UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

പൂര്‍ണമാകാത്ത എന്റെ കഥ – ശോഭന ജോര്‍ജ്

“കോണ്‍ഗ്രസ്സിലെ പലര്‍ക്കും എന്റെ നിലപാടിനെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടായിരിക്കാം പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളില്‍ പോലും എന്നെ പരിഗണിക്കാന്‍ അവര്‍ക്കു കഴിയാത്തത്”. 
 
മെഹബൂബ്
 
‘വിവാദ ചോദ്യങ്ങള്‍ അരുത്’ – ശോഭന ജോര്‍ജ് തുടക്കത്തിലേ പറഞ്ഞുവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം സോളാര്‍ വിവാദത്തില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ അത്തരം ചോദ്യങ്ങളിലേക്ക് പോകരുതെന്ന് പരോക്ഷമായി മുന്നറിയിപ്പ് നല്‍കുകയായിരുന്നു അവര്‍. വ്യാജരേഖ കേസ്, ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള റിബല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, കരുണാകരനോടൊപ്പം കോണ്‍ഗ്രസ് പടിയിറക്കം, തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ ഡി.ഐ.സി (കെ) സ്ഥാനാര്‍ത്ഥിയായുള്ള രംഗപ്രവേശം തുടങ്ങി നിരവധി വിവാദ നടപടികളിലൂടെ കടന്നുപോയ ശോഭന ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതം ഒരു ഇടവേളയിലൂടെ കടന്നു പോവുകയാണ്. തന്റെ രാഷ്ട്രീയ ഇടവേളയിലെ ഇടപെടലുകളെക്കുറിച്ച് അഴിമുഖം പ്രതിനിധിയോട് സംസാരിക്കുകയാണ് ശോഭന ജോര്‍ജ്.
 
മെഹബൂബ്: ഒരു രാഷ്ട്രീയ പിന്‍മാറ്റമായ് ഇതിനെ കണക്കാക്കാമോ?
 
ശോഭനാ ജോര്‍ജ്ജ്: സത്യത്തില്‍ ഞാന്‍ എങ്ങും പോയിട്ടില്ല. ഒരു പിന്‍മാറ്റവും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ലീഡറിനു വേണ്ടിയാണ് ഞാന്‍ എക്കാലവും നിലനിന്നത്. ലീഡര്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ് ഞാനും ലീഡറെ ആദരിക്കുന്ന മറ്റ് എം.എല്‍.എ മാരും മുന്‍പ് രാജിവെച്ചത്. എന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതും എനിക്ക് രാഷ്ട്രീയബോധം നല്‍കിയതും ലീഡര്‍ തന്നെയാണ്.
 
ലീഡര്‍ വേദനിക്കുന്നുവെന്ന് കണ്ടാല്‍ ആ വേദന മാറ്റുവാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധയായിരുന്നു. കോണ്‍ഗ്രസ്സിലെ പലര്‍ക്കും എന്റെ നിലപാടിനെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടായിരിക്കാം പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളില്‍ പോലും എന്നെ പരിഗണിക്കാന്‍ അവര്‍ക്കു കഴിയാത്തത്. 
 
ലീഡറിന്റെ ആത്മാവിനോട് ഞാന്‍ ഇപ്പൊഴും സംസാരിക്കാറുണ്ട്; ”നിങ്ങള്‍ കാണുന്നില്ലേ? ലീഡറേ…? ഇവര്‍ എന്നോട് കാണിക്കുന്നത്…?” 
 
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും പല സാമൂഹിക വിഷയങ്ങളിലും ഞാന്‍ ഇടപെടുന്നുണ്ട്.
 
മെ: ലീഡറിന്റെ കൂടെ നിന്നയാള്‍ എന്ന രീതിയില്‍ പത്മജയും മുരളീധരനും സഹായിച്ചില്ലേ?
 
ശോ: ഇല്ല. ആരും സഹായിച്ചില്ല. പിന്നെ പത്മജയും മുരളീധരനും മാത്രമല്ലല്ലോ ലീഡറിന്റെ മക്കള്‍. അവര്‍ ലീഡറിന്റെ സ്വത്തിനവകാശമുള്ള മക്കളാണ്. ഞങ്ങള്‍ ഒരുപാടു പേര്‍ക്ക് ലീഡര്‍ അച്ഛനായിരുന്നു. ലീഡര്‍ സ്വന്തം പിതാവിനെപ്പോലെയായിരുന്നു.
 
 
മെ: സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നുണ്ടെന്ന് പറഞ്ഞല്ലോ. എന്തൊക്കെ ഇടപെടലുകളാണ് നടത്തുന്നത്?  
 
ശോ: ഇപ്പോള്‍ വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് എന്റെ ചിലവില്‍തന്നെ എല്ലാവര്‍ഷവും യൂണിഫോം നല്‍കി വരുന്നുണ്ട്. തിരുവനന്തപുരം വനിത കോളേജില്‍ രജിത് കുമാര്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ അയാള്‍ക്കെതിരെ ഞാന്‍ മനുഷ്യാവകാശ കമ്മീഷനില്‍ കേസുകൊടുത്തു. ആ വിഷയത്തില്‍ പ്രതികരിച്ച ആര്യ എന്ന കുട്ടിയെ ഫോണില്‍ വിളിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എനിക്ക് രജിത് കുമാറിനോട് പറയാനുള്ളത് ഇത്രയേയുള്ളൂ: ”നിങ്ങള്‍ തൊണ്ണൂറു ശതമാനം പോസിറ്റീവായി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പത്ത് ശതമാനം നെഗറ്റീവായി പെരുമാറിയാല്‍, നിങ്ങള്‍ ചെയ്ത ആ തൊണ്ണൂറു ശതമാനം പോസിറ്റീവിനും വെറും സീറോ വിലയേ ഉണ്ടാകൂ”.
 
‘സഭ്യമല്ലാത്ത രീതിയില്‍ ആര് എന്ത് പ്രവര്‍ത്തിച്ചാലും ഞാന്‍ പ്രതികരിക്കും’ അതുപോലെ തന്നെ കളിമണ്ണ് എന്ന ചിത്രത്തിലെ പ്രസവരംഗം ചിത്രീകരണത്തോടും എനിക്കു വിരുദ്ധ അഭിപ്രായമാണുള്ളത്.ഞാന്‍ ബ്ളസ്സിയോട് ഒന്നു ചോദിക്കട്ടെ? ”നിങ്ങളുടെ കാഴ്ചപോലുള്ള സിനിമകള്‍ എന്റെ ഹൃദയത്തില്‍ തട്ടിയ സിനിമകളാണ്. നിങ്ങള്‍ എന്റെ അയല്‍ക്കാരനുമാണ് (തിരുവല്ല). ഞാനതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. മനുഷ്യനായിക്കൊള്ളട്ടെ, മൃഗമായിക്കൊള്ളട്ടെ സ്ത്രീകളുടെ പ്രസവം മാത്രമല്ല, മറ്റ് പല കാര്യങ്ങളുമുണ്ട്, ഇതൊക്കെ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയാണ് നമുക്ക് അംഗീകരിക്കാന്‍ കഴിയുക?”
 
മെ: സ്ത്രീ വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്തു വരുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത്? പ്രത്യേകിച്ചും ആര്യ, അമൃത പോലുള്ളവര്‍?
 
ശോ: ഇതൊക്കെ തന്നെ. പക്ഷേ അവരൊക്കെ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയല്ലേ… നിരവധി എതിര്‍പ്പുകള്‍ അവര്‍ക്കെതിരെ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.  ഇപ്പോള്‍ പഠിക്കേണ്ട സമയമാണ്.  പഠിക്കട്ടെ.
 
മെ: വന്‍ തട്ടിപ്പുകള്‍ക്കു വേണ്ടി സ്ത്രീകളെ ചട്ടുകമാക്കുന്ന പ്രവണതയുണ്ടോ?
 
ശോ: അങ്ങനെയൊന്നും ഉള്ളതായി എനിക്കഭിപ്രായമില്ല.  ആണായാലും പെണ്ണായാലും ഏതെങ്കിലും അഴിമതി കേസില്‍പെട്ടാല്‍ അവരെ സ്ത്രീയെന്നും പുരുഷനെന്നും വര്‍ഗ്ഗീകരിക്കേണ്ടതില്ല.
 
മെ: കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ കാണുന്നു?
 
ശോ: ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.  എന്നാല്‍ ലോകം മുഴുവനും വല്യ ഒരു മാറ്റം നടക്കുന്നുണ്ട്.  വികസിത രാഷ്ട്രങ്ങളില്‍ സ്ത്രീ സുരക്ഷ നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്ന അവസ്ഥ വരാന്‍ തുടങ്ങുമ്പോള്‍ അതിനെതിരായി രാഷ്ട്രീയത്തിനതീതമായ ഒരു മൂവ്‌മെന്റ് കടന്നു വരുന്നുണ്ട്.
 
സ്ത്രീ പീഡനങ്ങള്‍ ഏറി വരുന്നു.  പിഞ്ചു കുട്ടിയെപ്പോലും ബലാത്സംഗം ചെയ്യുന്ന അവസ്ഥയിലേയ്ക്ക് നമ്മുടെ സമൂഹം മാറിയിരിക്കുന്നു.  സ്ത്രീകള്‍ക്ക് ബോധവത്കരണം നടത്തണമെന്നു പറയുന്നു. ഒരു വയസ്സുള്ള കുട്ടിക്ക് എങ്ങനെയാണ് ബോധവത്കരണം നടത്തുക?
 
വനിതാ സംവരണ ബില്‍ നടപ്പാക്കുക എന്നതല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ല.  ഏതക്രമം വന്നാലും അതിന്റെ രാഷ്ട്രീയം എന്താണ് എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും അഭിപ്രായം പ്രകടിപ്പിക്കുന്നത്. സ്വതന്ത്രമായ കൂട്ടായ്മകള്‍ ഉണ്ടാക്കി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ തടയേണ്ടതുണ്ട്.  
 
മെ: ഫെമിനിസത്തെപ്പറ്റി എന്താണ് അഭിപ്രായം?
 
ശോ: ലോകം ഉണ്ടായ കാലം മുതല്‍ക്കേ ഫെമിനിസവുമുണ്ട്. പുരുഷനെ തകര്‍ക്കലല്ല സ്ത്രീയുടെ ലക്ഷ്യം. പുരുഷന്റെ എല്ലാ കാര്യങ്ങളും പങ്കിടുക. പുരുഷനില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നാണ് സ്ത്രീക്ക് സ്‌നേഹവും ബഹുമാനവും കിട്ടുക?
 
മെ: ഇടയ്ക്ക് സിനിമയില്‍ ഒരു കൈ നോക്കിയല്ലോ?
 
ശോ: (ചിരിക്കുന്നു). അതെ, ഞാനാണ് ആ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. ”പ്രതീക്ഷയോടെ” എന്നാണ് സിനിമയുടെ പേര്. തീയേറ്റര്‍ വിഷയങ്ങളാല്‍ റിലീസ് നീട്ടിവെച്ചിരിക്കുന്നു. മുകേഷൊക്കെ അഭിനയിച്ചിട്ടുണ്ട്.
 
ആത്മകഥ പകുതി എഴുതി വച്ചിരിക്കുകയാണ്.  മുഴുവനും എഴുതുമ്പോള്‍ പലരേയും അത് വേദനിപ്പിക്കും എന്നതിനാലാണ് എഴുത്ത് നിര്‍ത്തി വെച്ചിരിക്കുന്നത്.
 
മെ: മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
 
ശോ: പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ട്.  ആര് വന്ന് വിളിച്ചാലും നിരാശപ്പെടുത്താതെ ഉദ്ഘാടനത്തിനും, പ്രസംഗത്തിനും പോകുന്നുണ്ട്.  പിന്നെ വീട്ടില്‍ കുറേ ഉത്തരവാദിത്തങ്ങളുണ്ട്. ഒരേ ഫ്‌ളാറ്റില്‍ അടുത്തടുത്ത അപ്പാര്‍ട്ടുമെന്റുകളിലായാണ് ഞാനും മക്കളും താമസിക്കുന്നത്. പ്രായം ചെന്ന ഞങ്ങളുടെ അമ്മമാരും കൊച്ചുമക്കളും എല്ലാവരും ചേര്‍ന്ന് ഒരു കൂട്ടുകുടുംബം പോലെയാണ് താമസം. ഒരു നേരത്തെ ഭക്ഷണത്തിന് വീട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് എല്ലായ്‌പ്പോഴും ഇരുപതു പേരെങ്കിലും ഉണ്ടാകും.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍