UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ഈ ഡല്‍ഹി എന്നെക്കൊണ്ടു പറയിപ്പിക്കുന്നത്

രണ്ടു വര്‍ഷത്തിനു മുമ്പ് ഭര്‍ത്താവ് സിവില്‍ സര്‍വീസ് പരീക്ഷയുടെ കടമ്പ കടന്നു എന്ന ഫോണ്‍ കാള്‍ വന്നപ്പോള്‍ ഞാന്‍ നാലഞ്ചു ചാട്ടം ചാടി… ചുവന്ന ലൈറ്റ് പിടിപ്പിച്ച വണ്ടി, എനിക്ക് രണ്ടാം ക്ലാസില്‍ നിന്നും റബ്ബര്‍ തരാത്ത സുമയുടെ പേര് മുതല്‍ കഴിഞ്ഞ മാസം എന്നെ തെറി വിളിച്ച വീട്ടുടമസ്ഥന്റെ പേര് വരെ ശിക്ഷിക്കണ്ടവരുടെ ലിസ്റ്റ്, കൊച്ചമ്മ ജീവിതം… എന്നിങ്ങനെ എന്റെ ആഗ്രഹങ്ങള്‍ കുഞ്ഞുതായിരുന്നു. ദി കിങ്ങിലെ മമ്മൂട്ട്യും, കമ്മിഷണറിലെ സുരേഷ് ഗോപിയുമായി ഏതു ഭാഗത്ത് നിന്ന് നോക്കിയാലും യാതൊരു വിധത്തിലും ഒരു സാമ്യതയുമില്ലാതിരുന്നിട്ടും; അവരെ പോലെ നിന്നും ഇരുന്നും, വിറച്ചും വിറപ്പിച്ചും, തുപ്പല് തെറിപിക്കുന്ന ഡയലോഗ് അടിക്കുന്ന ഒരു ഐ.എ.എസ് അഥവാ ഐ.പി.എസ്സുകാരനായ ഭര്‍ത്താവിനെ ഞാന്‍ മനസ്സില് മെനഞ്ഞു കൂട്ടി. മന്‍മോഹന്‍ സിംഗ് ഇന്നും വില കൂട്ടാത്ത ഒരേ ഒരു സാധനം ആണല്ലോ ആഗ്രഹങ്ങള്‍. 
 
എന്നാല്‍ എല്ലാ സ്വപ്നങ്ങളും ഡയലോഗുകളും മുളയിലെ നുള്ളി കളഞ്ഞു കൊണ്ട് എന്റെ അത്യാഗ്രഹങ്ങള്‍ അറിഞ്ഞു കൊണ്ടോ എന്തോ ഭര്‍ത്താവ് എടുത്തത് ഐ.എഫ്.എസ്സായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്. കഴിയുന്നത്ര നാടും നാടനും നാട്ടുകാരെയും ചുറ്റിപ്പറ്റി നില്‍ക്കാന്‍ ആഗ്രഹിച്ച എനിക്കിട്ടു പ്രിയതമന്‍ തന്ന എറ്റവും വലിയ പണിയായി അത് ഞാന്‍ കുറിച്ചു വെച്ചു. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ. 
 
കഴിഞ്ഞ മാസം അവസാനം ഞങ്ങള്‍ ഡല്‍ഹി വിട്ടു. ഡല്‍ഹി പോട്ടെ, ഇന്ത്യ തന്നെ വിട്ടു. കോഴിക്കോടിനു ശേഷം ഏറ്റവും ഇഷ്ടപെട്ട നഗരവും, താമസിച്ച നഗരവും ആയതിനാല്‍ വിട്ടു പോകുമ്പോള്‍ ഇവിടെയുള്ള എന്തൊക്കെയോ പെറുക്കി കൂട്ടി കൂടെ കൊണ്ട് പോകാന്‍ പൂതിയുണ്ടാരുന്നു. ഇനിയുള്ള രണ്ടു വര്‍ഷം ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ആയിരിക്കും ഞങ്ങള്‍ ചിലവിടുന്നത്. കൂടെയുള്ള മറ്റു ഐ.എഫ്.എസ്സുകാര്‍ പോകുന്ന രാജ്യങ്ങളെ അപേക്ഷിച്ചു ചൈനയിലേക്ക് പോകുന്ന ഞങ്ങള്‍ക്ക് ഒരുക്കങ്ങളും കൂടുതലായിരുന്നു. ഞങ്ങള്‍ക്ക് മുമ്പേ ചൈനയിലേക്ക് പോയ ഓരോ സീനിയറോടും എടുക്കേണ്ട മുന്‍കരുതലുകളെയും തയ്യാറെടുപ്പുകളെയും കുറിച്ച് ചോദിക്കുമ്പോള്‍ പേജുകള്‍ കണക്കിന് ഉപദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ തേടി വന്നു. 
 
1. കഴിയാവുന്നത്രെ സാധനം കയറ്റിക്കൊ. ഒന്നും ഒഴിവാക്കേണ്ട. 
2. തേങ്ങയോ? അയ്യോ, ഞാന്‍ ഇവിടെ വന്നതിനു ശേഷം രണ്ടേ രണ്ടു പ്രാവശ്യം മാത്രമേ തേങ്ങ കണ്ടിട്ടുള്ളൂ ഉണക്കിയും, പൊടിച്ചും, വറുത്തും കഴിയാവുന്ന രൂപത്തിലൊക്കെ കൊണ്ടു വന്നോ. 
3. കഴിയാവുന്നത്രെ മരുന്നുകള്‍ കൊണ്ട് പോന്നോ… അവിടെ നമ്മളുപയോഗിച്ചു ശീലിച്ച ഒരു മരുന്നും ഇവിടെ കാണാന്‍ പോലും കിട്ടില്ല. 
4. വെളിച്ചെണ്ണ, നെയ്യ് മാക്‌സിമം കേറ്റിക്കോ… 
5. വെജിറ്റെറിയന്‍ ആണെങ്കില്‍ വരാതിരിക്കുന്നതാ നല്ലത്… 
6. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഒന്നും കിട്ടില്ല, രണ്ടു വര്‍ഷത്തേക്ക് ഉള്ളത് മുഴുവനും തയ്പിച്ചൊ വാങ്ങിക്കോ…
 
 
എന്നിങ്ങനെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കവിഞ്ഞൊഴുകി. ദിവസവും രാവിലെ ഇരുന്നു ചൈനീസ് ഭാഷയില്‍ തേങ്ങ, ഹലാല്‍, പന്നി, വെള്ളം, കക്കൂസ് എന്നിവക്കുള്ള വാക്കുകള്‍ ഗൂഗിള്‍ വഴി തപ്പി തുടങ്ങി. ആകെ മൊത്തം വെപ്രാള്‍ ആന്‍ഡ് വേജാര്‍! എന്ത് തിന്നും, എന്തുടുക്കും, എന്ത് പറയും? പിന്നെയങ്ങോട്ട് ലിസ്റ്റുകളുടെയും വാങ്ങല്‍ കൊടുക്കലുകളുടെയും ഒരു നീണ്ട നിര തന്നെയായിരുന്നു. ഡല്‍ഹിയുടെ കാണാത്ത ഭാഗങ്ങളും, പോകാത്ത വഴികളും കേറിയിറങ്ങി വസ്തുക്കള്‍ കണ്ടു പിടിക്കുകയും, അവ കൊണ്ട് പോകാനും, പൊതിയാനും ഉള്ള വഴികള്‍ തേടിയുള്ള അലച്ചിലായിരുന്നു പിന്നീടുള്ള കുറച്ച് മാസങ്ങള്‍. 
 
മറ്റൊരു രാജ്യത്തേക്ക് ആദ്യത്തെ പോസ്റ്റിങ്ങിനു പോകുമ്പോള്‍ ഐ.എഫ്.എസ്സുകാര്‍ക്ക് കപ്പല്‍ മാര്‍ഗ്ഗം 2800 കിലോയും ഫ്‌ലൈറ്റില്‍ നൂറു കിലോ വീതവും അനുവദനീയമാണ്. രണ്ടു കൊല്ലത്തേക്കെങ്കിലും മതിയായ അളവില്‍ അരി, ഗോതമ്പ്, എണ്ണകള്‍, പരിപ്പുകള്‍, പൊടികള്‍ എന്നിവ കണ്ടു പിടിക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ അവയുടെ പാക്കിംഗ് എങ്ങനെ ചെയ്യും എന്നതിനെ കുറിച്ച് അന്വേഷിച്ചു വന്നപ്പോള്‍ ഇതില്‍ പ്രഗല്ഭരായ ഒരു പാട് കടകളില്‍ നിന്നും, പാക്കേഴ്സ് ആന്‍ഡ് മൂവേര്‍ഴ്സ് കമ്പനികളില്‍ നിന്നും ഞങ്ങള്‍ക്ക് തുരുതുരാ ഫോണ്‍വിളികളും മെയിലും വന്നു തുടങ്ങി. വര്‍ഷങ്ങളായി ഒരു പാട് ബാച്ചുകള്‍ക്ക് വേണ്ടി ചരക്കു അയക്കുന്ന മുനീര്‍ക്കയിലുള്ള രമ സ്‌റ്റോര്‍സ് ആയിരുന്നു എന്റെ ആദ്യ സ്‌റ്റോപ്പ്. കയ്യില്‍ അര മീറ്റര്‍ നീളമുള്ള ഒരു ലിസ്റ്റും: നൂറു കിലോ മട്ട , നൂറു കിലോ ഗോതമ്പ്, നൂറു കിലോ പൊന്നി, അമ്പത് കിലോ പച്ചരി എന്നിങ്ങനെ ചൈനയില്‍ വേണമെങ്കില്‍ ഒരു കൊച്ചു മസാല പീടിയ തുടങ്ങാനുള്ള എല്ലാ സെറ്റ് അപ്പും! ലിസ്റ്റ് കൊടുക്കുന്നതോടെ എന്റെ പണി കഴിഞ്ഞു. എല്ലാം ഡബിള്‍ പായ്ക്ക് ചെയ്തു, കൃമി കീടങ്ങള്‍ അരിക്കാതിരിക്കാന്‍ പരാദ് എന്നാ പേരുള്ള ഓരോ ചെറു ഉണ്ടകള്‍ ചേര്‍ത്ത് അത് ചൈനയില്‍ എത്തിക്കുന്നു. വലിയ ഒരു ഭാരം അവിടെ ഇറക്കി വെച്ച ശേഷം ചെറു ചെറു ഭാരങ്ങള്‍ തേടി ഞാന്‍ എത്തിയ ചില ഡല്ഹി ഭാഗങ്ങള്‍:
 
ഖാരി ഭാഒലി: ഏതൊരു സമ്പൂര്‍ണ്ണ കോഴികോട്ടുകാരിയെയും പോലെ കശുവണ്ടി, ഉണക്ക മുന്തിരി, ബദാം എന്നിവ ഇല്ലാത്ത ഒരു പാചകം ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു കാര്യമാണ് എനിക്കും. വേണ്ടിടത്തും വേണ്ടാത്തിടത്തും രണ്ടു ബദാം അല്ലെങ്കില്‍ നാലണ്ടി, അതുമല്ലെങ്കില്‍ കുറച്ചു കിസ്മിസ് ഇട്ടു ശീലിച്ച എനിക്ക് ചൈനയില്‍ ഇതൊക്കെ കിട്ടുമോ, കിട്ടിയാല്‍ കുടുംബം വെളുപ്പിക്കേണ്ടി വരുമോ എന്നൊക്കെ സംശയം തോന്നിയത് കൊണ്ട് ഇതൊക്കെ ഇവിടുന്നും കെട്ടി കൊണ്ട് പോകാം എന്ന് തീരുമാനിച്ചു. അടുത്തുള്ള ഐ.എന്‍.എ, മുനീര്‍ക്ക എന്നിങ്ങനെയുള്ള മാര്‍കറ്റിലൊക്കെ പോയി നോക്കിയപ്പോള്‍ എന്റെ കുടുബം മാത്രം വെളുത്താല്‍ പോരാ, തൊട്ടടുത്തുള്ള അഞ്ചാറു കുടുംബങ്ങള്‍ കൂടി വെളുപ്പിച്ചാലെ രണ്ടു വര്‍ഷത്തേക്കുള്ള എന്റെ ഡ്രൈ ഫ്രൂട്ട് അഴിഞ്ഞാട്ടം നടക്കുകയുള്ളൂ എന്ന് മനസ്സിലായി. ദു:ഖിതയായി ഇരിക്കുന്ന എനിക്ക് വെളിപാട് പോലെയാണ് ഓള്‍ഡ് ഡല്‍ഹിയിലെ ഖാരി ഭാഒലി എന്ന കൊച്ചു രാജ്യത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. പിറ്റേ ദിവസം തന്നെ അങ്ങോട്ട് വച്ചു പിടിച്ചു. മറ്റു മാര്‍ക്കറ്റുകളില്‍ 1000 മുതല്‍ മോളിലോട്ട് വിലയുള്ള ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ കിലോക്ക് 500 രൂപ മാത്രം. അതും നല്ല സ്വയമ്പന്‍ സാധനം. എന്റെ വിശിഷ്ടമായ ഹിന്ദി കാരണമായിരിക്കണം 500, ഇല്ലെങ്കില്‍ അതിലും കുറഞ്ഞു കിട്ടുമെന്ന് അച്ചെട്ട്! 
 
 
മോഹന്‍ സിംഗ് പാലസ്: ബ്ളേസര്‍, ജാകെറ്റ്, ജീന്‍സ്, സൂട്ട്, ബന്ദ്ഗല എന്നിവ ആദായമായും നമ്മുടെ ഇഷ്ടത്തിനും അളവിനും തയ്ച്ചു കൊടുക്കുന്ന ഒരു കെട്ടിടം മുഴുവനും ഉള്ള തയ്യല്‍ക്കാര്‍. ഖരക് സിംഗ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം തിരഞ്ഞു പോകുന്നത് എനിക്ക് വേണ്ടി കുറച്ചു ജാകെറ്റും, ബ്ലേസറും തപ്പി ഇറങ്ങിയതിനു ശേഷമാണ്  വിലയോ മെച്ചം ഗുണമോ തുച്ചം എന്ന നിലയില്‍ ഒന്നും ഒക്കാതെ വന്നപ്പോഴാണ് തയ്പ്പിക്കാന്‍ തീരുമാനിച്ചത്. നെഹ്‌റു പ്ലേസില്‍ പോയി തുണി വാങ്ങിയതിനു ശേഷം മോഹന്‍ സിംഗ് പാലസില്‍ അളവെടുത്തു തയ്പിച്ച 3 ജാകെറ്റും 3 ബ്ലേസറും കൂടി 5320 രൂപയ്ക്കു പണി കഴിഞ്ഞു. വാങ്ങാനായിരുന്നെങ്കില്‍ മിനിമം പത്തു പതിനഞ്ചായിരം ഖുദാ ഗഫാ! 
 
ചാന്ദ്‌നി ചൗക്: പുതുതായി പോകുന്ന ഐ.എഫ്.എസ്സുകാര്‍ അവരുടെ സീനിയര്‍സിന് കൊടുക്കാന്‍ വേണ്ടി സമ്മാനങ്ങള്‍ കൊണ്ട് പോകുന്ന ഒരു പതിവുണ്ട്. സാധാരണയായി അത് ചായ പൊടിയും, മിഠായികളുമാണ്. ചൈനയിലേക്കെന്തു ചായ എന്ന് വിചാരിച്ചു ഞങ്ങള്‍ ഇന്ത്യയുടെ തനതായ കലാസൃഷ്ടികള്‍ ആക്കിയേക്കാം ഞങ്ങളുടെ സമ്മാനം എന്ന് തീരുമാനിച്ചു. ചാന്ദ്‌നി ചൗകിലെയും ജുമാ മസ്ജിദിനു ചുറ്റുമുള്ള ചെറിയ കടകളിലും കിട്ടുന്ന അധികമാരും വാങ്ങാന്‍ ഇടയില്ലാത്ത കാലിഗ്രാഫി വര്‍ക്കുകളും, പിച്ചള കൊണ്ടുള്ള വസ്തുക്കളും തേടി അവിടെയുള്ള ഊടു വഴികളിലൂടെ ഒരു തെണ്ടല്‍. ഈ തെണ്ടലിനു ഇടയില്‍ വെച്ചാണ് ഞാന്‍ ഡല്‍ഹിയിലെ ഏറ്റവും വിഖ്യാതമായ പ്രവര്‍ത്തി അനുഭവിച്ചത്. അത് പറയാതെ എന്തോന്ന് ഡല്ഹി!
 
ജുമാ മസ്ജിദ് ഭാഗത്തേക്ക് പോകാന്‍ വേണ്ടി ഞാന്‍ ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി. മെയിന്‍ റോഡിലൂടെ പോകുമ്പോള്‍ ഒരു ഭാഗത്ത് എത്തിയാല്‍ റിക്ഷയില്‍ നിന്നിറങ്ങി ഡിവൈഡര്‍ കടന്നു നമ്മള് നില്ക്കണം, റിക്ഷാക്കാരന്‍ റിക്ഷ പൊക്കി ഡിവൈഡര്‍ കടത്തി നമ്മെ വീണ്ടും ഇരുത്തും. അങ്ങനെ ഇറങ്ങിയ ഞാന്‍ ഡിവൈഡറിന്റെ മുകളില്‍ നില്‍ക്കുകയാണ്, പിറകില്‍ റിക്ഷാക്കാരന്‍; അതിന്റെ ഇടയിലേക്ക് രണ്ടു പേര് കൂടി റോഡ് മുറിച്ചു കടക്കാന്‍ വന്നു നിന്നു. എന്റെ അടുത്ത് വന്നു നിന്ന ഒരു 20 – 25 വയസ്സ് പ്രായമുള്ള ചെക്കന്‍ കൂടെയുള്ള മധ്യവയസ്‌ക്കനോട് ഉറക്കെയുറക്കെ സംസാരിക്കുകയാണ്. സംസാരിക്കുന്നതിന്റെ ഇടയില്‍ അവന്റെ കൈ വളരെ അലസമായി എന്റെ പിറകു വശത്തൂടെ ഒന്ന് ഉരഞ്ഞു കടന്നു പോയി. അറിയാതെ സംഭവിച്ചേക്കാവുന്ന ഒരു കാര്യമായതു കൊണ്ട് ഞാന്‍ വലിയ ശ്രദ്ധ കൊടുത്തില്ല.  പിന്നെ റിക്ഷാക്കാരന്‍ റിക്ഷ കടത്തുമ്പോള്‍ അവന്‍ മാറി നില്‍ക്കുമ്പോള്‍ എന്റെ മേലേക്ക് ഒന്നധികം ചാഞ്ഞോ എന്ന് ഞാന്‍ സംശയിച്ചെങ്കിലും, റിക്ഷ പോകുന്നത് കൊണ്ട് നില്ക്കാന്‍ വേറെ സ്ഥലമില്ല എന്ന ഒഴിവുകഴിവ് ഞാന്‍ വീണ്ടും നല്കി. ഞാന്‍ റോഡ് കടക്കാന്‍ വേണ്ടി ഇറങ്ങിയതും , ഇവന്‍ വളരെ ലാഘവത്തോടെ എന്റെ പിന്‍വശം കടന്നു പിടിച്ചു ഞെരിച്ചു! റോഡ് മുഴുവന്‍ വണ്ടി നില്ക്കുകയാണ്, ഞാന്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. പിന്നെ കയ്യിലുണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി കൊണ്ട് അവന്റെ തലക്കിട്ടു ഒരേറു കൊടുത്തു. ഭാഗ്യത്തിന് കുപ്പി കൊള്ളേണ്ടിടത്ത് കൊണ്ടു, അവന്റെ കാലിടറി. പിന്നെ എനിക്ക് കള്ളിയങ്കാട്ടു നീലിയുടെ ബാധയായിരുന്നു. ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരുവനെ ഠപ്പേ ഠപ്പേ എന്ന് മോന്ത കുറ്റിക്ക് ഇട്ടു വീക്കുകയാണ്. ഇവന്‍ തടുക്കുന്നു പോലുമില്ല. ‘മാഡം, ഗല്‍തി സെ ഹാത്ത് ലഗ് ഗയാ താ’ എന്ന് അവന്‍ ഇടയ്ക്കിടെ പറയുന്നുണ്ട്, അപ്പോഴൊക്കെ എനിക്ക് ദേഷ്യം കൂടി കൂടി വന്നു, ഞാന്‍ നോണ്‍ സ്‌റ്റോപ്പ് ഇട്ടു പൊട്ടിച്ചു. (ഇടക്കൊന്നു പറഞ്ഞോട്ടെ: പത്തിരുപതു വര്‍ഷത്തിലധികമായി നമ്മളൊക്കെ റോഡില്‍ ഇറങ്ങി നടക്കുന്നത്. ഈ അറിഞ്ഞു തട്ടുന്നതും അറിയാതെ തട്ടുന്നതും മനസ്സിലാക്കാനുള്ള ഏകദേശ വിവരമൊക്കെ നമുക്കും ഉണ്ടേ. എന്ന് കരുതി കേറി ആസാക്കല്ലേ!) റോഡിലുള്ള ഒരു മറ്റവനും അനങ്ങുന്നില്ല. ആഗസ്റ്റ് 15 പ്രമാണിച്ച് ഡല്ഹി മുഴുവന്‍ നിരന്നു നില്കുന്ന പട്ടാളക്കാരില്‍ ഒരുവന്‍ അപ്പുറം നോക്കി നിന്ന് ജിലേബി തിന്നുന്നു!!! ഇതിനിടക്ക് അവന്റെ കൂടെ ഉണ്ടായിരുന്ന മധ്യവയസ്‌ക്കനും വന്നിട്ട് എന്നോട്  ‘ഗല്‍തി സെ ഹുആ ഹൈ, ചോട് ദോ’ എന്ന് പറഞ്ഞതും ഞാന്‍ അയാള്‍ക്കിട്ടും ഒന്ന് കൊടുത്തു. എന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു. റിക്ഷാക്കാരന്‍ വന്നു വിളിച്ചു കൊണ്ട് പോകുന്ന വരെ ഞാന്‍ എനിക്കറിയാവുന്ന ഹിന്ദിയിലും, ഇടക്ക് ഇംഗ്ലീഷിലും മലയാളത്തിലും അവനെ ചീത്ത വിളിച്ചു. 
 
 
രാജ്യം വിടാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ ഇത് പോലൊരു അനുഭവം വേറെ ഒരിടത്തും എനിക്ക് അനുഭവിക്കേണ്ടി വരില്ല എന്ന തിരിച്ചറിവിന് വല്ലാത്ത ഒരു സുഖം ഉണ്ട്. ദിവസേന പുറത്തിറങ്ങുമ്പോള്‍ കാണാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ കാണുന്നുണ്ടോ, അസമയം ആയോ, കൂട്ടിനു ആളില്ലാലോ, ഏതു വാഹനം എടുക്കും, എങ്ങനെ പോകും, ഏതു വഴിക്ക് പോകും, കയ്യ് കെട്ടിയും, കുടയോ ബാഗോ മുന്നില്‍ പിടിച്ചും ഉള്ള നടപ്പും ഇനി ആവശ്യം വരില്ല എന്ന ചിന്ത ഒരു സുഖമാണ്.
 
നാട് വിട്ടു പോകുമ്പോള്‍ ഞാന്‍ നഷ്ടബോധത്തോടെ ഓര്‍ക്കാതിരിക്കും എന്ന് എനിക്ക് ഉറപ്പുള്ള കാര്യങ്ങളില്‍ ഒന്നാമതായി തന്നെ ഇത് സ്ഥാനം പിടിച്ചു. പിന്നെ ഓട്ടോക്കാരുമായുള്ള സ്ഥിരം പിടിവലിയും പ്രാക്കും, ഡല്‍ഹിയുടെ ഉരുക്കുന്ന ഉഷ്ണം, പേപ്പര്‍ തുറക്കുമ്പോഴുള്ള കഠിന വാര്‍ത്തകള്‍ – കൊന്നു, പീഡിപ്പിച്ചു, ചതിച്ചു, വിലകൂട്ടി… 
 
കൊണ്ട് പോകാമായിരുന്നെങ്കില്‍ ഞാന്‍ പൊതിഞ്ഞു കെട്ടി കൊണ്ടു പോരുമായിരുന്ന കാര്യങ്ങള്‍: ചക്ക, നേന്ത്രപ്പഴം, നാട്ടിലെ ഇടവഴികള്‍ (മൂത്രം ഒഴിക്കാത്തവ), മുരിങ്ങാക്കായ്, കറിവേപ്പില, മുല്ലപ്പൂവ്, ഉമ്മ, ഉപ്പ, ഉമ്മാമ്മ, ഉപ്പാപ്പ, എളാമ, ഇക്കാക്കയും, നാത്തൂനും വീട്ടിലെ പിന്നാമ്പുറവും അവിടെയുള്ള സംസാരവും, കല്ല്യാണി വര്‍ത്തായക്ക, കോഴിക്കോട് ബീച്ചിലെ കോയാക്കന്റെ നെല്ലിക്കയും കൈതച്ചക്ക ഉപ്പിലിട്ടതും, ഐസ് ഒരതിയതും… 
 
ഉള്ള നോസ്റ്റാള്‍ജിയ മുഴുവന്‍ പുഴുങ്ങി തിന്ന് ഞാനിവിടെ മിഴുങ്ങാസ്യാന്നിരിക്കുന്നു. എന്നെ കണ്ട ചൈനയെ കുറിച്ച് പിന്നാലെ!
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍