UPDATES

വിദേശം

മുഹമ്മദ് മൊര്‍സി നെല്‍സന്‍ മണ്ടേലയാവുന്നതെങ്ങനെ?

ഈജിപ്തിലെ പട്ടാള ഭരണത്തിന് എതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കെയ്റോവില്‍ എത്തിയെങ്കിലും തിരിച്ചയക്കപ്പെട്ട നോബല്‍ സമ്മാന ജേതാവും യെമനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തവക്കൂല്‍ കര്‍മാന്‍ ഫോറിന്‍ പോളിസിയില്‍ എഴുതിയ ലേഖനം
 
പട്ടാളം ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മൊര്‍സിയെ ഭരണത്തില്‍ നിന്നും തെഴെയിറക്കിയപ്പോള്‍ ഞാന്‍ മൊര്‍സിയെ അനുകൂലിച്ച് റബാ അല്‍ അദവെയയില്‍ നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചു.ഞാന്‍ യമനിയാണെങ്കിലും, അറബ് വസന്തത്തില്‍ പ്രതീക്ഷയര്‍പ്പിച്ച എന്നെപ്പോലുള്ള എല്ലാവര്‍ക്കും ഈജിപ്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ താല്പ്പര്യം ഉണ്ടായിരുന്നു. അവിടെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ, കൊലപാതകങ്ങള്‍ക്കും കാണാതെ പോകലുകള്‍ക്കുമെതിരെ മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ ഭിഷഗ്വരന്മാരും മൌനം പാലിച്ച ഈ ക്രൂര കൃത്യങ്ങള്‍ക്കെതിരെ ശബ്ദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു . ഈ മഹാന്മാരുടെ അനുവാദത്തോടെയും ആശിര്‍വാദത്തോടെയും കൂടെയാണ് ഇത് നടക്കുന്നതെന്നറിഞ്ഞത് എന്നെ ഞെട്ടിച്ചു .
 
2011ജനുവരി 25-ലെ വിപ്ളവത്തിന്റെ നേട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം, ഒത്തുചേരാനുള്ള അവകാശം, വോട്ടവകാശം എന്നിവ സംരക്ഷിക്കാന്‍ ഞാന്‍ റബാ അല്‍ അദവെയയില്‍ പോകുന്ന കാര്യം ജനങ്ങളെ അറിയിച്ചു. എന്റെ പ്രവര്‍ത്തനങ്ങള്‍ പട്ടാള ഭരണത്തെത്തെ അനുക്കൂലിക്കുന്ന മാധ്യമങ്ങളുടെയും  അവരുടെ ശിങ്കിടിമാരുടേയും കണ്ണിലെ കരടാക്കി എന്നെ മാറ്റി. എന്റെ ജീവന് തന്നെ പലപ്പോഴും ഭീഷണി നേരിടേണ്ടി വന്നു. ചാരക്കുറ്റം ചുമത്തി എന്നെ തടവിലിടാനുള്ള ശ്രമവും നടന്നു.
 
ആഗസ്റ്റ് 4 ന് ‘വിമന്‍ ജേര്‍ണലിസ്‌റ് വിത്തൌട്ട് ചെയിന്‍സ് ‘ന്റെ എക്‌സിക്യുട്ടീവ് ഡയറരക്റ്റര്‍ ബുഷ്‌റ അല്‍ സെരാബി എന്ന സുഹൃത്തിന്റെ കൂടെ എന്റെ പ്രതിജ്ഞ നിറവേറ്റാന്‍ വേണ്ടി ഞാന്‍ കെയ് റോ വിമാനത്താവളത്തില്‍ എത്തി. നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണ എനിക്കുണ്ടായിരുന്നു. ചിലപ്പോള്‍ തടവിലിടാം, അല്ലെങ്കില്‍ തെരുവിലിട്ട് വേട്ടയാടിപ്പിടിക്കാന്‍ എന്നെ വെറുതെ വിട്ടെന്നും വരാം, മറ്റു ചിലപ്പോള്‍ ഒറ്റയടിക്കങ്ങു കൊന്നെന്നും വരാം.
 
ഞാന്‍ വിചാരിച്ചതൊന്നും സംഭവിച്ചില്ലെങ്കിലും ഹരമുള്ള യാത്ര തന്നെയായിരുന്നു അത്. വിസ പ്രോസസിങ്ങിനു വേണ്ടി ക്യൂവില്‍ നിന്ന എന്നെ ഒരു ഉദ്യോഗസ്ഥന്‍ തിരിച്ചറിയുകയും ഡിപ്ളോമാറ്റിക് പാസ്‌പോര്‍ട്ടുകള്‍ക്കു വേണ്ടിയുള്ള ക്യൂവിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 
 
ആ സമയം അയാളുടെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു. അവര്‍ സംസാരിക്കുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു ‘തവക്കൂല്‍ വന്നു, അവളെ കടത്തി വിടരുത് ‘ ഞാനേതോ ഭീകരവാദിയാണെന്ന മട്ടിലായിരുന്നു അവരുടെ സംസാരം. 
 
എന്നെ കടത്തി വിടില്ലെന്നും ഉടനടി വന്ന വിമാനത്തില്‍ തന്നെ എന്നെ തിരിച്ചയക്കുമെന്നും ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ എന്നെ അറിയിച്ചു, എനിക്ക് വ്യക്തമായ ഒരു ഉത്തരം നല്കാന്‍ അവര്‍ തയ്യാറായില്ല. എന്റെ പേര് ബ്ളാക്ക് ലിസ്റ്റില്‍ ഉണ്ടെന്നും കാരണം ഞങ്ങളേക്കാള്‍ താങ്കള്‍ക്കാണ് അറിയുക എന്ന തണുപ്പന്‍ ഉത്തരം കൊണ്ട് എനിക്ക് തൃപ്തി പ്പെടേണ്ടി വന്നു.
 
നിര്‍ഭാഗ്യവശാല്‍ എനിക്ക് റബാ അല്‍ അദവെയയില്‍ പ്രതിഷേധക്കാരുടെ കൂടെ നിന്ന് അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദ്ധമുയര്‍ത്താന്‍ പറ്റാതെ വന്നു. നീതിക്ക് വേണ്ടിയും, ജനാധിപത്യത്തിനും നല്ലരീതിയിലുള്ള ഒരു ജീവിതത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്കൊപ്പം നില്ക്കാന്‍ നമ്മള്‍ മടിക്കരുത് ഇത് നമ്മുടെ കടമയാണ്.   
 
ഈജിപ്റ്റിലെ ഇപ്പോഴത്തെ ഭരണകൂടം രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഭരണത്തില്‍ നിന്നും താഴെയിറക്കി, ജനഹിത പരിശോധനയില്‍ 60 ശതമാനം ജനങ്ങളുടെ വിശ്വാസം നേടിയ ഒരു ഭരണഘടനയെ ദുര്‍ബ്ബലപ്പെടുത്തി, മുസ്ലിം ബ്രദര്‍ ഹുഡിന്റെ സ്വാതന്ത്ര്യം ഇല്ലാതാകുകയും ജസ്റ്റിസ് പാര്‍ട്ടിയെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റുകയും ചെയ്തു. ഈജിപ്തിന്റെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ക്ക് മുന്നില്‍ രണ്ടേ രണ്ടു വഴികള്‍ മാത്രം. ഒന്നുകില്‍ ജനങ്ങളുടെ കൂടെ നിന്ന് പൊരുതുക അല്ലെങ്കില്‍ ക്രൂരവും മൃഗീയവുമായ പട്ടാള ഭരണത്തിന്റെ കൂടെ നില്‍ക്കുക.  
 
 
മൊര്‍സി മാത്രമായിരുന്നില്ല ഈജിപ്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ട്. പക്ഷെ ഇപ്പോള്‍ അറബ് ലോകത്തിന്റെ നെല്‍സണ്‍ മണ്ടേലയായി അദ്ദേഹം മാറിക്കൊണ്ടിരിക്കയാണ്. മൊര്‍സിയുടെ ഒരു വര്‍ഷത്തെ ഭരണം ജനങ്ങളില്‍ അത്രമാത്രം മതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനും പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യവും മൊര്‍സി ജനങ്ങള്‍ക്ക് നല്‍കി. ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോഴും ആരെയും കൊല്ലാനും ജയിലിലിടാനൊന്നും അദ്ദേഹം പോയില്ല. ഈ സമാധാനപരമായ നീക്കങ്ങള്‍ മൊര്‍സിയേയും അദ്ദേഹത്തിന്റെ അനുയായികളെയും നെല്‍സണ്‍ മണ്ടേലയുമായും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും താരതമ്യപ്പെടുത്തേണ്ട നിലയിലേക്കെത്തിയിരിക്കുന്നു. കൊലപാതകത്തിനും അറസ്റ്റിനും അടിച്ചമര്‍ത്തലിനും ഇരയായെങ്കിലും ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസം ഈജിപ്തിനെ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തി. 
 
ലോകമെമ്പാടുമുള്ളവര്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധിയും മൊര്‍സിക്കെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെയും പിന്നെ മറ്റു ജനാധിപത്യ വിശ്വാസികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ മനസ്സിലാക്കുകയും അതിനെതിരെ ശബ്ദിക്കുകയും വേണം. 
 
കഴിഞ്ഞ സര്‍ക്കാരിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. സായുധ വിപ്ളവത്തിന് മുന്‍പ് ജൂണ്‍ 30-ലെ മൊര്‍സിക്കെതിരായ റാലിയെ ഞാനും പിന്തുണച്ചിരുന്നു. പക്ഷെ എന്റെ ലക്ഷ്യം ഉറച്ചതായിരുന്നു. ഈജിപ്തുകാര്‍ക്കിടയിലുള്ള വിള്ളല്‍ ഇല്ലാതാകുക, പങ്കാളിത്ത ഭരണകൂടം കൊണ്ടുവരിക. പക്ഷെ തെരഞ്ഞെടുപ്പില്‍ തോറ്റ മൊഹമ്മദ് എല്‍ ബെരാദിയും നാഷനല്‍ സാല്‍വേഷന്‍ ഫ്രന്‍റും പട്ടാളവും കളിക്കളം പിടിച്ചടക്കി മുസ്ളീം ബ്രദര്‍ ഹുഡിനെയും പങ്കാളികളെയും തുടച്ചു നീക്കാനുള്ള ശ്രമം തുടങ്ങി. 
 
പട്ടാള ഭരണത്തിന് കീഴില്‍ ജനാധിപത്യത്തിന് വളരാനാവില്ല – ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്. ഈജിപ്തിലെ അവകാശ ലംഘനങ്ങളും അക്രമങ്ങളും നമുക്ക് കാട്ടിത്തരുന്നതും അത് തന്നെയാണ്. ഹൊസ്‌നി മുബാറക്കിന്റെ ഭരണകാലത്തുണ്ടായതിനേക്കാള്‍ ശക്തമാണ് പോലീസ് ഭരണം ഇപ്പോള്‍.  
 
ഈജിപ്തില്‍ സംഭവിക്കുന്നത് ഭയാനകമാണ്. ഇത് ജനങ്ങളില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. പുറമേ ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഭീകരവാദി ഗ്രൂപ്പുകളും ശ്രമം നടത്തും. അല്‍ ഖാഇദ തലവന്‍ അയ്മാന്‍ അല്‍ സാവഹിരി പറഞ്ഞിരിക്കുന്നത് ജനാധിപത്യം ഒരു ഡെഡ് എന്‍ഡ് ആണെന്നാണ്. മറ്റു ചിലര്‍ ബാലറ്റ് ബോക്‌സ് അല്ല ബോംബ് ആണ് പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്. സായുധ വിപ്ളവത്തിന് ചുക്കാന്‍ പിടിച്ചവര്‍ ഇവര്‍ക്ക് വളംവെച്ച് കൊടുക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.
 
ഈജിപ്തില്‍ സംഭവിച്ചത് അവിടം കൊണ്ട് തീരില്ല. അത് കത്തിപ്പടരുക തന്നെ ചെയ്യും. അറബ് വസന്തത്തെ ഒറ്റപ്പെട്ട ഒരു വിപ്ളവമായി കാണാന്‍ സാധിക്കില്ല. കാരണം മിഡില്‍ ഈസ്റ്റ് മുഴുവന്‍ ഈ വസന്തത്തിന്റെ സുഗന്ധമേറ്റ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉണര്‍ന്നത് നമ്മള്‍ കണ്ടതാണ്.
 
ലോക ശക്തികള്‍ എന്തിനാണ് ഈജിപ്തില്‍ ഇത്രമാത്രം താല്പര്യം കാണിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്. കാരണം കെയ്റോവില്‍ സംഭവിക്കുന്നതിനു അറബ് ലോകമൊട്ടുക്കും പരക്കാനുള്ള ശക്തിയുണ്ട്. ജനാധിപത്യം കൊണ്ടുവരാന്‍ സാധിച്ചാല്‍ അതിന്റെ മാറ്റൊലി അറബ് ലോകത്ത് കാണാന്‍ നമുക്ക് സാധിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരിക്കുകയാണ് ആ മാറ്റത്തിന് വേണ്ടി. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍