UPDATES

കേരളം

ആരാണ് പി.സി ജോര്‍ജ്? ഭാഗം 1

പക്ഷേ 2009-ല്‍, ആജന്മശത്രുവായി പ്രഖ്യാപിച്ച കെ.എം.മാണിയുമായി ഐക്യം പ്രഖ്യാപിച്ച് ജോര്‍ജ് ഏവരെയും അമ്പരിപ്പിച്ചു.

അഭിലാഷ് രാമചന്ദ്രന്‍
2013 മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച കേരള രാഷ്ട്രീയത്തെയും സമൂഹത്തെയും ഒരുപോലെ ഞെട്ടിച്ച ഒരു വെളിപ്പെടുത്തലുമായാണു മംഗളം ദിനപത്രം പുറത്തിറങ്ങിയത്. മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ല് എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ത്തന്നെ എട്ട് കോളം വാര്‍ത്ത. എഡീഷനുകള്‍ പലതുണ്ടെങ്കിലും വായിക്കുന്നവരുടെ എണ്ണം കുറവായതു കൊണ്ട് ‘മംഗള’വാര്‍ത്ത ആദ്യം നാടറിഞ്ഞില്ല. പക്ഷേ ന്യൂസ് ചാനലുകള്‍ രാവിലെ മുതല്‍ വാര്‍ത്തയുടെ ചുവടുപിടിച്ച് ചൂടന്‍കഥകള്‍ നല്‍കിത്തുടങ്ങി. തലസ്ഥാനമായ തിരുവനന്തപുരത്ത് മൂന്നുനാലു ദിവസമായി ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും മന്ത്രി ആരാണെന്നും വാര്‍ത്തയുടെ ആധികാരിക സംബന്ധിച്ചും യാതൊരു ഉറപ്പും ലഭിക്കാതിരുന്നതിനാലും മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണങ്ങളിലായിരുന്നു അപ്പോഴും. പക്ഷേ നേരം പുലര്‍ന്നു തുടങ്ങിയപ്പോഴേക്കും എസ്. നാരായണന്റെ ബൈ- ലൈനില്‍ വന്ന വാര്‍ത്ത ഏവരേയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 
അപ്പോള്‍ ഇങ്ങ് 170 കിലോമീറ്റര്‍ മാറി ഒരാള്‍ ആയുധങ്ങള്‍ രാകി മിനുക്കുകയായിരുന്നു. ഉച്ചയോടെ കോട്ടത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ സന്ദേശം എത്തി. ഒരു വെളിപ്പെടുത്തല്‍ നടത്താനുണ്ട്. പത്രസമ്മേളനം വിളിക്കുന്നു, ഈരാറ്റുപേട്ടയിലെത്തുക. ചാനല്‍ പുലികള്‍ കുതിച്ചുപാഞ്ഞു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെ ഏവരെയും പേരെടുത്ത് വിളിച്ച് പി.സി. ജോര്‍ജ് സ്വീകരിച്ചു. “തുടങ്ങാല്ലോ….”
 
“പത്രം ഉദ്ദേശിച്ചിട്ടുള്ള ആള് മന്ത്രി ഗണേശനാണെന്ന് എനിക്ക് ബോധ്യമുണ്ട്…. അതു മറ്റുമന്ത്രിമാരുടെ പേരില്‍ പേരുദോഷം ഉണ്ടാകരുതെന്നു നിര്‍ബന്ധം ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ ഇതു പറയരുതെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്. മിസ്റ്റര്‍ ഗണേശന്റെ പേരിലാണ് ഈ പരാതി നിലനില്‍ക്കുന്നത്. ഈ കാര്യം മുഖ്യമന്ത്രിയും യു.ഡി.എഫും ഉചിതമായ തീരുമാനമെടുക്കും എന്നാണ് ഞാന്‍ കരുതുന്നത്. സ്വഭാവികമായും ഇതു യുഡി.എഫില്‍ ചര്‍ച്ചയ്ക്കു വരുമെന്നാണു കരുതുന്നത്. അതു ചര്‍ച്ചചെയ്യപ്പെടും, യാതൊരു സംശയവും വേണ്ട. അല്ലേലും കേരളീയ ജനസമൂഹം പ്രത്യേകിച്ച് ഇന്ത്യന്‍ ജനസമൂഹവും സ്ത്രീ സംബന്ധമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ല” – ജോര്‍ജ് പറഞ്ഞുനിര്‍ത്തി. 
ചാനല്‍ ലേഖകര്‍ അമ്പരന്നുപോയെങ്കിലും ജോര്‍ജ് നിസംഗതയോടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിക്കൊണ്ടിരുന്നു. മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ഗണേഷ് രാജിവയ്ക്കണമെന്നും പറഞ്ഞു. കേരളരാഷ്ട്രീയത്തിലെ പുതിയൊരധ്യായം തുറക്കുകയായിരുന്നു ആ നട്ടുച്ച. ഒരു മന്ത്രിക്കെതിരേ സ്വന്തം മുന്നണിയുടെ ചീഫ് വിപ്പ് തന്നെ ആരോപണമുന്നയിക്കുന്ന അപൂര്‍വ സുന്ദരകാഴ്ച. ഇവിടെ പി.സി. ജോര്‍ജ് എന്ന രാഷ്ട്രീയനേതാവ് ഒരു സവിശേഷസ്വഭാവമുള്ള രാഷ്ട്രീയ സംസ്‌കാരത്തിനു തുടക്കം കുറിക്കുകയായിരുന്നു. നമ്മുടെ മുന്നണി രാഷ്ട്രീയം പലപ്പോഴും ഒളിച്ചുപിടിക്കുന്ന വ്യക്തിപരമായ കാര്യങ്ങളെ പൊതുസമൂഹത്തിനുമുന്നില്‍ ധാര്‍മികതയുടേയും ആദര്‍ശത്തിന്റെയും മുഖംമൂടിയൊളിപ്പിച്ച് അവതരിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ പുതിയമുഖം. 
ആശയപരമല്ല ആമാശയപരമാണു കേരള കോണ്‍ഗ്രസിന്റെ നിലനില്‍പ്പും പ്രവര്‍ത്തനങ്ങളുമെന്ന നമ്പാടന്‍ മാഷിന്റെ ആക്ഷേപത്തിനു രണ്ടു പതിറ്റാണ്ടിനിപ്പുറം ഇന്നും ഒരു കോട്ടവും സംഭവിക്കുന്നില്ല. സമീപകാല കേരള രാഷ്ട്രീയത്തിലെ വിവാദങ്ങളുടെ നെടുനായകത്വം പേറുന്ന പി.സി. ജോര്‍ജ് ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയം അടിവരയിട്ട് രേഖപ്പെടുത്തുന്നത് ഇതാണ്. കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന ഇടപെടലുകളെ മുന്‍നിര്‍ത്തി സത്യം വിളിച്ചുപറയുന്ന അല്ലെങ്കില്‍ നേരിന്റെ പക്ഷത്തുനിലയുറപ്പിക്കുന്ന ഒരു പുണ്യാളപുരുഷനായി ജോര്‍ജിനെ വാഴ്ത്തിപ്പാടുന്ന ശിങ്കിടികള്‍ക്ക് ഒരിക്കലും അദ്ദേഹത്തിന്റെ ഭൂതകാല പ്രവൃത്തികളെ മറയ്ക്കാനാവില്ല.
ഇന്നും എന്നും കേരള രാഷ്ട്രീയത്തില്‍ ജോര്‍ജ് നടത്തിയ എല്ലാ ഇടപെടലുകളും ഇത്തരത്തില്‍ തികച്ചും തന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്നു അദ്ദേഹത്തെ സസൂക്ഷ്മം നീരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. തുറുപ്പ് ഗുലാനായി സ്വയം ഉയര്‍ത്തിക്കാട്ടി അദ്ദേഹം ഇന്നു നിര്‍മിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശത്തിന്റെ പുതിയമുഖം ഒരു പൊയ്മുഖം മാത്രമാണെന്ന ബോധ്യം ജോര്‍ജിനില്ലെങ്കിലും മലയാളി സമൂഹത്തിനുണ്ട്.  
സെക്കന്‍ഡുകള്‍ വച്ച് മാറിമറിയുന്ന ഡെഡ്‌ലൈനുകള്‍ക്കിടയില്‍ ചാനലുകള്‍ നടത്തുന്ന കിടമല്‍സരങ്ങള്‍ക്ക് ആവശ്യമായ ഒരു അംസംസ്‌കൃത വസ്തുമാത്രമാണ് ജോര്‍ജ്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും ആ പരിഗണന മാത്രമേ സമൂഹം നല്‍കുന്നുള്ളു. പക്ഷേ ജോര്‍ജ് ഇതൊന്നും കൂസാതെ മുന്നോട്ടുപോകുകയാണ്. മുന്നണിരാഷ്ട്രീയത്തിനു പുറത്ത് കേരളത്തില്‍ ഒരു നേതാവിനും നിലനില്‍പ്പില്ലെന്ന തിരിച്ചറിവും മറ്റാരേക്കാളും നന്നായി ജോര്‍ജിനുണ്ട്. അതുകൊണ്ടുതന്നെ ജോര്‍ജിന്റെ രാഷ്ട്രീയത്തിനു പരിമിതികള്‍ എപ്പോഴുമുണ്ട്. വാക്കിലും നോക്കിലും ഒരു കവലച്ചട്ടമ്പിയെ അനുസ്മരിപ്പിക്കുന്ന ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതം ആദ്യ ചിഹ്നമായ ആനയില്‍ തുടങ്ങി ഇന്നത്തെ രണ്ടിലയില്‍ എത്തിനില്‍ക്കുമ്പോള്‍ സ്വയംസൃഷ്ടിക്കുന്ന വിവാദങ്ങള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നും. കഴിഞ്ഞ ദിവസം അറുപത്തിരണ്ടു വയസ് പിന്നിട്ട ജോര്‍ജിന്റെ രാഷ്ട്രീയവും ജീവിതവും ദീര്‍ഘമായി വിശകലനം ചെയ്യുകയാണ് ഇവിടെ.
പൂഞ്ഞാറില്‍നിന്നു പുറപ്പുഴയിലൂടെയുള്ള രാഷ്ട്രീയ വഴികള്‍
കേരള രാഷ്ട്രീയത്തില്‍ എറെ വഴിത്തിരിവുകള്‍ സൃഷ്ടിച്ച എണ്‍പതുകളിലാണ് പി.സി. ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ തുടക്കം. ആ തഴക്കവും വഴക്കവും തന്റെ രാഷ്ട്രീയ ഗോദയില്‍ ജോര്‍ജ് അന്നുമിന്നും മെയ്‌വഴക്കത്തോടെ പ്രകടപ്പിക്കുന്നുമുണ്ട്. 1980 ജനുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണു പ്ളാത്തോട്ടത്തില്‍ ചാക്കോച്ചന്‍ ജോര്‍ജ് എന്ന പി.സി. ജോര്‍ജ് ആന ചിഹ്നത്തില്‍ കേരള നിയമസഭയിലേക്കു കന്നിയങ്കം കുറിക്കുന്നത്. അന്ന് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ഥിയായി ജോര്‍ജ് കന്നിയങ്കത്തില്‍ ജയിച്ചു. പൂഞ്ഞാറില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വെറും 1148 വോട്ടായിരുന്നു ഭൂരിപക്ഷം. കെ.എം. മാണിയുടെ സ്ഥാനാര്‍ഥിയായി ഇടതുപക്ഷത്തുനിന്നു മല്‍സരിച്ച വി.ജെ. ജോസഫ് എന്ന മികച്ച എതിരാളിയെ മലര്‍ത്തിയടിച്ചായിരുന്നു ആ വിജയം. തുടര്‍ന്നുണ്ടായ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.എം. മാണിക്ക് എതിരേ നിയമസഭയില്‍ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ജോര്‍ജ് ആഞ്ഞടിച്ചു. 79-ല്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ മാണിക്കെതിരേ അന്നുമുതല്‍ കൊണ്ടുനടന്ന രോഷം 2009-ല്‍ മാണിയുമായി കൂട്ടുചേരുന്നതുവരെ ജോര്‍ജ് തുടരുകയും ചെയ്തു.
1951 ആഗസ്റ്റ് 28ന് കോട്ടയത്തെ അരുവിത്തുറയില്‍ പ്ളാത്തോട്ടത്തില്‍ ചാക്കോച്ചന്റെയും മറിയാമ്മയുടേയും മകനായി ജനനം. അരുവിത്തുറയിലെ പുരാതന കത്തോലിക്ക കുടുംബത്തിലെ പ്രമാണിയായിരുന്ന അബ്കാരി കോണ്‍ട്രാക്ടറായിരുന്നു പിതാവ്. ആദര്‍ശ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലല്ല മറിച്ച് മലയോരത്തിന്റെ കൈക്കരുത്തിന്റെയും ആരെയും കൂസാത്ത നെഞ്ചൂക്കിന്റെയും ബലത്തിലാണ് 62 -ആം വയസിന്റെ ഈ ആഘോഷവേളയിലും ജോര്‍ജ് പിടിച്ചുനില്‍ക്കുന്നതെന്നു പറയാതെ വയ്ക. പി.ടി. ചാക്കോയ്ക്കുള്ള ബലിച്ചോറായി കേരളകോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ അപ്പനും പാരമ്പര്യം പിന്‍തുടര്‍ന്നു ജോര്‍ജും അണികളായി. കെ.എം. ജോര്‍ജിന്റെയും ആര്‍. ബാലകൃഷ്ണപിള്ളയുടേയും ആരാധകനുമായി. പിതാവിന്റെ സുഹൃത്തായിരുന്ന പിള്ളയുമായുള്ള ചെറുപ്പത്തിലേയുള്ള ആ പരിചയമാണ് ഇന്നും ജോര്‍ജിനെ പിള്ളയുമായി അടുപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.
അരുവിത്തറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍നിന്നു പത്താംതരം കടന്ന് സെന്റ് ജോര്‍ജ് കോളജിലെ പ്രീഡിഗ്രി പഠനകാലത്തും ജോര്‍ജ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചിരുന്നില്ല. ബിരുദപഠനത്തിനായി മലയോരം വിട്ടിറങ്ങി 68-ല്‍ തേവര സേക്രട്ട് ഹാര്‍ട് കോളജില്‍ എത്തിച്ചേര്‍ന്നപ്പോഴായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പിച്ചവയ്ക്കല്‍. ഭൗതിക ശാസ്ത്രം പഠിക്കാന്‍ ചേര്‍ന്ന ജോര്‍ജ് പക്ഷേ കലാലയ കാലളയവില്‍ പഠിച്ചതു പ്രായോഗിക രാഷ്ട്രീയ ചുവടുകളായിരുന്നെന്നു മാത്രം. ഒന്നാംതരം ഫുട്ബോള്‍ കളിക്കാരനായിരുന്ന ജോര്‍ജ് അന്നു കെ.എസ്.യുവിനെ വെല്ലുവിളിച്ച് തേവര കോളജില്‍ കെ.എസ്.സിയുടെ യൂണിറ്റ് ഉണ്ടാക്കി. കെ.എസ്.എഫുമായി ചേര്‍ന്നു മല്‍സരിക്കുകയും ചെയ്തു. അന്നുതുടങ്ങിയതാണു ജോര്‍ജിന്റെ ഇടതുബാന്ധവമെന്നു ചേര്‍ത്തുവായിക്കണം.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജോര്‍ജ് ഇക്കാലത്ത് വളര്‍ന്നുകൊണ്ടേയിരുന്നു. കെ.എസ്.സി. ജില്ലാപ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. ഇക്കാലയളവില്‍ പാര്‍ട്ടി പിളര്‍ന്നു. സ്ഥാപക നേതാക്കളായ കെ.എം. ജോര്‍ജും പിള്ളയും ഒരു വശത്തും കെ.എം. മാണിയും മറ്റുള്ളവരും മറുഭാഗത്തും. ചെറുപ്പത്തിന്റെ ആവേശത്തില്‍ മാണിക്കൊപ്പമായിരുന്നു ജോര്‍ജ് ഉറച്ചത്. 77-ലെ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന വി.ജെ. ജോസഫിനെതിരേ പ്രവര്‍ത്തിച്ചുവെന്ന പരാതിയുടെ പേരില്‍ മാണി പാര്‍ട്ടിയില്‍നിന്നു 26-ആം വയസില്‍ പുറത്താക്കുന്നതോടെ പി.സി. ജോര്‍ജിന്റെ രാഷ്ട്രീയത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നു.
പിന്നീടുള്ള തന്റെ രാഷ്ട്രീയം കെ.എം മാണിക്ക് എതിരേ പോരാടാനുള്ളതായി ജോര്‍ജ് മാറ്റിവച്ചു. അതിനൊപ്പം മാണിയോടു പകരം ചോദിക്കുമെന്നും ഇനി എംഎല്‍.എ. ആകാതെ തിരുവനന്തപുരത്തേക്കില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. മാണിയുമായുള്ള ബാന്ധവം പിന്നീട് 2009-ല്‍ പുനഃരാരംഭിക്കുന്നതുവരെ ജോര്‍ജ് ഈ കഥ ഓര്‍മിക്കുമായിരുന്നു. രണ്ടു ദശകത്തെ കാലപ്പഴക്കത്തില്‍ മലയാളിക്ക് മുന്നില്‍ കെ.എം. മാണി, ‘മാണി സാര്‍’ ആയി വളര്‍ന്നുവെങ്കിലും ജോര്‍ജിന്റെ വാക്കുകളില്‍ മാണി ഒരിക്കലും മാണി സാറായില്ല. പിന്നീട് പുനരൈക്യവേളയിലാണ് ജോര്‍ജിനു മാണി ‘മാണിസാറാ’യത്. അതിനു സാക്ഷി ലയനം നടന്ന തിരുനക്കര മൈതാനവും. 
ജോര്‍ജിന്റെ രാശി കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന്റെ രൂപത്തിലാണ് ആദ്യമായി തെളിഞ്ഞുവന്നത്. 79-ലെ പിളര്‍പ്പില്‍ മാണിയും ജോസഫും പിള്ളയും പലതായി പിളര്‍ന്നു മാറിയപ്പോള്‍ ജോര്‍ജ് കളത്തില്‍ തെളിഞ്ഞുവന്നു, പുറപ്പുഴ ജോസഫിനൊപ്പം കാവലാളായി നിലകൊള്ളാന്‍. തുടര്‍ന്ന് 1980-ല്‍ നടന്ന തെരഞ്ഞെടുപ്പിലാണു ജോര്‍ജിന്റെ കന്നിയങ്കം. മാണിയുടേയും സഭയുടേയും സ്വന്തക്കാരനായിരുന്ന വി.ജെ. ജോസഫിനെ തോല്‍പ്പിച്ച് മധുരപ്രതികാരം. തുടര്‍ന്നിങ്ങോട്ട് നേരത്തേപ്പറഞ്ഞ മാണിവധം ജോര്‍ജ് ആടിത്തിമിര്‍ത്തു. അതിനൊപ്പം കര്‍ഷകപക്ഷത്തുനിന്നുള്ള ആദ്യപോരാട്ടം എന്നനിലയില്‍ കൊക്കോ വിലവര്‍ധനവിനായി കോട്ടയം കലക്‌ട്രേറ്റിനു മുന്നില്‍ ആറുദിവസം നീണ്ട നിരാഹാരം. അവിടെ ജോര്‍ജ് മാണിക്കെതിരേ ആദ്യമായി വിജയിച്ചു. കൊക്കോ തറവില വര്‍ധിപ്പിച്ച് മാണിക്ക് തിരിച്ചടിയും നല്‍കി. മാണിയും കൂട്ടരും വെറുതേയിരുന്നില്ല, ജോര്‍ജിനെതിരേ ജാരസന്തതി ആരോപണവുമായി രംഗത്തെത്തി. വിഷയം നിയമസഭയിലുമെത്തി. കുഞ്ഞിന്റെ പിതൃത്വം മാണിക്കും ഒ. ലൂക്കോസിനും മേല്‍ ആരോപിച്ച് ജോര്‍ജും തിരിച്ചടിച്ചു. കോടതിയില്‍നിന്നുള്ള വിധി ജോര്‍ജിന് അനുകൂലമായിരുന്നു. ഒപ്പം കള്ളപ്പരാതി നല്‍കിയതിനു വാദിക്കെതിരേ കേസുമെടുത്തു. ഈ പരാതിയെപ്പറ്റിയുള്ള പരാമര്‍ശത്തിനാണ് പി.സി. 2013-ലെ മാറിയകാലത്ത് ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് ഗൗരിയമ്മയ്‌ക്കെതിരേ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയതെന്നുകൂടി കൂട്ടിവായ്ക്കണം.
1981-ല്‍ ആന്റണിയുടേയും മാണിയുടേയും കാലുമാറ്റത്തില്‍ ഇടതു മന്ത്രിസഭ തകര്‍ന്നുവീണതിനു ശേഷം 82-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസുകള്‍ മാണിയുടേയും ജോസഫിന്റെ ബാനറില്‍ ഐക്യജനാധിപത്യമുന്നണിയില്‍ മല്‍സരിച്ചു. പൂഞ്ഞാറില്‍ ജോര്‍ജ് വീണ്ടും രംഗത്തിറങ്ങി. മാണി ആഞ്ഞ് പരിശ്രമിച്ചെങ്കിലും ജോര്‍ജ് വെന്നിക്കൊടി പാറിച്ചു. 7000 വോട്ടിന്റെ ഭൂരിപക്ഷവും പെട്ടിയിലാക്കി. കേരള കോണ്‍ഗ്രസ് ഐക്യം തുടര്‍ന്ന് യാഥാര്‍ഥ്യമായെങ്കിലും ജോസഫിന്റെ പാളയത്തില്‍ത്തന്നെയായിരുന്നു ജോര്‍ജ്. 87-ല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നു. ജോസഫിനൊപ്പം ജോര്‍ജ് ഉറച്ചു. പക്ഷേ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെ എം.എന്‍. ജോസഫിനോടു തോറ്റു, അതും 1076 വോട്ടിന്. തുടര്‍ന്ന് ഐക്യമുന്നണിയില്‍ നിശബ്ദനായി തുടര്‍ന്നു. പക്ഷേ 89-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസഫും മാണിയും സീറ്റിനെച്ചൊല്ലി ഐക്യമുന്നണിയില്‍നിന്നു കലഹിച്ചു. ഒടുക്കം ജോസഫ് മുന്നണിവിട്ട് മൂവാറ്റുപുഴയില്‍ രംഗത്തിറങ്ങി, തോറ്റമ്പി. മാണി കോണ്‍ഗ്രസിന്റെ പി.സി. തോമസ് പാര്‍ലമെന്റിലെത്തി. തുടര്‍ന്ന് ഇടതുബാന്ധവത്തിനായി 91 വരെ പള്ളിയുമായുള്ള ബന്ധം വിടുവിച്ച് കാത്തുനില്‍ക്കേണ്ടി വന്നു ജോസഫിന്. ഒടുവില്‍ അകത്തുകയറി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അതാ രാജീവ് വധവും യു.ഡി.എഫ്. തരംഗവും. ജോസഫടക്കം എല്ലാവരും തോറ്റു. ഡോ. കെ.സി. ജോസഫ് മാത്രം വിജയിച്ചു. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍നിന്നു ജോര്‍ജിനു മല്‍സരിക്കാനായില്ല. ഇടതുപക്ഷം സിറ്റിംഗ് എം.എല്‍.എയായ എം.എന്‍. ജോസഫിനു സീറ്റ് നല്‍കി. പക്ഷേ ജോര്‍ജിന്റെ തിരിച്ചടിയില്‍ ജോസഫിനെ മാണിഗ്രൂപ്പിലെ ജോയ് ഏബ്രഹാം തോല്‍പ്പിച്ചു. തുടര്‍ച്ചയായി രണ്ടു നിയമസഭകളില്‍നിന്നു പുറത്തായെങ്കിലും ജോര്‍ജ് ഇക്കാലയളവില്‍ തന്റെ രാഷ്ട്രീയതട്ടകത്തില്‍ ഉറച്ചുനിന്നു. 96-ല്‍ വീണ്ടും തെരഞ്ഞെടുപ്പ്., ജോര്‍ജ് പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയായി. ജോയ് ഏബ്രഹാമിനെ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു മലര്‍ത്തിയടിച്ചു. 
പി.സി. ജോര്‍ജിന്റെ രാഷ്ട്രീയം അതിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിവിടം മുതലാണ്. അവിടെനിന്നാണു ജോര്‍ജ് കേരളരാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ കരുത്തനായി മാറിത്തുടങ്ങുന്നതും. ഇക്കാലയളവില്‍ ജോസഫ് ഗ്രൂപ്പിലെ അധികാരദല്ലാളായി ജോര്‍ജ് വളര്‍ന്നു. അധികാരത്തിലേറിയ ഇടതു മന്ത്രിസഭയില്‍ വിദ്യാഭ്യാസം കൈാര്യം ചെയ്ത ജോസഫ് പ്രീഡിഗ്രി വേര്‍പെടുത്തി പകരം പ്ളസ് ടു നാടാകെ അനുവദിച്ചതു പാര്‍ട്ടിക്കും ആശ്രിതര്‍ക്കും ആവോളം ചീത്തപ്പേരും അതിലേറെ പണവും നല്‍കിയെന്നതു ചരിത്രം. ജോര്‍ജും ഈ കച്ചവടങ്ങളില്ലൊം പങ്കാളിയാണെന്ന അന്ന് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ശിവദാസമേനോന്റെ പാളിപ്പോയ ധനകാര്യ മാനേജ്‌മെന്റും പ്ളസ് ടു അഴിമതിയും 2001-ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തകര്‍ത്തുകളഞ്ഞു. പക്ഷേ പൂഞ്ഞാറില്‍ ജോര്‍ജ് കനത്തമല്‍സരത്തിനൊടുവില്‍ ടി.വി. ഏബ്രഹാമിനോടു ഇഞ്ചോടിഞ്ചു വിജയിച്ചു. വെറും 1894 വോട്ടായിരുന്നു ഭൂരിപക്ഷം. അന്നത്തെ നൂറുമേനിയായിരുന്ന ആന്റണി വിജയത്തില്‍ പ്രതിപക്ഷം ഒതുങ്ങിയത് 40 സീറ്റുകളില്‍. ജോസഫ് തൊടുപുഴയില്‍ തോറ്റു. ആകെ വിജയച്ചതു ഡോക്ടര്‍ ജോസഫും പി.സിയും. ഇവിടെനിന്നു ജോര്‍ജിന്റെ രാഷ്ട്രീയജീവിതത്തിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നു.
അച്യുതാനന്ദ ഭക്തിയും മതികെട്ടാനും പിന്നെ സെക്കുലര്‍ കേരള കോണ്‍ഗ്രസും
കരുണാകരന്റെ ഒളിയുദ്ധത്തിലും ഗ്രൂപ്പുപോരിലും കോണ്‍ഗ്രസ് ഭരണത്തിലേറിയ നാള്‍ മുതല്‍ ആടിയുലഞ്ഞപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷനേതാവ് ജനകീയനേതാവായി ഉയരുന്ന അസാധാരണ കാഴ്ചയ്ക്കു കേരളം സാക്ഷ്യം വഹിച്ചു. പാര്‍ട്ടി കൈവിട്ടപ്പോള്‍ അച്യുതാനന്ദന്റെ ഒപ്പം എന്തിനും കാവലായി നില്‍ക്കുന്ന പി.സി. ജോര്‍ജിനെ കേരളം കാണാന്‍ തുടങ്ങി. പുന്നപ്ര വയലാറിനുശേഷം വി.എസ്. പൂഞ്ഞാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തെ പഴയ കഥകള്‍ ഓര്‍ത്തെടുത്ത ജോര്‍ജ് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിച്ചു. ഇടതുപക്ഷത്തും പാര്‍ട്ടിയിലും ജോര്‍ജ് മേല്‍ക്കോയ്മ നേടുന്നു എന്ന ജോസഫിന്റെ തിരിച്ചറിവ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. ഈ സമയത്താണ് മതികെട്ടാനിലെ വനംകൈയേറ്റ വാര്‍ത്തകള്‍ പുറത്തുവരുന്നത്. മതികെട്ടാന്‍ ചോലയില്‍ മാണിയുടെ ബന്ധുക്കള്‍ നടത്തിയ കൈയേറ്റം പുറത്തുകൊണ്ടുവന്നതില്‍ ജോര്‍ജ് നിര്‍ണായക പങ്ക് വഹിച്ചു. കൈയേറ്റക്കാരുടെ പട്ടികയും തെളിവുകളും അടക്കം. അച്യുതാനന്ദനെ രംഗത്തിറക്കി, കാടും മലയും ഒപ്പം കയറിയിറങ്ങി. അങ്ങനെ വി.എസിന്റെ ബദല്‍ രാഷ്ട്രീയത്തിനൊപ്പം പി.സിയും മൈലേജ് നേടി. പൂഞ്ഞാര്‍ മുതല്‍ കോട്ടയംവരെ സ്വന്തം വികടസരസ്വതിയുടെ പേരില്‍ മാത്രം ആളുകള്‍ക്ക് അറിയാമായിരുന്ന ജോര്‍ജിനു ചെറുതല്ലാത്ത പ്രശസ്തിയും മതികെട്ടാന്‍ സമ്മാനിച്ചു. മാധ്യമങ്ങള്‍ അന്നുതൊട്ടിങ്ങോട്ട് അച്യുതാനന്ദനു നല്‍കിപ്പോരുന്ന അഭൂതപൂര്‍വമായ പിന്തുണയുടെ ഒരു ചെറിയപങ്ക് ജോര്‍ജിനും കിട്ടിത്തുടങ്ങിയെന്നതും സത്യം. 
വി.എസിന്റെ പോരാട്ടം മതികെട്ടാനെ ദേശീയ ഉദ്യാനമാക്കി പ്രഖ്യാപിക്കുന്നതിലേക്കു വരെ എത്തിച്ചതു ജോര്‍ജിന്റെകൂടി വിജയമായി. പക്ഷേ പാര്‍ട്ടിയില്‍ ജോര്‍ജിന്റെ കാലം ഇതോടെ തീരുകയായിരുന്നു. ജോസഫിന്റെ അപ്രീതി ഒടുവില്‍ പുറത്തേക്കുള്ള വഴിതെളിച്ചു. പക്ഷേ ടി.എസ്. ജോണിനെയും ഈപ്പന്‍വര്‍ഗീസിനെയും കൂട്ടിയിണക്കി സെക്കുലര്‍ കോണ്‍ഗ്രസുണ്ടാക്കാന്‍ ജോര്‍ജിനു അന്നു ഇടതുപക്ഷം നല്‍കിയ പിന്തുണ ശക്തിയേകി. പിളര്‍ന്നുമാറി പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ 14 ജില്ലാ പ്രസിഡന്റുമാരില്‍ ഒരാളെ മാത്രമാണു കൂട്ടുകിട്ടിയത്. പക്ഷേ ജോര്‍ജ് ഇടതുപക്ഷത്തു തുടര്‍ന്നു. പൊതുശത്രുക്കള്‍ അപ്പോഴേക്കും രണ്ടായി, മാണിയും ജോസഫും. നാവിനു മൂര്‍ച്ചകൂട്ടി രണ്ടുപേരെയും ഒരുപോലെ കടന്നാക്രമിക്കാന്‍ ജോര്‍ജ് മറന്നുമില്ല.
2006-ലെ തെരഞ്ഞടുപ്പില്‍ സെക്കുലറിനു എല്‍.ഡി.എഫ്. ഒരു സീറ്റ് നല്‍കി, പൂഞ്ഞാര്‍. മാണി ഗ്രൂപ്പിലെ അഡ്വ. എബ്രഹാം കൈപ്പന്‍പ്ലാക്കല്‍ എതിരാളിയായെങ്കിലും ജോര്‍ജ് വിജയിച്ചു. ഭൂരിപക്ഷം 7637. ഇടതുമുന്നണി ഒടുവില്‍ വി.എസിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ജോര്‍ജിനെ തഴഞ്ഞു. സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിനും പിണറായിക്കും ജോര്‍ജിന്റെ വളര്‍ച്ച അത്രകണ്ടു ഇഷ്ടമായില്ല എന്നതും സത്യം. പക്ഷേ തോറ്റുപിന്‍മാറാതെ അച്യുതാനന്ദന്റെ കാവലളായി തുടര്‍ന്നും ജോര്‍ജ് കളി തുടര്‍ന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിനു പിന്നില്‍ അച്യുതാന്ദനു ഒപ്പം നിന്നു തകര്‍ത്തുവാരി. ഇടുക്കിയിലെയും കോട്ടയത്തെയും കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റത്തിന്റെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രിയായ വി.എസിനു കൈമാറിയതു ജോര്‍ജായിരുന്നുവെന്നതു പരസ്യമായ രഹസ്യവുമായി. ജോസഫിന്റെ വിമാനയാത്രാ വിവാദം ജോര്‍ജിനു മുന്നണിക്കകത്തു പുതിയ പേരാട്ടങ്ങള്‍ക്കായുള്ള വാതിലുകള്‍ തുറന്നുനല്‍കി. മുന്നണിയില്‍നിന്നുതന്നെ നടത്തിയ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ജോസഫിനെ രാജിവയ്പ്പിച്ചു. അതിനായി പ്രതിപക്ഷത്തേക്കാളേറെ പരിശ്രമിക്കുകയും ചെയ്തു. പരാതി പുറത്തുവന്നതിലും പരാതിക്കാരിയെ രംഗത്തിറക്കിയതിനു പിന്നിലും ജോര്‍ജായിരുന്നുവെന്നു നാടറിയുകയും ചെയ്തു. പിന്നെ കുരുവിളയുടെ ഊഴം. ഷെവലിയാര്‍ കുരുവിള അധികാരത്തില്‍ കയറിയ നാള്‍ മുതല്‍ ജോര്‍ജ് അദ്ദേഹത്തിനെതിരേ രംഗത്തെത്തി. കുരുവിളാന്‍ എന്ന് ആക്രോശിച്ച് ചാനലുകളില്‍ ആരോപണശരങ്ങള്‍ ഉയര്‍ത്തി. കൈയേറ്റഭൂമി വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസ് തെളിവ് സഹിതം ഉയര്‍ത്തി രാജിവയ്പ്പിച്ചു. ആരോപണം ഉന്നയിച്ച വിദേശമലയാളിക്കു പിന്നില്‍ ജോര്‍ജിന്റെ കരങ്ങളായിരുന്നുവെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു. ഈ നീക്കങ്ങളിലൂടയെല്ലാം ലക്ഷ്യം അച്യുതാന്ദന്‍ മന്ത്രിസഭയില്‍ ഒരിടമായിരുന്നു. പക്ഷേ സി.പി.എം. വഴങ്ങിയില്ല. പകരം ജോസഫ് ഗ്രൂപ്പിലെതന്നെ മോന്‍സ് ജോസഫ് മന്ത്രിയായി.  ഒടുവില്‍ ജോസഫ് അഗ്നിശുദ്ധി തെളിയിച്ച് മടങ്ങിയെത്തി. തൊട്ടുപിന്നാലെ പരസ്യമായ വിമര്‍ശനത്തെത്തുടര്‍ന്ന് ഇടതുമുന്നണിയില്‍നിന്നു പി.സി. ജോര്‍ജിനെയും കേരള കോണ്‍ഗ്രസ് സെക്കുലറിനെയും പുറത്താക്കിയതോടെ ജോര്‍ജ് കേരളരാഷ്ട്രീയത്തില്‍ അനാഥനായി മാറി. 
പക്ഷേ 2009-ല്‍, ആജന്മശത്രുവായി പ്രഖ്യാപിച്ച കെ.എം.മാണിയുമായി ഐക്യം പ്രഖ്യാപിച്ച് ജോര്‍ജ് ഏവരെയും അമ്പരിപ്പിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ കൈവിട്ടുപോകാന്‍ ഇടയുള്ള സ്വന്തം തട്ടകമായ പാലാ സുരക്ഷിതമാക്കാനുള്ള മാണി സാറിന്റെ മോഹവും നില്‍ക്കാന്‍ ഒരിടം എന്ന ജോര്‍ജിന്റെ ആഗ്രഹവും കൂടിച്ചേര്‍ന്നപ്പോള്‍ ലയനം യാഥാര്‍ഥ്യമായി. അതോടൊപ്പം കോട്ടയത്ത് മകന്‍ ജോസ് കെ. മാണിയുടെ വിജയം ഉറപ്പാക്കുക എന്ന ഒളി അജന്‍ഡയും മാണിസാറിനുണ്ടായിരുന്നു. എന്തായാലും ജോസ്‌മോന്‍ ജയിച്ചു, ജോര്‍ജ് പാര്‍ട്ടിയുടെ എക വൈസ് ചെയര്‍മാനായി. മാണിസാറിനെ രണ്ടുദശകം നാറ്റിച്ച നാക്കുകൊണ്ട് ജോര്‍ജ് സുഗന്ധലേപനം ചെയ്യാനും ആരംഭിച്ചു. പക്ഷേ 2010-ല്‍ ജോസഫ് മാണിയോടു ലയിച്ചതു പി.സിക്ക് കനത്ത തിരിച്ചടിയായി. പാര്‍ട്ടിയിലെ സ്ഥാനത്തിലും ഇടിവു സംഭവിച്ചു. എന്തായാലും പി.സി. മാണി കോണ്‍ഗ്രസില്‍ തുടര്‍ന്നു.
  
2011-ല്‍ നിയസമഭയിലേക്കു തെരഞ്ഞെടുപ്പ് നടന്നു. ഇടതുപക്ഷത്തിനു പൂഞ്ഞാറില്‍ സ്ഥാനാര്‍ഥി പോലുമുണ്ടായില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നു അല്‍ഫോണ്‍സ് കണ്ണന്താനം എത്തുമെന്ന് പറഞ്ഞങ്കിലും നടന്നില്ല. ഒടുവില്‍ എത്തിയ മോഹന്‍ തോമസ് 15.704 വോട്ടിന്റെ ഭൂരിപക്ഷം പി.സിക്കു സമ്മാനിച്ചു. പി.സി. അജയ്യനായി. പക്ഷേ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ഇടം നേടാനാകാതെ ചീഫ് വിപ്പായി ഒതുങ്ങി. ഇവിടെനിന്നാണ് പി.സി. ജോര്‍ജിന്റെ രാഷ്ട്രീയജീവിതത്തിന്റെ പുതിയ ഒരുഘട്ടം ആരംഭിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുള്ള രംഗപ്രവേശം. 
(അക്കാര്യങ്ങള്‍ നാളെ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍