UPDATES

പ്രവാസം

പ്രവാസി മാവേലിയുടെ പതിനാലാമത്തെ ഓണം

അബ്ബാസ് ഓ.എം
 
 
 
കുറുന്തോട്ടി ചെടി പറിച്ചു പണ്ടെന്നോ തല്ലി തല്ലിയിട്ട ഓണ തുമ്പികളില്‍ ഏതോ ഒരു തുമ്പി അന്നെന്നെ ശപിച്ചിട്ടുണ്ടായിരിക്കാം. വലുതാകുമ്പോള്‍ നിന്റെ ജീവിതത്തിലോ നിന്റെ സ്വപ്നങ്ങളിലോ ഒന്നും ഒരു ഓണമോ ഓണ തുമ്പിയോ കടന്നു വരാതിരിക്കട്ടെയെന്ന്.
 
ഓണ തുമ്പിയുടെ ശാപം എന്തായാലും ഫലിച്ചു എന്ന് തോന്നുന്നു. പതിനാലു വര്‍ഷങ്ങള്‍… ചാനലിലെ ഓണ സിനിമയും ഹോട്ടലിലെ ഓണ സദ്യയുമായി കഴിയാന്‍ തുടങ്ങിയിട്ട് ഇത് പതിനാലാമത്തെ ഓണം. ഓണ തുമ്പികളും മഞ്ഞ കിളികളും തുമ്പപൂക്കളുമൊക്കെ സ്വപ്നത്തില്‍ പോലും കണ്ടിട്ട് അത്രയും കാലമായിട്ടുണ്ടാകും.
ജീവിതത്തില്‍ മാവേലിയുടെ വേഷം കെട്ടി പ്രവാസിയായപ്പോള്‍ വീട്ടിലെന്നും ഓണം പോലായി എന്നത് സത്യം തന്നെയാണ്. അതിലെനിക്ക് സന്തോഷവുമുണ്ട്. ഞാന്‍ എന്റെ നഷ്ട്ടങ്ങളുടെ കണക്കു എടുക്കാന്‍ ശ്രമിക്കുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഒരിക്കലുമില്ല. പ്രവാസം കൊണ്ട് ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇവിടെ പറയാന്‍ പോകുന്നത് എന്റെ ചില ഓണ ചിന്തകള്‍ മാത്രമാണ്.
 
അന്നൊക്കെ ഒന്നാം ഓണവും തിരുവോണവുമൊക്കെ ശ്രീധരേട്ടന്റെ വീട്ടിലായിരുന്നു. അവരുടെ ചെറിയ പെരുന്നാളും വലിയ പെരുന്നാളുമൊക്കെ ഞങ്ങളുടെ വീട്ടിലും. കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന അക്കാലത്തില്‍ നിന്നും നാട് മാറുന്നത് സത്യം പറഞ്ഞാല്‍ എനിക്ക് കാണാന്‍ പറ്റിയില്ല. അപ്പോഴേക്കും ഞാന്‍ ദോഹയില്‍ എത്തിയിരുന്നു.
 

സിദാന്‍

 

 
ഇവിടെ പ്രധാനമായും രണ്ടു രീതിയില്‍ ഓണം ആഘോഷിക്കുന്നു. തിരുവോണ നാള്‍ വെള്ളിയാഴ്ച്ചയല്ലെങ്കില്‍ അന്ന് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. അടുത്ത വെള്ളിയാഴ്ചയായിരിക്കും ഓണാഘോഷം. ബാച്ചിലേര്‍സ് ആയി താമസിക്കുന്ന കൂട്ടുകാര്‍ എല്ലാവരും കൂടി സദ്യ ഒരുക്കുകയോ പുറത്തു നിന്നും വരുത്തിച്ചു കഴിക്കുകയോ ചെയ്യും.
 
താരതമ്യേനെ എല്ലാ സൌകര്യവുമുള്ള മറ്റു ആളുകള്‍ ഏതെങ്കിലുമൊരു സംഘടനയുടെ ബാനറില്‍ ഒത്തു കൂടി സദ്യയും ഓണ കളികളും കലാപരിപാടികളുമായി ഓണം ആഘോഷിക്കും. ഈ പറഞ്ഞ രണ്ടു ഗ്രൂപ്പില്‍ പെട്ട ആളുകളുടെയും കൂടെ ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും എനിക്കൊരിക്കലും ഓണം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആഘോഷിച്ചതായി തോന്നിയിട്ടില്ല. പിന്നെ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന അര്‍ത്ഥത്തില്‍  അതുമൊരു ആഘോഷമാണ് താനും.
 
ഗള്‍ഫിലെ മാവേലിക്ക് എന്തായാലും കുട വയര്‍ ഉണ്ടാകും. മിമിക്രിക്കാര്‍ ആണെന്ന് തോന്നുന്നു മാവേലിയെ ഈ കോമാളി വേഷം കെട്ടിച്ചത്. എന്റെ മനസ്സിലെ മാവേലിക്ക് ഒരിക്കലും ഈ വേഷമായിരുന്നില്ല. അദ്ദേഹത്തിന് കാരുണ്യം നിറഞ്ഞ  മുഖമായിരുന്നു. മീശയില്ല. ഒത്ത ഉയരവും തടിയും. നല്ല വെള്ള നിറവും…..
 
കുഞ്ഞു നാളില്‍ എല്ലാവരും അയ്യപ്പന്‍ ചേട്ടന്റെ വീട്ടു മുറ്റത്തു ഒത്തു കൂടി പല വിധ ഓണ കളികളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് മുകളിലേക്ക് നോക്കുമായിരുന്നു. മാവെലിയെങ്ങാനും തന്റെ പ്രജകളെ കാണാന്‍ വരുന്നുണ്ടോ എന്നറിയാന്‍.
 
മാവേലിയോട് സ്‌നേഹം എന്നതില്‍ കവിഞ്ഞു ഒരു ആരാധനയോക്കെ തോന്നി തുടങ്ങിയത് ഞാന്‍ പ്രവാസിയായതില്‍ പിന്നെയാണ്. സത്യത്തില്‍ അത് ആരാധനയല്ല. ഒരു തരം വര്‍ഗ സ്‌നേഹം. കാരണം മാവേലിയാണെന്നു തോന്നുന്നു കേരളത്തില്‍ നിന്നുള്ള ആദ്യ പ്രവാസി.
 
ഓര്‍ത്തു നോക്കിയാല്‍ മാവേലിയും പ്രവാസികളും തമ്മില്‍ ഒരുപാട് ബന്ധമുണ്ട്. തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ സ്വന്തം നാട് വിട്ടു പാതാളത്തിലേക്ക് പോയി. വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ ആളുകളെ കാണാന്‍ വന്നു മടങ്ങി പോണു. പ്രവാസിയുടെ ബാക്കി പത്രമായ കുടവയറുണ്ട്. ഷുഗറും ഉണ്ടെന്നു തോന്നുന്നു, അതല്ലേ ഇത്രമാത്രം പായസം ആളുകള്‍ ഉണ്ടാക്കി വെച്ചിട്ടും അദ്ദേഹം ഒരു ഗ്ളാസ് പോലും കുടിക്കാത്തത്.
 
മഹാബലിയുടെ പാവം പത്‌നിയെ കുറിച്ചു മാത്രം എവിടെയും പറഞ്ഞു കേട്ടിട്ടില്ല. എല്ലാ പ്രവാസി ഭാര്യമാരെയും പോലെ അവരും ചരിത്രത്തില്‍ അടയാളപ്പെടാതെ പോയി.
 
  
ആമി മോള്‍
 
 
എല്ലാ ഉത്സവങ്ങളും പ്രവാസികള്‍ക്ക് നഷ്ടങ്ങളുടെ കണക്കെടുപ്പാണ്. ഓര്‍മകളുടെ വേലിയേറ്റങ്ങളാണ്, കുട്ടിക്കാലത്തേക്കുള്ള മുങ്ങാംകുഴിയിടലാണ്. എല്ലാത്തിലുമപരി സ്വന്തം വീട്ടുകാര്‍ നന്നായി ആഘോഷിക്കാന്‍ താന്‍ ഇവിടെ തന്നെ നില്‍ക്കണം എന്ന തിരിച്ചറിവാണ്. 
 
കഴിഞ്ഞ വര്‍ഷം ഓണത്തെ കുറിച്ചു ഒരു ലഘു വിവരണം നല്‍കിയ ഭാര്യയോട് മോന്‍ ചോദിച്ചു, അപ്പൊ ഈ മാവേലി വരുന്നത് പോലെ തന്നെയല്ലേ ഉപ്പച്ചി വരുന്നതും. എന്നിട്ടന്നു നമ്മള്‍ പൂക്കളമോന്നുമിടുന്നില്ലല്ലോ…
 
അത് പിന്നെ മോനെ പൂക്കളമിടാന്‍ കുറെ പൂക്കളെ കൊല്ലണ്ടേ? അതുപ്പച്ചിക്കിഷ്ടമില്ല… അതുകൊണ്ടാ… 
 
അപ്പൊ പൂക്കളെ കൊല്ലുന്നത് മഹാബലിക്ക് ഇഷ്ടമാണോ? 
 
ഒരിക്കലുമില്ല. എന്നാലും നമ്മള്‍ പൂക്കളമിടുന്നത് അദ്ദേഹം രാജാവായതുകൊണ്ട് മാത്രമാണ്, നിന്റെ ഉപ്പച്ചി രാജാവൊന്നുമല്ലല്ലൊ എന്നും പറഞ്ഞു താത്ക്കാലത്തേക്ക് അവള്‍ തടിയെടുത്തു.
 
ഏതായാലും ഇക്കൊല്ലം ഞങ്ങളുടെ ജീവിതത്തിലേക്കൊരു പൂക്കളമായി ആമി മോള്‍ വന്നിട്ടുണ്ട്. അവളുടെ ആദ്യത്തെ ഓണം… ഇനിയും എത്ര ഓണങ്ങള്‍ അവളില്ലാതെ എന്നെ കടന്നു പോകും എന്നറിയില്ല. മാവേലി വാമനനു തലവെച്ചു കൊടുത്തപോലെയാണ് ഞങ്ങള്‍ ഈ പ്രവാസത്തിനു തല വെച്ചു കൊടുത്തത് എന്ന് തോന്നുന്നു.
 
മൂന്നോ നാലോ ഓണം കഴിഞ്ഞു ഏതെങ്കിലുമൊരു തിരുവോണ ദിവസം ആമിയും കൂട്ടുകാരികളും ഓണക്കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പണ്ട് ഞാന്‍ നോക്കിയ പോലെ എന്റെ മോളും അകാശത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കുമായിരിക്കും. അവളുടെ ഉപ്പച്ചി മാവേലി അവളെ കാണാന്‍ വരുന്നുണ്ടോയെന്നറിയാന്‍…
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍