പോയി ഈ വല്യമ്മേടെ അടുത്തൂന്നാണ് ചോറ് തിന്നുക.

 

കല്ലെൻ പോക്കുടൻ എന്ന ദളിത്, പരിസ്ഥിതി പ്രവർത്തകന്റെ ചരിത്രം ഒരു പക്ഷെ എഴോം എന്നാ കണ്ണൂരിലെ ഒരു ദേശത്തിന്റെ ദളിത് പോരാട്ടത്തിന്റെ ചരിത്രമാണ്. ഞങ്ങളെ പോലുള്ള തലമുറയ്ക്ക് ദളിത് രാഷ്ട്രീയത്തിന്റെ പാഠങ്ങൾ പറഞ്ഞു തന്നതും അതിന്റെ നെടുംതൂണായി ഊർജം തന്നതും ഒക്കെ കല്ലെൻ പോക്കുടൻ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ വീടുമായിരുന്നു. നട്ടെല്ലോടെ, ചങ്കുറപ്പോടെ തല ഉയര്‍ത്തി ജീവിക്കണം എന്ന് പഠിപ്പിച്ചു തന്ന മനുഷ്യനായിരുന്നു കല്ലെൻ പോക്കുടൻ. അദ്ദേഹത്തിന്റെ  രാഷ്ട്രീയമായി ദളിതുകൾക്ക് ആവശ്യമുള്ള തല ഉയര്‍പ്പും ചങ്കുറപ്പും ഞങ്ങള്‍ക്ക് ആവേശവുമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനം എന്നാൽ കാടു മേട് പാട്ട്  മഴ എന്നതിനപ്പുറം പരിസ്ഥിതിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ദളിത് ജീവിതവും ഉണ്ട് എന്ന് പഠിപ്പിച്ചതും ഈ മനുഷ്യൻ ആയിരുന്നു. അദ്ദേഹത്തിന്റെ “എന്റെ ജീവിതം” എന്ന ആത്മകഥ ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും ശക്തമായ ദളിത്‌ രാഷ്ട്രീയ ആത്മകഥയും ആയിരിക്കും. ആ പുസ്തകത്തിൽ മീനാക്ഷി വല്യമ്മയുടെ ഓര്‍മകളും ഉൾപെടുത്തിയിട്ടുണ്ട്. എഴോം എന്ന ദേശത്തിന്റെ ദളിത് ചരിത്രത്തിൽ കല്ലെൻ പൊക്കുടൻ തെറിച്ചു നിക്കുന്നത് പോലെ ധീഷണമായ ഒരു ദളിത് സ്ത്രീ വ്യക്തിത്വമായിരുന്നു മീനാക്ഷി വല്യമ്മയുടെത്. കല്ലെൻ പോക്കുടന്റെ പോരാട്ടങ്ങളിൽ കൂടെ നിന്ന് ജീവിച്ച് പോരാടിയ സ്ത്രീ. കട്ട പൊളിച്ചും മീന്‍ പിടിച്ചും കുടിലിൽ താമസിച്ചും ജാതീയതയോടും സവർണതയോടും ഒക്കെ പോരാടി നിന്ന, അടിച്ചു നിന്ന സ്ത്രീ വ്യക്തിത്വം. പലപ്പോഴും ഒരു പക്ഷെ പൊക്കുടനെക്കാളും ഉയര്‍ന്ന ചില നിലപാടുകൾ എടുത്ത സ്ത്രീ.

ഇന്നലെ രാവിലെ  ആയപ്പോഴാണ് മീനാക്ഷി വല്യമ്മ മരിച്ചു എന്ന വാർത്ത അറിയുന്നത്. ആനന്ദൻ മാഷെ വിളിച്ചു. “അമ്മ പോയി, നിന്നെ മാത്രേ വിളിച്ചറിയിക്കാനുണ്ടായിരുന്നുള്ളൂ”. ഞങ്ങൾ വീട്ടിൽ എത്തി. നാളെ മാത്രമേ ചടങ്ങുകൾ ഉണ്ടാകൂ. ബുദ്ധിസ്റ്റ് രീതിയിലാണ് ചടങ്ങുകൾ നടത്തുക എന്ന് ആയിരുന്നു തീരുമാനം.

 

ഇന്ന് രാവിലെ ചടങ്ങുകൾ തുടങ്ങി. ഇന്ന് രാവിലെ വല്യമ്മക്ക് കിടക്കാനുള്ള ഇടം പൂക്കൾ കൊണ്ട് അലങ്കരിച്ചു. അതിന്റെ മുകളിലായി വല്യമ്മയെ കിടത്തി. തലയ്ക്കു പിന്നിൽ ഒരു ബുദ്ധ പ്രതിമ, ഒരു മെഴുകുതിരി, അംബേദ്ക്കറുടെ ഫോട്ടോ. കോട്ടയത്ത് നിന്നും വന്ന ബിനോജ് എന്ന സുഹൃത്ത് ബുദ്ധിസ്റ്റ് രീതിയിലുള്ള ചടങ്ങുകൾ തുടങ്ങി. ബുദ്ധന്റെ സൂക്തങ്ങൾ വായിച്ചു. വല്യമ്മ ചെയ്ത ഏറ്റവും നല്ല കാര്യങ്ങൾ ഓർമ വെച്ചു പൂക്കളും പട്ടും റീത്തും ഒക്കെ അർപിക്കാൻ ആവശ്യപ്പെട്ടു. ഒരു ദേശം നോക്കി നിക്കേ ബുദ്ധന്റെ ജീവിത വീക്ഷണത്തെക്കുറിച്ചും ജീവിതത്തെയും മരണത്തെയും കുറിച്ചും മീനാക്ഷി വല്യമ്മയുടെ ജീവിതവും മരണവുമായി ബന്ധപ്പെടുത്തി സംസാരിച്ചു. ഒരു ദേശത്തിനു മുഴുവൻ ഇത്തരത്തിലുള്ള ഒരു ചടങ്ങ് ആദ്യത്തെ അനുഭവം ആയിരുന്നു.

 

പിന്നെ വല്യമ്മയുടെ ദേഹം  പുഴക്കരയിൽ ഒരുക്കിയ കുഴിമാടത്തിലേക്കെടുത്തു. അവിടെയും പ്രാർത്ഥനയോടൊപ്പം മണ്ണിനു പകരം വല്യമ്മയുടെ മുകളിൽ എല്ലാവരും പൂക്കളാണ് അർപ്പിച്ചത്. വല്യമ്മയെ എങ്ങനെ അടക്കണം എന്നതിന്  പൊക്കുടന് നല്ല ധാരണയുണ്ടായിരുന്നു. ബുദ്ധിസ്റ്റ് രീതിയിൽ മരണാനന്തര ചടങ്ങുകളുടെ രീതി തന്നെ മാറ്റി, മരിച്ച മീനാക്ഷി വല്യമ്മ പഴയങ്ങാടി പുഴയുടെ കരയില്‍ ശാന്തമായി അവരുടെ വിശ്രമം തുടങ്ങി.

 

പിലാതത്തറയിലുള്ള സുനിലേട്ടന്റെ ബൈക്കിലാണ് തിരിച്ചു പോയത്. തിരിച്ചു പോകുമ്പോൾ “എന്തെ അവരുടെ മരണത്തിൽ സ്വയം കരയാത്തതെന്നു” ആലോചിച്ചു. കുറെ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്  ജീവിതത്തിനപ്പുറം മരണം പോലും രാഷ്ട്രീയമാക്കിയാണ് വല്യമ്മ പോയത്. വല്യമ്മ ഒരു രാഷ്ട്രീയ പാഠപുസ്തകമാണ്. മുന്നിൽ നിന്ന് കരയാനുള്ളതല്ല പാഠ പുസ്തകങ്ങൾ, അത് പഠിക്കാനുള്ളതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍