UPDATES

ഓഫ് ബീറ്റ്

പ്രമോദ് ബാബു അഥവാ പ്രിന്‍സ് എന്ന ഞാന്‍

“കഠിനമായ വേദനയില്‍ നിന്നു തന്നെയാണ് കലയുണ്ടാവുന്നത്. ഒരു വശത്ത് വേദനയുണ്ടാവുമ്പോള്‍ ജീവിതത്തെ അറിയാനാവും. ബാലന്‍സ് ചെയ്യാന്‍ ചിത്രരചനയില്‍ ഞാന്‍ പിടിമുറുക്കി. ബാലന്‍സ് ചെയ്യാതിരിക്കാനാവില്ലല്ലോ”!
 
ഫോര്‍ട്ട് കൊച്ചിയിലെ ഗ്രീനിക്സ് വില്ലേജിലുള്ള ബുദ്ധ ആര്‍ട്ട് ഗാലറിയില്‍ ഈ മാസം 1 മുതല്‍ 14 വരെ പ്രിന്‍സിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രിന്‍സ് സ്വന്തം ജീവിതം ഇങ്ങനെ എഴുതുന്നു. 
 
 
കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്താണ് എന്റെ വീട്. ചിത്രം വരയ്ക്കുവാനുള്ള ആദ്യപ്രേരണകള്‍ സ്വാഭാവികമായും എന്റെ വീട്ടില്‍ നിന്നു തന്നെയായിരുന്നു. എന്റെ അച്ഛന് ബാബൂസ് പിക്‌ചേഴ്‌സ് എന്ന പേരില്‍ ശിവകാശിയില്‍ അച്ചടിച്ച ചിത്രങ്ങളുടെ വ്യാപാരമുണ്ടായിരുന്നു. ഇടത്തരം വീടിനുള്ളിലെ സംഭാഷണങ്ങള്‍, അച്ഛന്‍ പറഞ്ഞു തന്ന കഥകള്‍, കലിംഗയുദ്ധം, അശോക ചക്രവര്‍ത്തി, ഭഗവാന്‍ ബുദ്ധനെക്കുറിച്ചുള്ള കഥകള്‍, ഇവയൊക്കെ കുട്ടിയായിരുന്ന എന്റെ ഉള്ളില്‍ ഒരുപാട് ആഴങ്ങളുണ്ടാക്കിയിരുന്നു. കുടുംബത്തിലെ ഏറ്റവും അവസാനത്തെ സന്തതിയാണ് ഞാന്‍. ചേട്ടന്‍മാരെയോ ചേച്ചിയെയോ പോലെ സംസാരിക്കാന്‍ കഴിയാത്ത വിധം എനിക്ക് വിക്കുണ്ടായിരുന്നു. എന്റെ ഉള്ളില്‍ ഒരു പാട് കാര്യങ്ങള്‍ പൊന്തിവന്നത് ഞാന്‍ അറിഞ്ഞത് എനിക്ക് കലശലായി വിക്കുണ്ടായിരുന്ന കുട്ടിക്കാലത്തായിരുന്നു. ഞാന്‍ പറയുന്ന വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ഒരേ വാക്കു തന്നെ ആവര്‍ത്തിച്ച് പറയേണ്ടിവന്നത് എത്ര ദു:സ്സഹമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല. ആ നാളുകളില്‍ ഞാന്‍ തനിച്ച് വളരെ ദൂരം നടക്കാനാരംഭിച്ചു. ആറ്റുതീരത്തുകൂടെ മരങ്ങളെയും മനുഷ്യരെയും കണ്ട് ഒരു പാട് പാലങ്ങള്‍ കടന്നു. 
 
ശബ്ദതടസ്സത്തിന്റെ ക്ളേശത്തില്‍ നിന്നും മാറാന്‍ കഴിഞ്ഞത് ഒരിടവഴിപ്പോക്കന്‍ പറഞ്ഞുതന്ന ഒരുപായത്തിലൂടെയാണ്. അതാവട്ടെ വളരെ ലളിതവും: വീടിന്റെ മുറ്റത്ത് നിന്നും ഒരു ചെറിയ വെള്ളാരം കല്ലെടുത്ത് നേരം കിട്ടുമ്പോഴെല്ലാം നാവിനടിയില്‍ വയ്ക്കുക. ഞാനങ്ങനെ ചെയ്തു. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍; എന്റെ വിക്ക് മാറി; മറ്റാളുകളെ പോലെ ഞാന്‍ തടസ്സമില്ലാതെ സംസാരിക്കുവാന്‍ തുടങ്ങി. കൂടാതെ വീട്ടിലുണ്ടായിരുന്ന അമരമലയാളശബ്ദതാരാവലി എടുത്ത് അതിലെ സ്വരാര്‍ത്ഥങ്ങളെക്കുറിച്ച് പഠിച്ചു തുടങ്ങി.
 
സ്‌കൂളില്‍ ഞാന്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് പാഠപുസ്തകങ്ങളിലെ വിഷയങ്ങളെക്കാള്‍ ക്ളാസ് മുറിയിലെ കാഴ്ചകളുടെ ലോകത്തില്‍ തന്നെ മുഴുകിയിരുന്നപ്പോള്‍ ടീച്ചര്‍, ഒരു കന്യാസ്ത്രീയമ്മ, എന്നെ ഉച്ചത്തില്‍ ശകാരിച്ചു. ‘നീ പഠിച്ചില്ലെങ്കില്‍ ഭാവിയില്‍ ഒന്നുമാവില്ല’ എന്നായിരുന്നു അവരുടെ വഴക്ക്. ഇല്ല, ഞാനൊരു ചിത്രകാരനാവുമെന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞ് ഞാനിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞത് ഒരു വലിയ അഹങ്കാരമായി ടീച്ചറിന് തോന്നിയിട്ടുണ്ടാവുമോയെന്ന് ശങ്കിച്ച്, ബെല്ലടിച്ച് പുറത്തേയ്ക്കിറങ്ങി ഇടനാഴിയിലൂടെ ടീച്ചര്‍ കടന്നുപോകുമ്പോള്‍, പിന്നില്‍ നിന്നുമെത്തി ടീച്ചറിനെ തോണ്ടി വിളിച്ചിട്ട് ഞാന്‍ പറഞ്ഞു: ‘ടീച്ചര്‍, ചിത്രകാരനാവുമെന്ന് ഞാന്‍ പറഞ്ഞത് അഹങ്കാരമായി തോന്നിയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.’ അപ്പോള്‍ നീണ്ടു വളര്‍ന്നു കിടന്ന എന്റെ മുടിയില്‍ തലോടി ആദ്യമായി എന്നെ ചേര്‍ത്തുപിടിച്ച് ടീച്ചര്‍ പറഞ്ഞു: നീയൊരു ചിത്രകാരനാവും.’
 
 
സ്‌കൂളില്‍ വച്ചുതന്നെ നല്ല വായനയുണ്ടായിരുന്നതുകൊണ്ടും, നല്ല സുഹൃത്തുക്കളെ കിട്ടിയിരുന്നതുകൊണ്ടും, രാം കിങ്കര്‍ ബൈജിനെക്കുറിച്ചും ബിനോദ് ബിഹാരി മുഖര്‍ജിയെക്കുറിച്ചുമെല്ലാം കേട്ടിരുന്നു. പിന്നീട് ജെ.എന്‍.യുവില്‍ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഒരു സുഹൃത്തിന്റെ വാക്കില്‍ ഞാന്‍ പത്താം ക്ളാസ്സ് കഴിഞ്ഞയുടനെ ശാന്തിനികേതനിലേയ്ക്ക്, വെസ്റ്റ് ബംഗാളിലേയ്ക്ക് വണ്ടി കയറി. അന്ന് എന്റെ പ്രായത്തെയും അനുഭവക്കുറവിനെയും ഇളയ മകനെന്ന വാത്സല്യത്തെയും പ്രതി അച്ഛനുമമ്മയും കരഞ്ഞു. നീ ഒറ്റയ്ക്കാണോ പോകുന്നതെന്ന് ചോദിച്ചു. ‘അതേ, ഒറ്റയ്ക്കാണ്.’ പാവപ്പെട്ട എന്റെ അച്ഛനുമമ്മയ്ക്കും എന്റെ കൂടെ വരാനാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. തന്നെയുമല്ല, പലരുടെയും കയ്യില്‍ നിന്നു വാങ്ങിയ 450 രൂപയാണ് ആ യാത്രയ്ക്കു വേണ്ടി ഉണ്ടായിരുന്നത്. 300 രൂപയോളം ടിക്കറ്റ് ചാര്‍ജും.
 
ഹൗറ പോലെ വളരെ വലിയ ഒരു സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി ഞാന്‍ ‘ശാന്തിനികേതനെവിടെ’ എന്നന്വേഷിച്ചു. മറ്റൊരു ടിക്കറ്റു കൂടിയെടുത്ത് ബോല്‍പ്പൂരില്‍ ചെന്നിറങ്ങി. എല്ലാ നേരങ്ങളിലും മുന്നിലെ കാഴ്ചകളില്‍ ശ്രദ്ധിച്ച് ചിത്രം വരയ്ക്കുകയായിരുന്നതുകൊണ്ട് ഒരുപാട് കാഴ്ചകളുടെ തിരിച്ചറിവിലാണ് ഞാന്‍ ശാന്തിനികേതനിലെത്തിയത്. ആവശ്യത്തിന് പണമില്ലാതിരുന്നതുകൊണ്ട് ഒരാഴ്ച ഭക്ഷണം തന്നെ കഴിച്ചില്ല. ഡോര്‍മെട്രിയില്‍ 75 പൈസ നിരക്കില്‍ ഒരു കട്ടില്‍ വാറ്റകയ്ക്കു കിട്ടി.
 
പിന്നീട് അതേ ഡോര്‍മെട്രിയിലുണ്ടായിരുന്ന ഒരാള്‍ രാജേഷ് ഘോഷ്. വായിക്കുകയും പുറത്തിറങ്ങി ചിത്രം വരയ്ക്കുകയും ചെയ്യുന്ന ഈ ചിത്രകാരനെ പിന്തുടര്‍ന്ന് സ്വയം പരിചയപ്പെടുത്തി. ഭക്ഷണവും സൗഹൃദവും തന്നു. ഒന്നു രണ്ടാഴ്ച കഴിഞ്ഞ് തിരികെ പോരാന്‍ തുടങ്ങിയപ്പോള്‍ രാജേഷ് ഘോഷ് ചോദിച്ചു. ‘കൈയ്യില്‍ പണമുണ്ടോ?’ ‘ഇല്ല’. ‘പിന്നെയെങ്ങനെ പോവും?’ ‘ടിക്കറ്റില്ലാതെ പോവും.’ ‘പിടിച്ചാലോ?’ ‘പിടി കൊടുക്കില്ല.’ 
 
അങ്ങനെ ബോല്‍പ്പൂരിലൂടെ കേരളത്തിലേയ്ക്ക് പോകുന്ന ഒരു ട്രെയിനില്‍ ഏതോ ഒരു കംപാര്‍ട്ട്‌മെന്റില്‍ കയറി. ഹൗറയെത്തിയപ്പോള്‍ ബാഗുമെടുത്ത് ജനറല്‍ കംപാര്‍ട്ട്‌മെന്റിലേയ്‌ക്കോടി. എന്നാലത് അടച്ചുകിടക്കുകയായിരുന്നു. നിറയെ ലഗേജും ചാക്കുകെട്ടുകളും മറ്റും. ഞാന്‍ വാതിലില്‍ തട്ടി. ‘ദര്‍വാജാ ഖോലോ. മുഛെ ബഹുത് ദൂര്‍ ജാനാ ഹൈ.’ ഞാന്‍ വീണ്ടും വീന്‍ണ്ടും വിളിച്ചു. മുന്‍പ് നാട്ടില്‍ ഒരു കാര്‍ വര്‍ക്ക്‌ഷോപ്പില്‍ പണിയെടുത്തിരുന്ന നാരായണ്‍ എന്ന നേപ്പാളിയുമായി സംസാരിച്ച് സംസാരിച്ച് ഞാന്‍ ഹിന്ദി നന്നായി പഠിച്ചിരുന്നു. ആരോ ഒരാള്‍ വാതില്‍ തുറന്നു തന്നു. ഒരു ചാക്കുകെട്ടിലിരുന്ന് രാത്രി വണ്ടിയിലുറങ്ങുന്ന ഒരു യാത്രികന്റെ ചിത്രം വരച്ചുതുടങ്ങി. അപ്പോള്‍ ബര്‍ത്തിലിരിക്കുന്ന ഒരാള്‍ (ആ കംപാര്‍ട്ട്‌മെന്റ് നിരയെ നാട്ടിലേയ്ക്ക് മടങ്ങുന്ന പട്ടാളക്കാരായിരുന്നു.) ആ ചിത്രമൊന്ന് കാണിക്കാനാവശ്യപ്പെട്ടു. ഞാനത് ദൂരെ നിന്ന് കാണിച്ചപ്പോള്‍ അടുത്ത് കാണാന്‍ അയാള്‍ കൈ നീട്ടി. പിന്നെ അടുത്തിരിക്കുന്ന ആളുകളെയെല്ലാം അയാളത് കാണിച്ചു. അങ്ങനെ ബര്‍ത്തിലേയ്ക്ക് കയറിവരാന്‍ എന്നോട് പറഞ്ഞു. ‘കഴിയ്ക്കുവോ?’ ഒരു കുപ്പി റമ്മില്‍ നിന്നും പേപ്പര്‍ കപ്പിലൊഴിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. ‘അല്‍പം മാത്രം.’ അങ്ങനെ അവരോടൊപ്പമിരുന്നായി യാത്ര. ഇടയ്ക്കിടെ, ആരെങ്കിലും വന്നു കയറുമോയെന്ന് ശങ്കിച്ച്, ഓരോ സ്‌റ്റോപ്പിനും പുറത്തേയ്ക്കിറങ്ങി നോക്കി. ‘എന്താണ്? എന്തു പറ്റി?’ ഞാന്‍ പറഞ്ഞു: ‘എന്റെ കയ്യില്‍ ടിക്കറ്റില്ല.’
 
അവരെല്ലാം അമ്പരന്നു. ചെറിയ പയ്യന്‍. മീശ പോലും കിളുത്തിട്ടില്ല. ഇത്ര ദൂരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതെങ്ങനെ? ഞാന്‍ പറഞ്ഞു: ‘എന്റെ കയ്യില്‍ എല്ലാത്തിനുമാവശ്യമായ പണമുണ്ടായിരുന്നില്ല.’ അവര്‍ സമാധാനിപ്പിച്ചു: ‘സാരമില്ല, ഞങ്ങളുണ്ട്. നിങ്ങള്‍ക്കൊരാപത്തും വരാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം.’ വിശാലമായ ലോകം, അതിരുകളറിയാത്ത ഭൂമി. ട്രെയിന്‍ കൂവിപ്പാഞ്ഞു.
 
പിന്നീട് ഇത്തരം യാത്രകള്‍ വര്‍ഷങ്ങളോളം സംഭവിച്ചു. ഹിമാലയത്തിലെ ഒരു ഗ്രാമത്തില്‍, ഔറംഗബാദിനടുത്തുള്ള അജന്ത, എല്ലോറ ഗുഹകള്‍, ബോംബെയിലെ കടലിനു നടുക്കുള്ള എലിഫെന്റ ഗുഹകള്‍, ബിഹാറിലെ നളന്ദ സര്‍വ്വകലാശാല, നര്‍മ്മദയുടെ തീരത്തെ ജീവിതങ്ങള്‍ വരയ്ക്കാനിടയായ ഗുജറാത്തിലെ ഇരുട്ടും വെളിച്ചവും നിറഞ്ഞ കാഴ്ചകള്‍, ഗ്രെയിറ്റര്‍ നോയിഡയിലെ വിശാലമായ മൈതാനങ്ങളില്‍ കണ്ട രാജസ്ഥാനി ജിപ്‌സികളോടൊപ്പമുള്ള ജീവിതം, ഇവയൊക്കെ എന്റെ കണ്ണില്‍ നീറ്റലുകളും ഒരുപാട് ജീവിതങ്ങള്‍ നേരില്‍ അറിയുമ്പോള്‍ ഉണ്ടാവുന്ന അനിശ്ചിതമായ ഒരു നിസ്സഹായതയും നിറച്ചു.
 
കഠിനമായ വേദനയില്‍ നിന്നു തന്നെയാണ് കലയുണ്ടാവുന്നത്. ഒരു വശത്ത് വേദനയുണ്ടാവുമ്പോള്‍ ജീവിതത്തെ അറിയാനാവും. ബാലന്‍സ് ചെയ്യാന്‍ ചിത്രരചനയില്‍ ഞാന്‍ പിടിമുറുക്കി. ബാലന്‍സ് ചെയ്യാതിരിക്കാനാവില്ലല്ലോ!
 
രാംകിങ്കര്‍ ബൈജും ബിനോദ് ബിഹാരി മുഖര്‍ജിയും പോള്‍ ഗൊഗൈനും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്റെ നാട്ടിന്‍പുറത്തു കിട്ടിയ കൂട്ടുകാരോടും ഈ ചിത്രകാരന്‍ കണ്ട മനുഷ്യരോടത്രയുമുള്ള സ്‌നേഹവും കടപ്പാടും ആത്മബന്ധവുമാണ് ഈ ചിത്രങ്ങള്‍. 
 
 

Twilight Philosopher 
 
 

Noir Narmada – 1
 
 

Mother Brown
 
 

Mad Love
 
 

Into the Eyes
 
 

Far Away
 
 

Every Day
 
 

Blinde by Language

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍