UPDATES

കായികം

കാല്‍പ്പന്തു കളിയിലെ ജാക്കിച്ചാന്മാര്‍

മിക്കവരും ശരീരം പുഷ്ടിപ്പെടുത്താന്‍ കുങ് ഫു പരിശീലിക്കുമ്പോള്‍ ഈ പുരാതന ആയോധന കലയുടെ സാധ്യതകള്‍ ഉപയോഗിച്ച് കാല്പന്തുകളിയെ പുഷ്ടിപ്പെടുത്താന്‍ ചൈനയില്‍ ഒരു സ്‌കൂള്‍ മുന്നോട്ടു വന്നിരിക്കയാണ്. കുങ് ഫുവിന്റെ ജന്മസ്ഥലമായ ഷാവോലിന്‍ ടെമ്പിളിന് തൊട്ടടുത്തുള്ള ഹെനാനിലെ ടെങ് ഫെങ്ങ് നഗരത്തിലാണ് ഈ ഫുട്ബോള്‍ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിര്‍മാണത്തിലിരിക്കുന്ന ഈ സ്ഥാപനത്തിലേക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 10,000 വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്.
 
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച ഷാവോലിന്‍ ജിയാനെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ സ്‌കൂളിനു പക്ഷെ ഷാവോലിന്‍ ടെമ്പിളുമായി ഒരു ബന്ധവുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഈ പരിശീലന കേന്ദ്രം കഴിഞ്ഞ വര്‍ഷം എ ലിസ്റ്റില്‍ നിന്നും പുറത്തായ ഹേനന്‍ ജിയനെ ഫുട്‌ബോള്‍ ക്ളബിന്റെയും1997ല്‍ സ്ഥാപിതമായ ‘സൊങ്ങ് ഷാന്‍ ടെമ്പിള്‍ മങ്ക്സ് ട്രെയിനിംഗ് ബേസ് മിഷന്‍ എഡ്യൂക്കേഷന്‍’ എന്ന ആയോധനകലാ പരിശീലന കേന്ദ്രത്തിന്റെയും കൂട്ടായ സംരംഭമാണ്. 55.7 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ 2 ബില്ല്യന്‍ യുവാന്‍ (324 മില്ല്യന്‍ ഡോളര്‍) വീതം രണ്ടു പങ്കാളികളും നിക്ഷേപിക്കും. ഒരു സ്റ്റേഡിയവും രണ്ടു ജിംനേഷ്യവും കൂടി പണിയാന്‍ ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്.
 
 
കുങ് ഫുവിന്റെ ആര്‍ജവവും ശത്രുവിനെ നേരിടുമ്പോഴുള്ള ജാഗ്രതയും സൂക്ഷ്മതയും ഫുട്‌ബോളില്‍ സന്നിവേശിപ്പിക്കുകയാണ് ഈ സ്‌കൂളിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സ്‌കൂളിന്റെ സ്ഥാപകനും ഷാവോലിന്‍ ടെമ്പിളിലെ ഇപ്പോഴത്തെ ഗുരു ശി യൊന്‍ക്‌സിന്റെ മുന്‍ ശിഷ്യനുമായ ശി യന്‍ലു പറഞ്ഞു. 15,000 കുട്ടികളില്‍ നിന്നും 500 പേരെ തിരഞ്ഞെടുത്തു 2010 മുതല്‍ പരിശീലനം തുടങ്ങിയെങ്കിലും സ്‌കൂളിന്റെ പണി തീരും വരെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്  കാത്തിരിക്കേണ്ടി വരും ഇവരുടെ കളി കാണാന്‍. ഫുട്‌ബോള്‍, കുങ് ഫു, ജെനറല്‍ നോളെജ് എന്നിവയ്ക്ക് ഒരേപോലെ സമയം നല്കി പരിശീലിപ്പിച്ചെടുക്കുന്ന ഈ കളിക്കാര്‍ക്ക് മാച്ചുകളില്‍ കളിച്ച അനുഭവമില്ലെന്നും പ്രൊഫഷണല്‍ ടീമുകളില്‍ ചേരാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
പരിശീലനത്തില്‍ മാത്രമാണ് ഇപ്പോള്‍ അവരുടെ ശ്രദ്ധ. ചൈനീസ് ആയോധന കലക്കും ഫുട്‌ബോളിനും സ്ഥായിയായ സംഭാവന നല്കാനാണ് അവരെ ഞങ്ങള്‍ പ്രേരിപ്പിക്കുന്നത്, അല്ലാതെ നൈമിഷികമായ വിജയമോ പ്രശസ്തിയിലോ അല്ല അവരുടെ കണ്ണെന്നും ശി യന്‍ലു കൂട്ടിച്ചേര്‍ത്തു. കുങ് ഫുവിനെപ്പോലെ മാലോകരുടെ പ്രീതി പിടിച്ചു പറ്റാന്‍ ചൈനീസ് ഫുട്‌ബോളിനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
 
കായികരംഗത്തിനു പുത്തനുണര്‍വ് നല്കാന്‍ സ്‌കൂളിനു സാധിക്കുമെന്ന് ഹേനന്‍ ജിയാനെ ഫുട്‌ബോള്‍ ക്ളബ്ബിന്റെ വക്താവായ വാങ് സോന്‍ഗ്രീനും വിശ്വസിക്കുന്നു.    
 
(സിന്‍ഹുവ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍