UPDATES

സയന്‍സ്/ടെക്നോളജി

ശൂന്യാകാശത്തെ മരണഭയം

എലിയറ്റ് ഹാനന്‍
(സ്ളേറ്റ്)

കഴിഞ്ഞ ജൂലൈയില്‍, ഇറ്റാലിയന്‍ ബഹിരാകാശസഞ്ചാരി ലൂക്ക പാര്‍മിറ്റാനോയും അമേരിക്കന്‍ സഹപ്രവര്‍ത്തകനും കൂടി അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിന്‍റെ പുറംഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി പുറപ്പെട്ടു. ആറു മണിക്കൂറുകള്‍ക്കൊണ്ട് ജോലി പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്ന അവര്‍ക്ക് തെറ്റി. കാര്യങ്ങള്‍ അപ്രതീക്ഷിതമായി കീഴ്മേല്‍ മറിഞ്ഞു.

 

ശൂന്യാകാശത്ത് മരണത്തെ അഭിമുഖീകരിച്ച ഭീതിജനകമായ നിമിഷങ്ങളെപറ്റി യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വെബ്‌സൈറ്റിലെഴുതിയ ലേഖനത്തില്‍ പാര്‍മിറ്റാനോ വിശദീകരിക്കുന്നു. ബഹിരാകാശ കേന്ദ്രത്തിന്‍റെ പുറത്തായിരിക്കുമ്പോള്‍ പാര്‍മിറ്റാനോയുടെ ഹെല്‍മെറ്റില്‍ വെള്ളം നിറയാന്‍ തുടങ്ങി. തനിച്ചായിരുന്ന അദ്ദേഹം ഭയപ്പെട്ടു. രക്ഷപെടാനുള്ള പല വഴികളും ആലോചിച്ചു. തന്‍റെ സ്പേസ് സ്യൂട്ടില്‍ ഒരു തുളയിടുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുന്‍പിലുള്ള ഒരേയൊരു മാര്‍ഗം. എന്നാല്‍ അതിനു മുതിരാതെ, ഹെല്‍മെറ്റിനകത്ത് മുഴുവനായും വെള്ളം നിറയും മുന്‍പ് എങ്ങനെയും ബഹിരാകാശ കേന്ദ്രത്തില്‍ തിരിച്ചുകയറാനായി പാര്‍മിറ്റാനോ വേഗത്തില്‍ നീങ്ങി. 

           

“വാതിലിനോട് അടുക്കുംതോറും, എന്‍റെ ഹെല്‍മെറ്റിനകത്ത് വെള്ളം കൂടി കൂടി വന്നു. ചെവിയോടു ചേര്‍ന്നുള്ള സ്പോഞ്ച് നനയുന്നത് ഞാന്‍ അറിഞ്ഞു. ബഹിരാകാശ കേന്ദ്രവുമായുള്ള ഇയര്‍ഫോണ്‍ ബന്ധം നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു. ഹെല്‍മെറ്റിന്‍റെ മുന്‍പിലെ ഗ്ളാസ്സത്രയും വെള്ളത്താല്‍ മൂടി; എന്‍റെ കാഴ്ച മങ്ങിത്തുടങ്ങി. കാര്യങ്ങള്‍ പെട്ടെന്ന് തന്നെ കൂടുതല്‍ വഷളായി. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല ബഹിരാകാശ കേന്ദ്രത്തിന്‍റെ വാതില്‍ ഏതു ദിശയിലേക്കാണെന്ന് എനിക്ക് മനസിലാകുന്നുമില്ല,” പാര്‍മിറ്റാനോ വിശദീകരിക്കുന്നു.    

 

ഏതായാലും പാര്‍മിറ്റാനോയ്ക്ക് ജീവന്‍ നഷ്ടപെടും മുന്‍പ് ബഹിരാകാശ കേന്ദ്രത്തില്‍ തിരിച്ചുകയറാന്‍ കഴിഞ്ഞു. തലനാരിഴക്കാണ് അദ്ദേഹം‍ രക്ഷപെട്ടത്. സ്പേസ് സ്യൂട്ടില്‍ വെള്ളം നിറഞ്ഞതിന്റെ കാരണം വ്യക്തമല്ലെന്നു സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

നാസ പാര്‍മിറ്റാനോയുടെ സ്പേസ് സ്യൂട്ട് പരിശോധിച്ചെങ്കിലും അപകടത്തിന്‍റെ കൃത്യമായ കാരണം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബഹിരാകാശ സഞ്ചാരിയുടെ ജീവന് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തെപറ്റി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഏതായാലും അന്വേഷണം കഴിയുംവരെ എല്ലാ ബഹിരാകാശ സഞ്ചാരങ്ങളും നാസ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍