UPDATES

സിനിമ

ഫഹദ് ഫാസില്‍ എന്ന മെട്രോ കോടാലിക്കൈ

അന്‍വര്‍ അബ്ദുള്ള
 
 
ബാഡ് വര്‍ക്കേഴ്സ് ബ്ളെയിം ദെയര്‍ ടൂള്‍സ് എന്നൊരു ചൊല്ലുണ്ട്. മോശം പണിക്കാര്‍ പണിക്കോപ്പുകളെ കുറ്റം ചാര്‍ത്തൂം എന്ന്. നല്ല അസ്സല് മുതലാളിത്ത മുദ്രാവാക്യമാണിത്. മുതലാളിത്തത്തിന്റെ സ്വന്തം ഫാക്ടറിയില്‍ ചുട്ടെടുത്ത പണിയാലപ്പഴഞ്ചൊല്ല്. 
 
ഒരു സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഈ പഴഞ്ചൊല്ല് എടുത്തുപയോഗിക്കുന്നുണ്ട്. അതീവരസകരമായ ഒരു രംഗത്തിലാണത്. ലാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്നത് ഏതാണ്ടിങ്ങനെയാണ് – ബാഡ് വര്‍ക്കേഴ്‌സ് വില്‍ ബ്ളെയിം ദെയര്‍ ടൂള്‍സ്. പണി ശരിയാകാത്തതിന് ഉപകരണത്ത കുറ്റം പറയുക. ഉളിയെയും കൊട്ടുവടിയെയും തെറിവിളിക്കുക. കോടാലിയുടെ തന്തയ്ക്കു പറയുക.
ഇവിടം വരെ പോട്ടെന്നുവയ്ക്കാം. ഇതും കടന്ന് പണിയായുധം തന്നെ പണിക്കാരെ കുറ്റം പറയാന്‍ തുടങ്ങിയാലോ? മെട്രോ മുതലാളിത്തത്തിന്റെ കാലത്ത് അതാണു സംഭവിക്കുക എന്നു പറയേണ്ടിവരും. കല ഒരു പണിയല്ല. പക്ഷേ, സിനിമ എന്നത് കലയായിരിക്കെത്തന്നെ, ഒരു കമ്പോള മുതലാളിത്ത വിപണിയുല്പന്നം കൂടിയാണെന്നതാണു സത്യം. ഈയിടെ ഒളിപ്പോര് എന്ന സിനിമ പുറത്തുവന്നപ്പോള്‍, ആദ്യത്തെ രണ്ടു പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ്, ഒന്നാം ദിവസം സായാഹ്നത്തില്‍ത്തന്നെ അതിലെ പ്രധാനഭാഗം നടിച്ച നടന്‍ ഫഹദ് ഫാസില്‍ ചിത്രം മോശമായതിന് ക്ഷമാപണവുമായി കാണികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ശരിക്കും മരം മുറിഞ്ഞുവീണതു നേരേയാകാത്തതിന് കോടാലിക്കൈ മാലോകരോടു മാപ്പു ചോദിക്കുന്നത്ര കോമാളിത്തം നിറഞ്ഞ കാഴ്ചയായിരുന്നു. എന്നാല്‍, മെട്രോ മുതലാളിത്തത്തിന്റെ കാലത്ത്, അതിന്റെ മള്‍ട്ടിപ്ളക്സ് ചലച്ചിത്ര ഉപഭോഗസംസ്‌കാരത്തിന്റെ സമയത്ത് ഈ മാപ്പുചോദിക്കല്‍ കൗതുകകരമായ ലക്ഷണമായിത്തീരുന്നു.
 
 
ഫഹദ് ഫാസിലിന്റെ മാപ്പുചോദിക്കല്‍ ഒരു അസാധാരണ പ്രവൃത്തിയായിരുന്നു, ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ആ അസാധാരണ പ്രവൃത്തിയെ പക്ഷേ, മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്തത് അത്രകണ്ടു ശരിയായ അര്‍ത്ഥത്തിലും പ്രതികരണതലത്തിലുമാണോ എന്നത് സംശയമാണ്. ഇന്ത്യാവിഷന്‍ ചാനലില്‍ ഞായറാഴ്ച തോറും ബോക്‌സോഫീസ് എന്ന സിനിമാവിലയിരുത്തല്‍ പരിപാടി നടത്തുന്ന ശ്രീ മനീഷ് നാരായണന്‍ മാത്രമാണ് (എന്റെ കാഴ്ചയില്‍പ്പെട്ടിടത്തോളം) ആ മാപ്പോതലിലെ വിലക്ഷണതയെ ശരിയാംവണ്ണം വിലയിരുത്തിയത്. നായകനടന്‍ തന്നെ പടമിറങ്ങി മണിക്കൂറുകള്‍ക്കകം മാപ്പുചോദ്യവുമായി മുന്നില്‍ വന്നാല്‍, ഇനി മുതല്‍ ആ നായകന്റെ സിനിമകള്‍ വരുമ്പോള്‍, അല്പം കാത്തിരുന്ന്, നായകന്‍ മാപ്പുമായി വരുന്നോ ഇല്ലയോ എന്ന് ഉറപ്പുവരുത്തിയിട്ടു മതിയല്ലോ കാണികള്‍ കൊട്ടകകളിലേക്ക് ഒരുങ്ങിപ്പുറപ്പെടാന്‍ എന്നാണ് മനീഷ് സന്ദേഹിച്ചത്. ആ സന്ദേഹം അര്‍ത്ഥഗര്‍ഭമാണ്.
 
അതിനപ്പുറം മലയാളമനോരമ ഞായറാഴ്ചപ്പതിപ്പു മുതല്‍ ഓണ്‍ലൈനിലെ സംവാദനീലാകാശപ്പരപ്പു വരെയുള്ള ഇടങ്ങളില്‍ ഏറിയകൂറിലും ഫഹദിന്റെ ധീരതയെയും സത്യസന്ധതയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള മതിപ്പു പാട്ടുകളാണ് കണ്ടത്. ഒറ്റപ്പെട്ട വിപരീതാഭിപ്രായങ്ങളോ കമന്റുകളോ കുറിപ്പുകളോ ഇല്ലായിരുന്നു എന്നല്ല ഇവിടെ വിവക്ഷ. പക്ഷേ, മുഴക്കമുള്ള മറ്റു സ്വരങ്ങളൊന്നും തന്നെ ഫഹദിന്റെ അനാവാശ്യ ക്ഷമാപണത്തിലെ അസംബന്ധത്തെ കണ്ടെടുക്കാന്‍ മുതിര്‍ന്നില്ല തന്നെ.
 
ഫഹദിന്റെ മാപ്പു ചോദിക്കല്‍ ഒരുപാടു ചോദ്യങ്ങളെ ഉല്പാദിപ്പിക്കുന്നുണ്ട്. ആ ചോദ്യങ്ങളെയെങ്കിലും സംബോധന ചെയ്യേണ്ടത് ആവശ്യമാണെന്നു തന്നെ കരുതുന്നു. ഫഹദ് എന്തിനാണ് ഒളിപ്പോരിന്റെ പേരില്‍ മാപ്പു പറയുന്നത്, മാപ്പു പറയാന്‍ ഫഹദ് ആരാണ്, ആദ്യദിവസം തന്നെ മാപ്പു പറയുന്നതിലൂടെ ഫഹദ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്താണ്, ഫഹദിന്റെ ഉത്തരവാദിത്തം എന്നത് സിനിമയോടാണോ പ്രേക്ഷകരോടാണോ, പ്രേക്ഷകര്‍ എന്നാല്‍ ആരാണ് അഥവാ, ഏതു വിഭാഗം പ്രേക്ഷകരോടാണ് ഫഹദ് മാപ്പു പറയുന്നത്, സിനിമ റിലീസ് ചെയ്ത് ജനം കാണുന്നതുവവരെ ഫഹദിന് ഈ കാര്യം തോന്നിയിരുന്നില്ലേ, മുന്‍പ് ഒരു താരവും നടനും ചെയ്തിട്ടില്ലാത്ത ഈ കൃത്യം ചെയ്യുന്നതിലൂടെ ഫഹദ് സൃഷ്ടിക്കുന്നതെന്താണ്, ഒന്നാം ദിവസത്തെ പ്രേക്ഷകരും രണ്ടാം ദിവസത്തെയോ രണ്ടാം വാരത്തെയോ പ്രേക്ഷകരും തമ്മില്‍ സ്വഭാവത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഉണ്ടെങ്കില്‍ അവരെ രണ്ടുകൂട്ടരെയും ഒന്നിച്ചു സംബോധന ചെയ്യുകയാണോ ഫഹദ് ചെയ്തത്…. ഒരുപിടി ചോദ്യങ്ങള്‍ ഒന്നിച്ചുയരുന്നു ഒരൊറ്റ മാപ്പു ചോദിക്കലിലൂടെ.
 
 
മുന്‍പും പല താരങ്ങളുടെയും നേര്‍ക്ക് സിനിമ മോശമായതിനെപ്പറ്റി ചോദ്യങ്ങളുയര്‍ണിട്ടുണ്ട്. പ്രധാനമായും മോഹന്‍ലാലിന്റെ നേര്‍ക്കാണ് അങ്ങനെയുണ്ടായിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ താരവും അത്രതന്നെ ഉഗ്രനായ നടനുമായതുകൊണ്ടുകൂടിയാകാം, മോശം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന വേളകളിലൊക്കെ മോഹന്‍ലാലിനു നേരേ ഈ ചോദ്യം ഉയരാറുണ്ട്. അപ്പോഴൊക്കെ മോഹന്‍ലാല്‍ ചെയ്യാറുള്ളത്, ചീത്ത സിനിമകളില്‍ അഭിനയിക്കണമെന്ന് മന:പൂര്‍വം വിചാരിക്കാറില്ല, ചില സിനിമകള്‍ ചീത്തയായിപ്പോകാറുണ്ട്, അപ്പോള്‍ പൊതുവേ വിഷമം തോന്നാറുണ്ട്, അല്ലാതെ, നല്ല സിനിമയാകില്ല എന്ന് കരുതി ചെയ്യാറില്ല, പിന്നെ, ചിലപ്പോള്‍ ചില ബന്ധങ്ങളുടെയും കമ്മിറ്റ്‌മെന്റുകളുടെയും പേരില്‍ ചില പ്രോജക്റ്റുകളില്‍ വലിയ ബോദ്ധ്യമില്ലാതെ ചെന്നു ചാടാറുണ്ട്, അതില്‍ മറ്റാരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല… ഈ മാതിരി വര്‍ത്തമാനമാണ് അദ്ദേഹം പറഞ്ഞു കേള്‍ക്കാറുള്ളത്. അതും സിനിമ പുറത്തുവന്ന് ഏതാനും ദിവസങ്ങളോ വാരങ്ങളോ കഴിഞ്ഞുമാത്രവും. ഏറിയകൂറും സിനിമയുടെ പേരോ അണിയറക്കാരുടെ പേരോ എടുത്തുപറയാതെയും. 
 
ഈയിടെ, മറ്റൊരുതരം മാപ്പുചോദിക്കല്‍ ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ തന്റെ കാണിക്കൂട്ടത്തോട്, ആരാധകവൃന്ദത്തോട് മാപ്പു ചോദിച്ചിരുന്നു. അത് ഒരു സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലായെന്നിരിക്കെ, അതിന്റെ പോസ്റ്ററിലും മറ്റു പ്രചാരണ പരിപാടികളിലും താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നു തെറ്റിദ്ധാരണയുണ്ടാക്കുംവിധം അണിയറക്കാര്‍ ചില തന്ത്രങ്ങള്‍ നടപ്പിലാക്കിയതിന്റെ പേരിലായിരുന്നു. താനുണ്ടെന്നു കരുതി, തന്റെ ആരാധകര്‍ ആ സിനിമയ്ക്കു കയറാന്‍ ഇടയായാല്‍ അതു കഷ്ടമാണെന്ന തരത്തിലായിരുന്നു അക്ഷയിന്റെ മാപ്പുചോദ്യം (അതുതന്നെ ആവശ്യമില്ലാത്തതാണെന്നേ കരുതാനാകൂ. പിന്നെ, അത് സിനിമയെ സംബന്ധിച്ചുള്ളതല്ലെന്നു സമാധാനിക്കാം).
 
മറ്റൊരു മാപ്പുചോദിക്കല്‍ ഉണ്ടായത്, സാക്ഷാല്‍ രജനീകാന്തിന്റെ ഭാഗത്തുനിന്നാണ്. ബാബ എന്ന സിനിമ റിലീസ് ചെയ്തിട്ട്, കാണികള്‍ കൈവിട്ടപ്പോള്‍, രജനീകാന്ത് നേരിട്ട് ഇടപെടുകയും മേഖലാ വിതരണം നടത്തിയ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്തി ക്ഷമാപണം നടത്തുകയും അവര്‍ക്ക് നേരിട്ട സാമ്പത്തിക വൈഷമ്യം പരിഹരിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം നല്കുകയും ചെയ്തുകൊണ്ട്, അതിനുശേഷം ആരാധകരോട് ക്ഷമ ചോദിക്കുകയായിരുന്നു. ഇവിടെ പ്രധാനമായി ഒരു കാര്യം ഉയരുന്നുണ്ട്. ബാബ എന്ന ചിത്രം രജനീകാന്തിന്റെ നിര്‍ദേശപ്രകാരം ഉണ്ടായതാണ്. അതിനു പേരിടുന്നതും പ്രമേയം നിശ്ചയിക്കുന്നതും തൊട്ടു മുഴുവന്‍ കാര്യങ്ങളും രജനിയുടെ താല്പര്യപ്രകാരം നടന്നതാണ്. അപ്പോയിന്റഡ് സംവിധായകനും അണിയറ പ്രവര്‍ത്തകരുമായിരുന്നു അതിനുണ്ടായിരുന്നത്. തന്റെ ആത്മീയഗുരുവായ രാഘവേന്ദ്രബാബയോടുള്ള ആദരസൂചകമായി രജനി പദ്ധതിപ്പെടുത്തിയ പടമായിരുന്നു അത്. അതിന്റെ പരാജയത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം തനിക്കാണെന്നു രജനി തിരിച്ചറിയുകയായിരുന്നു. അമിതാഭ് ബച്ചനും ഇതേവിധമുള്ള വിപര്യയങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ട്. ഖുദാ ഗവായോടെ അഭിനയം നിര്‍ത്തിയെന്നു പ്രഖ്യാപിച്ചു പിന്മാറിയ അമിതാഭ് പിന്നീടു നടത്തിയ ബിസിനസ് സംരംഭങ്ങളുടെ പരാജയത്തെത്തുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ അഭിനയരംഗത്തേക്കു വന്നു. എന്നാല്‍, മൃത്യുദാദ, ലാല്‍ ബാദ്ഷാ തുടങ്ങിയ ആദ്യചിത്രങ്ങളൊക്കെത്തന്നെ ബോക്‌സോഫീസില്‍ കാലിടറിവീണു. അതേ തുടര്‍ന്നു തന്റെ കാണികളോടും വിതരണക്കാരോടും അദ്ദേഹവും ക്ഷമാപണഭാവം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആ സിനിമകളും തന്റെ തന്നെ നിര്‍മാണസംരംഭങ്ങളായിരുന്നു എന്നത് പരിഗണിക്കണം. 
 
 
താരം എന്ന നിലയില്‍ വന്‍ വളര്‍ച്ച നേടുകയും സ്വന്തം പടങ്ങളെന്നത് സ്വന്തം താല്പര്യപ്രകാരമുള്ള നിര്‍മാണസംരംഭങ്ങളായിരിക്കുകയും ചെയ്യുകയും അത്തരം അവസ്ഥയിലും പടം വീഴുകയും ചെയ്യുമ്പോള്‍, തിയറ്ററുകളില്‍ നിന്ന് തുടര്‍ദിവസങ്ങളിലായി മോശം പ്രതികരണം വരുമ്പോള്‍ മാത്രം, ഉത്തരവാദിത്തത്തോടെ, സിനിമ എന്ന കമ്പോളവ്യവസ്ഥയോടുള്ള പാലിക്കേണ്ട കമ്പോളമര്യാദകള്‍ പാലിച്ചുകൊണ്ടാണ് ഈ രണ്ടു താരങ്ങളും മാപ്പപേക്ഷയുടെ മാപ്പ് എടുത്തു നിവര്‍ത്തി, നിവൃത്തിയുണ്ടാക്കിയിട്ടുള്ളതെന്നു കാണാം.
 
ചുരുക്കിപ്പറഞ്ഞാല്‍, ആദ്യദിവസം, പ്രദര്‍ശനമാരംഭിച്ച്, ആദ്യമണിക്കൂറുകളില്‍ത്തന്നെ മുഖ്യതാരം മാപ്പപേക്ഷയുമായി എത്തുന്നത് ചലച്ചിത്ര ചരിത്രത്തില്‍ത്തന്നെ ഇദംപ്രഥമമായിരിക്കാം. 
ഫഹദ് ഫാസില്‍ എന്ന നടന്‍ മെട്രോ പുരുഷകാമനകളുടെ ലക്ഷണയുക്തമായ ശരീരഭാഷയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മെട്രോ സിനിമാഭിരുചിയെ സൃഷ്ടിച്ചവരില്‍ വരുന്ന ഫഹദ് ഫാസിലിനെ തിരിച്ചു സൃഷ്ടിച്ചത് മെട്രോ അഭിരുചിയാണെന്നും പറയാം. അങ്ങനെ അന്യോന്യം താങ്ങിനില്ക്കുന്ന കമ്പോളവിപണിയും വിപണിവസ്തുവുമാണ് ഫഹദും മെട്രോ സിനിമാസങ്കല്പങ്ങളുമെന്നു പറയാം.
 
ഇങ്ങനെയുള്ള സാഹചര്യത്തില്‍ മെട്രോ മര്യാദകള്‍ (തീന്മേശമര്യാദകള്‍ പോലുള്ളവ) പാലിക്കാന്‍ ഫഹദിന് സാധിക്കേണ്ടതുണ്ട്. അത്തരമൊരു മെട്രോ മര്യാദാപാലനമാണ് ഒളിപ്പോരിനെ കാണികള്‍ കൈവിട്ടപ്പോള്‍, മണിക്കൂറുകള്‍ക്കകം വന്ന് ഉത്തരവാദിത്തമേറ്റെടുത്ത് മാപ്പു പറയുന്നതിലൂടെ നാം കണ്ടത്. ഇത്, അമേരിക്ക അണുബോംബിടുമ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മാപ്പുപറയുന്നതു പോലുള്ള ധര്‍മികതയുടെ പ്രശ്‌നമല്ല. തന്റെ കാണികളെ പിണക്കിയതില്‍ അസ്വസ്ഥനാകുന്ന ഒരു താരത്തിന്റെ ഉളുപ്പില്ലാത്ത ഒഴിഞ്ഞുമാറല്‍ മാത്രമായി ഇത് പരിണമിക്കുന്നു. 
 
രണ്ടാമത്തെയും പ്രധാനവുമായ ഒരു ആലോചന, മാപ്പു പറയാന്‍ ഫഹദ് ഫാസില്‍ ആരാണ് എന്നതാണ്. ഇവിടെയാണ് ആദ്യം പറഞ്ഞ റ്റൂള്‍ എന്ന സംഗതി കടന്നുവരുന്നത്. ഒളിപ്പോര് എന്ന സിനിമയില്‍ കലാപരമായും വിപണിപരമായും ഫഹദ് ഫാസില്‍ എന്ന നടന്‍, താരം ഒരു പണിക്കോപ്പു മാത്രമാണ്. ആ സിനിമയുടെ ഉത്തരവാദിത്തം അതിന്റെ രചന നിര്‍വഹിച്ച പിഎന്‍ ഗോപീകൃഷ്ണനും അതിന്റെ സംവിധാനം നിര്‍വഹിച്ച എവി ശശിധരനും മാത്രമാണ്. ആത്യന്തികമായ സംവിധായകന്‍ മാത്രം. അവരെ രണ്ടുപേരെയും നിഷ്പ്രഭരും അവരുടെ നാവുകളെ നിശ്ശബ്ദവുമാക്കിക്കൊണ്ട് മെട്രോ കാണികളുടെ ഓമനയായി മാറിയതുവഴി, വലിയ ശബ്ദം സ്വായത്തമാക്കിയ ഫഹദ് വന്നു മാപ്പു പറയുന്നതിലൂടെ സത്യത്തില്‍ അനാവശ്യമായി ആ സിനിമയുടെ പിതൃത്വം അദ്ദേഹം അവകാശപ്പെടുകയാണു ചെയ്യുന്നത്. എന്നുതന്നെയല്ല, മിനിമം യുക്തിയുപയോഗിച്ച്, സാമാന്യമായ കമ്പോളമര്യാദ കണക്കാക്കി നോക്കിയാല്‍ത്തന്നെ, ഫഹദ് സ്വന്തം സിനിമയെ (അതു ശശിധരന്റെയും ഗോപീകൃഷ്ണന്റെയും സിനിമയായിരിക്കെത്തന്നെ) ഒറ്റിക്കൊടുക്കുകയും കൂടിയാണു ചെയ്തത്. 
 
 
ഒളിപ്പോര് എന്ന പേര് ഈ സിനിമയ്ക്ക് വളരെ അന്വര്‍ഥമായിരുന്നു. സാധാരണ അഭിരുചികളോട് കലഹിക്കാനുള്ള ആന്തരികമായ ആഴം ഈ സിനിമ ഉള്‍ക്കൊള്ളുന്നുണ്ട്. സിനിമ നന്നായോ ഇല്ലയോ എന്നത് വേറേ കാര്യം. പക്ഷേ, മലയാളസിനിമയില്‍ പൊതുവേ, അന്യമായതോ, തെറ്റായി ഉപയോഗിക്കപ്പെടുന്നതോ ആയ പരീക്ഷണവ്യഗ്രത സധൈര്യം ഈ സിനിമ നിറവേറ്റിയിരുന്നു. ആ നിലയ്ക്ക് ഈ സിനിമ നടത്തിയ ഗോറില്ലായുദ്ധത്തെ ഒറ്റിക്കൊടുത്തുകൊണ്ട് മാറ്റാന്‍ കൂട്ടത്തിലേക്കു ചാടിരക്ഷപ്പെട്ട മെട്രോകാലത്തെ ചതിയന്‍ ചന്തുവാകുകയാണ് ഫഹദ് ചെയ്തത്. ഫഹദ് മാപ്പുസാക്ഷിയായി. മുതലാളിത്തസ്വഭാവം പേറുന്ന ജനാധിപത്യസംവിധാനത്തിലെ ഏറ്റവും മാന്യമായ ഒറ്റിനെയാണ് നമുക്കു മാപ്പുസാക്ഷിയെന്നു വിളിക്കാവുന്നത്. ആത്മീയമായ ചതിയുടെ ചരിത്രമാണത്. അതുകൊണ്ടാണ് വിപ്ലവകാലത്തെ പുറംനടപ്പിനെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വയം മാപ്പുസാക്ഷിയെന്നു വിളിച്ചുകൊണ്ട് ഏറ്റുപറയുന്നത്.
 
ഒന്നാം ദിവസം, അതായത്, ആദ്യ വീക്കെന്‍ഡ് ദിനം സായാഹ്നമാകുമ്പോള്‍ത്തന്നെ സിനിമയുടെ സംപൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മാപ്പുപറഞ്ഞ ഫഹദ് സത്യത്തില്‍, ആ സിനിമയ്ക്ക് താന്‍ വാങ്ങിയ പ്രതിഫലമെത്ര, സിനിമ മോശമായി വീണപ്പോള്‍ മാപ്പു പറഞ്ഞ് കാണികളെ അകറ്റിയ താന്‍ ആ പ്രതിഫലത്തുക തിരികെനല്കി, തന്റെ പാപത്തിന്റെ ശമ്പളം തിരിച്ചുകൊടുത്ത്, പാപക്കറ കഴുകിയോ, അതോ അദ്ദേഹത്തിന്റേത് പീലാത്തോസിന്റേതുപോലെ വെറുതെ ഒരു നഷ്ടമില്ലാത്ത ഒരു കൈകഴുകല്‍ മാത്രമായിരുന്നോ എന്നെല്ലാംകൂടി വിശദീകരിക്കേണ്ടതല്ലേ? അതുപോലെ, നവാഗതരായ ഗോപീകൃഷ്ണന്റെയും ശശിധരന്റെയും സിനിമയോടു ചെയ്ത രീതി ശ്യാമപ്രസാദിനെയോ മറ്റോ പോലെ പ്രമുഖനായ ഒരു ചലച്ചിത്രകാരന്റെ സിനിമയോടു ഫഹദ് ഫാസില്‍ ചെയ്യുമോ എന്നും ആലോചിക്കേണ്ടതാണ്.
 
യഥാര്‍ത്ഥത്തില്‍ ഫഹദ് ഫാസില്‍ ആരെയാണു പേടിക്കുന്നത് എന്നതും പ്രധാനപ്പെട്ട സംഗതിയാണ്. ഒരു അഭിനേതാവെന്ന നിലയില്‍ തനിക്ക് സംതൃപ്തി തന്ന വേഷവും പടവും എന്ന് റിലീസിന്റെ തലേന്നുവരെ പറയുകയും കാണികള്‍ തിരിഞ്ഞപ്പോള്‍ അവരോടൊപ്പം കാവടിയെടുക്കുകയും ചെയ്യുന്നതിലെ അസംബന്ധം കാണാന്‍ പോലും ഫഹദിനു സാധിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ സ്വയം രജനീകാന്തിനെയോ അമിതാഭ് ബച്ചനെയോ പോലെ ഒരു താരൗന്നത്യത്തില്‍ പ്രതിഷ്ഠിക്കുകയും താനാണു തന്റെ സിനിമകള്‍ക്ക് ഉത്തരവാദിയെന്ന് മിഥ്യാഭ്രമം കൊള്ളുകയും ചെയ്യുകയാണ് ആ താരം. കാര്യം ഇത്രയേയുള്ളൂ. ഫഹദ് ഫാസില്‍ ഒരു മെട്രോ ദൈവം മാത്രമാണ്. ദൈവം പോലുമല്ല, വെറുമൊരു ദൈവവിഗ്രഹം മാത്രം. മുട്ടിയാല്‍ മുഴങ്ങുന്നത്ര പൊള്ളലോഹനിര്‍മിതി. അതു പൂര്‍ണമായും അദ്ദേഹം തെളിയിക്കുകയായിരുന്നു ഈ മാപ്പപേക്ഷയിലൂടെ. 
 
ഒളിപ്പോരിന്റെ അണിയറപ്രവര്‍ത്തകര്‍ ഫഹദ് എന്ന താരസാന്നിദ്ധ്യത്തെയും താരശരീരത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ട്, കാണികളെ ഒരു മുന്‍ധാരണയിലേക്കു തള്ളിവിടുകയായിരുന്നു. അതിനുപകരം, ഇതു സാധാരണ കമ്പോള നിര്‍മിതിക്കപ്പുറം ഒരു പരീക്ഷണസിനിമയാണ് എന്നു വേണമെങ്കില്‍ സൂചനകള്‍ കൊടുക്കാമായിരുന്നു. പക്ഷേ, അങ്ങനെ സൂചനകള്‍ കൊടുത്ത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യം അണിയറക്കാര്‍ ദീക്ഷിക്കേണ്ടതുണ്ടോ എന്നത് അവര്‍ക്ക് വിട്ടുകൊടുക്കേണ്ട സ്വതന്ത്ര്യമാണ്. ഏതായാലും, ഒന്നുറപ്പിക്കാം. മനീഷ് നാരായണന്‍ പറയുംപോലെ, ഇനി വേണമെങ്കില്‍, താരത്തെ വിശ്വസിക്കുന്ന കാണികള്‍ക്ക് താരത്തിന്റെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വരുന്നതുവരെ കാത്തിരിക്കാം, സിനിമ കാണണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍.
 
 
ഈ കുറിപ്പിന് മറുപടിയായി, സ്വകാര്യത, കമ്പോളസിനിമയല്ലെങ്കില്‍ അങ്ങനെ വേണ്ടേ ചെയ്യാന്‍ എന്നെല്ലാമുള്ള പലതരം മറുപടികള്‍ വരാനിടയുണ്ടെന്നറിയാം. അവയോട് ഡോക്ടര്‍ പശുപതി സ്റ്റൈലില്‍ വരും വരട്ടെ വന്നുകൊള്ളട്ടെ എന്നു പറയാനേ നിര്‍വാഹമുള്ളൂ. ഒളിപ്പോരിനെ സംബന്ധിച്ച് ആദ്യദിനത്തിലെത്തിയ ആള്‍ക്കൂട്ടം കാട്ടിയ അസിഹുഷ്ണുത ഭ്രാന്തോളം വലുതും തങ്ങളുടെ അഭിരുചിക്കിണങ്ങാത്തതൊന്നും അനുവദിക്കില്ലെന്നതരം ഫാസിസത്തോളം ഭീതിപ്പെടുത്തുന്നുമാണ്. ഈ അവസ്ഥയെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകരുതെന്ന് പ്രമുഖനായ ചലച്ചിത്രചിന്തകന്‍ ശ്രീ സിഎസ് വെങ്കിടേശ്വരന്‍ കുറിച്ചിരുന്നു. ആ പക്ഷത്തോടു ചേര്‍ന്ന് നില്ക്കാനാണ് ഇതെഴുതുന്നയാള്‍ക്ക് താല്പര്യം. (സിഎസ് വെങ്കിടേശ്വരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ പോസ്റ്റ് സ്‌ക്രിപ്റ്റായി ചേര്‍ത്തിരിക്കുന്നു)
 
ഒളിപ്പോര് നല്ല സിനിമയായില്ലെന്നു തന്നെ വിചാരിക്കുമ്പോഴും വെങ്കിടേശ്വരന്‍ ചൂണ്ടിക്കാണിക്കുന്ന അസഹിഷ്ണുതയോടും ഫാസിസത്തോടും എതിരെ തോള്‍ചേരുകയും മാപ്പുചോദിക്കുന്ന മെട്രോ കോടാലിക്കൈയാകുന്ന ഫഹദ് ഫാസിലിന്റെ നടപടിയുടെ തോളിനോട് എതിര്‍ചേരുകയും ചെയ്യുക മാത്രമാണ് ഇവിടെ ലക്ഷ്യം. 
 
 
പോസ്റ്റ് സ്‌ക്രിപ്റ്റ് – 1
(ശ്രീ സിഎസ് വെങ്കിടേശ്വരന്റെ കുറിപ്പ്)
 
ഒളിപ്പോരും  ‘ഒളിപ്പോ’രും
 
എ വി ശശിധരന്റെ ഒളിപ്പോര് എന്ന സിനിമയ്ക്ക് തിയ്യറ്ററുകളില്‍ ലഭിച്ച ‘സ്വീകരണ’വും അതിനെക്കുറിച്ചു പലയിടത്തും വന്ന പ്രതികരണങ്ങളുമാണ് ഈ കുറിപ്പിനാധാരം. തീര്‍ച്ചയായും ഏതു സിനിമയെയും കുറിച്ച് കാണികള്‍ക്ക് അവരവര്‍ക്കിഷ്ടമുള്ളതുപോലെ വിമര്‍ശിക്കാനും വിലയിരുത്തുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്; അതുപോലെ തന്നെയാണ് നിരൂപകരുടെ കാര്യവും. എന്നാല്‍ ഇത്തരം തല്‍ക്ഷണവിലയിരുത്തലുകളിലും പ്രതികരണങ്ങളിലും വ്യക്തമായി തെളിഞ്ഞുവരുന്ന ചില പ്രവണതകളും ഏകകണ്ഠമായി അംഗീകരിക്കപ്പെടുന്ന ചില ധാരണകളും നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ചില സമവായങ്ങളേയും സാമാന്യ ബോധ്യങ്ങളെയും കൂടി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒളിപ്പോര് എന്ന ഒരൊറ്റ സിനിമയുടെ മാത്രം സംബന്ധിക്കുന്ന പ്രശ്‌നമല്ല, മറിച്ച് നമ്മുടെ സമൂഹത്തില്‍ അനുദിനം പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ പലതിനേയും കുറിച്ചുണ്ടായിവരുന്ന പേടിപ്പെടുത്തുന്ന അഭിപ്രായ ഐക്യത്തെക്കുറിച്ചു കൂടിയാണ്.
 
ഇന്ന് സിനിമയെക്കുറിച്ചു നിലനില്‍ക്കുന്ന ഏറ്റവും ശക്തവും തര്‍ക്കാതീതവും ആയ സമവായം ‘വിനോദമൂല്യ’ത്തെക്കുറിച്ചുള്ളതാണ്. എന്റര്‍ടെയിന്മെന്റ് എന്നത് ഇന്ന് ഒരു കേവലമൂല്യമായി എല്ലാവരും അംഗീകരിച്ചിരിക്കുന്നു. സിനിമ എന്നാല്‍ കാണികളെ രസിപ്പിക്കാനുള്ളതാണെന്നു മാത്രമല്ല അതിനു മാത്രമുള്ളതാണ് എന്നതാണ് ഇന്ന്  നമ്മള്‍ സംശയലേശമന്യെ പിന്തുടരുന്ന നിയമം. അതിനെ ലംഘിക്കുന്ന എന്തും തള്ളിക്കളയേണ്ടതാണ് എന്നത് അപ്പോള്‍ തികച്ചും ന്യായമായ കാര്യമായിത്തീരുന്നു. നമുക്കിഷ്ടപ്പെട്ട രീതിയില്‍ (അതായത് വ്യവസ്ഥാപിതമായ) നമ്മെ രസിപ്പിച്ചില്ലെങ്കില്‍/രസിപ്പിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍, കഥ പറഞ്ഞുകൊണ്ടേയിരുന്നില്ലെങ്കില്‍ അതിനെ കല്ലെറിയുക എന്നതാണ് ഈ യുക്തിയുടെ രീതി. ഇതിലും കലാവിരുദ്ധവും അതുകൊണ്ടു തന്നെ വിമോചനവിരുദ്ധവുമായ ഒരു സമീപനം സാധ്യമല്ല.
 
ഏതു കലയേയും പോലെ സിനിമയും പലരീതിയിലും ജനുസ്സുകളിലും രൂപഭാവങ്ങളിലും ഉണ്ടാകാം എന്ന ചിന്തയെപ്പോലും ഈ യുക്തി തള്ളിക്കളയുന്നു. ‘രസിപ്പിക്കൂ അല്ലെങ്കില്‍ തുലയൂ’ എന്നതാണ് ഇന്ന് നമ്മുടെ മുദ്രാവാക്യം. ഇത്തരമൊരു നിലപാട് കലയെ സംബന്ധിച്ചിടത്തോളം അസംബന്ധമാണെന്ന് എടുത്തുപറയേണ്ടതില്ല. നിലനില്‍ക്കുന്നതും ‘സ്വാഭാവിക’മെന്നോ സനാതനമെന്നോ സഹജമെന്നോ നമ്മള്‍ കരുതുന്ന പല സംഗതികളേയും തകിടം മറിക്കുകയോ അവയെ മറ്റൊരു വെളിച്ചത്തിലും വെളിവിലും കാണാനുമാണ്  കല നമ്മെ പ്രേരിപ്പിക്കുന്നത്. അല്ലാതെ നിലനില്‍ക്കുന്ന സദാചാരപരവും ലാവണ്യപരവും ആയ ധാരണകളേയും വിനോദപ്രതീക്ഷകളേയും കാണല്‍ രീതികളേയും രുചിശീലങ്ങളേയും ഒരു പരിക്കും കൂടാതെ സംരക്ഷിക്കുകയും പിന്‍പറ്റുകയും ആഘോഷിക്കുകയും അല്ല. അങ്ങിനെ കരുതുന്നത്, ഇന്ന് സാര്‍വ്വലൌകികത നേടിക്കൊണ്ടിരിക്കുന്ന വിപണിയുക്തിയുടെ മറ്റൊരു പതിപ്പ മാത്രമാണ്: അന്നന്ന് വില്‍ക്കപ്പെടുന്നതും വിജയിക്കുന്നതും ത്രസിപ്പിക്കുന്നതുമാണ് ശരി – ഒരേയൊരു ശരി – എന്ന നില. കല എക്കാലത്തും ഇത്തരം ഗതാനുഗതികവും ചിട്ടപ്പെടുത്തപ്പെട്ടതുമായ കാഴ്ച്ചകളെയും ശീലങ്ങളേയും ശാഠ്യങ്ങളേയും തോല്‍പ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
 
അത്തരം വഴിവിട്ട അപഥസഞ്ചാരങ്ങളാണ് കലയെ മാനുഷികമാക്കുന്നതും നമ്മള്‍ സ്വാഭാവികവും ശാശ്വതവും എന്നു കരുതുന്ന പല കാര്യങ്ങളേയും തിരിച്ചറിയാനും കാണാനും നമ്മെ പ്രേരിപ്പിക്കുന്നതും. അത്തരം വിമോചനാത്മകമായ കല സാധ്യമാകണെമെങ്കില്‍ വ്യത്യസ്തതയ്ക്ക് നിലനില്‍ക്കാനും സംവദിക്കാനും ഇടങ്ങള്‍ വേണ്ടതുണ്ട്: തിയ്യറ്റര്‍ പോലുള്ള പൊതുഇടങ്ങളും പ്രേക്ഷകരുടെ മന:സ്ഥിതി പോലുള്ള സ്വകാര്യ ഇടങ്ങളും അതിനെക്കുറിച്ചെല്ലാം സ്വതന്ത്രവും തുറന്നതുമായ രീതിയില്‍ ചര്‍ച്ച ചെയ്യാനും തര്‍ക്കിക്കാനും മാധ്യമമണ്ഡലങ്ങളില്‍ അതിന് വ്യവഹാരഇടം കൂടി വേണം, എങ്കിലേ നമുക്ക് സംവാദാത്മകമായ ഒരു സംസ്‌ക്കാരം കരുപ്പിടിപ്പിക്കാനാകൂ. അങ്ങിനെ വന്നാല്‍ മാത്രമേ ആള്‍ക്കൂട്ടസംസ്‌ക്കാരത്തിനു വിരുദ്ധമായ (അതായത് വിപണിയുക്തിക്ക് വിരുദ്ധമായ ) നിലപാടുകള്‍ ഇവിടെ പ്രകാശിപ്പിക്കപ്പെടുകയുമുള്ളൂ.
 
അത്തരം സംവാദാത്മകവും തുറന്നതും വ്യത്യസ്തവുമായ കലാരചനകള്‍ ഉണ്ടാവണമെങ്കില്‍ അവയെ എല്ലാം അന്ധമായി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുക എന്നല്ല അര്‍ഥം മറിച്ച്, കലയെ ഗൌരവമായി കാണുന്നവര്‍ അവയുമായി ഒരു സംഭാഷണത്തിലേര്‍പ്പെടേണ്ടതുണ്ട്. തര്‍ക്കിക്കേണ്ടതുണ്ട്, ലാവണ്യപരവും സാങ്കേതികവും ആയ ആയുധങ്ങളുപയോഗിച്ച് അവയെ ആക്രമിക്കേണ്ടതുണ്ട്. അതിനു പകരം അവയെ പടിയടച്ച് പുറത്താക്കുകയല്ല വേണ്ടത്. അത് നമ്മുടെയിടയില്‍ അതിവേഗം പടരുന്ന അസഹിഷ്ണുതയുടെ ലക്ഷണമാണ്. അത്തരം ആള്‍ക്കൂട്ടപ്രതികരണങ്ങള്‍ക്കപ്പുറം നമ്മുടെ സാമാന്യബുദ്ധി സഞ്ചരിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹം വിദേശത്തില്‍ നിന്നു വരുന്ന പരീക്ഷണങ്ങള്‍ക്ക് മാത്രം ക്ഷമയും ശ്രദ്ധയും ആദരവും നല്‍കുന്ന ഒന്നായി മാറാതിരിക്കുകയുള്ളൂ. വിദേശത്തുനിന്നും ഇവിടെയെത്തി നമ്മെ ചലച്ചിത്രമേളകളില്‍ അമ്പരപ്പിക്കുന്ന പല ചിത്രങ്ങളും ഒരു ഹിമശൈലത്തിന്റെ മുകളറ്റം മാത്രമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം: അനവധി തിക്തപരാജയങ്ങളുടേയും കഠിനപരിശ്രമങ്ങളുടേയും വിഫലപരീക്ഷണങ്ങളുടേയും കദനകഥകള്‍ ആ ചെറിയ, തിളങ്ങുന്ന മുകളറ്റത്തിനു താഴെയുണ്ട്. 
 
 
 
പോസ്റ്റ് സ്ക്രിപ്റ്റ് – 2 
കളിപ്പീര് (തിരക്കവിത)
 
യുവതാരത്തിന്‍ സിനിമകളില്‍ ചിലതെല്ലാം
ഇടയ്ക്കിടെ പൊട്ടുമായിരുന്നു
അന്നൊക്കെ യുവതാരം നേരിട്ട്
ജനത്തോടു മാപ്പുകള്‍
ഉടന്‍ വന്നു പറയുമായിരുന്നു
ഹിറ്റാകും എന്നുചൊല്ലി ചെയ്ത പടം
തലേംകുത്തിവീഴുമ്പോള്‍
മാപ്പുനോക്കി അലയുമായിരുന്നു
ചെയ്യില്ല എന്നുവച്ചു വിട്ടൊരു റോള്‍
പിന്നെയെടുത്തണിയുമായിരുന്നു
കാണികള്‍ പ്രാന്തുപിടിച്ചലയുമ്പോള്‍
മാപ്പെടുത്ത് അവരയെവന്‍ ഇടംവലം
എറിയുമായിരുന്നു
മാപ്പിന്റെ മനപ്പായസംകൊണ്ട്
മുഖപ്പുസ്തകത്തിന്റെ പദവിത്താള്‍
പുതുക്കുമായിരുന്നു
കൊച്ചിയുടെ, കൊറിയയുടെ, കൊല്ലന്റെ,
കോതയുടെ മാപ്പുകള്‍ അവയിലൂടെ വിരിയുമായിരുന്ന
മാപ്പ്… ഒരു മാപ്പ്… രണ്ടുമാാപ്പ്… മൂന്നു മാാാപ്പ്…
അഞ്ചെട്ടു മാാാാാാാാാപ്പ്
സോറി… സോറി… സോറി… ഒരു ലോറിസ്സോറി…
സോറി… സോറി… സോറി… ഒരു ലോറിസ്സോറി…
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍