UPDATES

വിദേശം

വഖാന്‍ : അഫ്ഘാനിസ്ഥാനില്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ട്

കെവിന്‍ സീഫ്
(ദി വാഷിംഗ്ടണ്‍ പോസ്റ്റ്)

 

അഫ്ഘാനിസ്ഥാനിലെ വഖാന്‍ ഇടനാഴിയില്‍, രാജ്യത്തെ ഏറ്റവും വിദൂര പ്രദേശത്ത് – സര്‍ക്കാരില്ല, താലിബാനില്ല; കുടിവെള്ളക്കുഴലുകള്‍, ടാറിട്ട പാതകള്‍, അച്ചടിച്ച കാശ്, വിദേശ സൈനികര്‍, ആരോഗ്യ കേന്ദ്രങ്ങള്‍ അങ്ങനെ ഒന്നുമില്ല – അഫ്ഘാനിസ്ഥാന്റെ മറുപുറത്തുനിന്നുള്ള വാര്‍ത്തകളെത്തിത്തുടങ്ങിയിരിക്കുന്നു.

 

കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി പാര്‍ലമെന്‍റ് സമ്മേളനങ്ങളുടെയും, തീവ്രവാദി ആക്രമണങ്ങളുടെയും, രാജ്യത്തെ പ്രസിഡണ്ടിന്റെയുമൊക്കെ ചിത്രങ്ങള്‍ ഉപഗ്രഹ സംപ്രേഷണംവഴി ഇവിടെയെത്തി. ഒരു പാശ്ചാത്യ സന്നദ്ധസംഘടന വിമാനമിറങ്ങാന്‍ ഒരു താത്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. നാട്ടുകാര്‍ ആദ്യമായി വിമാനം കാണുന്നത്  അപ്പോളാണ്. കാബൂളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വിദ്യാലയങ്ങളുടെയും, ആരോഗ്യകേന്ദ്രങ്ങളുടെയും നിറമുള്ള കഥകള്‍ പറയും. കച്ചവടക്കാര്‍ സെല്‍ഫോണുകള്‍ കൊണ്ടുവരും, പക്ഷേ വിളിക്കാന്‍ പറ്റില്ല; നൂറുകണക്കിനു കിലോമീറ്റര്‍ ദൂരത്തേക്ക് ‘റെയ്ഞ്ചില്ല’.

 

താജിക്കിസ്ഥാനും, പാകിസ്താനും, ചൈനക്കും ഇടയിലുള്ള ഈ ഒറ്റപ്പെട്ട ഒരു തുണ്ട് കഷ്ണത്തില്‍ 1,100 കിര്‍ഗിസ് വംശക്കാരാണ് കഴിയുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച സംഘര്‍ഷങ്ങളില്‍നിന്നും ഇവര്‍ മുക്തരാണ്. പക്ഷേ, അതോടൊപ്പം ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നിലേക്ക് ഒഴുകിയെത്തിയ വിദേശ സഹായത്തിന്റെ കുത്തൊഴുക്കും ഇവരെ വഴിമാറിപ്പോയി.

ഇപ്പോള്‍ അഫ്ഘാനിസ്ഥാനിലെ ഏറ്റവും ദരിദ്രരായ ഈ ന്യൂനപക്ഷത്തിന്  നിര്‍ണ്ണായകമായ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്; തങ്ങളുടെ അധിവാസപ്രദേശമുപേക്ഷിച്ച് അഫ്ഘാനിസ്ഥാന്റെ മറുവിശാലതയിലേക്ക്, അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും പോകാന്‍ സമയമായോ?

 

ശതകോടികളുടെ അന്താരാഷ്ട്ര ധനസഹായമുപയോഗിച്ച്  വൈവിധ്യമാര്‍ന്ന ഗോത്ര, വംശങ്ങളെ ഒരു കുടക്കീഴിലാക്കി അഫ്ഘാനിസ്ഥാന്‍ എന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുമ്പോളും പ്രാദേശികക്കൂറിന്റെ നാട്ടുവട്ടത്തില്‍ കഴിയുന്ന അനേകം പ്രദേശങ്ങളിലൊന്നാണ് വഖാന്‍. പണവും, അധികാരവുമുള്ള ഒരു വിദേശരാഷ്ട്രമാണ് ഇവര്‍ക്ക് കാബൂള്‍. ഇടനാഴിയുടെ കൂറ്റന്‍ മലകള്‍ക്കപ്പുറമിരുന്ന് അവരെ സ്പര്‍ശിക്കാത്ത നയങ്ങള്‍ മെനയുന്ന ഒരു അപരിചിത സമ്പ്രദായമാണ് കേന്ദ്രസര്‍ക്കാര്‍.

 

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ താത്ക്കാലികനേട്ടങ്ങള്‍ ഉണ്ടാക്കിയ സാങ്കേതികവിദ്യ മുന്നേറ്റങ്ങള്‍ കിര്‍ഗിസിന്റെ പരിതാപകരമായ സങ്കടങ്ങള്‍ വെളിച്ചതുകൊണ്ടുവരുന്നു. “ഇവിടെ ഞങ്ങള്‍ക്കൊന്നുമില്ല,”22-കാരനായ ഇബ്രാഹിം പറഞ്ഞു. “ലോകം ഞങ്ങളെ ഇട്ടിട്ടുപോയി.”

 

സങ്കടങ്ങള്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ഇവിടെ ജനിക്കുന്ന രണ്ടു കുഞ്ഞുങ്ങളില്‍ ഒരാള്‍ 5 വയസ്സു തികയുന്നതിനുമുമ്പ് മരിക്കുന്നു, ലോകത്തെതന്നെ ഏറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക്. ഒരു വിദ്യാലയത്തിലെത്തണമെങ്കില്‍ മിക്കവര്‍ക്കും നടന്നും കഴുതപ്പുറത്തുമായി 12 മണിക്കൂറെങ്കിലും യാത്രചെയ്യേണ്ട ഗതികേട്.

 

ഋതുഭേദങ്ങളറിയാതെ വീശിയടിക്കുന്ന മഞ്ഞുകാറ്റും, അസ്ഥിതുളക്കുന്ന തണുപ്പും. ഒരിത്തിരി ചൂടിന് യാകിന്റെ ചാണകം കത്തിക്കണം. കാബൂളിലേക്ക് 250 മൈല്‍ മാത്രമേയുള്ളൂ ദൂരം, പക്ഷേ താണ്ടിയെത്താന്‍ 10 ദിവസമെങ്കിലുമെടുക്കും. യാകിന്റെ പുറത്തും, കാല്‍നടയായും, പിന്നെ കുറെ കാറിലും. കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഇവിടെ ബാലറ്റ് കടലാസ് എത്തിയതേയില്ല.

 

ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ പര്‍വ്വതനിരകള്‍ക്കിടയില്‍ പതുങ്ങിക്കിടക്കുന്നൊരു ഇടുങ്ങി ചിതറിയ പുല്‍മേടാണ് വഖാന്‍ ഇടനാഴി. കിര്‍ഗീസുകള്‍ അതിനെ ബാം-ഇ-ദുനിയ എന്നാണ് വിളിക്കുന്നത്; ‘ലോകത്തിന്റെ മേല്‍ക്കൂര’. നിര്‍ദയമായ ഈ കാലാവസ്ഥയില്‍ കിളികളും മരങ്ങളും വിരളമാണ്.

 

ഭൂപടത്തില്‍ ഇത് ചൈനയിലേക്ക് തള്ളിനില്‍ക്കുന്ന ഒരു ചെറിയ ശിഖരം പോലെയാണ്. ഭൂമിയുടെ ഒരു കൈത്തെറ്റുപോലെ. 19-ആം നൂറ്റാണ്ടിന്റെ പകുതിയില്‍ ബ്രിട്ടീഷ്, റഷ്യന്‍ സാമ്രാജ്യങ്ങള്‍ സ്വാധീനമേഖലകള്‍ക്കായുള്ള യുദ്ധത്തില്‍ ഒരു സുരക്ഷിത മേഖലയാക്കിയിരുന്നതുകൊണ്ട് മാത്രമാണു ഈ പ്രദേശം അഫ്ഘാനിസ്ഥാനില്‍ പെട്ടത്.

 

ആട്ടിന്‍പറ്റങ്ങളും, കന്നുകാലിക്കൂട്ടങ്ങളുമായി അറിയാത്ത അതിരുകള്‍ കടന്ന് നൂറ്റാണ്ടുകളോളം മദ്ധ്യേഷ്യയില്‍ ചുറ്റിസഞ്ചരിച്ച ആണുങ്ങളുടെയും, പെണ്ണുങ്ങളുടെയും പിന്മുറക്കാരാണ് ഇബ്രാഹിമും മറ്റ് കീര്‍ഗീസുകളും. എന്നാല്‍ 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തോടെ രാഷ്ട്രങ്ങള്‍ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കീര്‍ഗീസുകള്‍ അഫ്ഘാനിസ്ഥാനില്‍ കുടുങ്ങിപ്പോയി. അങ്ങനെ അറിയാതെ, ആകസ്മികമായി അവര്‍ അഫ്ഘാന്‍  പൌരന്മാരായി.


                                                                                                                               @Mustafa Kia

അതിനുശേഷം ഏറെയൊന്നും മാറിയിട്ടില്ല. 1980-കളില്‍ സോവിയറ്റ് യൂണിയന്റെ അഫ്ഘാന്‍ അധിനിവേശക്കാലത്ത് അവര്‍ വഖാനില്‍ ഒരു മണ്‍പാത പണിതു. പക്ഷേ അത്, കിര്‍ഗിസ് സമൂഹത്തിന്റെ ഹൃദയമായ ലിറ്റില്‍ പാമീറിന് ഒരു 100 മൈല്‍ അകലെ തീരുന്നു.

 

തലമുറകളായി ഈ പാതയൊന്നു നീട്ടിക്കിട്ടാന്‍ കീര്‍ഗീസുകള്‍ മുറവിളി കൂട്ടുന്നു. പക്ഷേ, ഈ വംശക്കാരുടെ എണ്ണക്കുറവും, രാഷ്ട്രീയ സ്വാധീനമില്ലായ്മയും മൂലം അതിനൊന്നും ഇതുവരെ ഫലമുണ്ടായിട്ടില്ല. 15,000 അടി ഉയരമുള്ള മലകള്‍ താണ്ടുക എന്നുപറഞ്ഞാല്‍ അതൊരു ജന്മത്തിന്റെ അധ്വാനമാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ആ പാത ഒരിയ്ക്കലും ഇവിടേക്കെത്തില്ലെന്ന അറിവിനോടു മിക്കവരും പൊരുത്തപ്പെട്ടിരിക്കുന്നു. ആശുപത്രികളും, വിദ്യാലയങ്ങളും ഒരു വിദൂരമോഹമാണെന്ന അറിവിനോടും.

 

എന്നാല്‍ മിക്ക കീര്‍ഗീസ് വംശക്കാര്‍ക്കും അറിയാവുന്ന ഒരു വൈരുദ്ധ്യമെന്താണെന്നുവെച്ചാല്‍ ഇതിലേറെ ചെലവേറിയ റോഡുകള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ അഫ്ഘാനിസ്ഥാനിലെമ്പാടും പണിതിട്ടുണ്ടെന്നാണ്. പലതും സുരക്ഷാ മെച്ചപ്പെടുത്താനായി പാശ്ചാത്യ സര്‍ക്കാരുകള്‍ നിര്‍മ്മിച്ചുനല്‍കിയതാണ്. വാണിജ്യവും, വിദ്യാഭ്യാസവും മെച്ചപ്പെടുത്തി താലിബാന്റെ ശക്തി കുറക്കുക എന്ന ലക്ഷ്യത്തോടെ ദശലക്ഷക്കണക്കിന് ഡോളറാണ് അടിസ്ഥാനസൌകര്യവികസനത്തിനായി അമേരിക്ക അഫ്ഘാനിസ്ഥാന്റെ തെക്കും, കിഴക്കും മേഖലകളില്‍ ഒഴുക്കിയത്.

 

പക്ഷേ വഖാനില്‍ ഇന്നുവരെ ഒരു കലാപവും ഉണ്ടായിട്ടില്ല. സോവിയറ്റ് സൈന്യം നിരവധി താവളങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ ഒരെതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. താലിബാനും, വടക്കന്‍ സഖ്യവും ഇവിടെ പ്രത്യക്ഷപ്പെട്ടതുമില്ല.

 

അഫ്ഘാനിസ്ഥാന്റെ മൂന്നു പതിറ്റാണ്ടു നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാതെ അരികുകളില്‍ മാറിനിന്ന ഇങ്ങനെ ഒരു ചെറിയ ജനസമൂഹമേ ഉള്ളൂ. കീര്‍ഗീസുകള്‍ക്ക് പണം നല്കാന്‍ 2008-ല്‍ അമേരിക്കന്‍ സേന ആലോചിച്ചെങ്കിലും പിന്നീടത് നടന്നില്ല. പാശ്ചാത്യരോ, അഫ്ഘാന്‍കാരോ ആയ ഏതെങ്കിലും തരത്തിലുള്ള അധികൃതര്‍, കാബൂളില്‍നിന്നും ഇവിടെ  വന്നതായി കീര്‍ഗീസുകളുടെ ഓര്‍മ്മയിലേ ഇല്ല.

 

ഈ മാസം വഖാന്‍ ഇടനാഴിയിലൂടെ യാക്കുകളെയും കുതിരകളെയും കൊണ്ടുനടക്കുമ്പോള്‍ ഇബ്രാഹിമും, കൂട്ടുകാരായ സുലാബിലിദാദും, അസദുള്ളയും ആലോചിച്ചത് ഇതിനെക്കുറിച്ചാണ്; തങ്ങളുടെ ജന്‍മനാട്  വിട്ടുപോകേണ്ടിവരുമോ? അപൂര്‍വ്വമായെത്തുന്ന സന്ദര്‍ശകര്‍ക്കായി സാധനങ്ങള്‍ എത്തിക്കുന്നവര്‍, മാര്‍കോ പോളോ 1271-ല്‍ കയറിയിറങ്ങിയ അതേ മലനിരകളിലൂടെ പ്രയാണം തുടരുകയാണ്. അവരാരും ഇന്നുവരെ ഒരു വിദ്യാലയത്തിന്റെ പടി കണ്ടിട്ടില്ല. അതിനവിടെയെങ്ങും ഒരു വിദ്യാലയവും ഇല്ലതാനും.

 

വഖാനെ ലോകവുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പാത പണിയുന്നതിനായി താന്‍ 4 വര്‍ഷംകൂടി കാത്തിരിക്കുമെന്ന് ഇബ്രാഹിം പറയുന്നു. സുലാബിലിദാദ് 3 വര്‍ഷവും അസദുള്ള 2 വര്‍ഷവും പരിധി വെച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് ആര്‍ക്കും ഒരു പ്രതീക്ഷയുമില്ലെന്നാണ് വാസ്തവം. പ്രതീക്ഷ നിറവേറിയില്ലെങ്കില്‍ കിര്‍ഗിസ്ഥാനിലേക്ക് പോകുമെന്നാണ് അവര്‍ പറയുന്നത്. അവിടെ ഇവരുടെ ഗോത്രം വര്‍ഷങ്ങള്‍ക്കുമുമ്പേ കുടിയേറിയിട്ടുണ്ട്. മാത്രമല്ല ഇവരെ തിരിച്ചുകൊണ്ടുവരാനും അവര്‍ ഒരുക്കമാണ്. അല്ലെങ്കില്‍ വൈദ്യുതിയും, വിദ്യാലയവും,സെല്‍ഫോണ്‍ ബന്ധവും ഉള്ള ഒരു അഫ്ഘാന്‍ ഗ്രാമം അവര്‍ തെരഞ്ഞെടുക്കും. അതുമല്ലെങ്കില്‍ തുര്‍ക്കിയിലുള്ള തങ്ങളുടെ ആദിബന്ധുക്കളുടെ അടുത്തേക്ക് പോകാനും ശ്രമിക്കാം.


                                                                                                                            @Mustafa Kia

അവര്‍ ഇതിനകം ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞു: പഠനം കഴിഞ്ഞാല്‍ ഇബ്രാഹിം ഒരു ഡോക്ടറാകും. സുലാബിലിദാദും, അസദുള്ളയും അദ്ധ്യാപകരാവാനാണ് ആഗ്രഹിക്കുന്നത്.

 

തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവര്‍ മുഴുകവേ ഒരു സംഘം പ്രായമായ മനുഷ്യര്‍ കുതിരപ്പുറത്ത് കടന്നുപോയി. 30 വര്‍ഷം മുമ്പ്  തുര്‍ക്കിയിലേക്ക് പോയ കീര്‍ഗീസുകളാണവര്‍. അന്നാണ് ഇതിനുമുമ്പ് അവസാനമായി വഖാനിലെ ഏകാന്തവും, ദുര്‍ഘടവുമായ അധിവാസമുപേക്ഷിച്ച് പലായനം ചെയ്യാന്‍ ഒരു തലമുറ തീരുമാനിച്ചത്. അവരെല്ലാം ഇന്ന് സൌകര്യപ്രദമായ വീടുകളില്‍ താമസിക്കുന്നു. തരക്കേടില്ലാത്ത ജോലികളുമുണ്ട്. ബന്ധുക്കളെ കാണാനാണ് ഇവിടെ വന്നത്; അഫ്ഘാനിസ്ഥാന്‍ വിട്ടുപോരാന്‍ സമയമായെന്ന് വഖാനിലുള്ളവരെ വീണ്ടും ബോധ്യപ്പെടുത്താനും.

 

“അവര്‍ക്കതുകൊണ്ടു നല്ലതേ വരൂ. ഇവിടെനിന്നിട്ട് ഒരു കാര്യവുമില്ല,”സന്ദര്‍ശനത്തിനെത്തിയ 55കാരനായ മൊഹമ്മദ് ആരിഫ് പറഞ്ഞു.

 

കീര്‍ഗീസുകളുടെ ഒരു നേതാവായിരുന്ന ആരിഫിന്റെ അച്ഛന്‍ റഹ്മാന്‍ കുല്‍ ഏതാണ്ട് ആയിരത്തോളം പേരെ 1980-കളില്‍ തന്നോടൊപ്പം തുര്‍ക്കിയിലേക്ക്  പോരാന്‍ പ്രേരിപ്പിച്ചിരുന്നു. അവരൊക്കെ, അന്ന് കുടിയേറിയ വാന്‍ നഗരത്തിലെ മധ്യവര്‍ഗ ജീവിതത്തിലാണ് ഇന്ന് കഴിയുന്നത്. പക്ഷേ, നാടുവിട്ടുപോകാന്‍ വഖാനിലെ എല്ലാവര്‍ക്കും ഇഷ്ടമല്ല. അവരിവിടുത്തെ ജീവിതവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ കൂടാരങ്ങളില്‍ അവര്‍ക്ക് ചൂടുണ്ട്. യാക്കുകള്‍ പാല് നല്കും. കഴുതകള്‍ സാധനങ്ങളും പേറി ആ ഒഴിഞ്ഞ വിശാലതയിലൂടെ നടന്നുകൊള്ളും. പോരാതെ അവര്‍ താമസിക്കുന്നത് അഫ്ഘാനിസ്ഥാനിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ്. ലിറ്റില്‍ പാമീറില്‍ കണ്ട അപൂര്‍വ്വം തോക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു കൂടാരത്തിന് താങ്ങായിട്ടാണ്. പോലീസുകാരെക്കാള്‍ കൂടുതല്‍ കാണുക വനംനോട്ടക്കാരെയാണ്. “കാബൂളില്‍ ചാവേറാക്രമണങ്ങള്‍ നടക്കുന്നെന്നും ആളുകള്‍ മരിക്കുന്നെന്നും കേള്‍ക്കുന്നുണ്ട്.” കീര്‍ഗീസുകളുടെ ഒരു നേതാവായ ഏര്‍ അലി ബായ് പറഞ്ഞു. “ദൈവം ഞങ്ങളോട് കരുണ കാണിക്കട്ടെ.”

 

പക്ഷേ കൂട്ടപ്പലായനത്തോടുള്ള കാലങ്ങളായുള്ള എതിര്‍പ്പ് ശോഷിച്ചുവരികയാണ്. നില്‍ക്കണോ പോകണോ എന്നാലോചിക്കവേതന്നെ പരിചിത ദുരന്തങ്ങള്‍ കീര്‍ഗീസുകളെ വിട്ടൊഴിയുന്നില്ല. ഇബ്രാഹിമിന്റെ ഏകമകള്‍ കഴിഞ്ഞ വര്‍ഷം പനി വന്നു മരിച്ചു. അസദുള്ളയുടെ രണ്ടു മക്കള്‍ ചെറിയ രോഗങ്ങള്‍ പിടിപെട്ടു മരിച്ചുപോയി. മരുന്നൊന്നും കിട്ടാത്തതിനാല്‍ കുട്ടികളുടേതടക്കം എല്ലാ രോഗങ്ങള്‍ക്കും കഞ്ചാവുപയോഗിച്ചാണ് ചികിത്സ. വഖാന്‍ വഴി കുതിരപ്പുറത്ത് കടന്നുപോകുന്ന കച്ചവടക്കാരാണ് അതെത്തിച്ചുകൊടുക്കുക. കഞ്ചാവിന്റെ അമിതോപയോഗം കൂടിവരികയാണ്.

 

അബ്ദുള്‍ സമദ് കഞ്ചാവെടുത്ത് കത്തിച്ച്  ആഞ്ഞുവലിച്ചു. കുറച്ചു കഞ്ചാവിന് അയാള്‍ നല്കിയ വില ഒരു ആടാണ്. “ഈ ആസക്തി ഞങ്ങളെ ദരിദ്രരാക്കുകയാണ്”, സമദ് പറയുന്നു. കാലുവേദന മാറാനാണ് താനിത് വലിക്കുന്നതെന്നാണ് സമദ് അവര്‍ത്തിച്ചത്.

 

അടുത്തുള്ളോരു കുടിയിരുപ്പില്‍ 70-കാരനായ അബ്ദുള്‍ റസൂല്‍ ചുമരിലേക്ക് ചാഞ്ഞിരുന്നു. ‘എനിക്കു മരിച്ചാല്‍ മതി.”

 

കീര്‍ഗീസുകളുടെ വേരുകള്‍ പറിക്കണോ എന്നു നിശ്ചയിക്കേണ്ടത് ഇബ്രാഹിമിനെപ്പോലുള്ള ചെറുപ്പക്കാരാണ്. തനിക്ക് പ്രായമാകുമ്പോളും തങ്ങളും രാജ്യത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം ഇതുപോലിരിക്കും എന്ന് ഇബ്രാഹിമിനറിയാം. വഖാനിലേക്കുള്ള വഴി ഒരിയ്ക്കലും പണിയില്ല എന്നയാള്‍ പറഞ്ഞു. അയാളെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ തക്ക ഒന്നും ഇവിടില്ല. അയാളുടെ പൂര്‍വ്വസൂരികളെ പിടിച്ചുനിര്‍ത്തിയ ആ ഉള്ളിന്റെ തള്ളലൊഴികെ ഒന്നും.

 

“പക്ഷേ ഞങ്ങള്‍ അവരെപ്പോലല്ല,” ഇബ്രാഹിം പറഞ്ഞു. “ ഞങ്ങള്‍ക്കിവിടെ മടുത്തു.”

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍