UPDATES

സിനിമ

ബേല ടാര്‍ : ഉള്ളുരുക്കുന്ന കാഴ്ചകള്‍

ഷാഹിനാ റഫീഖ്
 
വേറിട്ട ഒരു കാഴ്ചാ അനുഭവത്തെ കുറിച്ചാണ് ഇത്തവണ മൂവി മാപ്പില്‍ പറയാനുള്ളത്. സിനിമ എന്ന ദൃശ്യ മാധ്യമത്തിന്റെ സാധ്യതകളെ അസാധാരണമാം വിധം ഉപയോഗപ്പെടുത്തിയ ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേല ടാറിന്റെ (Bela Tarr) വെര്‍ക്ക്‌മെയ്‌സ്‌റ്റെര്‍ ഹാര്‍മണീസ് (Werkmeister Harmonies) എന്ന സിനിമയെ കുറിച്ച്. വാക്കുകളിലൂടെ വിവരിക്കാനാവാത്ത, മെഡിറ്റേറ്റീവ് മൂഡിലുള്ള ഒരു ചിത്രമാണിത്. László Krasznahorkai യുടെ ‘The The Melancholy of Resistance’ എന്ന പുസ്തകത്തെ ആധാരമാക്കി നിര്‍മ്മിച്ച ഈ സിനിമ 2000 – ത്തിലാണ് റിലീസ് ചെയ്തത്. ബേല ടാറിന്റെ പതിവ് ശൈലിയില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഈ ചിത്രം സാധാരണക്കാരായ ആളുകളെ കുറിച്ച്, അവരുടെ നിത്യ ജീവിതത്തെ കുറിച്ച് പറയുന്നു.
 
മഞ്ഞു പെയ്യുന്നില്ലെങ്കിലും അതിശൈത്യം അനുഭവപ്പെടുന്ന ഒരു ചെറുപട്ടണത്തിലാണ് കഥ നടക്കുന്നത്. ഈ കാലാവസ്ഥയിലും നൂറു കണക്കിനാളുകള്‍, അന്യ നാട്ടില്‍ നിന്ന് പോലും വന്നവര്‍, ഒരു സര്‍ക്കസ് കൂടാരത്തിനു ചുറ്റും തടിച്ചു കൂടിയിരിക്കുകയാണ്, സര്‍ക്കസിലെ മുഖ്യ ആകര്‍ഷണമായ ഭീമന്‍ തിമിംഗലത്തിന്റെ സ്റ്റഫ് ചെയ്ത ശവശരീരം കാണുവാന്‍. അപരിചതരുടെ വരവ്, ‘മുഖ’മില്ലാതെ ശബ്ദത്താല്‍ മാത്രം സാന്നിദ്ധ്യം അറിയിക്കുന്ന നിഗൂഡ കഥാപാത്രം ‘പ്രിന്‍സ് ‘, തിമിംഗലത്തിന്റെ ജഡം, അസ്ഥിയില്‍ തറക്കുന്ന തണുപ്പ് ഇവയെല്ലാം ചേര്‍ന്ന് ആ പട്ടണത്തിന്റെ താളം തെറ്റിക്കുന്നു. ഈ കുഴപ്പങ്ങള്‍ക്കിടയില്‍ മുതലെടുപ്പ് നടത്താന്‍ ചിലര്‍. എല്ലാ ദുരന്തങ്ങള്‍ക്കും ദൃക്‌സാക്ഷിയായി കേന്ദ്ര കഥാപാത്രം യനോഷ് വാലുഷ്‌ക (Janos  Valushka). സംഗീത സൈദ്ധാന്തികനായ മറ്റൊരു കഥാപാത്രം എസ്തൂര്‍ (Ester) ജര്‍മന്‍ 

സംഗീതജ്ഞന്‍ അന്ദ്രേവ്‌സ് വെര്‍ക്ക്‌മെയ്‌സ്‌റ്റെര്‍ വരുത്തിയ ഒരു പിശകിനെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്. സമൂഹത്തിലെ ചെറിയ ഒരു താളം തെറ്റല്‍ എങ്ങനെ പരിപൂര്‍ണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് ഈ സിനിമ വ്യക്തമാക്കുന്നു.
 
 
ഫാഷിസത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രഥമ കാരണമായി ഇടതുപക്ഷ ചലച്ചിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ബൂര്‍ഷ്വാസിയുടെ അലംഭാവ മനോഭാവവും രാഷ്ട്രീയവും സാമൂഹ്യവുമായ നിഷ്‌ക്രിയത്വവുമാണ്. ഭയം, അജ്ഞത, അക്രമം ഇവ ഉദ്ദീപനങ്ങളായി പ്രവര്‍ത്തിക്കുന്നു. വെര്‍ക്ക്‌മെയ്‌സ്‌റ്റെര്‍ ഹാര്‍മണീസില്‍ യനോഷ് എല്ലാം കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായനാകുന്നു. ജനക്കൂട്ടം അക്രമത്തിലേക്ക് തിരിയുന്നു. സംഗീത സൈദ്ധാന്തികന്‍ പുറത്തിറങ്ങാന്‍ മടിച്ച് വീടിന്റെ ഒരു കോണിലേക്ക് ഒതുങ്ങുന്നു.
 
39 ഷോട്ടുകള്‍ മാത്രമാണ് സിനിമയിലുള്ളത്. സിനിമ തുടങ്ങുന്നതാവട്ടെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ലോങ്ങ് ടേക്കിലൂടെയാണ്, അടക്കാന്‍ തുടങ്ങുന്ന ബാറില്‍ യനോഷ് സൂര്യഗ്രഹണം വിവരിക്കുന്ന ഒരു ഷോട്ടിലൂടെ. അവിശ്വസനീയമായ ലോങ്ങ് ടേക്ക്കളും ശബ്ദങ്ങളുടെയും സംഗീതത്തിന്റെയും സവിശേഷമായ മിശ്രണവും ഈ സിനിമയ്ക്ക് അല്ലെങ്കില്‍ ബേല ടാറിന്റെ സിനിമകള്‍ക്ക്, ഒരു തര്‍ക്കൊവ്‌സ്‌കി, സോകുറോവ് ഛായ നല്‍കുന്നുണ്ടെങ്കിലും ദൈനംദിന കാഴ്ചകളിലൂടെ നമ്മള്‍ അറിയുന്ന, അനുഭവിക്കുന്ന ലോകത്തെ ഒന്നുകൂടി കാണാനും അനുഭവിക്കാനുമാണ് ഈ സംവിധായകന്‍ നമ്മോടു പറയുന്നത്. തുടര്‍ച്ച  ഇഷ്ടപ്പെടുന്നത് കൊണ്ടും, ഒരു നാടകം ചെയ്യുന്നത് പോലെ ജീവിതത്തെ കുറിച്ച് പറയാന്‍ പറ്റുന്നത്‌ കൊണ്ടുമാണ് ലോങ്ങ് ടേക്ക്കള്‍  ഉപയോഗിക്കുന്നത് എന്നാണു ബേല ടാര്‍  പറഞ്ഞിട്ടുള്ളത്.
 
ബോധപൂര്‍വ്വം അവിശ്വാസ്യത മറന്നുകൊണ്ടുള്ള ആസ്വാദന രീതി ഈ സിനിമയില്‍ അസാധ്യമാണ്. പ്രേക്ഷകരും പങ്കാളികളാവുകയാണിവിടെ. നാല് വര്‍ഷമെടുത്തു ഈ ചിത്രം പൂര്‍ത്തിയാക്കാന്‍, ഏഴു ഛായാഗ്രഹകരും. സംഗീതവും ഒരു കഥാപാത്രമാണ് സിനിമയില്‍. തന്റെ എല്ലാ സിനിമകളിലും ലൊക്കേഷന് ഒരു മുഖമുണ്ടെന്നും, അത് അഭിനേതാവിനു തുല്യമാണെന്നും ബേല ടാര്‍ പറഞ്ഞിട്ടുണ്ട്. സംഗീതവും ശബ്ദങ്ങളും, അഭിനേതാക്കളും, പശ്ചാത്തലവും ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു പ്രത്യേക താളം മറ്റൊരു തലത്തിലേക്ക് നമ്മെ കൊണ്ട് പോവുന്നുണ്ട്. യനോഷും എസ്തൂറും നടന്നു പോവുന്നതിന്റെ ലോങ്ങ് ടേക്ക് ഒരു ഉദാഹരണം മാത്രം.
 
 
സിനിമയുടെ അന്ത്യത്തില്‍ ആശുപത്രി ആക്രമിക്കാന്‍ മാര്‍ച്ച് ചെയ്തു പോവുന്ന ജോലിക്കാരുടെ സീന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അതില്‍ പങ്കെടുത്ത 600 തൊഴില്‍രഹിതരും അവരുടെ വസ്ത്രങ്ങളും ദാരിദ്ര്യവും വിലക്ഷണതയും എല്ലാം യാഥാര്‍ത്ഥ്യമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സിനിമകള്‍ക്ക്‌ ്symbolic / allegoric അര്‍ത്ഥതലങ്ങള്‍ ഒന്നുമില്ല എന്ന് ബേല ടാര്‍ പറയുന്നുണ്ടെങ്കിലും കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം നിര്‍മിക്കപ്പെട്ട ഈ ചിത്രത്തില്‍ പ്രധാന തെരുവില്‍ അനാഥമായി കിടക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ ജഡവും തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടാത്ത പ്രിന്‍സും പ്രത്യക്ഷ കാഴ്ചകള്‍ക്കപ്പുറം ചില മാനങ്ങള്‍ ദ്യോതിപ്പിക്കുന്നുണ്ട് . 
 
നിഴലിന്റെയും വെളിച്ചത്തിന്റെയും സാദ്ധ്യതകള്‍ വളരെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട് ഈ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍. മനുഷ്യന്റെ സ്വതസിദ്ധമായ കടകവിരുദ്ധ സ്വഭാവം ആവിഷ്‌ക്കരിക്കുന്നതില്‍ പ്രത്യേകിച്ചും. കത്തുന്ന നെരിപ്പോടിന്റെ ക്ളോസപ്പ് ദൃശ്യത്തോടെയാണ് സിനിമ തുടങ്ങുന്നത്. ഇരുട്ടിലാണ്ട് കിടക്കുന്ന പട്ടണത്തിലേക്ക് രാത്രിയുടെ ഏതോ യാമത്തില്‍ തിമിംഗലത്തേയും വഹിച്ചു വരുന്ന ട്രാക്ടര്‍ നിഗൂഡമായ, ആപല്‍സൂചകമായ ഒരു വെളിച്ചം പതിപ്പിക്കുന്നുണ്ട്. ആശുപത്രിയിലെ അക്രമ പരമ്പര അവസാനിക്കുന്നത് കുളിമുറിയിലെ നിറ വെളിച്ചത്തിനു കീഴെ നിസ്സഹായനായി നില്‍ക്കുന്ന എല്ലും തോലുമായ വൃദ്ധന്റെ നഗ്‌ന ശരീര ദൃശ്യത്തിലാണ്. ഇരുട്ടില്‍ നിന്ന്, ഉദിച്ചുയരുന്ന സൂര്യനു നേരെ നടക്കുന്ന യനോഷിന്റെ ചിത്രവും മനസ്സില്‍ തങ്ങി നില്ക്കും. 
 
 
തന്റെ പതിനാറാമത്തെ വയസ്സിലാണ് ബേല ടാര്‍ ആദ്യ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. ആദ്യ ഫീച്ചര്‍ ഫിലിം, ‘ഫാമിലി നെസ്റ്റ് ‘ പുറത്തിറങ്ങുന്നത് 1979 ലാണ്. ഏഴേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ Sátántangó (1994) വളരെ പ്രസിദ്ധമാണ്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് ഈ സംവിധായകന്‍ . 
 
ഓരോ തവണ കാണുമ്പോഴും വെര്‍ക്ക്‌മെയ്‌സ്‌റ്റെര്‍ ഹാര്‍മണീസ് തരുന്ന അനുഭവം വ്യത്യസ്തമാണ്. ഇനിയും മനസ്സിലാക്കാനാവാത്ത അടരുകള്‍ അവശേഷിപ്പിക്കുന്നു ഈ സിനിമ – വീണ്ടും വീണ്ടും കാണാന്‍ പ്രലോഭിപ്പിച്ചുകൊണ്ട്.
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍