UPDATES

പ്രവാസം

വി.എസ് ഇല്ലാത്ത ഓണം – എ. സുരേഷ്

വി.എസിനൊപ്പം വര്‍ഷങ്ങളോളം നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് എ. സുരേഷ് വി.എസിനൊപ്പമല്ലാത്ത ആദ്യ ഓണത്തെ കുറിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു.  
 
 
 
കഴിഞ്ഞതവണ വി.എസിനൊപ്പം പുന്നപ്രയിലെ വീട്ടിലിരുന്ന് ഓണസദ്യ കഴിച്ചപ്പോള്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല, ഈ ഓണത്തിന് കടലിനക്കരെയായിരിക്കുമെന്ന്. 2013 ലെ ഓണത്തിന് സി.പി.എമ്മിലുണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എങ്കിലും നാട്ടില്‍ നിന്ന് മാറേണ്ടി വരുമെന്ന് കരുതിയില്ല. പാര്‍ട്ടി നടപടി ഡെമോക്ലിസിന്റെ വാള്‍ പോലെ തലക്ക് മേലേ തൂങ്ങിയാടുമ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്ന് കരുതുക വയ്യ.
 
2002 ലാണ് വി.എസിന്റെ സ്റ്റാഫായി ചേരുന്നത്. പിന്നീട് ഓണവും വിഷുവും ക്രിസ്മസും എല്ലാം വി.എസിനൊപ്പമായിരുന്നു. സ്വന്തം കുടുംബത്തിനൊപ്പം ഓണസദ്യ ഉണ്ട നാള്‍ പോലും മറന്നു. മോളുടെ ആദ്യ ഓണത്തിന് ഉണ്ടാകില്ലേയെന്ന് അന്ന് പലരും ചോദിച്ചു. ഓണവും പിറന്നാളും വലിയ ആഘോഷമാക്കാതെ സാധാരണക്കാരനും മണ്ണിനും പെണ്ണിന്റെ മാനത്തിനും വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന വി.എസിന്റെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ വലിയ ആഘോഷത്തെക്കുറിച്ചോ വ്യക്തിപരമായ മറ്റു കാര്യങ്ങളെക്കുറിച്ചോ ഞാന്‍ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.
 
ഇളയക്കുട്ടി ജനിച്ചത് 2011 ജൂണ്‍ ഏഴിനായിരുന്നു. അന്ന് വി.എസ് കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനാല്‍ അദ്ദേഹത്തോടൊപ്പം ഞാനും ഹൈദരാബാദിലായിരുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ വ്യക്തിപരമായ സന്തോഷങ്ങളുടെ നഷ്ടത്തില്‍ ഒരു കണിക പോലും കുറ്റബോധം തോന്നുന്നില്ല. ഏറ്റെടുക്കുന്ന കാര്യങ്ങളോട് നുറ്റമ്പത് ശതമാനം ആത്മാര്‍ത്ഥതയാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെ കൈമുതല്‍. നാട്ടിലുണ്ടായിരുന്നെങ്കില്‍ ഉറപ്പായും തിരുവോണത്തിന് വി.എസിനെ കാണാന്‍ പുന്നപ്ര വേലിക്കകത്ത് വീട്ടിലെത്തുമായിരുന്നു. പാര്‍ട്ടി പുറത്താക്കിയെങ്കിലും വി.എസിന്റെ വീട്ടിലെത്തുന്നതില്‍ നിന്ന് എന്നെ ആരും തടയില്ലല്ലോ.
 
 
ജീവിതം വലിയ ചോദ്യചിഹ്‌നമായപ്പോള്‍ പ്രവാസിയാകേണ്ടി വന്നയാളാണ് ഞാന്‍. എനിക്കെതിരേ ഉണ്ടായ ആരോപണം സത്യവുമായി പുലബന്ധം ഇല്ലാതിരുന്നത് കൊണ്ടാണ് നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് മൂന്ന് വര്‍ഷമെടുക്കേണ്ടി വന്നത്. ദുബൈ ഗ്രാമം സംസ്‌ക്കാര വേദി നടത്തിയ പി.കൃഷ്ണപിള്ള അനുസ്മരണത്തില്‍ ഉദ്ഘാടകനായി സംസാരിച്ചത് കേള്‍ക്കാന്‍ എത്തിയ നിറഞ്ഞ സദസിനോട് ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
 
ഇവിടെ നിരവധി സംഘടനകള്‍ ഓണാഘോഷത്തിന് വിളിക്കുന്നുണ്ട്. ദുബൈയില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ചെറിയ നഗരമായ ഫ്യുജൈറ വിട്ട് ഞാന്‍ എങ്ങും പോകുന്നില്ല. വി.എസിന്റെ ഒപ്പമുള്ള ഓണത്തെ ഓര്‍ത്ത് ഞാന്‍ ഇവിടെ ഒറ്റയ്ക്ക് കഴിയട്ടെ.
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍