UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

കുടി മാത്രമല്ല ജീവിതം

“അനിയന്ത്രിതമായ മദ്യപാനം മൂലം ഒരു സമൂഹം തന്നെ നശോന്മുഖമായിപ്പോകുന്നതിനു അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകള്‍ ഉദാഹരണമാണ്. അമിത മദ്യ ഉപഭോഗത്തിന്റെ കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളാണ് ഒട്ടുമിക്ക ആദിവാസി മേഖലകളും. ഇവിടങ്ങളില്‍ വ്യാജ മദ്യം സുലഭമാണ്. ഞങ്ങളുടെ ഡി അഡിക്ഷന്‍ സെന്ററില്‍ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ചികിത്സയ്ക്കായി എത്തുന്നത് തന്നെ അതിനു ഉദാഹരണം. 
ഗവണ്മെന്റിന്റെ നയവൈകല്യവും അഴിമതിയുമാണ് ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്”.
 
പ്രമുഖ മന:ശാസ്ത്രജ്ഞനായ ഡോ. എന്‍.എം മുഹമ്മദാലി അഴിമുഖം പ്രതിനിധി സാജു കൊമ്പനുമായി സംസാരിക്കുന്നു – കുടി മലയാളിയെ നശിപ്പിക്കുന്നതിനെ കുറിച്ച്. 
 
[അഭ്യന്തര കലാപങ്ങളുടെ ഘട്ടത്തില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ ഉദാഹരണം. ചില വ്യക്തികളുടെ മനോഘടനയിലെ വൈകല്യമായിട്ടും ഇതിനെ കാണാം.ഒരു ബലാത്സംഗിയെപ്പോഴും ഇരയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.ബലാത്സംഗത്തിനു കാരണം അവളാണെന്ന മട്ടില്‍. പുരുഷ മേധാവിത്തത്തിന്റെ സാമൂഹ്യ സാഹചര്യവും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാണ് – കഴിഞ്ഞ ലേഖനത്തില്‍ ഡോ. മുഹമ്മദാലി. എന്താണ് മലയാളിയുടെ പ്രശ്നം? ]
 
ഉത്സവകാലത്തെ മദ്യപാനം പുതിയ കാര്യമല്ല. പൊതുവെ ആഘോഷ വേളകളില്‍ മദ്യപിക്കുന്നവരാണ് കുറെയധികം ആളുകളെങ്കിലും. ഓണം, ക്രിസ്തുമസ്, നവവത്സരാഘോഷങ്ങള്‍, വിവാഹം പോലുള്ള വിശേഷദിനങ്ങള്‍ എല്ലാം മദ്യപാന വേളകളായി മാറ്റപ്പെടാറുണ്ട്. എന്നാല്‍ അതിനൊരു മിതത്വം ഉണ്ടായിരുന്നു. ആ മിതത്വമാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. മദ്യപാനം അനുവദനീയമാക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഗവണ്മെന്റ് തന്നെ മദ്യ വില്പ്പനയെ പ്രോത്സാഹിപ്പിക്കുകയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിച്ചിരിക്കുന്നു. ഉത്സവ വേളകളിലെ മദ്യപാനത്തെ പലപ്പോഴും നമ്മുടെ മാധ്യമങ്ങള്‍പോലും ആഘോഷമാക്കുകയാണ്. ഓണക്കാലത്ത് കേരളം ഇത്ര കുടിച്ചു എന്നൊക്കെയുള്ള മട്ടിലാണ് മാധ്യമങ്ങളുടെ റിപ്പോര്‍ടിംഗ്. ഉത്സവകാലത്തെ മറ്റൊരു പ്രത്യേകത പണത്തിന്റെ ഒഴുക്കാണ്. എല്ലാവരുടെയും കയ്യില്‍ ഒരുപാടു പണം വന്നുചേരുന്ന സമയമാണ് ഓണക്കാലം. ഉത്സവമേളകള്‍ കച്ചവട മേളകളായി മാറിയിരിക്കുന്നു. എല്ലാം വാങ്ങിക്കണം എന്ന ആഗ്രഹമാണ് എല്ലാവര്‍ക്കും. അത് പുതിയ മോഡല്‍ മൊബൈല്‍ ഫോണാകാം. മദ്യവുമാകാം.
 
സമൂഹത്തില്‍ ഇന്ന് നിലനില്ക്കുന്ന മദ്യപാനത്തിനനുകൂലമായ സാഹചര്യത്തിന്റെ ദൂഷ്യവശം നിരവധി പേര്‍ മദ്യാസക്തരായി മാറുന്നു എന്നുള്ളതാണ്. മദ്യം കഴിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹമാണിത്. ഒരുതരത്തില്‍ പറഞ്ഞാല്‍ നില്‍ക്കകള്ളിയില്ലാത്ത അവസ്ഥ. ആദ്യം അല്‍പസ്വൊല്പം സന്തോഷത്തിനു വേണ്ടി കഴിക്കുന്നവര്‍ പിന്നിട്  അളവു കൂട്ടുന്നു. പിന്നെ അത് നിത്യേനയുള്ള മദ്യപാനമായി മാറുന്നു. അതൊരു ശാരീരിക അടിമത്തമായി മാറുന്നു. മദ്യാസക്തരായി മാറുന്നതിനു പാരമ്പര്യവും ഒരു ഘടകമാണ്. അതോടൊപ്പം വളരുന്ന സാഹചര്യവും. വീട്ടില്‍ അച്ചനും മറ്റുള്ളവരും മദ്യപിക്കുന്നത് കണ്ടു വളരുന്ന ഒരു കുട്ടിക്ക് അതത്ര അപകടം പിടിച്ച കാര്യമായി തോന്നണമെന്നില്ല.
 
ഈ അടുത്തകാലത്ത് കൂടിവരുന്ന ഒരു പ്രവണതയാണ് കൌമാരക്കാരിലെ മദ്യപാനം. ഞങ്ങളുടെ ഡി അഡിക്ഷന്‍ സെന്ററില്‍ 14 – 15 വയസുള്ള കുട്ടികളെ അഡ്മിറ്റ് ചെയ്യാറുണ്ട്. സമൂഹത്തില്‍  നിലനില്ക്കുന്ന പൊതുവിലുള്ള സാഹചര്യവും വീട്ടിലെ സാഹചര്യവുമാണ് കുട്ടികളെ മദ്യപാനത്തിലേക്ക്  നയിക്കുന്നത്.
 

ഡോ. എന്‍.എം മുഹമ്മദാലി
 
മറ്റൊന്നു മദ്യപാനവും കുറ്റകൃത്യവും തമ്മിലുള്ള പരസ്പര പൂരക ബന്ധമാണ്. മദ്യപനായ ഒരാള്‍ക്ക് വിവേചന ശേഷി നഷ്ട്ടപ്പെടുന്നു. പല ലൈംഗിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്ന പ്രതികള്‍ മദ്യപിച്ചിട്ടാണ് അത് ചെയ്യുന്നതെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതികള്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉല്‍സവവേളകള്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നമായി മാറുന്നത് മദ്യവും കുറ്റകൃത്യവും തമ്മില്ലുള്ള ഈ പരസ്പര പൂരക ബന്ധത്തിനു ഉദാഹരണമാണ്.
 
മദ്യാസക്തിയുടെ  പ്രധാന ദോഷം അത് മനുഷ്യരുടെ സര്‍ഗ്ഗശേഷിയെ നശിപ്പിക്കും എന്നുള്ളതാണ്. സമൂഹത്തിന്റെ സര്‍ഗ്ഗശേഷി നശിക്കുക എന്ന് പറഞ്ഞാല്‍ ഉല്‍പ്പാദനക്ഷമത നശിക്കുക എന്നുള്ളതാണ്. ഒരാള്‍ മദ്യസക്തനാകുന്നതോടെ  അത് അയാളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഒരു വ്യക്തിയുടെ ശേഷിയെ ബാധിക്കുക എന്ന് പറഞ്ഞാല്‍ അത് അയാളുടെ മാത്രം നഷ്ടമല്ല. സമൂഹത്തിന്റെ കൂടിയാണ്.
 
70 കളില്‍ സാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങളുടെ സര്‍ഗ്ഗശേഷിയെ പ്രചോദിപ്പിച്ചത് മദ്യവും അത് പോലുള്ള ലഹരി വസ്തുക്കളും ഉപയോഗിച്ചിട്ടാണ് എന്ന വാദം ശുദ്ധ അസംബന്ധമാണ്. മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരന് അമിത മദ്യപാനം മൂലം തന്റെ എഴുത്തിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാഞ്ഞതും പിന്നിട് ചികിത്സ എടുത്തത്തിനു ശേഷം എഴുത്തിലേക്ക് മടങ്ങിവന്നതും പലര്‍ക്കും അറിയാവുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ മദ്യാസക്തി സര്‍ഗ്ഗ പ്രക്രിയയെ വളര്‍ത്തുകയല്ല ചെയ്യുന്നത്. തളര്‍ത്തുകയാണ്.
 
അനിയന്ത്രിതമായ മദ്യപാനം മൂലം ഒരു സമൂഹം തന്നെ നശോന്മുഖമായിപ്പോകുന്നതിനു അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകള്‍ ഉദാഹരണമാണ്. അമിത മദ്യ ഉപഭോഗത്തിന്റെ കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളാണ് ഒട്ടുമിക്ക ആദിവാസി മേഖലകളും. ഇവിടങ്ങളില്‍ വ്യാജ മദ്യം സുലഭമാണ്. ഞങ്ങളുടെ ഡി അഡിക്ഷന്‍ സെന്ററില്‍ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ചികിത്സയ്ക്കായി എത്തുന്നത് തന്നെ അതിനു ഉദാഹരണം. ഗവണ്മെന്റിന്റെ നയവൈകല്യവും അഴിമതിയുമാണ് ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്.
 
ഉത്സവകാലത്തെ മദ്യപാനത്തെ കുറിച്ച് പറഞ്ഞു തന്നെ അവസാനിപ്പിക്കാം. ഡി അഡിക്ഷന്‍ ചികിത്സ കഴിഞ്ഞു 67 മാസങ്ങളായി മദ്യം ഉപയോഗിക്കാത്ത പലരും വീണ്ടും മദ്യപാനത്തിലേക്ക് മടങ്ങി പോകുന്നത് ഇത്തരം ഉത്സവ വേളകളിലാണ്.
 
“ഓണം കഴിഞ്ഞു സെന്റെറില്‍ എത്തുമ്പോഴേക്കും പലപ്പോഴും പഴയ മദ്യപാനികളുടെ തിരക്കായിരിക്കും”.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍