UPDATES

വിദേശം

തോക്കുകള്‍ മാത്രം മറുപടി പറയുമ്പോള്‍

പെറ്റുലാ ഡ്വോരാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

വിര്‍ജീനിയ ടെക്, ഫോര്‍ട് ഹൂഡ്, ടസ്കോണ്‍, ഒറോറ, ന്യൂ ടൌണ്‍, ഇപ്പോഴിതാ വാഷിംഗ്ടണും. 

 

വാഷിംഗ്ടണ്‍ നേവി യാര്‍ഡില്‍ സെപ്റ്റംബര്‍ 16 ന് രാവിലെ നടന്ന കൂട്ട വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ആരോണ്‍ അലെക്സിസിനെ സംഭവ സ്ഥലത്തു തന്നെ അന്വേഷണ ഏജന്‍സികള്‍ കൊലപ്പെടുത്തുകയും ചെയ്തു. 

 

മറ്റൊരാക്രമണം കൂടി. പക്ഷേ ഇതെന്നെ സംബന്ധിച്ച് വീടിന് തൊട്ടടുത്താണ്. ശനിയാഴ്ച്ച ഞാനും കുട്ടികളും നേവി യാര്‍ഡിലേക്ക് സൈക്കിളോടിച്ചു പോയിരുന്നു. ഒരുപാട് കൂട്ട വെടിവെപ്പുകള്‍ നടന്നിട്ടും എങ്ങനെയാണ് ഈ രാജ്യം മറ്റൊന്നിനെക്കൂടി സഹിക്കുന്നത്? ഈ ഭയാനകമായ രക്തച്ചൊരിച്ചിലിനെ സഹിക്കാന്‍ പാകത്തില്‍ നാം നമ്മെ എന്തിനാണ് പരുവപ്പെടുത്തിയത്? കാരണം, ഈ കൊലപാതകങ്ങള്‍ അങ്ങിനെയായി മാറിയിരിക്കുന്നു: ഒരു ദിനചര്യ പോലെ.

 

“ഇത്തവണ എത്ര പേര്‍?” എന്നാണ് ടി വി യില്‍ മരിച്ചവരേയും പരിക്കേറ്റവരെയും കാണുമ്പോള്‍ നമ്മള്‍ ചോദിക്കുന്നത്.

 

നേവല്‍ സീ സിസ്റ്റംസ് കമാന്‍റ് സ്ഥിതി ചെയ്യുന്ന 197-ആം നമ്പര്‍ കെട്ടിടത്തിന് അകത്തുള്ളവര്‍ക്കും അറിയാമായിരുന്നു എന്താണ് സംഭവിക്കുന്നത് എന്ന്. വെടിയൊച്ച കേള്‍ക്കുന്ന നേരത്ത്, രണ്ടു സുഹൃത്തുക്കളുമൊത്ത്  പ്രഭാത ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു നാവിക സേനയിലെ ജോലിക്കാരിയായ പട്രീഷ്യ വാര്‍ഡ്.

 

“അതൊരു വെടിയൊച്ചയാണോ?” വാര്‍ഡിന്റെ സുഹൃത്ത് ചോദിച്ചു. പക്ഷേ, തുരുതുരെയുള്ള വെടിയൊച്ചകള്‍ക്കിടയില്‍ അവരുടെ ശബ്ദം മുറിഞ്ഞുപോയി. “ഞങ്ങള്‍ക്കപ്പോഴേ അറിയാമായിരുന്നു,”വാര്‍ഡ് പറഞ്ഞു,“ഞങ്ങള്‍ പെട്ടന്നുതന്നെ ഓടാന്‍ തുടങ്ങി.” നേവി യാര്‍ഡില്‍ 3000-ത്തിലേറെ പേര്‍ ജോലിചെയ്യുന്നുണ്ട്. നാവികസേനയിലെ ഗുമസ്തന്‍മാരാണ് അധികംപേരും. സാധാരണ ജോലി ചെയ്യുന്ന സാധാരണ മനുഷ്യര്‍. പൊടുന്നനേ ചിന്തിക്കാനാകാത്ത ഭീകരതയെ മുഖാമുഖം കാണുന്നു.

 

കൂട്ടക്കൊലയുടെ വെടിയൊച്ചകള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട്  ഏറെനാളുകളായി. ഓരോ തവണയും നാം അമ്പരക്കുന്നത് ഈ കൂട്ടക്കൊലയെങ്കിലും നമ്മെ നമ്മുടെ നിര്‍വ്വികാരമായ അലംഭാവത്തില്‍നിന്നും ഉണര്‍ത്തില്ലേ എന്നാണ്. ഒരു വിദ്യാര്‍ഥി അഴിച്ചുവിട്ട ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും,രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2007-ലെ വിര്‍ജീനിയ ടെക് കൂട്ടക്കൊലക്ക് ശേഷവും അത് സംഭവിച്ചില്ല. 2009-ല്‍ സൈന്യത്തിലെ ഒരു മാനസികരോഗ ചികിത്സകന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു 13 പേരെ കൊല്ലുകയും 30 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തപ്പോളും അതുണ്ടായില്ല. 2011-ല്‍ ടസ്കോണ്‍ ഇതേ തരത്തിലുണ്ടായ ഒരാക്രമണത്തില്‍ ഒരു ഫെഡറല്‍ ന്യായാധിപന് ജീവന്‍നഷ്ടപ്പെട്ടപ്പോഴും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും ഹൃദയഭേദകമായ കൂട്ടക്കൊലയ്ക്ക് ശേഷവും – ന്യൂടൌണിലെ സാന്‍ഡി ഹുക് പ്രാഥമിക വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളും മറ്റ് 6 പേരും കൊല്ലപ്പെട്ടപ്പോളും ഒരനക്കവും ഉണ്ടായില്ല.

 

 

ന്യൂടൌണിന് ശേഷം നമ്മുടെ സമൂഹ നിര്‍വ്വികാരത മടങ്ങിവരാന്‍ കുറച്ചുസമയമെടുത്തു. എന്നാല്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഖസാന്ദ്രമായ അഭ്യര്‍ഥനകള്‍ക്ക് പോലും സെമി ഓട്ടോമാറ്റിക് ആയുധങ്ങളുടെ വില്‍പ്പനയില്‍ നിയന്ത്രണം വരുത്തുന്നതിനുള്ള എതിര്‍പ്പില്‍ എന്തെങ്കിലും മാറ്റം വരുത്താനായില്ല. ഹിംസാത്മകമായ വിനോദത്തോടുള്ള നമ്മുടെ അഭിനിവേശം ഇളക്കമില്ലാതെ തുടരുകയാണ്. അക്രമാസക്തമായ ചലച്ചിത്രങ്ങള്‍ക്ക് ആളുകള്‍ ഇപ്പോളും ഇടിച്ചു കയറുന്നു. ഹിംസ നിറഞ്ഞ വീഡിയോ ഗെയിമുകള്‍ വര്‍ഷം തോറും നൂറുകണക്കിനു കോടി ഡോളറാണ് വില്‍പ്പനയിലൂടെ നേടുന്നത്. തോക്ക് വില്‍പ്പനയും കുതിച്ചുയരുകയാണ്. തോക്കുവില്‍പ്പനയുടെ പ്രാരംഭപരിശോധനയില്‍ കണ്ടത് വില്‍പന കഴിഞ്ഞ വര്‍ഷം ഏതാണ്ട് 20 ദശലക്ഷമാണ് എന്നാണ്. മുന്‍വര്‍ഷത്തേക്കാള്‍ ഏതാണ്ട് 20 ശതമാനം വര്‍ദ്ധനവ്.

 

പക്ഷേ അമേരിക്കയില്‍ എക്കാലത്തും ആളുകളുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നു. കുട്ടികള്‍ എന്നും അക്രമാസക്തമായ കളികളും കളിച്ചിരുന്നു,‘കാള്‍ ഓഫ് ഡ്യൂടി’ അല്ലെങ്കിലും കള്ളനും പോലീസുമെങ്കിലും. പിന്നെ 2009-നു ശേഷം എല്ലാ മാസവും ഒരു കൂട്ട വെടിവെപ്പെങ്കിലും ഉണ്ടാകാനുള്ള കാരണമെന്താണ്? Mayors Against Illegal Guns കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു പഠനം പറയുന്നത് കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഒരു കൂട്ടവെടിവെപ്പില്‍ നാലിലധികം പേര്‍ കൊല്ലപ്പെട്ട 43 സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് എന്നാണ്.

 

വലിയ കൂട്ടക്കൊലകള്‍ മാത്രം ശ്രദ്ധിക്കുന്ന തരത്തില്‍ ഭയപ്പെടുത്തും വിധം കൂട്ടവെടിവെപ്പുകളുമായി നാം പരിചിതരായിക്കഴിഞ്ഞിരിക്കുന്നു. ഒകിയോസ് സര്‍വ്വകലാശാലയില്‍ നടന്ന കൂട്ടവെടിവെപ്പ് ദേശീയ ശ്രദ്ധയില്‍ വന്നതേ ഇല്ല. എപ്പോള്‍? എന്ത്? ഓക്ലാണ്ടിലെ കൊറിയന്‍ ക്രിസ്റ്റ്യന്‍ കോളേജിലാണത്  നടന്നത്. വെടിയേറ്റ 10 പേരില്‍ 7 പേരും മരിച്ചു. ഇത് സംഭവിക്കുമ്പോള്‍ ഒരു വെടിയുണ്ടയിലൂടെ പൊട്ടിത്തെറിച്ച വിക്ഷോഭത്തിലേക്ക് നയിച്ച എല്ലാ നിഷേധാത്മകമായ കാരണങ്ങളും ഒരു സമൂഹം എന്ന നിലയില്‍ നാം സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. മാനസികാരോഗ്യ സേവനങ്ങളുടെ പ്രാപ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. അക്രമാസക്തമായ വീഡിയോ ഗെയിമുകള്‍ പെരുകുകയാണ്. തൊഴിലില്ലായ്മയും മാന്ദ്യവും, മധ്യവര്‍ഗത്തിന്റെ ക്രൂരമായ അന്ത്യവും. രണ്ടു യുദ്ധങ്ങളും, അന്തമില്ലാത്ത സംഘര്‍ഷങ്ങളും. ജനങ്ങള്‍ എന്നും നിരാശരും, അസംതൃപ്തരും, ഭീതിദമാം വിധം കോപാകുലരും ആയിരുന്നു.

 

z

 

എന്നാല്‍ ഇപ്പോള്‍ ഒരു വ്യത്യാസമുണ്ട്: കുറച്ചു സമയം കൊണ്ട് നിരവധി പേരെ കൊല്ലാന്‍ കഴിയുന്ന ആയുധങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാണ്. മാത്രമല്ല, കൂട്ട വെടിവെപ്പുകളെ നാം സമൂഹത്തിന്റെ ഇഴയടുപ്പങ്ങളിലേക്ക്  നെയ്തുചേര്‍ത്തിരിക്കുന്നു. ന്യൂടൌണിലും ഗിഫോര്‍ഡ്സിലും ആ കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വികാരഭരിതമായ ആവശ്യമുയര്‍ന്നു. എന്നാല്‍ അതിനുവേണ്ട ഇച്ഛാശക്തി കോണ്‍ഗ്രസ്സിന്നുണ്ടായില്ല.

 

നിയമപരമായി നമുക്ക് ഈ ഭീഷണിയില്‍നിന്നും 10 വര്‍ഷത്തെ ഒരു ഇടവേള ലഭിച്ചിരുന്നു. എന്നാല്‍ 2004-ല്‍ അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ അതങ്ങിനെ ഇല്ലാതാവാന്‍ ജനപ്രതിനിധികള്‍ വഴിയൊരുക്കി. അതില്‍പ്പിന്നെ, ഈ ആയുധങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്ന് നാം തീരുമാനിച്ചു. നിങ്ങളവയെ വീഡിയോ ഗെയിമുകളിലും, ചലച്ചിത്രങ്ങളിലും മാത്രമല്ല കാണുന്നത്. എ കെ 47-ന്റെ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച മാലകളും, മറ്റ് സാധനങ്ങളും വരെ നിങ്ങള്‍ക്ക്  വാങ്ങാന്‍ കിട്ടും.

 

ഇവ നിരോധിക്കുന്നത് സംബന്ധിച്ച ഗൌരവമായ ഒരു വര്‍ത്തമാനത്തിനും നമ്മള്‍ നിന്നുകൊടുക്കില്ല എന്നതാണ് അവസ്ഥ. ഇത്ര എളുപ്പത്തില്‍ ഈ ആയുധങ്ങള്‍ കിട്ടില്ലായിരുന്നെങ്കില്‍ ഈ അളവില്‍ രക്തച്ചൊരിച്ചലുണ്ടാകില്ല. ആപ്പിള്‍ പേസ്ട്രി, ബെയ്സ് ബോള്‍, കൂട്ട വെടിവെപ്പുകള്‍? ഇല്ല. നാം നമ്മെ നിര്‍വ്വചിക്കുന്നതിന്റെ ഭാഗമാകാന്‍ ഈ കൂട്ടക്കൊലകള്‍ക്ക് നാം ഇടം കൊടുത്തുകൂടാ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍