UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ഞാനുമാണ് നിര്‍ഭയ, എങ്കില്‍

ഞാന്‍ എന്നാല്‍, ഞാന്‍ മാത്രം. മറ്റാരുമല്ല. വൈകാരികതയാണ്, അധികമായിത്തന്നെ. മനുഷ്യനാണ്, അതുകൊണ്ടായിരിക്കാം. 

—————————————————-

ഞാനാരെയും കൊന്നിട്ടില്ല, ഞാനാര്‍ക്ക് നേരേയും ജീവന്‍ അപകടത്തില്‍ ആക്കുന്ന പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല, അങ്ങനെ എന്തെങ്കിലും ഒന്നെന്‍റെ പിന്നിലുണ്ടായിരുന്നു എങ്കില്‍ അത് പണ്ടേ വാര്‍ത്ത ആയേനെയല്ലോ. പഠിക്കാനും ജോലി ചെയ്യാനും സാധാരണക്കാര് ചെയ്യുന്നതൊക്കെയും മാത്രം ചെയ്തു ജീവിക്കാനായിരുന്നു എന്‍റെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും.

 

അപരിഷ്കൃത ഭൂതകാലത്തില്‍ നിന്ന് എഴുന്നേറ്റ് വന്നു പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്ന ഒരാളും ആയിരുന്നില്ല ഞാന്‍. ആ ബസ്സില്‍ ഉണ്ടായിരുന്ന ആരും അപരിഷ്കൃത സമൂഹത്തിന്‍റെ വക്താക്കള്‍ ആയിരുന്നില്ല. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍.  

 

എന്‍റെ മാംസത്തിലേക്ക് പച്ച ഇരുമ്പ് കുത്തിക്കയറ്റുമ്പോള്‍ എനിക്കുണ്ടായ വേദന നിങ്ങള്‍ക്കൂഹിക്കാമോ? എന്‍റെ ശരീരത്തിന് ആ സമയത്തുണ്ടായ വേദനയുടെ എത്രയോ മടങ്ങാണ് എനിക്കുണ്ടായ ഭയവും നിസ്സഹായതയും അന്ധാളിപ്പും അപകര്‍ഷതാബോധവും. ഞാനിത് ഒരു കാരണവശാലും അര്‍ഹിച്ചിരുന്നില്ല. എന്‍റെ ജീവിതവും ജീവിക്കാനുള്ള അവകാശവും കവര്‍ന്നെടുത്തവരെ എങ്ങനെ ശിക്ഷിക്കണം എന്നെന്നോട് ചോദിച്ചാല്‍ എനിക്ക് ജീവിക്കാനുള്ള എന്‍റെ മുന്നോട്ടുള്ള ജീവിതമാണ് കണ്ണില്‍ തെളിയുന്നത്.

 

 

സമൂഹം ഒരു തരത്തിലും ഇനി എന്നോട് പഴയത് പോലെ ഇടപഴകുകയില്ല. എനിക്ക് ലഭിക്കേണ്ട അവസരങ്ങളും നേട്ടങ്ങളും ജീവിതവും ഇനി ഉണ്ടാവുകയില്ല, എത്രയോ രാത്രികള്‍ ഇനി എനിക്ക് ഉറക്കം പോലും കിട്ടുകയില്ല. മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയണം എങ്കില്‍ ഞാന്‍ എത്ര മനശാസ്ത്രചികിത്സകള്‍ കടന്നു പോകേണ്ടി ഇരിക്കും? എനിക്കൊരു കാമുകന്‍ ഉണ്ടായാല്‍, ഒരു ഭര്‍ത്താവുണ്ടായാല്‍ പ്രണയത്തോടെ ബന്ധപ്പെടാന്‍ ഞാന്‍ മാനസികമായി എങ്ങനെ തയ്യാറെടുക്കണം? എന്നെ ക്രൂരമായി ഉപദ്രവിക്കുന്ന ആ ചിത്രം എന്‍റെ മനസ്സില്‍ നിന്നും ബോധ പൂര്‍വ്വം എങ്കിലും മാറ്റി എടുക്കാന്‍ ഞാന്‍ എത്ര കാലം എടുക്കും.

 

എന്നെ ഉപദ്രവിച്ചവരെ വെറുതേ വിട്ടാല്‍ അവരുടെ കുടുംബങ്ങള്‍ പതുക്കെ പതുക്കെ അവരെ അംഗീകരിക്കും, അവര്‍ക്ക്‌ മക്കളും ഭാര്യമാരും ഉണ്ടാവും, സമൂഹത്തില്‍ സ്ഥാനവും. ഇനി അവര്‍ക്ക്‌ എന്തെങ്കിലും ശിക്ഷ കൊടുത്താലും അവരുടെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കേണ്ടി വരുന്നതിലെ പകുതിയില്‍ ഒരംശം പോലും അവര്‍ നേരിടേണ്ടി വരില്ല. എനിക്ക് സംഭവിച്ചത് ഒരിക്കലും സമൂഹം അനുവദിക്കാന്‍ പാടില്ലാത്ത ഒന്നാണ്, പക്ഷെ നിങ്ങള്‍ക്കൊക്കെ അറിയാം, ബോധപൂര്‍വമോ അല്ലാതെയോ സ്ത്രീയെ ലൈംഗീകമായി ഉപദ്രവിക്കുന്നതിനെ ന്യായീകരിക്കുന്ന നല്ലൊരു വിഭാഗം ഇന്നും സമൂഹത്തില്‍ ഉണ്ട്. അത്തരം മൃഗങ്ങളെ സൃഷ്ടിച്ചു വെച്ചിട്ട്, എന്നെപ്പോലെ ഉള്ള നിരപരാധികളുടെ ജീവിതം ഒരിക്കലും തിരിച്ചു മാറ്റാനാകാത്ത വിധം ദുഷ്കരം ആക്കിയിട്ട് അത്തരം അപകടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കി വെച്ചിട്ട് സമൂഹം തിരിച്ച് എന്നോട് അവരെ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ മാതൃകാപരമായ ശിക്ഷാവിധികളില്‍ ഏതു കൊടുക്കണം എന്ന് ചോദിച്ചാല്‍ ഞാന്‍ എങ്ങനെ ആണ് അതിനു ഉത്തരം പറയേണ്ടത്? പരിഷ്കൃതമായതോ അപരിഷ്കൃതമായതോ ആയ കുറ്റകൃത്യങ്ങളോ ശിക്ഷാ രീതികളോ എനിക്കറിയില്ലല്ലോ!! നിങ്ങളില്‍ പലര്‍ക്കും അതറിയില്ലല്ലോ.

 


                                  @Paolo Domeniconi

 

പക്ഷെ സമൂഹം സ്ത്രീയെ എങ്ങനെ വിലയിരുത്തുന്നു, സ്ത്രീ സ്വാതന്ത്ര്യത്തെ എങ്ങനെ തടയിടുന്നു, പുരുഷന് എന്ത് അധികാരവും നടപ്പിലാക്കാനുള്ള ബന്ധങ്ങളില്‍ ബന്ധിച്ചിടുന്നു എന്ന് നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ കാണുന്നില്ലേ, നടപ്പിലാക്കുന്നില്ലേ? അതിന്‍റെ ഒരംശം അല്ലെ എനിക്ക് സംഭവിച്ച അനീതിയ്ക്കും കാരണം? അഞ്ചോ ആറോ പുരുഷന്മാര്‍ ചേര്‍ന്ന് ഒരു ബസ്സ് സൌകര്യത്തിനു എടുത്തിട്ട്, കൈയ്യില്‍ തക്കത്തിന് കിട്ടുന്ന അടുത്ത പെണ്ണിനെ ഏറ്റവും ക്രൂരമായി പീടിപ്പിക്കാം എന്ന് തീരുമാനിച്ചു അത് നടപ്പിലാക്കിയതിന് നിങ്ങള്‍ എന്ത് കാരണമാണ് കണ്ടുപിടിക്കുക? വികലമായ ഒരു സമൂഹത്തിലെ വികലമായ നടത്തിപ്പുകളുടെ ഒരു പാര്‍ശ്വഫലമെന്നല്ലാതെ? ആരെയാണ് ശിക്ഷിക്കുക, ഇത്തരം മൃഗങ്ങളുടെ ചെറിയ ചെറിയ അംശം നിങ്ങളില്‍ ഓരോരുത്തരിലും ഇല്ലേ? എന്ത് ശിക്ഷാ വിധിയാണ് നിങ്ങള്‍ക്ക്‌ നല്‍കേണ്ടത്?

 

ബുദ്ധിയും ബോധവും തീര്‍പ്പുകള്‍ കല്‍പ്പിക്കാനുള്ള അളവുകളും ആയി തയ്യാറെടുത്ത് ഇരിക്കുന്ന സമൂഹത്തിലെക്കാണ് ഓരോ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും തിരിച്ചു ചെല്ലേണ്ടത്. ഒരിക്കലും അവളെ പഴയത് പോലെ അംഗീകരിക്കുകയും കൈക്കൊള്ളുകയും ചെയ്യാത്ത സമൂഹം, ആണുങ്ങളെ ‘കുസൃതി ഇനി ആവര്‍ത്തിക്കരുത്’ എന്ന് തോളില്‍ തട്ടി ശാസിക്കുന്ന സമൂഹം. നിങ്ങള്‍ സ്വയം പരിഷ്‌കൃതര്‍ എന്നോ പുരോഗമനവാദികള്‍ എന്നോ വിളിക്കുക, ഇത്തരം മൃഗങ്ങള്‍ പല തീക്ഷണതകളില്‍ വളര്‍ന്നും പുലര്‍ന്നും വരുന്ന നിങ്ങളുടെ സമൂഹത്തെ ‘ബാര്‍ബേറിക്’ എന്ന് തന്നെയേ ഞാന്‍ വിളിക്കൂ.

 


                                                                                                                                               @Makissima

 

വര്‍ഗ്ഗസമരങ്ങളില്‍, ജീവനെടുക്കുന്ന ശിക്ഷാ രീതികള്‍ നടപ്പിലാക്കാം എന്ന് അതിനാവശ്യമുള്ളവര്‍ വ്യാഖ്യാനിക്കുന്നു, മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധകളില്‍ ദൈവത്തിന് വേണ്ടിയും കൊലകള്‍ ന്യായീകരിക്കപ്പെടുന്നു, അധികാര വടംവലികളില്‍ പല രാജ്യത്തും നരഹത്യകള്‍ ന്യായീകരിക്കപ്പെടുന്നു, നിങ്ങള്‍ക്കിത് പുതിയതല്ല, സമൂഹത്തിന്‍റെ ആവശ്യത്തിന് അനുസരിച്ച് ആര് ജീവിക്കണം ആര് ജീവിക്കണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്, നടപ്പിലാക്കിയിട്ടുണ്ട് അല്ലേ! സ്ത്രീയെ ലൈംഗീകമായി ഉപദ്രവിക്കുക എന്നത് ഒരു യുദ്ധമുറയായി, ഒരു ആയുധം ആയി ഉപയോഗിക്കുന്ന ഈ പരിഷ്കൃത ലോകത്തില്‍ ഒരു സ്ത്രീ എന്ത് ശിക്ഷയാണ് അവളെ ബലാത്സംഗം ചെയ്തവര്‍ക്ക്‌ വേണ്ടി ആവശ്യപ്പെടേണ്ടത്? അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടുന്നവരില്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ച് ബലാത്സംഗം ചെയ്ത് അവരെ സമരമുഖത്ത് നിന്ന് തുടച്ചു മാറ്റാന്‍ യൂണിഫോമിട്ട പുരുഷന്മാരെ ചട്ടം കെട്ടി വിടുന്നില്ലേ നിങ്ങള്‍? അവര്‍ക്കെന്തു ശിക്ഷ കൊടുക്കും? ജാതിയുടെ പല തട്ടുകളില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടും വ്യവഹാരം നടക്കുന്നത് ഇന്നും സ്ത്രീകളെ പീഡിപ്പിക്കുന്നതിന്‍റെ അവസരങ്ങളിന്മേലല്ലേ, അവിടെ എന്തിനെയാണ് ശിക്ഷിക്കുക?

 

ഈ വിധി ഞാന്‍ വിധിക്കുകയില്ലായിരുന്നു, ഇത് വേണമെന്ന് ആവശ്യപ്പെടുകയും ഇല്ലായിരുന്നു. ഈ വിധികൊണ്ട് എനിക്ക് സംഭവിച്ചതോ മറ്റുള്ളവര്‍ക്ക് സംഭവിച്ചതോ ഇനി സംഭവിക്കാന്‍ ഇരിക്കുന്ന പീഡനങ്ങള്‍ക്കോ മാറ്റം ഉണ്ടാവും എന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ അവര്‍ക്ക്‌ കിട്ടിയ ഈ വിധിയുടെ മേല്‍, I don’t feel sorry for them, neither do I feel the system has crashed.

 

——————————————————————————

ഞാനുമാണ് നിര്‍ഭയ, എന്നേയും ആക്കാം നിര്‍ഭയ,. കൈയ്യൂക്കുള്ള പുരുഷാധിപത്യ ചിന്തകള്‍ക്ക്‌ ഇനിയും കുറവൊന്നും വന്നിട്ടില്ലല്ലോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍