UPDATES

ഇന്ത്യ

കറുപ്പ് ഒരു കുറ്റമല്ല സര്‍…

ടീം അഴിമുഖം
 
പതിവു കോലാഹലങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം സമാപിച്ചു. സംസാരിക്കാന്‍ പിശുക്കു കാണിക്കാറുള്ള നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പതിവില്‍ നിന്നു വ്യത്യസ്തനായി പ്രതിപക്ഷത്തിനു നേരെ പൊട്ടിത്തെറിച്ച നിമിഷത്തിന് ഒരു ദിവസം രാജ്യസഭ സാക്ഷിയായി. ജി-20 ഉച്ചകോടിക്കു മുമ്പുള്ള ഒരു വെള്ളിയാഴ്ച. പാര്‍ലമെന്ററി ഉത്തരവാദിത്വത്തില്‍ പ്രധാനമന്ത്രി പൂര്‍ണ്ണമായും പരാജയമാണെന്നും മറ്റും പ്രതിപക്ഷം കുത്തി നോവിച്ചപ്പോള്‍ മന്‍മോഹന്‍ സിങ് എഴുന്നേറ്റു. ‘പ്രതിപക്ഷത്തിലെ ചില അംഗങ്ങള്‍ എന്തു വിചാരിച്ചാലും ശരി, ജി-20 കൗണ്‍സിലില്‍ ആദരണീയമായ ചില പദവികള്‍ വഹിക്കുന്നയാളാണ് ഞാന്‍’ പുറംലോകത്തും തന്റെയും താന്‍ ഭരിക്കുന്ന ഇന്ത്യയുടെയും അംഗീകാരം വ്യക്തമാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന – പ്രത്യേകിച്ചും വെള്ളക്കാരന്‍റെ പാശ്ചാത്യ രാജ്യങ്ങളില്‍. വിദേശികളുമായി കൂടിക്കാഴ്ചകള്‍ക്ക് താല്‍പര്യം കാണിക്കുകയും അമേരിക്കയിലും ബ്രിട്ടനിലും വിസയ്ക്ക് ശ്രമിക്കുകയും ബരാക് ഒബാമയുടെ മുദ്രാവാക്യം കട്ടെടുക്കുകയുമൊക്കെ ചെയ്യുന്ന നരേന്ദ്ര മോദിയേക്കാള്‍ വെള്ളക്കാരന്റെ ബാധ കയറിയ ഏറ്റവും മികച്ച ഇന്ത്യന്‍ പ്രതിരൂപമാണ് പ്രധാനമന്ത്രി.
 
അദ്ദേഹത്തിന്റെ പാശ്ചാത്യവിധേയത്വം ഒരു രഹസ്യമല്ല. പ്രധാനമന്ത്രിയായ ശേഷം 2005 ജൂലായില്‍ അദ്ദേഹത്തിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥവൃന്ദത്തിലുണ്ടായിരുന്ന ഒട്ടേറെ പേര്‍ ഇത്തരമൊരു വിശ്വാസം / വിധേയത്വം പ്രത്യേകം നിരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായുള്ള കൂടിക്കാഴ്ച ഒരു പക്ഷെ, ബൗദ്ധികമായി ഒന്നുമല്ലായിരിക്കാം. പക്ഷെ, മന്‍മോഹന്‍ സിങ്ങിന് ബുഷ് നല്‍കിയ പ്രത്യേക പരിഗണന തീര്‍ച്ചയായും ഒരു മാന്ത്രിക സാമീപ്യമായിരുന്നു. വെള്ളക്കാരന്റെ ലോകത്തേയ്ക്ക് കുടിയേറാന്‍ ആഗ്രഹിച്ച ഒരു പഞ്ചാബുകാരന്, പാശ്ചാത്യവിദ്യാഭ്യാസത്തില്‍ വളര്‍ന്ന സിങ്ങിന്, വെള്ളക്കാരന്റെ അഭിനന്ദനം ഒരു ദൗര്‍ബല്യമായിരിക്കാം. എന്നാല്‍, വലതുപക്ഷ ഹിന്ദു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദിക്ക് എന്തിനാണ് പാശ്ചാത്യ അംഗീകാരം നേടിയെടുക്കാനുള്ള ഈ ദാഹം? ഇത്തരം വിധേയത്വത്തെക്കുറിച്ച് ആരും ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ല. 
 
 
 
ഒട്ടേറെ ഏകാധിപതികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു പരിചയമുള്ള ആപ്‌കോ വേള്‍ഡ് വൈഡ് എന്ന അമേരിക്കന്‍ സംഘടനയെയാണ്, ഗുജറാത്ത് കലാപത്തെ തുടര്‍ന്നുള്ള തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മോദി ചുമതലപ്പെടുത്തിയത്. ഈ പബ്ലിക് റിലേഷന്‍സ് ഏജന്‍സി അതിനു കാര്യമായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മോദിക്ക് ആദരം നല്‍കാന്‍ ചില പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരെ വ്യാജമായി കെട്ടിയിറക്കുക വരെ ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനേക്കാള്‍, ആരെയും കബളിപ്പിക്കാന്‍ മിടുക്കുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാനായിരുന്നു മോദിയുടെ തിടുക്കം. കരണ്‍ ഥാപ്പറിന്റെ ഷോയില്‍ നിന്ന് മോഡി നാടകീമായി ഇറങ്ങിപ്പോയത് നമ്മുടെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞിട്ടില്ല.
 
തൊലി വെളുപ്പുള്ള വിദേശ പ്രതിനിധികള്‍ നിരന്തരം മോദിയെ കാണുകയും അദ്ദേഹമൊത്തുള്ള ചിത്രം പൊതുജനങ്ങള്‍ക്കു മുമ്പാകെ പരസ്യപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും മോദിക്കു വിസ കിട്ടാന്‍ വേണ്ടിയാണ് നമോ ഭക്തരുടെ തീവ്രശ്രമം. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഹൈദ്രാബാദില്‍ വച്ച്, കൂര്‍മ്മബുദ്ധിയായ മോദി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ അനുകരിക്കുക പോലുമുണ്ടായി. ‘നമുക്കു സാധിക്കും’ എന്ന ഒബാമയുടെ വാക്കുകള്‍ക്ക് സമാനമായി, ഇന്ത്യയെ കോണ്‍ഗ്രസ്സില്‍ നിന്നു രക്ഷിക്കുകയെന്ന ആഹ്വാനത്തിനൊപ്പം മോഡി സമര്‍ഥമായി ഉപയോഗിച്ചു. പാശ്ചാത്യനാടുകളില്‍ അംഗീകാരം നേടാനുള്ള മോദിയുടെ ശ്രമം വലതുപക്ഷത്തെ ഒറ്റപ്പെട്ട ഒന്നായി കരുതാനാവില്ല. ആര്‍.എസ്.എസ്, അതിന്റെ പ്രത്യയശാസ്ത്രത്തിന് പടിഞ്ഞാറന്‍ സ്വീകാര്യതയ്ക്കു ശ്രമിക്കുന്നതും രഹസ്യമല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രത്യേകം കെട്ടിച്ചമച്ച പുസ്തകങ്ങളിലൂടെയും അക്കാദമിക പഠനങ്ങളിലൂടെയും ഇതിനു നിരന്തരമായി ശ്രമിച്ചു വരുന്നു. 
 
വെള്ളത്തൊലിയോടുള്ള വിധേയത്വം രാഷ്ട്രീയക്കാര്‍ക്കോ വലതുപക്ഷ ചിന്തകര്‍ക്കോ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതൊരു ദേശീയ പ്രതിഭാസമാണ്. ഇല്ലെങ്കില്‍ എന്തിനാണ് യൂറോപ്പിലും അമേരിക്കയിലും ആസ്‌ത്രേലിയയിലും സാധാരണ കോഴ്‌സുകള്‍ ചെയ്യാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ ഇത്രയേറെ പണം മുടക്കുന്നത്? അത്തരം കോഴ്‌സുകളെല്ലാം കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ തന്നെ ചെയ്യാന്‍ അവസരങ്ങളുണ്ട്. ഒരു പരിചയമില്ലാത്ത നാട്ടില്‍, കടുത്ത കാലാവസ്ഥയുള്ള പാശ്ചാത്യരാജ്യത്ത് കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കാന്‍ ഇന്ത്യക്കാരന്‍ കുടിയേറ്റം നടത്തുന്നു. ഇന്ത്യയില്‍ സുഖമായി ജീവിക്കാന്‍ ഇതേ അധ്വാനം മതി. ഇത്തരം ആര്‍ത്തികള്‍ക്കൊന്നും ഒരു അവസാനമില്ലേ? 
 
 
ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ സംഭാവനയാണ് നമ്മുടെ ഈ വിധേയത്വം. 1600-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ചായ കുടിക്കുന്നതില്‍, ക്രിക്കറ്റ് കളിക്കുന്നതില്‍, ഇംഗ്ലീഷ് സംസാരിക്കുന്നതില്‍, ജിന്‍ കഴിക്കുന്നതില്‍, വെളുത്ത നിറമാവാന്‍ ആഗ്രഹിക്കുന്നതില്‍… ഇങ്ങനെ മിക്കതിലും വെള്ളക്കാരോടു സമാനപ്പെടാനുള്ള സ്വഭാവങ്ങള്‍ നമ്മുടെ ജനിതകത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. നമ്മുടെ രാജ്യത്തുണ്ടായിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നാണ് ഇതു തുടങ്ങുന്നത്. പുതിയ നീതിസംവിധാനം, ഭരണനിര്‍വ്വഹണം, ജനാധിപത്യം ഇങ്ങനെ പലതു കൊണ്ടും ഒരുപക്ഷെ, ബ്രിട്ടീഷ് ഭരണം മികച്ചതായിരുന്നിരിക്കാം. എന്നാല്‍, അതിഭീകരമാണ് കോളനിവാഴ്ച സൃഷ്ടി ദുരന്തം. പട്ടിണി മൂലം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞു. സ്വന്തം മണ്ണില്‍ രണ്ടാം പൗരനായി ജീവിക്കേണ്ടി വന്ന ഇന്ത്യക്കാരന്റെ അപമാനവും മറക്കാനാവില്ല. 1700-ല്‍ ലോകമൂലധനത്തില്‍ ഇന്ത്യയുടെ സംഭാവന 22.6 ശതമാനമായിരുന്നു. യൂറോപ്പിനോടു തുല്യപ്പെടുത്താവുന്ന ധനികരാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍, സ്വാതന്ത്ര്യലബ്ധിക്കു ശേഷം വെറും 3.8 ശതമാനമായിരുന്നു ലോകമൂലധനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം. വ്യക്തിഗത വരുമാനത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മുദ്ര കുത്തപ്പെട്ടു. വെള്ളക്കാരന്റെ കൊള്ള എത്രമാത്രമെന്ന് ഈ കണക്കുകള്‍ മാത്രം പറഞ്ഞു തരുന്നു. 
 
സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. വെളുത്തവരോടുള്ള വിധേയത്വമാണ് ഈ വസ്തുക്കളോടുള്ള അഭിനിവേശത്തിനു പിന്നില്‍. ഫെയര്‍ ആന്റ് ലവ്‌ലി തേയ്ക്കുന്നവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെ പുരുഷന്മാരും സ്ത്രീകളുമല്ലേ? വെളുത്തു സുന്ദരനാവുക, അല്ലെങ്കില്‍ സുന്ദരിയാവുക എന്നത് നമ്മുടെയെല്ലാം ഒരു സ്വകാര്യ ആഗ്രഹമല്ലേ? കോളനിവല്‍ക്കരണത്തിന്റെ സ്വാധീനം, ഫ്യൂഡല്‍ സമൂഹത്തിന്റെ അവശേഷിപ്പ്, യഥാര്‍ഥ ജനാധിപത്യവാദിയാവാനുള്ള കഴിവില്ലായ്മ… ഇതൊക്കെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നു. ഈ ഫ്യൂഡല്‍ യാഥാര്‍ഥ്യം നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലുമൊക്കെ കാണുന്നുണ്ട്. ചില രാഷ്ട്രീയ കുടുംബങ്ങളില്‍ ജനിച്ചതിനാല്‍ മാത്രം ചില നേതാക്കള്‍ ഉയര്‍ന്നു വരുന്നു. അവര്‍ നമ്മുടെ നേതാക്കളായതിന് മറ്റൊരു കാരണവുമില്ല. ഇത്തരം നേതാക്കള്‍ ഏറെ അഹംഭാവികളാണെന്നും കാണാം. കേന്ദ്രമന്ത്രിസഭയിലെ ഒരു യുവനേതാവിന് ‘മഹാരാജ്’ എന്ന വിളിപ്പേരാണ് കൂടുതല്‍ ഇഷ്ടം.
 
ജനാധിപത്യരീതിയില്‍ അഭിമാനത്തിന്റെ നല്ല ജീവിതപാഠങ്ങള്‍ പഠിക്കാന്‍ നമുക്കു സമയമായിരിക്കുന്നു. നമ്മുടെ സാമൂഹ്യസംവിധാനത്തിലെ ഗുണസവിശേഷതകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. അതു നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സമയമായി. എങ്കില്‍ ഇപ്പോഴുള്ള പടിഞ്ഞാറന്‍ വിധേയത്വം തുടച്ചു നീക്കപ്പെടും. വെള്ളത്തൊലിയോടുള്ള വിധേയത്വം മാറേണ്ടത് ആദ്യം നമ്മുടെ മനസ്സുകളിലാണ്!
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍