UPDATES

വിദേശം

ഒബാമ വിജയിക്കില്ല

റോസാ ബ്രൂക്സ്
(ഫോറിന്‍ പോളിസി)
 
 
സോവിയറ്റ് യൂണിയന്റെ ടാങ്കുകള്‍ ബുഡാപെസ്റ്റിലേക്ക് പ്രവേശിക്കുന്നതുവരെ തികഞ്ഞ കമ്മ്യുണിസ്റ്റായിരുന്ന എന്റെ മുത്തശ്ശന്‍ ഇടയ്ക്കിടെ മാര്‍ക്‌സിസ്റ്റ് സൂക്തങ്ങള്‍ ഉരുവിടുമായിരുന്നു. അതില്‍ അദ്ദേഹത്തിനു പ്രിയപ്പെട്ടത് ‘The Eighteenth Brumaire of Louis Napoleon’ എന്ന പുസ്തകത്തിലെ തുടക്ക ഖണ്ഡികയാണ്.
 
‘ലോകത്തിലെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളും വ്യക്തികളും രണ്ടു വട്ടം സംഭവിക്കും എന്ന് ഹെഗല്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വിട്ടുപോയ ഒരു കാര്യം, ആദ്യം അത് ദുരന്തമായും രണ്ടാം തവണ പരിഹാസക്കൂത്തായും ആണത് എന്നാണ്.’    
 
ഹെഗലിന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നത് തന്നെ. അതെ ചരിത്രം സ്വയം ആവര്‍ത്തിക്കും. ചില സമയം അത് നമുക്ക് ചിരിക്കുള്ള വക നല്കും. പക്ഷെ ആ രണ്ടാം റൌണ്ട് വെടി പലപ്പോഴും ദുരന്തമായിരിക്കും കൊണ്ടു  വരിക.
 
ഇത് തന്നെയാണ് പ്രസിഡന്റ് ബരാക് ഒബാമയും സിറിയയും തമ്മിലുള്ള ബന്ധവും.
 
കാരണം നിങ്ങള്‍ ഇത് ഇതിനു മുന്‍പും കേട്ടിട്ടുണ്ട്, ശരിയല്ലേ? അമേരിക്കന്‍ പ്രസിഡന്റ് പറയുകയാണ് ‘സര്‍വ വിനാശകാരിയായ ആയുധങ്ങളുള്ള മിഡില്‍ ഈസ്റ്റ് രാജ്യത്തെ നേരിടുന്നതിന് ഉടനടി പട്ടാള നടപടി വേണം’. ലോകമെങ്ങുമുള്ളവര്‍ ഈ നീക്കത്തെ സംശയിക്കുന്നു, എന്തിന്, സ്വന്തം രാജ്യത്തെ പ്രജകള്‍ പോലും ഈ നീക്കത്തെ സംശയിക്കുന്നുണ്ട്. മറ്റു രാജ്യത്തെ നേതാക്കള്‍ തൃപ്തരല്ല. യു.എന്‍ പുങ്കവന്മാര്‍ എന്നത്തേയും പോലെ തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലായതുകൊണ്ട് ഇടപെടുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് തറപ്പിച്ചു പറയുന്നു വേണ്ടി വന്നാല്‍ ബലം പ്രയോഗിക്കുക തന്നെ ചെയ്യും എന്ന്. 
 
ആദ്യം ഇറാഖ് ആയിരുന്നു – അതിന്റെ മുറിവ് ഇപ്പ്‌പോഴും മാഞ്ഞു തുടങ്ങിയിട്ടില്ല. പാതി വെന്ത അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിങ്ങളില്‍ പലരും മറന്നിരിക്കാനിടയില്ല. യു എന്‍ സെക്രട്ടറി 2003 – ലെ ഇറാഖ് അധിനിവേശം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പട്ടാളത്തിന്റെ ഉപയോഗം ഇറാഖില്‍ പരിമിതമായിരിക്കുമെന്നു പറഞ്ഞു തുടങ്ങിയ ബുഷ് ഭരണകൂടത്തിന് ഒടുവില്‍ എട്ടു വര്‍ഷത്തെ നിരന്തര തൊന്തരവായി ഇറാഖ് മാറുകയും ഒരു ട്രില്ല്യന്‍ ഡോളറിനേക്കാള്‍ കൂടുതല്‍ പണവും 4,500 പട്ടാളക്കാരെയും നഷ്ടപ്പെടുകയും ചെയ്തു. 
 
ഇറാഖ്  യുദ്ധത്തിനെതിരെ ശബ്ദ്ധമുയര്‍ത്തിയതിലൂടെ പ്രശസ്തനായ ബരാക് ഒബാമ എന്ന സെനെറ്ററെ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? 2002 ഒക്ടോബറില്‍ ഒബാമക്ക് ബുഷ് ഗവണ്മെന്റിനോട് ഇറാഖ് യുദ്ധത്തെക്കുറിച്ച് പറയാനുണ്ടായിരുന്നത് ഇതായിരുന്നു.
 
‘ഞാന്‍ എല്ലാ യുദ്ധത്തിനും എതിരല്ല. പക്ഷെ ഞാന്‍ നിശബ്ദമായ യുദ്ധത്തിനെതിരാണ്, ധൃതി പിടിച്ചുള്ള യുദ്ധത്തിനുമെതിരാണ് ഞാന്‍. സദ്ദാം ഹുസൈനെക്കുറിച്ച് ഒരു മിഥ്യാബോധവുമെനിക്കില്ല. അദ്ദേഹം നീചനും ക്രൂരനുമായ മനുഷ്യന്‍ തന്നെയാണ്. സ്വന്തം ജനങ്ങളെ ഭരണക്കൊതി മൂത്ത് കൊന്നൊടുക്കിയ ചെന്നായ തന്നെയാണ് അയാള്‍. യു.എന്നിന്റെ നിലപാടുകളെ അയാള്‍ നിരന്തരം വെല്ലുവിളിച്ചു. യു.എന്‍ ഇന്‍സ്‌പെക്ഷന്‍ അംഗങ്ങളെ തടസ്സപ്പെടുത്തി. അപകടകാരികളായ രാസജൈവായുധങ്ങള്‍ ഉണ്ടാക്കിയെടുത്തു. പിന്നെ ആണവായുധങ്ങള്‍ക്കു വേണ്ടി കൊതിച്ചു. പക്ഷെ സദ്ദാം അമേരിക്കയ്‌ക്കോ അയല്‍ രാജ്യങ്ങള്‍ക്കോ നേരിട്ടൊരു വെല്ലുവിളിയായിത്തീരുമെന്നു എനിക്ക് തോന്നുന്നില്ല. തക്കതായ ഒരു കാരണമില്ലാതെയും അന്താരാഷ്ട്ര പിന്തുണയുമില്ലാതെ ഇറാഖിനെ ആക്രമിക്കുന്നത് മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളില്‍ ആളിക്കത്തിക്കുകയല്ലാതെ വേറൊന്നും ചെയ്യില്ല. ഇത് അല്‍ ഖ്വഇദക്ക് വളം വെക്കുകയും അവരുടെ റിക്രൂട്ട്മെന്റ് എളുപ്പത്തിലാക്കുകയും ചെയ്യും’. 
 
അതൊരു നല്ല പ്രസംഗമായിരുന്നു. സത്യസന്ധതയും വികാരവും ഉള്ള ഈ പ്രസംഗം ഒബാമയെ വൈറ്റ് ഹൌസിലേക്ക് നയിച്ചു.      
 
 
പത്തു വര്‍ഷത്തിനു ശേഷം അതേ ഒബാമയാണ് മറ്റൊരു യുദ്ധത്തിനു വേണ്ടി കാഹളമൂതുന്നത്. ഇതിലെ വൈരുദ്ധ്യം ദുഖ:പൂര്‍ണ്ണമാണ്, അതേ സമയം ഞെട്ടിക്കുന്നതും. 
 
ഞാന്‍ താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയല്ല, കാരണം സിറിയയും ഇറാഖും തമ്മിലും ബുഷും ഒബാമയും തമ്മിലും വളരെ അന്തരമുണ്ട്. സദ്ദാം ഹുസൈന്റെ അങ്ങേയറ്റം മോശമായ കശാപ്പ് 2003-ല്‍ അവസാനിച്ചു. പക്ഷെ സിറിയയില്‍ കശാപ്പ് ഇപ്പോഴും നടന്നു കൊണ്ടിരിക്കയാണ്. ബുഷ് ഇറാഖ് യുദ്ധത്തെ ആവേശത്തോടെ വാരിപ്പുണരുകയായിരുന്നു, പക്ഷെ ഒബാമ മടിച്ചു മടിച്ചാണ് സിറിയക്കെതിരെ തിരിഞ്ഞത് . ഭരണമാറ്റം ഇറാഖ് യുദ്ധത്തിന്റെ ലക്ഷ്യമായിരുന്നുവെങ്കില്‍ സിറിയയിലതിനു പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് ഒബാമ പറഞ്ഞത്. ഈ വ്യത്യാസങ്ങള്‍ പ്രശ്‌നത്തെ എങ്ങനെ ലഘൂകരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പു പറയാനാവില്ല.
 
സാമന്ത പോവറിന്റെ, റുവാണ്ടാന്‍ വംശഹത്യയെക്കുറിച്ചുള്ള പുസ്തകം തന്റെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയെന്നു പണ്ടൊരിക്കല്‍ തുറന്നു പറഞ്ഞ ഒബാമ ഇപ്പോള്‍ പറയുന്നത് ഒരു ലക്ഷം സിറിയക്കാരുടെ ജഡം കാണുന്നത് ദുഖകരമാണ്, പക്ഷെ അത് അമേരിക്കയുടെ പ്രശനമല്ല എന്നാണ്. ഒട്ടുമിക്ക സാധാരണ പൗരന്‍മാരും ഒരാവശ്യവുമില്ലാതെ വെടിയേറ്റും ബോംബ് പൊട്ടിയും മരിച്ചു. അവരുടെ കണക്കു നമുക്ക് വേണ്ട. രാസായുധത്താല്‍ കൊല്ലപ്പെട്ട 1400 സിറിയക്കാരുടെ കണക്കു മാത്രം മതി നമുക്ക്. അന്താരാഷ്ട്ര നിയമപ്രകാരം രാസായുധ പ്രയോഗത്താല്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സ്ഥിരീകരിക്കണം. മറ്റു കൊലപാതകങ്ങള്‍ക്ക് കണക്ക് വെക്കേണ്ട ആവശ്യമില്ലല്ലോ.         
 
സിറിയയില്‍ ഭരണമാറ്റം വേണ്ട എന്ന് ഒബാമ പറയുന്നതിലെ ലോജിക് എനിക്ക് മനസ്സിലാവുന്നില്ല. പതിനായിരക്കണക്കിന് സ്വന്തം പൌരന്മാരെ കൊന്നൊടുക്കിയ ബഷര്‍ അല്‍ അസ്സാദ് ഭരണത്തില്‍ നിന്ന് മാറണമെന്ന് ആരാണ് ആഗ്രഹിക്കാതിരിക്കുക? 
 
എല്ലാറ്റിനുമുപരി തിടുക്കത്തിലുള്ള യുദ്ധത്തെക്കുറിച്ചും അതിലേക്കു നയിക്കുന്ന രാഷ്ട്രീയ താല്പര്യങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ച ഈ പ്രസിഡന്റ് തന്നെയാണ് ഇന്ന് ഒട്ടും ചിന്തിക്കാതെ, തന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രം യുദ്ധത്തിലേക്ക് എടുത്തു ചാടുന്നത് എന്ന കാര്യം വല്ലാതെ വേദനിപ്പിക്കുന്നതാണ്. 
 
സിറിയയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി തേടുന്നത് നല്ലൊരു നീക്കമായിട്ടാണ് മാധ്യമങ്ങള്‍ കരുതുന്നത്. പക്ഷെ അതൊരു മോശമായ നീക്കമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. കാരണം ഒബാമക്ക് നല്ലൊരു ഭാവി അതില്‍ നിന്നും ഉണ്ടാവില്ല. വേദന സമ്മാനിക്കുന്ന വിപരീതാഭാസത്തിന്റെ കൊടുമുടിയായിരിക്കും പരിണിത ഫലം.
 
സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം.  
 
1) കോണ്‍ഗ്രസ്സ് സിറിയയെ ആക്രമിക്കുന്നതിന് അനുമതി നല്‍കില്ല. അപ്പോള്‍ ഒബാമ പിന്മാറും. പക്ഷെ ഒബാമ നേരത്തെ തന്നെ തന്റെ കമാണ്ടര്‍ ഇന്‍ ചീഫ് പദവി ഉപയോഗിച്ച് സിറിയയെ ആക്രമിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. അത് ശരിയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ഒബാമ കരുതും. എങ്ങനെയാണ്, ഒന്നിനും കൊള്ളാത്ത കോണ്‍ഗ്രസിന്റെ അനുമതി കിട്ടിയില്ലെന്നതുകൊണ്ട് തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ ഒബാമക്കാവുക.
 
2) കോണ്‍ഗ്രസ്സ് അനുമതി നിഷേധിക്കും. ഒബാമ അത് മാനിക്കാതെ ആകാശയുദ്ധത്തിനു മുതിരും.  
 
3) കോണ്‍ഗ്രസ്സ് സിറിയയെ ആക്രമിക്കുന്നതിന് അനുമതി നല്‍കും. അതിനര്‍ത്ഥം വൈറ്റ് ഹൌസിന്   ഡൊമസ്റ്റിക് ലെജിസ്ലെറ്റീവ് അജണ്ട വലിച്ചെറിയേണ്ടി വരും എന്നാണ്. 
 
 
ഇവയെല്ലാം ഒബാമക്ക് ദുരന്തങ്ങളായി തീരാവുന്ന പരിണിത ഫലങ്ങളാണ്. സിറിയയെ ആക്രമിക്കുക എന്നത് ദുഃപര്യവസായിയായ ഒരു കാര്യമായിരിക്കും. കാരണം അസ്സാദിന്റെ രാസായുധ നിര്‍മ്മാണ ശാലകള്‍ എവിടെയാണെന്നറിയാതെ ആകാശാക്രമണം നടത്തുന്നത് അര്‍ത്ഥ ശൂന്യതയാണ്. കാരണം അത് കൊണ്ട് ഒരു ഭരണ മാറ്റം ഉണ്ടാവില്ല. ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും അസ്സാദിന്റെ പട്ടാള ക്യാംപ് തന്നെ ആക്രമിക്കണം. അതിനു ഒബമക്കൊട്ട് താല്പര്യമില്ല താനും. പക്ഷെ ഇത് അമേരിക്കയെ സിറിയയിലെ പ്രശ്‌നങ്ങളിലേക്ക്  നേരിട്ട് ഇടപെടാന്‍  നിര്‍ബന്ധിതരാക്കും.
 
സിറിയ ഇറാഖല്ല. എല്ലാം മറികടന്ന്‍ അമേരിക്ക ഇടപെടാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ പലതാണ്. രാസായുധമെന്ന ഉമ്മാക്കി ഉണ്ടെന്നു പറഞ്ഞു തോണ്ടാന്‍ നില്‍ക്കാതെ കാരണം വ്യക്തമാക്കി, കൊലപാതകവും കൊള്ളിവെപ്പും ഒഴിവാക്കി പ്രശ്‌നത്തെ വെടിപ്പാക്കി കൈയില്‍ കൊടുക്കാം. മറ്റൊന്ന് അനിശ്ചിതത്തില്‍ തുടരുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇപ്പോള്‍ തന്നെ വളരെ വൈകിയിരിക്കുന്നു. 18 മാസം മുന്‍പ് തന്നെ അമേരിക്ക ഇക്കാര്യത്തില്‍ ഇടപെടണമായിരുന്നു. ഇപ്പോള്‍ സിറിയ ഒരു ചെളിക്കുളമാണ്. ഇറങ്ങിയാല്‍ നാറും. അല്‍ ഖഈദ നല്ല കളിക്കാരനായി മാറി കയ്യടി നേടുന്നുണ്ട്. മറ്റ് സെക്കുലര്‍ പാര്‍ട്ടിക്കാര്‍ ഇഴഞ്ഞു നീങ്ങുകയാണ്. അമേരിക്ക ഇതിലിടപെട്ടാല്‍ രക്തച്ചീന്തല്‍ കൂടും. സിറിയക്കാരുടെയും അമേരിക്കയുടെയും.
 
ശരിക്കുമുള്ള ദുരന്തം നന്മയെ തിന്മ ജയിക്കലല്ല. അത് രണ്ടു നന്മകള്‍ തമ്മിലുള്ള യുദ്ധമാണ് എന്ന് ഹെഗല്‍ പറഞ്ഞത് മാര്‍ക്‌സിനു മനസ്സിലായി. ഒബാമ ഇതില്‍ നിന്നും എന്താണ് ഉള്‍ക്കൊള്ളുക എന്ന് നമുക്ക് കാത്തിരുന്നു കാണാം.
 
ചരിത്രം ആവര്‍ത്തിക്കും , ദുരന്ത ഗാനം പാടിക്കൊണ്ട്. 
 
(Rosa Brooks is a law professor at Georgetown University and a Schwartz senior fellow at the New America Foundation. She served as a counselor to the U.S. defense undersecretary for policy from 2009 to 2011 and previously served as a senior advisor at the U.S. State Department.)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍